സന്തോഷം നിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ ആവശ്യമുള്ള ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പണം. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുക എന്നതുകൊണ്ട് കേവലം പണക്കാരനായി മാറുക എന്നതിലുപരിയായി കൈവശമുള്ള പണം മികച്ച രീതിയിൽ ഉപയോഗിച്ച് സന്തോഷകരമായ ജീവിതം നയിക്കുവാൻ സാധിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ജീവിതത്തിൽ പണവുമായി ബന്ധപ്പെട്ട് നാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില യാഥാർത്ഥ്യങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
പണം എന്നത് ഒരു ഉപകരണം മാത്രമാണ്, ജീവിതലക്ഷ്യമല്ല
നമ്മളുടെ ആവശ്യങ്ങൾ നടത്തിയെടുക്കാനുള്ള ഒരു ഉപാധിയാണ് പണം മറിച്ച് പണത്തെ ഒരിക്കലും അത്യന്തിക ലക്ഷ്യമായി കണക്കാക്കരുത്. നിങ്ങൾക്ക് സന്തോഷം നൽകുന്ന പല കാര്യങ്ങളിലേക്കുള്ള ഒരു താക്കോൽ മാത്രമാണ് നിങ്ങളുടെ വരുമാനം.
തീർച്ചയായും പണത്തിന് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാൻ സാധിക്കും. യാത്രകൾ, ഹോബികൾ തുടങ്ങി നിങ്ങൾക്ക് താല്പര്യമുള്ള പല കാര്യങ്ങളും നടപ്പിലാക്കുവാൻ പണം നിങ്ങളെ സഹായിക്കും. അതായത് ബാങ്ക് അക്കൗണ്ടിൽ കൂടുതൽ തുക സ്വരൂപിക്കുക എന്നതിലുപരിയായി പണം നേടുന്നതിലൂടെ ജീവിതം ആസ്വാദ്യകരമാക്കി മാറ്റുവാൻ സാധിക്കണം.
സാമ്പത്തിക വിദ്യാഭ്യാസത്തിൻ്റെ ഗുണങ്ങൾ
സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് കൂടുതൽ അറിവ് നേടുക വഴി നിങ്ങൾ കൂടുതൽ ശക്തനായി മാറുകയാണ് ചെയ്യുന്നത്. നിങ്ങൾ ഭാഗമാകുന്ന പണമിടപാടുകളും നിക്ഷേപ പ്രവർത്തനങ്ങളും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ മനസ്സിലാക്കിയിരിക്കണം. ജീവിതത്തിൽ സ്മാർട്ടായ തിരഞ്ഞെടുപ്പുകൾ നടത്തുവാൻ ഈ അറിവുകൾ നിങ്ങളെ സഹായിക്കും.

പണത്തെക്കുറിച്ച് പഠിക്കുവാനായി സമയം ചെലവഴിക്കുന്നത് വഴി ജീവിതത്തിന് മുതൽക്കൂട്ടാകുന്ന വിലപിടിപ്പുള്ള അറിവുകളാണ് നിങ്ങൾ നേടുന്നത്. കേവലം കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ഉപരിയായി ജീവിതത്തിൽ കടന്നുവരുന്ന സാമ്പത്തിക പ്രതിസന്ധികളെ വളരെ പ്രൊഫഷണലായി സമീപിക്കുവാൻ നിങ്ങൾക്ക് സാധിക്കണം.
ബഡ്ജറ്റ് തയ്യാറാക്കുന്നതിന്റെ പ്രാധാന്യം
സാമ്പത്തിക ഉയർച്ചയ്ക്ക് അടിത്തറ പാകുന്ന ശീലമാണ് ബഡ്ജറ്റ് തയ്യാറാക്കുക എന്നത്. നിങ്ങളുടെ കയ്യിൽ എത്ര പണം വരുന്നു എന്നും ആ പണം എങ്ങനെ ഉപയോഗിക്കുന്നു എന്നും ബഡ്ജറ്റിലൂടെ അറിയുവാൻ സാധിക്കുന്നതാണ്. പണം കൃത്യമായി കൈകാര്യം ചെയ്യുവാൻ ഈ അറിവ് അനിവാര്യമാണ്.
