ജീവിതത്തിൽ പണത്തിന് വലിയ പങ്കാണുള്ളത് എന്ന വാസ്തവം നമുക്കെല്ലാവർക്കും അറിയാം. നിങ്ങളും നിങ്ങളുടെ ജീവിതപങ്കാളിയും തമ്മിൽ പണത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ പങ്കുവയ്ക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പണത്തെക്കുറിച്ച് സംസാരിക്കുന്നത് പരസ്പരം മനസ്സിലാക്കുന്നതിന്റെ ഭാഗം തന്നെയാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തുറന്നു സംസാരിച്ചാൽ മാത്രമേ സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു ഭാവി ജീവിതത്തിനായി നിങ്ങൾക്ക് ഒന്നുചേർന്ന് പ്രവർത്തിക്കുവാൻ കഴിയുകയുള്ളൂ. സമ്പത്ത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ നിങ്ങളുടെ ജീവിതപങ്കാളിയോട് ചോദിച്ചിരിക്കേണ്ട 20 ചോദ്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എന്തെല്ലാമാണ്
സുദൃഢമായ ഒരു ബന്ധത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ പരസ്പരം പങ്കുവയ്ക്കുക എന്നത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. പണം ഉപയോഗിച്ച് ദീർഘകാല അടിസ്ഥാനത്തിൽ എന്ത് നേടാനാണ് ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിയുക. സാമ്പത്തിക ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ നിങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളും ഭാവിയിലേക്കുള്ള പദ്ധതികളുമാണ് പരസ്പരം പങ്കുവെക്കുന്നത്.
തുറന്നു സംസാരിക്കുന്നതിലൂടെ ഏതെല്ലാം മേഖലയിൽ യോജിച്ച് പ്രവർത്തിക്കാമെന്നും എവിടെയെല്ലാമാണ് സമവായം ആവശ്യമുള്ളതെന്നും കണ്ടെത്തുവാൻ നിങ്ങൾക്ക് സാധിക്കും. എന്താണ് നിങ്ങൾക്ക് ആവശ്യമുള്ളതെന്ന് പരസ്പരം മനസ്സിലാക്കുമ്പോൾ ഒരു ടീം എന്ന നിലയിൽ പ്രവർത്തിച്ച് സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങളാക്കുവാൻ നിങ്ങൾക്ക് കഴിയും.
നിലവിൽ നിങ്ങൾ എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്
നിലവിൽ നിങ്ങൾ എങ്ങനെയാണ് പണം കൈകാര്യം ചെയ്യുന്നതെന്ന് തിരിച്ചറിയുക. സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ നിങ്ങൾക്ക് കൈകാര്യം ചെയ്യുവാൻ ആകുന്നുണ്ടോ എന്ന് സ്വയം വിലയിരുത്തണം.

പ്രായോഗികതലത്തിൽ കുറച്ചുകൂടി മികച്ച രീതിയിൽ പണം കൈകാര്യം ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കുമോ എന്ന് പരസ്പരം ചർച്ചചെയ്ത് മനസ്സിലാക്കുക. നിങ്ങൾ രണ്ടുപേരും എങ്ങനെയാണ് പണം കൈകാര്യം ചെയ്യുന്നത് അല്ലെങ്കിൽ പണത്തിനോടുള്ള നിങ്ങളുടെ മനോഭാവം എന്താന്നെന്ന് മനസ്സിലാക്കിയാൽ മാത്രമേ സാമ്പത്തിക കാര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണം എന്ന ഉൾക്കാഴ്ച നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.
