പണത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കണക്കാക്കുന്ന ഇന്നത്തെ തിരക്കുള്ള ലോകത്ത് പണം തന്നെയാണ് ഭൂരിഭാഗം വ്യക്തികളുടേയും ഏറ്റവും വലിയ പ്രശ്നമായി തുടരുന്നത്. പല വ്യക്തികളുടേയും പ്രധാന പ്രശ്നമായി തുടരുന്ന പണത്തെക്കുറിച്ചുള്ള ആകുലതകൾ ഒഴിവാക്കുവാനായി ചില ശീലങ്ങൾ നാം പിന്തുടരേണ്ടതുണ്ട്. വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത് പണം കൈകാര്യം ചെയ്യുവാൻ സാധിച്ചാൽ സാമ്പത്തിക കാര്യങ്ങളിലുള്ള പിരിമുറുക്കം ഒഴിവാക്കുവാൻ നിങ്ങൾക്ക് സാധിക്കും. പണവുമായി ബന്ധപ്പെട്ട ആകുലതകൾ ഒഴിവാക്കുവാൻ നിങ്ങൾക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
സാമ്പത്തിക സാഹചര്യം കൃത്യമായി വിലയിരുത്തി ആസൂത്രണം നടത്തുക
നിങ്ങളുടെ നിലവിലെ സാമ്പത്തിക സാഹചര്യം കൃത്യമായി മനസ്സിലാക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ വരുമാനവും ചെലവുകളും നീക്കിയിരിപ്പുകളും വ്യക്തമായി പരിശോധിക്കുകയാണെങ്കിൽ നിങ്ങളുടെ സാമ്പത്തിക നിലയെ കുറിച്ച് ഒരു ധാരണ ലഭിക്കുന്നതാണ്.
നിങ്ങൾക്ക് ലഭ്യമായ ആകെ വരുമാനവും എല്ലാ തരത്തിലുമുള്ള ചെലവുകളും കൃത്യമായി രേഖപ്പെടുത്തി ഒരു ബഡ്ജറ്റ് തയ്യാറാക്കുകയാണ് അടുത്ത പടിയായി ചെയ്യേണ്ട കാര്യം. നിങ്ങളുടെ കയ്യിൽ എത്ര പണം വരുമെന്നും അതെങ്ങനെയെല്ലാമാണ് ചെലവഴിക്കുന്നതെന്നും വ്യക്തമാകുവാൻ ബഡ്ജറ്റ് അത്യന്താപേക്ഷികമാണ്.

നിങ്ങളുടെ ലക്ഷ്യങ്ങൾ കൃത്യമായി നിർവചിക്കുക. ഭാവി ജീവിതത്തിന് ആവശ്യമുള്ള നീക്കിയിരിപ്പ് അല്ലെങ്കിൽ ഏതെങ്കിലും വസ്തുവകകൾ സ്വന്തമാക്കുക തുടങ്ങി ഏത് ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് നിക്ഷേപം നടത്തുന്നതെന്ന് മനസ്സിൽ ഉറപ്പിക്കുക. സാമ്പത്തിക ഇടപാടുകൾ ആസൂത്രണം ചെയ്യണമെങ്കിൽ ഏത് ലക്ഷ്യത്തെ മുൻനിർത്തിയാണ് നാം പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കണം.
നിങ്ങളുടെ വിലയിരുത്തലുകളേയും ലക്ഷ്യങ്ങളേയും പരിഗണിച്ചുകൊണ്ട് പ്രായോഗികമായ ഒരു പദ്ധതി ആവിഷ്കരിക്കാൻ സാധിക്കണം. നിങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്നും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കേണ്ട സമയക്രമവും ഉൾപ്പെടുന്ന രൂപരേഖയായിരിക്കണം നിങ്ങൾ തയ്യാറാക്കേണ്ടത്.
മിതവ്യയശീലം പാലിക്കുക
നിങ്ങളുടെ പണം ചെലവഴിക്കുന്ന രീതി മനസ്സിലാക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ പണം എങ്ങനെ ചെലവഴിക്കപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞതിന് ശേഷം എവിടെയെല്ലാം ചെലവ് ചുരുക്കുവാൻ സാധിക്കും എന്ന് കണ്ടെത്തുക.
വളരെ ശ്രദ്ധയോടെ പണം ചെലവഴിക്കുക. ഏതൊരു ആവശ്യത്തിന് വേണ്ടിയും പണം ചെലവഴിക്കുന്നതിന് മുൻപ് ആ കാര്യം അനിവാര്യമാണോ എന്നും ചെലവഴിക്കുന്ന പണത്തിന് തിരികെ മൂല്യം ലഭിക്കുന്നുണ്ടോ എന്നും ചിന്തിക്കുക. പണം ചെലവഴിച്ച് ഒരു വസ്തു സ്വന്തമാക്കുമ്പോൾ ആ തീരുമാനം നിങ്ങൾക്ക് ആത്മസംതൃപ്തി നൽകുന്നുണ്ടെന്നും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കില്ലെന്നും ഉറപ്പുവരുത്തുക.