നിങ്ങളുടെ ആകെ വരുമാനം എങ്ങനെയാണ് ചെലവഴിക്കപ്പെടുന്നതെന്ന് മനസ്സിലാക്കിയാൽ മാത്രമേ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വരുമാനം ഉപയോഗപ്പെടുത്തുവാൻ കഴിയുകയുള്ളൂ. നീണ്ടകാലയളവിലേക്കുള്ള നിക്ഷേപം, നീക്കിയിരിപ്പുകൾ, വ്യക്തിപരമായ ആവശ്യങ്ങൾ തുടങ്ങി ഓരോ കാര്യത്തിൻ്റെയും പ്രാധാന്യം അനുസരിച്ച് എങ്ങനെയാണ് പണം ഉപയോഗിക്കേണ്ടതെന്ന് ബഡ്ജറ്റിന്റെ സഹായത്തോടെ തീരുമാനിക്കാൻ നിങ്ങൾക്കാകണം. അനാവശ്യമായ ചെലവുകൾ കണ്ടെത്തി ഒഴിവാക്കുവാനും സാമ്പത്തിക അച്ചടക്കം പാലിക്കുവാനും ബഡ്ജറ്റ് തയ്യാറാക്കുന്ന ശീലം നിങ്ങളെ സഹായിക്കുന്നു.
നിക്ഷേപങ്ങളിൽ നിലനിൽക്കുന്ന ലാഭസാധ്യതയും റിസ്കും
ഏത് നിക്ഷേപം നിങ്ങൾ തിരഞ്ഞെടുത്താലും അവയിൽ റിസ്കും ലാഭസാധ്യതയും തീർച്ചയായും ഉണ്ടായിരിക്കും. നിക്ഷേപത്തിന്റെ പ്രത്യേകത അനുസരിച്ച് റിസ്കിലും ലാഭസാധ്യതയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്ന് മാത്രം. ഈ റിസ്ക്കെടുത്ത് മുന്നോട്ടു പോകുന്നവർക്കാണ് ഭാവിയിൽ നേട്ടം ലഭിക്കുക എന്നത് കൂടി നാം മനസ്സിലാക്കണം.

നിക്ഷേപം നടത്തി മികച്ച നേട്ടം നേടണമെങ്കിൽ സ്മാർട്ടായ തീരുമാനങ്ങളെടുത്ത് റിസ്ക് കൈകാര്യം ചെയ്യുവാൻ കഴിയണം. ഉദാഹരണത്തിന് നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക ഒരു നിക്ഷേപ മാർഗത്തിലായി ചുരുക്കാതെ വ്യത്യസ്ത സ്വഭാവമുള്ള ആസ്തികളിലായി നിക്ഷേപം വൈവിധ്യവൽക്കരിക്കുവാൻ ശ്രമിക്കുക. അതായത് ഏതെങ്കിലും ഒരു ആസ്തിയിൽ നിന്ന് വിചാരിച്ചത്ര നേട്ടം ലഭിച്ചില്ലെങ്കിൽ പോലും മറ്റ് നിക്ഷേപങ്ങളുടെ മികച്ച പ്രകടനത്തിലൂടെ നിങ്ങൾക്ക് നേട്ടം ലഭിക്കുന്നു.
ഇരുതല മൂര്‍ച്ചയുള്ള വാൾ പോലെ പ്രവർത്തിക്കുന്ന കടങ്ങൾ
വിദ്യാഭ്യാസം നേടുക, വീട് സ്വന്തമാക്കുക തുടങ്ങി പല ആവശ്യങ്ങൾക്കായി നിങ്ങൾക്ക് പണം കടം വാങ്ങേണ്ടി വന്നേക്കാം. എന്നാൽ വളരെ ഉത്തരവാദിത്വത്തോടെ കടങ്ങൾ കൈകാര്യം ചെയ്യുവാൻ നിങ്ങൾക്കാകണം. കടം കൃത്യമായി കൈകാര്യം ചെയ്യാനായില്ലെങ്കിൽ സാമ്പത്തികമായ വലിയ പ്രതിസന്ധികളിൽ നിങ്ങൾ അകപ്പെടുകയും, നിങ്ങളുടെ ജീവിതത്തിൽ കടം ഇരുതല മൂർച്ചയുള്ള വാൾ പോലെ പ്രവർത്തിക്കുകയും ചെയ്യും.
നിങ്ങൾക്ക് തിരിച്ചടയ്ക്കാനാകുന്നതിൽ കൂടുതൽ പണം കടം വാങ്ങിയാൽ നിങ്ങൾ കടുത്ത സാമ്പത്തിക ഞെരുക്കവും സമ്മർദ്ദവും അനുഭവിക്കേണ്ടതായി വന്നേക്കാം. നിങ്ങളുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന രീതിയിൽ കടങ്ങളെ ഉപയോഗപ്പെടുത്തുവാനും അവ കൃത്യമായി തിരിച്ചടയ്ക്കുവാനും സാധിക്കണം.