പണം നീക്കിയിരിപ്പായി മാറ്റിവെക്കുന്നതിനെ സംബന്ധിച്ചും പണം ചെലവഴിക്കുന്നതിനെ സംബന്ധിച്ചും നിങ്ങളുടെ കാഴ്ച്ചപ്പാട് എന്താണ്
നിങ്ങൾ നീക്കിയിരിപ്പായി പണം മാറ്റിവയ്ക്കുന്നത് എങ്ങനെയാണ്, ഏതു രീതിയിലാണ് നിങ്ങൾ പണം ചെലവഴിക്കുന്നത് എന്നതിനെ സംബന്ധിച്ച് അഭിപ്രായങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാകണം. കാരണം നിങ്ങൾ ബുദ്ധിപൂർവ്വം പണം ചെലവഴിക്കുകയും നീക്കിയിരിപ്പുകൾ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് നിങ്ങൾക്ക് സന്തോഷകരമായ ജീവിതം നയിക്കാൻ സാധിക്കുക.
പണം ചെലവഴിക്കുന്നതും നീക്കിയിരിപ്പായി മാറ്റിവയ്ക്കുന്നതും തമ്മിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തിയാൽ മാത്രമേ ജീവിതം സുരക്ഷിതമാക്കുവാൻ സാധിക്കുകയുള്ളൂ. പണം ചെലവഴിക്കുന്നത് സംബന്ധിച്ച് ഇരുവരുടെയും മനോഭാവം മനസ്സിലാക്കിയാൽ മാത്രമേ ഭാവി ജീവിതത്തിനായി പ്രായോഗികമായ പദ്ധതികൾ ആവിഷ്കരിക്കുവാൻ കഴിയുകയുള്ളൂ.
നിങ്ങൾക്ക് എന്തെങ്കിലും കടങ്ങൾ ഉണ്ടോ
ഒരു വ്യക്തിയുടെ സാമ്പത്തിക നിലയുടെ യാഥാർത്ഥ്യ ചിത്രം മനസ്സിലാക്കുവാൻ സഹായിക്കുന്ന ചോദ്യമാണിത്. കടങ്ങൾ എങ്ങനെയാണ് നിങ്ങളുടെ ഭാവി പരിപാടികളെ സ്വാധീനിക്കുന്നതെന്ന് കണ്ടെത്തണം. പരസ്പരം സഹകരിക്കുവാൻ തയ്യാറായാൽ എത്രയും വേഗം കടങ്ങൾ ഒഴിവാക്കുവാൻ സാധിക്കും.
ബാധ്യതകളെ കുറിച്ചുള്ള വസ്തുതകൾ പരസ്പരം പങ്കുവയ്ക്കുന്നത് വഴി ഭാവിയിൽ ഉണ്ടായേക്കാവുന്ന തർക്കങ്ങൾ ഒഴിവാക്കി ഐക്യത്തോടെ ജീവിത സാഹചര്യങ്ങളെ നേരിടാവുന്നതാണ്. ഒരു ടീം എന്ന നിലയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഏതൊരു സാമ്പത്തിക പ്രശ്നങ്ങളേയും ഒരുമിച്ച് തരണം ചെയ്യുവാൻ നിങ്ങൾക്ക് കഴിയും.
ജോയിൻ്റ് അക്കൗണ്ട് ആരംഭിക്കുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം
സമ്പാദ്യം നീക്കിവയ്ക്കുവാനായി ജോയിൻ്റ് അക്കൗണ്ട് ആരംഭിക്കണോ അല്ലെങ്കിൽ വ്യത്യസ്ത അക്കൗണ്ടുകളിലായി അവരവരുടെ പണം ഡെപ്പോസിറ്റ് ചെയ്താൽ മതിയോ എന്നത് ജീവിതപങ്കാളികളുടെ മുന്നിൽ കടന്നുവരുന്ന വലിയ ചോദ്യമാണ്. നിങ്ങളുടെ താല്പര്യം എന്താണെന്ന് തുറന്നു സംസാരിക്കുക.

ഒന്നായി ചേർന്ന് എങ്ങനെ പണം കൈകാര്യം ചെയ്യണമെന്നതിൽ വ്യക്തമായ ധാരണ കൈവരിക്കേണ്ടതുണ്ട്. സത്യത്തിൽ ഈ ചോദ്യം പങ്കാളികൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിൻ്റേയും അതിർവരമ്പുകൾ നിശ്ചയിക്കുന്നതാണ്.
സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾ അവയെ നേരിടുന്നത് എങ്ങനെയാണ്
ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. അപ്രതീക്ഷിതമായ ചെലവുകൾ ജീവിതത്തിൽ കടന്നു വരുമ്പോൾ നിങ്ങൾ എങ്ങനെയാണ് ആ സാഹചര്യത്തെ നേരിടുന്നതെന്ന് പരസ്പരം ചർച്ച ചെയ്യണം.
ഈ വിഷയം ചർച്ച ചെയ്യുന്നതിലൂടെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ നേരിടുവാനായി ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചു തുടങ്ങണം. ഭാവി ജീവിതത്തിൽ വലിയ സാമ്പത്തിക ഞെരുക്കത്തിൽ നിങ്ങൾ അകപ്പെടാതിരിക്കാൻ ഈ മുൻകരുതൽ അനിവാര്യമാണ്. കൂടാതെ ജീവിതത്തിൽ പ്രശ്നങ്ങൾ കടന്നു വരുമ്പോൾ ഒപ്പം താങ്ങായി നിൽക്കുവാൻ ഒരാളുണ്ട് എന്ന ബോധ്യവും ഈ വിഷയം ചർച്ച ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ലഭ്യമാകുന്നു.
കുടുംബത്തിലെ ഏതെങ്കിലും വ്യക്തിക്ക് സാമ്പത്തിക സഹായം നൽകേണ്ടത് പോലെയുള്ള എന്തെങ്കിലും ഉത്തരവാദിത്വം നിങ്ങൾക്കുണ്ടോ
പലപ്പോഴും ജീവിതത്തിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഒഴിവാക്കാൻ ആകാത്ത ചില ചുമതലകൾ നമുക്ക് ഏറ്റെടുക്കേണ്ടതായി വന്നേക്കാം. കുടുംബത്തിലെ ഏതെങ്കിലും വ്യക്തിക്ക് സാമ്പത്തിക സഹായം നൽകേണ്ടത് പോലെയുള്ള ചില ചുമതലകൾ പരസ്പരം മനസ്സുതുറന്ന് സംസാരിക്കുവാൻ തയ്യാറാവുക. ഇത്തരത്തിലുള്ള സാമ്പത്തികമായ ബാധ്യതകൾ തുറന്നു സംസാരിക്കുമ്പോഴാണ് നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ ജീവിതപങ്കാളിക്ക് കൂടുതൽ മനസ്സിലാക്കുവാൻ സാധിക്കുക.
ഇങ്ങനെയുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനായി വ്യക്തമായ പദ്ധതി ആവിഷ്കരിച്ച് മുന്നോട്ടു പോകാവുന്നതാണ്. പരസ്പര സഹകരണത്തോടുകൂടി ഒരു ബഡ്ജറ്റ് തയ്യാറാക്കി മികച്ച രീതിയിൽ പണം കൈകാര്യം ചെയ്യുന്നതിലൂടെ നിങ്ങളുടെ ബന്ധത്തിന്റെ കെട്ടുറപ്പ് വർദ്ധിക്കുകയാണ് ചെയ്യുന്നത്.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്രയാണ്
ഒരു ലോൺ എടുക്കുക അല്ലെങ്കിൽ ഒരു വീട് സ്വന്തമാക്കുക തുടങ്ങിയ പ്രധാനപ്പെട്ട സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ ക്രെഡിറ്റ് സ്കോറിന് വലിയ പങ്ങാനുള്ളത്.
രണ്ടു പേരുടെയും ക്രെഡിറ്റ് സ്കോർ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുവാനുള്ള നടപടികൾ പരസ്പര സഹകരണത്തോടുകൂടി നടപ്പിലാക്കുക. നിങ്ങൾ എത്രത്തോളം ഉത്തരവാദിത്വത്തോട് കൂടിയാണ് പണം കൈകാര്യം ചെയ്യുന്നത് എന്നതിൻ്റെ സാക്ഷ്യപത്രമാണ് ക്രെഡിറ്റ് സ്കോർ എന്ന് ഓർക്കണം.
