മതിയായ ആലോചന ഇല്ലാതെയും കാര്യമായി ചിന്തിക്കാതെയും വികാരത്തിൻ്റെ പുറത്ത് സാധനങ്ങൾ വാങ്ങിക്കൂടുന്ന ശീലമുള്ളവരാണോ നിങ്ങൾ. ആസൂത്രണമില്ലാത്ത ഇങ്ങനെയുള്ള വാങ്ങിക്കൂട്ടലുകൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുന്ന കാര്യമാണ്. എടുത്തുചാടി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കുവാൻ സഹായകരമാകുന്ന ചില ടിപ്പുകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ലിസ്റ്റ് തയ്യാറാക്കി സാധനങ്ങൾ വാങ്ങുക
കടയിലേക്ക് പോകുന്നതിനു മുൻപായി സാധനങ്ങൾ വാങ്ങുവാനുള്ള ലിസ്റ്റ് തയ്യാറാക്കുക. വളരെ ചിന്തിച്ച് തയ്യാറാക്കിയ ഒരു ഷോപ്പിംഗ് ലിസ്റ്റ് നിങ്ങളെ ആവശ്യസാധനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. ഷോപ്പിംഗ് ലിസ്റ്റിനെ ആശ്രയിച്ച് സാധനങ്ങൾ വാങ്ങുമ്പോൾ അനാവശ്യമായ വാങ്ങിക്കൂട്ടലുകൾ ഒഴിവാക്കുന്നതിനോടൊപ്പം തന്നെ സമയം ലാഭിക്കാനും നിങ്ങൾക്ക് സാധിക്കുന്നു.
ബഡ്ജറ്റ് തയ്യാറാക്കുക
വീട്ടുവാടക, പലചരക്ക് സാധനങ്ങൾ, വൈദ്യുതി ബില്ല്, വാട്ടർ ബില്ല്, വിനോദം തുടങ്ങി പല ചെലവുകൾക്കായി നിങ്ങളുടെ വരുമാനം ആസൂത്രണം ചെയ്ത് ചെലവഴിക്കേണ്ടതാണ്. എത്ര തുകയാണ് നിങ്ങൾക്ക് പരമാവധി ചെലവഴിക്കാനാകുന്നത് എന്ന് കണക്കാക്കുക. നീക്കിയിരിപ്പായും, എമർജൻസി ഫണ്ടിലേക്കും കുറച്ചു തുക മാറ്റി വയ്ക്കുക.

ആസൂത്രണം ചെയ്തു കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ബഡ്ജറ്റ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയുടെ നേർരേഖ ആയതിനാൽ തന്നെ നിങ്ങൾക്ക് അനാവശ്യമായ വാങ്ങിക്കൂട്ടലുകൾ ഒഴിവാക്കാനാകും.
പണം നേരിട്ട് നൽകി ഇടപാടുകൾ നടത്തുക
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാതെ നേരിട്ട് പണം നൽകിക്കൊണ്ട് തന്നെ ചെലവുകൾ നടത്തുവാൻ ശ്രമിക്കുക. പണം നേരിട്ട് ഉപയോഗിച്ച് കൊടുക്കൽ വാങ്ങലുകൾ നടത്തുമ്പോൾ കൂടുതൽ ശ്രദ്ധയോടെ ചെലവുകൾ കൈകാര്യം ചെയ്യുവാനും ചെലവുകളിൽ നിയന്ത്രണം കൊണ്ടുവരുവാനും സാധിക്കും.
നിങ്ങളുടെ പക്കൽ ഒരു നിശ്ചിത എണ്ണം നോട്ടുകളാണ് ഉള്ളതെങ്കിൽ അതിനപ്പുറത്തേക്കുള്ള ചെലവുകളെ കുറിച്ച് നിങ്ങൾ ഒരിക്കലും ചിന്തിക്കുകയില്ല. ഈ ശീലം പിന്തുടർന്നാൽ എടുത്തുചാടി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിൽ നിന്ന് നിങ്ങൾ സ്വന്തം നിലയിൽ പിന്മാറുവാൻ സാധ്യതയുണ്ട്. അതായത് ഓരോ ചെലവുകളെ കുറിച്ചും നിങ്ങൾ തീർത്തും ബോധവാന്മാരാകുന്നു.
ചിന്തിച്ച് ഉറപ്പിച്ച് സാധനങ്ങൾ വാങ്ങുക
കാര്യമായി ചിന്തിക്കാതെ ആഗ്രഹങ്ങളുടേയും ആകർഷകത്വത്തിൻ്റെയും സ്വാധീനം മൂലമായിരിക്കും നാം സാധനങ്ങൾ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ട് സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് അവയുടെ ആവശ്യകത വിലയിരുത്തുവാൻ സമയം കണ്ടെത്തുക.

നിങ്ങളുടെ നിത്യജീവിതത്തിന് ഉപകാരപ്പെടുന്നതാണോ നിങ്ങൾ വാങ്ങുന്നതെന്ന് സ്വയം ചോദിക്കുക. നിങ്ങൾ ചിന്തിക്കാൻ എടുക്കുന്ന കുറച്ച് നിമിഷങ്ങൾ കൊണ്ട് ആവശ്യമുള്ളതും അല്ലാത്തവയും തമ്മിലുള്ള വ്യക്തത നിങ്ങൾക്ക് ലഭിക്കും.
വികാരങ്ങൾ നിയന്ത്രിക്കുക
പലപ്പോഴും വികാരങ്ങളാണ് എടുത്തുചാടിയെടുക്കുന്ന തെറ്റായ തീരുമാനങ്ങൾക്ക് കാരണമാകുന്നത്. വളരെ സമാധാനത്തോടെ തീരുമാനങ്ങൾ എടുക്കുവാനുള്ള മാനസികാവസ്ഥ ഉള്ളപ്പോൾ മാത്രം സാധനങ്ങൾ വാങ്ങിക്കുവാൻ ശ്രമിക്കുക. നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാനും ചിന്തിക്കുവാനും സാധിച്ചില്ലെങ്കിൽ നിങ്ങൾ തെറ്റായ രീതിയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുവാൻ സാധ്യതയുണ്ട്.
സംഗ്രഹം
പ്രായോഗികമായ ചില തന്ത്രങ്ങളും മനഃശാസ്ത്രപരമായ ചില തിരിച്ചറിവുകളുമുണ്ടെങ്കിൽ മാത്രമേ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ഒഴിവാക്കുവാൻ കഴിയുകയുള്ളൂ. മേൽപ്പറഞ്ഞ കാര്യങ്ങൾ നിത്യജീവിതത്തിൽ നടപ്പാക്കുവാൻ കഴിഞ്ഞാൽ യുക്തിപരമായി ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുവാനും അതിലൂടെ മാനസിക സംതൃപ്തി നേടുവാനും സാധിക്കും. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ ജീവിതത്തിൽ പോസിറ്റീവായ പല മാറ്റങ്ങളും സാമ്പത്തിക നേട്ടവും നിങ്ങൾക്കുണ്ടാകും.