നിങ്ങൾ പണം കടം വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ നിങ്ങളുടെ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങൾക്ക് പണം ആവശ്യമുള്ളപ്പോൾ വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ലഭ്യമായ ഒരു പേഴ്സണൽ ലോൺ താൽക്കാലിക ആശ്വാസം നൽകിയേക്കാം. എന്നാൽ നിങ്ങൾ എടുത്ത ലോൺ തുകയ്ക്ക് അനുസരിച്ച് എല്ലാ മാസവും നിശ്ചിത തുക ഇ എം ഐ അഥവാ ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെൻ്റ് ആയി തിരിച്ചടയ്ക്കേണ്ടതുണ്ട്. കൃത്യസമയത്ത് പണം തിരിച്ചടയ്ക്കുവാനും തിരിച്ചടവ് മുടങ്ങുന്നത് മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കുവാനും ഇ എം ഐ ആയി പണം തിരിച്ചടയ്ക്കുന്നതിലൂടെ സാധിക്കുന്നു. ഇ എം ഐ ഇടപാടുകൾ നടത്തുമ്പോൾ ഒഴിവാക്കേണ്ട 7 തെറ്റുകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
നിബന്ധനകൾ കൃത്യമായി മനസ്സിലാക്കാതെ ഇ എം ഐ പ്ലാൻ തിരഞ്ഞെടുക്കുന്നത്
ഒരു ഇ എം ഐ പ്ലാൻ തിരഞ്ഞെടുക്കുന്നതിന് മുൻപ് നാം പരിഗണിക്കേണ്ട ചില കാര്യങ്ങളാണ് പലിശ നിരക്ക്, മറ്റ് കമ്പനികളിൽ നിന്ന് ലഭ്യമായ ഇ എം ഐ പ്ലാനുകൾ, നിങ്ങൾ ലോൺ തിരിച്ചടയ്ക്കുന്നത് എങ്ങനെയാണ് മുതലായവ. സാഹചര്യങ്ങളുമായി ചേർന്നു പോകാത്ത പ്ലാനാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് നിങ്ങൾക്ക് അനുയോജ്യമായ ഇ എം ഐ പ്ലാൻ തിരഞ്ഞെടുക്കുക.
മറഞ്ഞിരിക്കുന്ന ചാർജ്ജുകൾ ശ്രദ്ധിക്കാതിരിക്കുക

പ്രോസസിംഗ് ഫീസ്, കാലാവധിക്ക് മുൻപ് ലോൺ അടച്ചു തീർക്കുമ്പോൾ നൽകേണ്ട ക്ലോസിങ് ചാർജ്ജുകൾ എന്നിവയെക്കുറിച്ച് നിങ്ങൾ ബോധവാന്മാരായിരിക്കണം. നിബന്ധനകൾ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ നിങ്ങൾക്ക് വലിയ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇ എം ഐ പ്ലാനിൻ്റെ നിബന്ധനകൾ അംഗീകരിക്കുന്നതിന് മുൻപ് അവ കൃത്യമായി മനസ്സിലാക്കുവാൻ ശ്രമിക്കുക.
അനാവശ്യമായി നീണ്ട തിരിച്ചടയ്ക്കൽ കാലാവധി തിരഞ്ഞെടുക്കുക
തിരിച്ചടവിനായി ഉയർന്ന കാലാവധി തിരഞ്ഞെടുക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കണം. ഓരോ മാസവും കുറഞ്ഞ തുകയാണ് തിരിച്ചടയ്ക്കുന്നതെങ്കിലും ലോൺ കാലാവധി അവസാനിക്കുമ്പോൾ വളരെ വലിയ തുക ആയിരിക്കും പലിശയായി നൽകിയിരിക്കുക.
നിങ്ങളുടെ സാമ്പത്തിക സാഹചര്യം വിലയിരുത്തി എത്ര തുകയാണ് ഇ എം ഐ ആയി ഓരോ മാസവും അടയ്ക്കാൻ സാധിക്കുക എന്ന് കണ്ടെത്തുക. അങ്ങനെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാത്ത രീതിയിൽ തിരിച്ചടവ് നടത്തുവാനും നീണ്ട കാലാവധി തിരഞ്ഞെടുത്ത് ഉയർന്ന പലിശ നൽകാതിരിക്കുവാനും ശ്രദ്ധിക്കുക.
എമർജൻസി ഫണ്ട് സൃഷ്ടിക്കാതിരിക്കുക
ഇ എം ഐ രീതിയിൽ തിരിച്ചടവ് വരുന്ന ലോണുകൾ എടുക്കുന്നതിന് മുൻപ് എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നതിന് പ്രാധാന്യം നൽകുക. അതായത് ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സാഹചര്യങ്ങൾ നേരിടുവാനായി എമർജൻസി ഫണ്ട് നിങ്ങൾക്ക് തുണയാകുന്നതിനാൽ തന്നെ ഏതൊരു സാഹചര്യത്തിലും ഇ എം ഐ കൃത്യമായി മുന്നോട്ടു കൊണ്ടുപോകുവാൻ നിങ്ങൾക്ക് സാധിക്കുന്നു.