നിക്ഷേപങ്ങൾ നടത്തുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം
നിങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന നിലയിലുള്ള സാമ്പത്തിക പുരോഗതി കൈവരിക്കുവാൻ മികച്ച നിക്ഷേപങ്ങൾ നിങ്ങളെ സഹായിക്കും. നിങ്ങളുടെ വരും തലമുറകളുടെ ജീവിതം പോലും സുരക്ഷിതമാക്കുവാൻ നിങ്ങൾ ഇന്ന് നടത്തുന്ന നിക്ഷേപങ്ങൾ കാരണമാകും.

മ്യൂച്വൽ ഫണ്ട് ഓഹരികൾ പോലെയുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിൽ നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുക. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗം എന്താണെന്ന് കണ്ടെത്തുക. നിക്ഷേപങ്ങളെ കുറിച്ച് രണ്ടു പേരുടെയും കാഴ്ചപ്പാടുകൾ പങ്കുവെച്ചാൽ മാത്രമേ പ്രയോഗികമായ തീരുമാനങ്ങളെടുക്കുവാൻ നിങ്ങൾക്ക് കഴിയുകയുള്ളൂ.
നിങ്ങൾ നിങ്ങളുടെ റിട്ടയർമെൻ്റ് വിഭാവനം ചെയ്യുന്നത് എങ്ങനെയാണ്
ജോലിയിൽ നിന്നും നേരത്തെ റിട്ടയർ ചെയ്യാനുള്ള ആഗ്രഹം ഉള്ളവരാണോ നിങ്ങൾ എന്ന് വ്യക്തമാക്കുക. നേരത്തെ റിട്ടയർ ചെയ്യണമെങ്കിൽ വ്യക്തമായ ആസൂത്രണവും ആത്മാർത്ഥമായ ശ്രമവും ആവശ്യമാണ്.
റിട്ടയർമെൻ്റിന് ശേഷമുള്ള ജീവിതത്തിനായി എത്ര തുക മാറ്റി വയ്ക്കണമെന്നും റിട്ടയർമെൻ്റിന് ശേഷമുള്ള നിങ്ങളുടെ ജീവിതരീതി എങ്ങനെയായിരിക്കണം എന്നും ചർച്ച ചെയ്യുക. സന്തോഷവും സമാധാനവുമുള്ള റിട്ടയർമെൻ്റിനായി ഒന്നായി പ്രവർത്തിക്കുക.
ചാരിറ്റി പ്രവർത്തനം നടത്തുന്നതിനുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്
ദാനധർമ്മങ്ങൾ നടത്തുന്നതിന് വലിയ പ്രാധാന്യം നൽകുന്ന പലരും നമുക്കിടയിലുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു സംസാരിക്കാൻ തയ്യാറാകണം. അർഹരായ വ്യക്തികളെ കണ്ടെത്തി അവർക്കാവശ്യമുള്ള സഹായം ചെയ്യുമ്പോൾ പകരം വയ്ക്കാനാകാത്ത സന്തോഷവും സംതൃപ്തിയുമാണ് നിങ്ങൾക്ക് ലഭിക്കുന്നുണ്ടാവുക.