എമർജൻസി ഫണ്ട് സൃഷ്ടിക്കുക
ജീവിതത്തിലെ അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടുവാനായി ഒരു സുരക്ഷിത വലയം സൃഷ്ടിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടു തന്നെ മൂന്ന് മുതൽ ആറു മാസം വരെയുള്ള ജീവിത ചെലവുകൾക്ക് ആവശ്യമായി വരുന്ന തുക മാറ്റിവെച്ചുകൊണ്ട് ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കണം.

അത്യാവശ്യ ഘട്ടങ്ങളിൽ പണത്തെക്കുറിച്ചുള്ള ഉത്കണ്ഠകൾ ഒഴിവാക്കുവാൻ ഈ കരുതൽധനം നമ്മെ സഹായിക്കുന്നു. ജീവിതത്തിൽ എന്തുതന്നെ സംഭവിച്ചാലും ആ സാഹചര്യത്തെ ധൈര്യത്തോടെ നേരിടുവാനുള്ള ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും എമർജൻസി ഫണ്ട് ഒരു വ്യക്തിക്ക് നൽകുന്നു. അനാവശ്യമായ കടങ്ങൾ കാരണമുള്ള സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെടാതിരിക്കണമെങ്കിൽ എത്രയും വേഗം എമർജൻസി ഫണ്ട് സൃഷ്ടിക്കുവാൻ തയ്യാറാവുക.
അറിവ് നേടുക
നാം എത്രത്തോളം അറിവ് നേടുന്നുവോ അത്രത്തോളം നാം ശക്തരാകുന്നു. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുവാൻ സാമ്പത്തിക സാക്ഷരത അനിവാര്യമായ ഒന്നാണ്. വിവിധ നിക്ഷേപ മാർഗങ്ങളെക്കുറിച്ചും, കടങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും, നീക്കിയിരിപ്പുകൾ സൃഷ്ടിക്കേണ്ടത് എങ്ങനെയാണെന്നും തുടങ്ങി അടിസ്ഥാനപരമായ അറിവുകൾ തീർച്ചയായും നാം നേടിയിരിക്കണം.
മികച്ച രീതിയിൽ സമ്പത്ത് കൈകാര്യം ചെയ്യുവാനും നിക്ഷേപങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട മികച്ച തീരുമാനങ്ങൾ എടുക്കുവാനും നമുക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് നാം മനസ്സിലാക്കണം.
ശ്രദ്ധാപൂർവ്വം തീരുമാനങ്ങളെടുക്കുക
പണം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും കൂടുതൽ പണം എങ്ങനെ നേടാം എന്നതിനെക്കുറിച്ചും ആകുലപ്പെടാതെ നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും സന്തോഷം കണ്ടെത്തുവാനും ശ്രമിക്കുക.
നിലവിലെ സാഹചര്യത്തിൽ നിങ്ങൾക്ക് എന്ത് ചെയ്യാനാകും എന്ന് ചിന്തിക്കുക. ശ്രദ്ധാപൂർവ്വം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ അർഹിക്കുന്ന വളർച്ച നേടുവാൻ നിങ്ങൾക്ക് സാധിക്കും. ഭാവിയെ കുറിച്ചുള്ള ആകുലതകൾ ഒഴിവാക്കി വ്യക്തമായ കാഴ്ച്ചപ്പാടോടുകൂടി ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുക.
സംഗ്രഹം
പണം മൂല്യം കൈമാറുവാൻ നമ്മെ സഹായിക്കുന്ന ഒരു ഉപകരണം മാത്രമാണ് അതിനപ്പുറത്തേക്ക് പണത്തെ ആകുലതകളുടെ ഉറവിടമായി മാറ്റരുത്. നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ നിങ്ങളുടെ പരിപൂർണ്ണ നിയന്ത്രണത്തിൽ നിലനിർത്താൻ കഴിയണം. മേൽപ്പറഞ്ഞ കാര്യങ്ങൾ പിന്തുടരുന്നത് വഴിയും കൃത്യമായ ആസൂത്രണത്തിലൂടെയും ഒരു മികച്ച സാമ്പത്തിക അടിത്തറ സൃഷ്ടിക്കുവാൻ ശ്രമിക്കണം. ആകുലതകളുടെ ചങ്ങല പൊട്ടിച്ചെറിഞ്ഞുകൊണ്ട് സമാധാനപരമായി ജീവിതം മുന്നോട്ടു കൊണ്ടുപോവുക.