അതിനാൽ എമർജൻസി ഫണ്ട് സൃഷ്ടിക്കുക. കാരണം ഏതു സാഹചര്യത്തിൽ ആയാലും ഒരു മാസത്തെയെങ്കിലും ഇ എം ഐ അടയ്ക്കുവാൻ സാധിച്ചില്ലെങ്കിൽ നിങ്ങൾക്ക് പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്.
കൂടുതൽ തുക തിരിച്ചടയ്ക്കുവാനുള്ള സാധ്യത പരിഗണിക്കാതിരിക്കുക
ലോണിന്റെ നിലവിലുള്ള ഇ എം ഐയെക്കാൾ കൂടുതൽ തുക തിരിച്ചടയ്ക്കുവാൻ സാഹചര്യം ഉണ്ടെങ്കിൽ പോലും അങ്ങനെ ചെയ്യുന്നതുകൊണ്ട് കാര്യമായ നേട്ടം ഉണ്ടാകുന്നില്ല എന്ന് തെറ്റായി ചിന്തിച്ച് പലരും അതിനായി മെനക്കെടാറില്ല. കൈവശം പണമുണ്ടായിട്ടും ലോണിലേക്ക് കൂടുതൽ തുക തിരിച്ചടയ്ക്കാത്തതുമൂലം പലിശയിനത്തിൽ വലിയ നഷ്ടമാണ് നിങ്ങൾക്കുണ്ടാകുന്നത്. കൈവശം പണമുള്ളപ്പോൾ കൂടുതൽ തുക തിരിച്ചടയ്ക്കുന്നത് വഴി നിങ്ങളുടെ ആകെയുള്ള കടം കുറയുന്നതിനോടൊപ്പം തിരിച്ചടവ് തുടരേണ്ട കാലാവധിയിലും കുറവ് സംഭവിക്കുന്നു.
ഭാവിയിലെ സാമ്പത്തിക സാഹചര്യങ്ങൾ മുൻകൂട്ടി കാണാതിരിക്കുക
കാലം മുന്നോട്ടു പോകുന്നതനുസരിച്ച് നിങ്ങളുടെ വരുമാനത്തിലും ചെലവിലും എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുവാൻ പോകുന്നതെന്ന് മുൻകൂട്ടി കാണുവാൻ ശ്രമിക്കുക. ഭാവിയിലെ സാഹചര്യങ്ങൾ പരിഗണിക്കാതെ മാസംതോറും വലിയ തുക തിരിച്ചടയ്ക്കേണ്ട ബാധ്യത നിങ്ങൾ വരുത്തി വയ്ക്കുകയാണെങ്കിൽ നിങ്ങൾ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് എത്തിച്ചേർന്നേക്കാം.

ഇ എം ഐ കാലാവധി തീരുന്നത് വരെ നിങ്ങൾക്ക് സുഗമമായി ഇ എം ഐ തുക തിരിച്ചടയ്ക്കുവാനുള്ള ശേഷിയുണ്ടെന്ന് ഉറപ്പുവരുത്തുക. എന്തെല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നാലും ലോണിന്റെ തവണകൾ മുടങ്ങുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
ക്രെഡിറ്റ് സ്കോർ പരിശോധിക്കാതിരിക്കുക
കൃത്യമായ ഇടവേളകളിൽ സ്കോർ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയാൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് തെറ്റുകൾ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് തുടർച്ചയായ ഇടവേളകളിൽ ക്രെഡിറ്റ് സ്കോർ പരിശോധിക്കുക വഴി നിങ്ങൾ നടത്തുന്ന സാമ്പത്തിക ഇടപാടുകളിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പോലും നിങ്ങൾക്ക് തിരുത്തലുകൾ വരുത്തുവാൻ സാധിക്കും. ഇ എം ഐ ഇടപാടുകൾ ക്രെഡിറ്റ് സ്കോറിനെ നേരിട്ട് ബാധിക്കുന്ന കാര്യമായതിനാൽ ഇ എം ഐ ഇടപാടുകൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
സംഗ്രഹം
ശ്രദ്ധയോടെയും അച്ചടക്കത്തോടെയും ഇ എം ഐ ഇടപാടുകൾ കൃത്യമായി കൈകാര്യം ചെയ്യുക എന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യം നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്ന കാര്യമാണ്. ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന ഇ എം ഐ ഇടപാടുകളുമായി ബന്ധപ്പെട്ട തെറ്റുകൾ മനസ്സിലാക്കുവാനും അവ ഒഴിവാക്കുവാനും ശ്രമിക്കുക. സാമ്പത്തിക സുരക്ഷിതത്വമുള്ള ജീവിതം നയിക്കണമെങ്കിൽ ആത്മവിശ്വാസത്തോടെ ഇ എം ഐ ഇടപാടുകൾ കൈകാര്യം ചെയ്യുക.