മറ്റുള്ളവരെ സഹായിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്ന അവസരങ്ങളിൽ ജീവിതപങ്കാളികൾ തമ്മിലുള്ള മാനസികമായ ഐക്യം വർധിക്കുകയാണ് ചെയ്യുന്നത്. ഒന്നായി ചേർന്ന് പ്രവർത്തിച്ച് മറ്റൊരാളുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവരുന്നത് നിങ്ങളുടെ ജീവിതത്തിലും ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് സഹായകരമാകും
അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ലഭ്യമാകുന്ന അവസരത്തിൽ ആ തുക നിങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുവാൻ ഉദ്ദേശിക്കുന്നത്
സാധാരണയിൽ കവിഞ്ഞ് കൂടുതൽ പണം കയ്യിൽ വരുമ്പോൾ ആ പണം എങ്ങനെയാണ് ഉപയോഗപ്പെടുത്തേണ്ടത് എന്ന് ചർച്ച ചെയ്യുന്നത് നല്ലതാണ്. ലഭ്യമാകുന്ന പണം പരസ്പര സമ്മതത്തോടെ ഏറ്റവും മികച്ച രീതിയിൽ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയണം. സാമ്പത്തിക സാഹചര്യം എങ്ങനെ തന്നെ മാറിയാലും തൻ്റെ പങ്കാളിയെ കൂടി വിശ്വാസത്തിൽ എടുത്ത് മുന്നോട്ട് പോകുമ്പോഴാണ് ഏറ്റവും മികച്ച രീതിയിൽ നിങ്ങൾക്ക് പണം കൈകാര്യം ചെയ്യുവാൻ സാധിക്കുന്നത്.
പണത്തെ സംബന്ധിച്ച് നിങ്ങൾക്കുള്ള ആകുലതകൾ എന്തെല്ലാമാണ്
പണവുമായി ബന്ധപ്പെട്ട് വൈകാരികപരമായ പല സാഹചര്യങ്ങളിലുടേയും നാം കടന്നു പോകാറുണ്ട്. പണത്തെക്കുറിച്ചുള്ള നമ്മുടെ ആകുലതകൾ ചർച്ച ചെയ്യാൻ ഏറ്റവും സുരക്ഷിതമായ ഇടം നമ്മുടെ കുടുംബം തന്നെയാണ്.

പണത്തെക്കുറിച്ചുള്ള ആകുലതകൾ ഉണ്ടാകുന്നതിന്റെ മൂല കാരണം കണ്ടെത്തി സാവധാനം ഇത്തരം ചിന്തകളിൽ നിന്ന് മുക്തി നേടുവാൻ പരസ്പര സഹകരണം അനിവാര്യമാണ്.
മുൻകാലങ്ങളിൽ നിങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിട്ടുണ്ടോ
മുൻകാലങ്ങളിൽ നിങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയിട്ടുണ്ടോ എന്നും അങ്ങനെയുള്ള സാഹചര്യങ്ങൾ നിങ്ങൾ എങ്ങനെയാണ് തരണം ചെയ്തതെന്നും തുറന്നു സംസാരിക്കുക. കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ പണം കൈകാര്യം ചെയ്തിരുന്നത് എങ്ങനെയാണെന്ന് കണ്ടെത്തുവാൻ ഇത്തരം ചർച്ചകൾ കാരണമാകും.
നിങ്ങൾ തരണം ചെയ്ത ബുദ്ധിമുട്ടേറിയ കാലഘട്ടം പരസ്പരം പങ്കുവയ്ക്കുന്നതിലൂടെ നിങ്ങളുടെ ബന്ധത്തിൻറെ കെട്ടുറപ്പ് ബലപ്പെടുകയാണ് ചെയ്യുന്നത്.
എടുത്തുചാടി പണം ചെലവാക്കുന്ന ശീലം നിയന്ത്രിക്കുന്നത് എങ്ങനെയാണ്
ആധുനിക കാലഘട്ടത്തിൽ വളരെ സ്മാർട്ടായി പണം കൈകാര്യം ചെയ്യുന്നവർക്ക് മാത്രമേ എടുത്തുചാടി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കുവാൻ സാധിക്കുകയുള്ളൂ. ഉപഭോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന ഇന്നത്തെ കാലത്ത് അത്യാവശ്യ ചെലവുകൾ ഒഴിവാക്കുവാൻ കൂട്ടായ നടപടികൾ ആവശ്യമാണ്.
പണം ചെലവഴിക്കുന്നതിൽ 100 ശതമാനം സത്യസന്ധത പുലർത്തുവാൻ ഈ ശീലം സഹായകരമാകും. പരസ്പരം ചർച്ച ചെയ്ത് സാധനങ്ങൾ വാങ്ങുവാനായി എത്ര തുകയാണ് പരമാവധി മാറ്റിവയ്ക്കേണ്ടത് എന്ന തീരുമാനം കൈക്കൊള്ളുക.