എമർജൻസി ഫണ്ട് : ജീവശ്വാസം പോലെ പ്രധാനപ്പെട്ടത്
ജീവിതം പ്രവചനാതീതമാണ് ജീവിതത്തിൽ അപ്രതീക്ഷിതമായ പലതും സംഭവിക്കാനുള്ള സാധ്യത എല്ലായിപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തികമായി തയ്യാറായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

നിങ്ങളുടെ വരുമാനത്തിൽ നിന്ന് തുടർച്ചയായി പണം നീക്കിവെച്ചു കൊണ്ട് ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുക. നീണ്ടകാലയളവിലേക്ക് തുടർച്ചയായി പണം നീക്കി വയ്ക്കുമ്പോൾ ജീവിതത്തിലെ അത്യാവശ്യങ്ങളെ നേരിടുവാനുള്ള സുരക്ഷിത വലയമായ എമർജൻസി ഫണ്ട് സ്വന്തമാക്കുവാൻ നിങ്ങൾക്ക് സാധിക്കും.
നിക്ഷേപം നടത്തുവാൻ ക്ഷമ ആവശ്യമാണ്
ക്ഷമയോടെ അവസരങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് മാത്രമേ ആ അവസരങ്ങൾ ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുവാൻ കഴിയുകയുള്ളൂ. ഏതൊരു സാഹചര്യത്തിലും ശാന്തത കൈവെടിയാതെ സ്വന്തം പദ്ധതികളിൽ വിശ്വസിച്ച് യുക്തിപരമായ തീരുമാനങ്ങൾ കൈക്കൊണ്ട് മുന്നോട്ടു പോകുന്നവരാണ് നിക്ഷേപങ്ങൾ നടത്തി നേട്ടം നേടിയിട്ടുള്ളത്.
ദീർഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടോടുകൂടി നിക്ഷേപിക്കുവാൻ തയ്യാറാകുക. ഹ്രസ്വകാലാടിസ്ഥാനത്തിൽ വിപണിയിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങളിൽ ആകുലപ്പെടാതെ വലിയ ലക്ഷ്യങ്ങൾ നേടിയെടുക്കുവാനായി പ്രവർത്തിക്കുക.
നിക്ഷേപിക്കുക എന്നത് ഒരു വിത്ത് നട്ട്, ആ വിത്ത് മുളച്ച് വലിയ മരംമാകുവാൻ വെള്ളം നനച്ച് വളമിട്ട് കാത്തിരിക്കുന്നത് പോലെയാണ്. അതുകൊണ്ട് കഴിയാവുന്നത്ര നേരത്തെ ബുദ്ധിപൂർവ്വം നിക്ഷേപങ്ങൾ നടത്തുവാൻ ശ്രമിക്കുക.
അധ്വാനത്തിലൂടെ നേടുന്ന വരുമാനം മാത്രമാണ് നിങ്ങളുടെ ആസ്തി എന്ന തെറ്റായ ധാരണ
നിങ്ങൾ ജോലിയിലൂടെ തുടർച്ചയായി വരുമാനം നേടുന്നു എന്നതുകൊണ്ട് മാത്രം നിങ്ങൾ ധനികനാകണമെന്നില്ല. സ്വത്ത് സമ്പാദിക്കണമെങ്കിൽ പണം കൈകാര്യം ചെയ്യാൻ നിങ്ങൾക്കാകണം. ആസ്തികൾ സ്വന്തമാക്കേണ്ടത് കൂടുതൽ പണം നേടിയല്ല മറിച്ച് ലഭിക്കുന്ന പണം കൃത്യമായി കൈകാര്യം ചെയ്ത് ആ പണം വളർത്തിയെടുക്കുവാൻ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലൂടെയാണ്.

ആസ്തികൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യണമെങ്കിൽ തുറന്നു ചിന്തിക്കുവാൻ തയ്യാറാവുക. ജോലിയിൽ നിന്ന് കൂടുതൽ വരുമാനം നേടുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പണം പല മാർഗങ്ങളിലായി നിക്ഷേപിക്കുവാൻ ശ്രമിക്കണം. പല മാർഗങ്ങളിലൂടെ നിങ്ങളുടെ നേരിട്ടുള്ള ഇടപെടലുകൾ ഇല്ലാതെ പോലും പണം കയ്യിലേക്ക് എത്തുമ്പോൾ നിങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുന്നു.
സംഗ്രഹം
ആസ്തികൾ സ്വന്തമാക്കുക എന്നത് ഒന്നിൻ്റേയും അവസാനമല്ല മറിച്ച് അച്ചടക്കമുള്ള ഒരു ജീവിത യാത്രയുടെ ഭാഗം മാത്രമാണ്. നിങ്ങളെടുക്കുന്ന ഓരോ തീരുമാനങ്ങളും നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗധേയം നിർണ്ണയിക്കുന്നവയാണെന്ന് ഓർക്കുക. അതുകൊണ്ട് പണത്തെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ് മികച്ച തീരുമാനങ്ങളിലൂടെ സാമ്പത്തിക വിജയം നേടുവാനായി പ്രവർത്തിക്കുക.