വളരെ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യം മുൻനിർത്തി പ്രയത്നിക്കുന്ന കുറെയധികം സ്ത്രീകളെ നമുക്ക് കാണുവാൻ സാധിക്കും. അനിവാര്യമായ നീക്കിയിരിപ്പുകൾ നേടാനായാൽ മാത്രമേ സാമ്പത്തികമായി സുരക്ഷിതത്വമുള്ള ഒരു ഭാവി ജീവിതം നയിക്കുവാൻ നമുക്കാവുകയുള്ളൂ. പണം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സ്ത്രീകൾക്ക് സഹായകരമാകുന്ന ചില ടിപ്പുകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
തീരുമാനങ്ങളേയും തിരഞ്ഞെടുപ്പുകളേയും ആശ്രയിച്ചാണ് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്രയുടെ വേഗത നിർണ്ണയിക്കാനാകുന്നത്. വളരെ വ്യക്തമായ ആസൂത്രണത്തോടെ മുന്നോട്ടു പോകുവാൻ കഴിയുമെങ്കിൽ ഏതൊരു വ്യക്തിക്കും എത്രയും വേഗം സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുവാൻ സാധിക്കും.
ബഡ്ജറ്റ് തയ്യാറാക്കുക
ഓരോ മാസവും നിങ്ങൾ എത്ര തുക നീക്കിയിരിപ്പായി മാറ്റിവെക്കുമെന്ന് കൃത്യമായി രേഖപ്പെടുത്തി ബഡ്ജറ്റ് തയ്യാറാക്കുക. എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനം കണക്കാക്കുക. വീട്ടുവാടക, പലചരക്ക് സാധനങ്ങൾ, വിനോദം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലായി നിങ്ങളുടെ ചെലവുകൾ വർഗ്ഗീകരിക്കുക.

നിങ്ങളുടെ ചെലവുകളെ കൃത്യമായി വിലയിരുത്തുകയാണെങ്കിൽ നിങ്ങളുടെ പണം ചെലവഴിക്കുന്ന രീതി മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. ഏതെല്ലാം അനാവശ്യ ചെലവുകൾ ഒഴിവാക്കാമെന്നും ഏതെല്ലാം മേഖലകളിൽ ചെലവുകൾ ചുരുക്കുവാൻ സാധിക്കുമെന്നും കണ്ടെത്തുക. ഇത്തരത്തിൽ വരവുചെലവുകളെ വിലയിരുത്തി നിക്കിയിരിപ്പായി മാറ്റിവയ്ക്കേണ്ട തുക കണ്ടെത്തുക.
സേവിംഗ്സ് ഓട്ടോമേറ്റ് ചെയ്യുക
നിങ്ങളുടെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ഓട്ടോമാറ്റിക്കായി കൃത്യമായ ഇടവേളകളിൽ നീക്കിയിരിപ്പായോ നിക്ഷേപമായോ മാറ്റിവയ്ക്കുവാൻ അവസരമുണ്ട്.
പണം നീക്കിയിരിപ്പായി മാറ്റിവയ്ക്കുവാൻ ഒരു പ്രത്യേക സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. നിങ്ങളുടെ പ്രൈമറി അക്കൗണ്ടിൽ നിന്നും ഈ സേവിംഗ്സ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി നിങ്ങൾ നിശ്ചയിക്കുന്ന തുക നിങ്ങൾക്ക് താല്പര്യമുള്ള ഇടവേളകളിൽ ട്രാൻസ്ഫർ ചെയ്യുവാനുള്ള നിർദ്ദേശം നൽകാവുന്നതാണ്. ഈ രീതി പിന്തുടരുന്നതിലൂടെ നിങ്ങൾക്ക് ശമ്പളം ലഭിച്ചു കഴിഞ്ഞാൽ പണം ചെലവഴിച്ചു തുടങ്ങുന്നതിനു മുൻപ് ഒരു നിശ്ചിത ശതമാനം നീക്കിയിരിപ്പായി മാറ്റിവെക്കുന്നു എന്ന് ഉറപ്പുവരുത്തുവാനാകും.
അനാവശ്യ ചെലവുകൾ ഒഴിവാക്കുക
നിങ്ങൾക്ക് മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്ന മേഖലകൾ തിരിച്ചറിഞ്ഞുകൊണ്ട് അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ഉദാഹരണത്തിന് നിങ്ങൾക്ക് തുടർച്ചയായി പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ, ആ ശീലം ഒഴിവാക്കി മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം പുറത്തുനിന്ന് ഭക്ഷണം കഴിക്കുകയുള്ളൂ എന്ന തീരുമാനം എടുക്കാവുന്നതാണ്. മറ്റൊന്ന് നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ഒ ടി ടി സബ്സ്ക്രിപ്ഷനുകൾ നിലവിലുണ്ടെന്ന് കരുതുക ഒരു സമയത്ത് ഒരു സബ്സ്ക്രിപ്ഷൻ മാത്രം നിലനിർത്തുക വഴി പണം ലാഭിക്കുവാൻ സാധിക്കുന്നതാണ്.
എടുത്തുചാടി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന രീതി ഒഴിവാക്കുക. കുറേയേറെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന് പകരമായി വളരെ ചിന്തിച്ച് ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുക്കുവാൻ കഴിയണം.
ബുദ്ധിപൂർവ്വം നിക്ഷേപിക്കുക

ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപ അവസരങ്ങളായ മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, വിവിധ റിട്ടയർമെൻ്റ് പദ്ധതികൾ എന്നിവ ഉപയോഗിച്ച് പണം വളർത്തിയെടുക്കുവാൻ ശ്രമിക്കുക. വർഷങ്ങൾ കടന്നു പോകുന്നതിനനുസരിച്ച് നിങ്ങളുടെ നീക്കിയിരിപ്പുകൾ വളർത്തുന്നതിനും സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു ഭാവിക്കും ഇത്തരം നിക്ഷേപ പദ്ധതികൾ അനിവാര്യമാണ്.
എമർജൻസി ഫണ്ട്
നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം എമർജൻസി ഫണ്ടിലേക്ക് മാറ്റിവയ്ക്കുക.
ആശുപത്രി ചെലവുകൾ അല്ലെങ്കിൽ വാഹനത്തിൻ്റെ റിപ്പയറിംഗ് തുടങ്ങി അപ്രതീക്ഷിതമായ ചെലവുകൾ ജീവിതത്തിൽ കടന്നുവരുമ്പോൾ ഈ എമർജൻസി ഫണ്ട് ഒരു സുരക്ഷിത വലയം എന്നപോലെയാണ് പ്രവർത്തിക്കുന്നത്. മൂന്നു മുതൽ ആറു മാസം വരെയുള്ള നിങ്ങളുടെ ജീവിത ചെലവുകളാണ് എമർജൻസി ഫണ്ടിൽ ഉണ്ടായിരിക്കേണ്ടത്.
നിങ്ങൾക്ക് ഒരു എമർജൻസി ഫണ്ട് ഇല്ലെങ്കിൽ അപ്രതീക്ഷിതമായ ചെലവുകൾക്കായി ക്രെഡിറ്റ് കാർഡ്, ലോണുകൾ എന്നിവയെ ആശ്രയിക്കേണ്ടതായി വന്നേക്കാം. അതുകൊണ്ട് ജീവിതത്തിലെ അത്യാവശ്യ കാര്യങ്ങൾക്കായി നീക്കിയിരിപ്പ് കൈവശം ഉണ്ടെങ്കിൽ ഭാവി ജീവിതത്തിനായി കൂടുതൽ പണം മാറ്റിവയ്ക്കുവാൻ നിങ്ങൾക്കാകും.
അർഹമായ ശമ്പള വർദ്ധനവ് ആവശ്യപ്പെടുക
നിങ്ങൾക്ക് അർഹമായ ശമ്പള വർദ്ധനവ് ലഭ്യമാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന അധിക വരുമാനം കൂടുതൽ നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാനും സാമ്പത്തിക ലക്ഷ്യങ്ങൾക്കായി മികച്ച നിക്ഷേപങ്ങൾ നടത്തുവാനും നിങ്ങളെ സഹായിക്കുന്നു. അർഹമായ വേതനം ചോദിച്ചു വാങ്ങുന്നതിന് മടിക്കേണ്ട കാര്യമില്ല. നിങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ മൂല്യത്തിനനുസരിച്ചുള്ള വേതനം നിങ്ങൾക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
അറിവ് നേടുക

സാമ്പത്തിക സാക്ഷരത കൈവരിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് തന്റെ വരുമാനം മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു. അതുകൊണ്ട് സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങൾ, നിക്ഷേപങ്ങൾ, മണി മാനേജ്മെൻ്റ് എന്നിവയെക്കുറിച്ച് മനസ്സിലാക്കുവാൻ ശ്രമിക്കുക.
ശരിയായ അറിവുണ്ടെങ്കിൽ കൃത്യസമയത്ത് മികച്ച തീരുമാനങ്ങൾ എടുക്കുവാനും സാഹചര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തി നേട്ടങ്ങൾ നേടുവാനും നമുക്കാകും. അതിനാൽ സാമ്പത്തിക സുരക്ഷിതത്വത്തിനായി ശരിയായ അറിവ് നേടുക.
സംഗ്രഹം
നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള നീക്കിയിരിപ്പ് സൃഷ്ടിക്കുവാൻ അച്ചടക്കവും നീണ്ട കാലയളവിലെ പരിശ്രമവും ആവശ്യമായി വന്നേക്കാം. വളരെ കുറഞ്ഞ തുകയാണെങ്കിൽ പോലും നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം സാമ്പത്തിക സുരക്ഷിതത്വത്തിനായി മാറ്റിവയ്ക്കുവാൻ കഴിയണം. മേൽപ്പറഞ്ഞ ടിപ്പുകൾ പ്രാവർത്തിമാക്കുവാൻ ശ്രമിക്കുന്നതിലൂടെ സാമ്പത്തികമായ സുരക്ഷിതത്വമുള്ള ഒരു ജീവിതം നയിക്കുവാൻ നിങ്ങൾക്ക് സാധിക്കും.