ബഡ്ജറ്റ് തയ്യാറാക്കുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്
നിങ്ങളുടെ പങ്കാളി എല്ലാ കാര്യങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പിലാക്കുവാൻ താല്പര്യപ്പെടുന്ന വ്യക്തി ആണോ അതോ ജീവിതത്തിൽ കാര്യങ്ങൾ കടന്നു വരുന്നതിനനുസരിച്ച് അവയെക്കുറിച്ച് ആലോചിക്കുന്ന ആളാണോ എന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുക. പണം കൈകാര്യം ചെയ്യുന്നതിൽ ബഡ്ജറ്റിംഗിൻ്റെ പങ്കിനെ കുറിച്ച് പരസ്പരം സംസാരിക്കുക.
നിങ്ങൾ ഒരു മാസത്തേക്കുള്ള ബഡ്ജറ്റ് തയ്യാറാക്കുവാൻ താല്പര്യപ്പെടുമ്പോൾ ഹ്രസ്വകാല അടിസ്ഥാനത്തിൽ ഒരു ആഴ്ച്ചയിലേക്കുള്ള ബഡ്ജറ്റ് തയ്യാറാക്കുവാൻ ആയിരിക്കാം നിങ്ങളുടെ പങ്കാളി താൽപര്യപ്പെടുന്നത്. പരസ്പരം ചർച്ച ചെയ്ത് രണ്ടു പേർക്കും അംഗീകരിക്കുവാൻ ആകുന്ന ഒരു ബഡ്ജറ്റിംഗ് രീതി അവലംബിച്ച് സ്മാർട്ട് ആയി പണം ചെലവഴിക്കുവാൻ ശ്രമിക്കുക.
പണമിടപാടുകൾ നടത്തുവാൻ നിങ്ങൾ താല്പര്യപ്പെടുന്ന ഉപായം ഏതാണ്
നിങ്ങളുടെ പങ്കാളി കൈവശമുള്ള പണത്തിനനുസരിച്ച് മാത്രം ചെലവ് നടത്തുന്ന വ്യക്തിയാണോ അതോ ക്രെഡിറ്റ് കാർഡ് പോലെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് അമിതമായി ചെലവഴിക്കുന്ന വ്യക്തിയാണോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങൾ പണമിടപാടുകൾ നടത്തുവാൻ താല്പര്യപ്പെടുന്ന മാർഗത്തെക്കുറിച്ച് പരസ്പരം സംസാരിക്കുക. ഏത് മാർഗമാണ് നിങ്ങളുടെ സാഹചര്യങ്ങൾക്ക് ഏറ്റവും പ്രധാനമായതെന്ന് ചർച്ചചെയ്ത് മനസ്സിലാക്കുക.
നിങ്ങളുടെ ചെലവുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കാളിയുമായി ചർച്ച ചെയ്യുവാൻ തയ്യാറാണോ
സാമ്പത്തികമായി ഉത്തരവാദിത്തങ്ങൾ പങ്കിടുന്നതിൽ പങ്കാളിയുടെ താൽപര്യം എപ്രകാരമാണെന്ന് മനസ്സിലാക്കുക. ഏതെല്ലാം ആവശ്യങ്ങൾക്ക് വേണ്ടിയാണ് നിങ്ങളുടെ പങ്കാളി പണം ചെലവഴിക്കുവാൻ താല്പര്യപ്പെടുന്നത് എന്നറിഞ്ഞിരിക്കണം.

മുൻകൂട്ടി ചർച്ച ചെയ്ത് ചെലവുകൾ നടത്തുന്നതിനെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ ഭാവിയിൽ അനാവശ്യമായ വഴക്കുകൾ ഒഴിവാക്കുവാൻ സാധിക്കുന്നതാണ്. പരസ്പര വിശ്വാസത്തോടെ ഒന്നായി പ്രവർത്തിക്കുവാൻ ഇത്തരം ചർച്ചകൾ നിങ്ങൾക്ക് തീർച്ചയായും പ്രചോദനം നൽകും.
ഭാവിയിൽ എങ്ങനെയുള്ള നിക്ഷേപങ്ങൾ നടത്തുവാനാണ് നിങ്ങൾ താൽപര്യപ്പെടുന്നത്
ഭാവിയിൽ ഏതെല്ലാം രീതിയിലുള്ള നിക്ഷേപങ്ങളാണ് നടത്തേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങളുടെ പങ്കാളിയുമായി ചർച്ച ചെയ്യുന്നതിലൂടെ ആ വ്യക്തി എങ്ങനെയാണ് പണം കൈകാര്യം ചെയ്യുവാൻ ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. ആസ്തികൾ എങ്ങനെ വളർത്തിയെടുക്കണം എന്നതിനെ കുറിച്ച് നിങ്ങൾ കാര്യമായി തന്നെ ചിന്തിക്കുവാൻ തയ്യാറാകണം.
മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, റിട്ടയർമെൻ്റ് പദ്ധതികൾ, റിയൽ എസ്റ്റേറ്റ് തുടങ്ങി എപ്രകാരമാണ് പണം നിക്ഷേപിക്കേണ്ടത് എന്ന് തീരുമാനിക്കണം. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾക്കനുസരിച്ച് ആസൂത്രണം നടത്തി തിരഞ്ഞെടുപ്പുകൾ നടത്തുവാൻ സാധിക്കണം.
ഏത് കാര്യത്തിന് വേണ്ടിയാണ് ഒറ്റത്തവണയായി നിങ്ങൾ ഏറ്റവും അധികം തുക ചെലവഴിച്ചിരിക്കുന്നത്
നിങ്ങളുടെ പങ്കാളി ഏറ്റവും പ്രാധാന്യം നൽകുന്നത് എന്തിനാണെന്നും പങ്കാളിയുടെ പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട ശീലങ്ങളെക്കുറിച്ചും മനസ്സിലാക്കുവാൻ ഈ ചോദ്യം സഹായകരമാകും. വലിയ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ എന്തിനെല്ലാമാണ് നിങ്ങളുടെ പങ്കാളി പ്രാധാന്യം നൽകുന്നതെന്ന് തിരിച്ചറിയുക.
സംഗ്രഹം
തുറന്ന മനസ്സോടെ സത്യസന്ധമായി പണത്തെക്കുറിച്ച് നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുന്നതിലൂടെ നിങ്ങൾ തമ്മിലുള്ള ബന്ധത്തിൻ്റെ ശക്തി ബലപ്പെടുകയാണ് ചെയ്യുന്നത്. ക്ഷമയോടെയും പരസ്പര ബഹുമാനത്തോടെയും തന്റെ പങ്കാളിയുടെ ചിന്തകൾക്കും ആശയങ്ങൾക്കും പരിഗണന നൽകുവാൻ ശ്രമിക്കുക. മേൽ സൂചിപ്പിച്ചിരിക്കുന്ന ചോദ്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയശേഷം വളരെ സൗഹൃദപരമായ രീതിയിൽ ആ വിഷയങ്ങൾ ചർച്ച ചെയ്യുവാൻ ശ്രമിക്കുക. ജീവിതത്തിൻ്റെ പ്രധാനപ്പെട്ട ഭാഗമായ സാമ്പത്തിക കാര്യങ്ങൾ ഒരുമിച്ച് നേരിട്ട് കൊണ്ട് നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ നിങ്ങൾക്ക് സാധിക്കട്ടെ. മനസ്സ് തുറന്ന് നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുന്നതിലൂടെ മാത്രമേ ആനന്ദ കരവും പരിപൂർണ്ണവുമായ ഒരു ജീവിതം നിങ്ങൾക്ക് ലഭ്യമാവുകയുള്ളൂ.