എല്ലാ മാസത്തെയും ശമ്പളം പൂർണ്ണമായി ചെലവാക്കി വളരെ കഷ്ടപ്പെട്ട് ജീവിതം തള്ളിനീക്കുന്ന അനേകം വ്യക്തികളെ നമുക്ക് ചുറ്റും കാണാൻ കഴിയും. ഒരു മാസത്തിനപ്പുറത്തേക്കുള്ള ഭാവിപരിപാടികളെ കുറിച്ച് ചിന്തിക്കാൻ പോലുമാകാത്ത വിധം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നവരുണ്ട്. അപ്രതീക്ഷിതമായി പണത്തിന് ആവശ്യമുണ്ടാകുമ്പോൾ നീക്കിയിരിപ്പായി ഒന്നും തന്നെ ഇല്ലാത്ത അവർ പലതരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കാറുണ്ട്. ഇങ്ങനെയുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറുവാൻ സഹായിക്കുന്ന ചില ടിപ്പുകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ബഡ്ജറ്റ് തയ്യാറാക്കുക
എല്ലാമാസവും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യം ഒഴിവാക്കുവാനായി ആദ്യം ചെയ്യേണ്ടത് ഒരു ബഡ്ജറ്റ് സൃഷ്ടിക്കുക എന്നതാണ്. മാസവരുമാനത്തിൽ നിലനിന്നു പോകുവാൻ ഒരു ബഡ്ജറ്റ് തയ്യാറാക്കേണ്ടതും അത് പാലിക്കേണ്ടതും തീർത്തും അനിവാര്യമാണ്.
എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള നിങ്ങളുടെ മാസവരുമാനം എത്രയാണെന്ന് കണക്കാക്കുക. വീട്ടുവാടക, വൈദ്യുതി ബില്ല്, വാട്ടർ ബില്ല്, പലചരക്ക് സാധനങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ ഒഴിവാക്കാനാവാത്ത ചെലവുകൾ ഏതെല്ലാമാണെന്ന് കണ്ടെത്തുക. കൂടാതെ അനാവശ്യമായി പണം ചെലവഴിക്കുന്നത് എവിടെയെല്ലാമാണെന്ന് തിരിച്ചറിയുക. വളരെ ശ്രദ്ധയോടെ പണം ചെലവഴിച്ചാൽ ഏതെല്ലാം മേഖലയിൽ നിന്നും പണം ലാഭിക്കാനാകും എന്ന് മനസ്സിലാക്കാം.

അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടുവാനായി സുരക്ഷിതമായ നീക്കിയിരിപ്പ് ആവശ്യമാണ്. പല കാര്യങ്ങളും കുറഞ്ഞ ചെലവിൽ നടപ്പിലാക്കുവാൻ അവസരമുണ്ടോ എന്ന് പരിശോധിക്കുവാൻ തയ്യാറാവുക.
സാമ്പത്തിക സാഹചര്യങ്ങൾ മാറുമ്പോൾ ബഡ്ജറ്റ് അതിനനുസരിച്ച് പരിഷ്കരിക്കുക. ദിവസേനയുള്ള ചെലവ് നടന്നു പോകുവാൻ വേണ്ടിയല്ല ബഡ്ജറ്റ് സൃഷ്ടിക്കേണ്ടത് മറിച്ച് പണം ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുവാനാണ്.
എമർജൻസി ഫണ്ട് സൃഷ്ടിക്കുക
അപ്രതീക്ഷിത സാഹചര്യങ്ങളിൽ വലിയ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാതിരിക്കുവാൻ എമർജൻസി ഫണ്ട് സൃഷ്ടിക്കുക. മൂന്നു മുതൽ ആറു മാസം വരെയുള്ള നിങ്ങളുടെ ആകെ ജീവിത ചെലവാണ് എമർജൻസി ഫണ്ടിൽ ഉൾപ്പെടുത്തേണ്ടത്. പലവിധത്തിലുള്ള പ്രശ്നങ്ങൾ ജീവിതത്തിൽ കടന്നു വരുമ്പോൾ ഒരു സുരക്ഷിത വലയം എന്നപോലെ പ്രവർത്തിക്കുവാൻ എമർജൻസി ഫണ്ടിന് സാധിക്കുന്നു.
എമർജൻസി ഫണ്ട് സൃഷ്ടിക്കുവാനായി ഒരു നിശ്ചിത തുക എല്ലാ മാസവും മാറ്റിവെക്കുവാൻ ശ്രമിക്കുക. വളരെ സാവധാനം ആണെങ്കിലും ചിട്ടയോടെ പണം മാറ്റിവെച്ചുകൊണ്ട് എമർജൻസി ഫണ്ട് സൃഷ്ടിച്ചാൽ മാത്രമേ കടക്കെണിയിൽ അകപ്പെടാതെ മുന്നോട്ടുപോകാൻ നിങ്ങൾക്ക് കഴിയുകയുള്ളൂ.
നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു നൽകുന്ന സ്മാർട്ടായ നിക്ഷേപം തന്നെയാണ് എമർജൻസി ഫണ്ട് എന്ന് മനസ്സിലാക്കുക. കാരണം പലവിധത്തിലുള്ള ചെലവുകൾ ജീവിതത്തിൽ കടന്നു വരുമ്പോഴും നിങ്ങളുടെ ബഡ്ജറ്റിനെ ആ ചെലവുകൾ സ്വാധീനിക്കാത്ത രീതിയിൽ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുവാൻ എമർജൻസി ഫണ്ട് നിങ്ങൾക്ക് ഉപകാരപ്പെടും.
അനാവശ്യ ചെലവുകൾ ഒഴിവാക്കുക
എല്ലാ മാസത്തെയും വരുമാനത്തിൽ ജീവിതം കഷ്ടിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന സാഹചര്യമൊഴിവാക്കണമെങ്കിൽ അനാവശ്യ ചെലവുകൾ കണ്ടെത്തി ഒഴിവാക്കേണ്ടതുണ്ട്.
ബഡ്ജറ്റ് വിശദമായി വിലയിരുത്തുന്നതിലൂടെ അനാവശ്യ ചെലവുകൾ തീർച്ചയായും കണ്ടെത്താൻ സാധിക്കും. നിങ്ങളുടെ ദൈനംദിന ജീവിതത്തെ മോശമായി ബാധിക്കാത്ത രീതിയിൽ ചെലവുകൾ കുറയ്ക്കുവാൻ പരമാവധി ശ്രമിക്കുക.

ജീവിത ചെലവുകളെ മാറ്റിവയ്ക്കാൻ ആകാത്ത ചെലവുകളെന്നും മറ്റൊരു അവസരത്തിലേക്ക് മാറ്റിവയ്ക്കാൻ ആകുന്ന ചെലവുകളെന്നും രണ്ട് രീതിയിൽ വർഗീകരിക്കുക. അങ്ങനെ വർഗീകരിക്കുമ്പോൾ ഏതാണ് പ്രധാനപ്പെട്ട ചെലവുകളെന്നും ഏതാണ് മാറ്റിവയ്ക്കാനാകുന്ന ചെലവുകളെന്നും കണ്ടെത്താനാകും. നിങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ആവശ്യമുള്ള ചെലവുകൾ അല്ലാത്തവ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുന്നതുവരെയെങ്കിലും മാറ്റിവയ്ക്കുവാൻ കഴിയണം.
കടം തിരിച്ചടയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
ഉയർന്ന പലിശ നൽകേണ്ടി വരുന്ന കടങ്ങൾ വലിയ സാമ്പത്തിക പ്രശ്നമായി മാറിയേക്കാം. നിങ്ങളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ കൃത്യമായി കടം തിരിച്ചയക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
നിങ്ങളുടെ വരുമാനത്തിന്റെ നല്ലൊരു ശതമാനം നൽകേണ്ടി വരുന്ന ഉയർന്ന പലിശ ചുമത്തപ്പെടുന്ന കടങ്ങൾ കണ്ടെത്തി അവ എത്രയും വേഗം അടച്ചു തീർക്കുവാൻ ആത്മാർത്ഥമായി ശ്രമിക്കുക. പലയിടങ്ങളിലായി നിങ്ങൾക്ക് കുറേയേറെ കടങ്ങൾ ഉണ്ടെങ്കിൽ താരതമ്യേന കുറഞ്ഞ പലിശ നൽകേണ്ടി വരുന്ന ഒരു കടമായി അവയെ മാറ്റുന്നത് നല്ലതായിരിക്കും.
നിങ്ങളുടെ കടങ്ങളുടെ മാസത്തവണയേക്കാൾ കുറച്ചു തുകയെങ്കിലും അധികമായി അടയ്ക്കുന്നത് കടങ്ങൾ വേഗത്തിൽ ഒഴിവാക്കുന്നതിന് സഹായകരമാകും. കടങ്ങളോട് വിട പറയുവാനായാൽ നിക്ഷേപിക്കുവാനായി കൂടുതൽ പണം കണ്ടെത്തുവാനും നിങ്ങളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുവാനും കഴിയും.
വരവറിഞ്ഞ് ചെലവഴിക്കുക
നിങ്ങളുടെ ആകെ ചെലവുകൾ നിങ്ങളുടെ വരുമാനത്തേക്കാൾ കുറവാണെന്ന് ഉറപ്പുവരുത്തുക. വരവറിഞ്ഞ് ചെലവഴിച്ചാൽ മാത്രമേ സാമ്പത്തിക സ്ഥിരതയുള്ള ജീവിതം നിങ്ങൾക്കുണ്ടാവുകയുള്ളൂ. വരുമാനം വർദ്ധിക്കുമ്പോൾ അതനുസരിച്ച് ചെലവ് കൂട്ടാനുള്ള പ്രവണത പൊതുവേ വ്യക്തികൾക്കുണ്ട്. എന്തുതന്നെയായാലും സ്വയം വിലയിരുത്തലുകൾ നടത്തി ചെലവുകൾ ഒരു പരിധി കടക്കാതെ നിലനിർത്തിയുള്ള ജീവിതരീതിയാണ് സാമ്പത്തികമായ സുസ്ഥിരതയുള്ളത് എന്ന് പറയാനാവുക.
സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കുക
വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടെങ്കിൽ എടുത്തുചാടി പണം ചെലവഴിക്കുന്ന പ്രവണത ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും. ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുക അല്ലെങ്കിൽ കടങ്ങൾ ഒഴിവാക്കുക തുടങ്ങിയ സാമ്പത്തിക ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുമ്പോൾ വ്യക്തമായ കാരണങ്ങൾ വേണ്ടി മാത്രമേ നാം പണം ചെലവഴിക്കുകയുള്ളൂ.
നിങ്ങൾക്ക് നിലവിൽ പലവിധ ആഗ്രഹങ്ങൾ ഉണ്ടായിരിക്കാം എന്നാൽ നിങ്ങൾക്ക് ഒരു സാമ്പത്തിക ലക്ഷ്യം ഉണ്ടെങ്കിൽ അത്യാവശ്യമല്ലാത്ത പല ചെലവുകളും ഒഴിവാക്കി ആ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. അങ്ങനെ സാമ്പത്തിക ലക്ഷ്യങ്ങൾ നിങ്ങളുടെ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയും എടുത്തുചാടിയുള്ള ചെലവുകൾ ഇല്ലാതാക്കുവാൻ സാധിക്കുകയും ചെയ്യും.

പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അച്ചടക്കവും ഉത്തരവാദിത്വവും പാലിക്കുവാൻ സാമ്പത്തിക ലക്ഷ്യങ്ങൾ നിങ്ങൾക്ക് പ്രചോദനമായി മാറും. നിങ്ങളുടെ ലക്ഷ്യങ്ങളുടെ പുരോഗതി എത്രത്തോളമാണെന്ന് തുടർച്ചയായി വിലയിരുത്തുമ്പോൾ മറ്റ് ആവശ്യങ്ങൾക്കായി പണം ചെലവഴിക്കാനുള്ള പ്രേരണ നിങ്ങൾക്കുണ്ടാവുകയില്ല.
ശ്രദ്ധാപൂർവ്വം നാം പിന്തുടരുന്ന ഈ ശീലങ്ങൾ നിങ്ങൾക്ക് കൂടുതൽ നീക്കിയിരിപ്പുകൾ നൽകുന്നു. ആ നീക്കിയിരുപ്പുകൾ നിങ്ങളുടെ ജീവിതത്തിൽ ഒരു സുരക്ഷിത വലയം എന്നപോലെ പ്രവർത്തിക്കും. അങ്ങനെ അപ്രതീക്ഷിതമായി ജീവിതത്തിൽ കടന്നുവരുന്ന പ്രതിബന്ധങ്ങൾ നേരിടാൻ നിങ്ങൾ പൂർണ്ണ സജ്ജരായി മാറുന്നു.
സേവിംഗ്സ് ഓട്ടോമേഷൻ ചെയ്യുക
മാസം തോറുമുള്ള പരിമിതമായ വരുമാനം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ബുദ്ധിമുട്ട് നിറഞ്ഞ ഒരു ജീവിതത്തിൽ നിന്ന് നിങ്ങളെ മോചിപ്പിക്കുവാൻ ഓട്ടോമേറ്റഡ് സേവിംഗ്സ് അഥവാ ഓട്ടോമാറ്റിക്കായി പണം നീക്കിവെക്കുന്ന രീതിയിലൂടെ സാധിക്കും. നിങ്ങൾക്ക് ശമ്പളം ലഭിക്കുന്ന ബാങ്ക് അക്കൗണ്ടിൽ ഓട്ടോമാറ്റിക് ട്രാൻസ്ഫർ സൗകര്യം പ്രാവർത്തികമാക്കിയാൽ ആ നിശ്ചിത തുക നിക്ഷേപമായോ നീക്കിയിരിപ്പായോ മാറ്റിവെച്ചതിന് ശേഷമുള്ള പണം മാത്രമേ നിങ്ങൾക്ക് ചെലവഴിക്കാൻ സാധിക്കുകയുള്ളു. ഇവിടെ ചെലവുകളേക്കാൾ ഉപരിയായി നീക്കിയിരിപ്പ് സൃഷ്ടിക്കുന്നതിനാണ് നിങ്ങൾ പ്രാധാന്യം നൽകുന്നത്.
ബുദ്ധിപൂർവ്വം നിക്ഷേപിക്കുക
ആസ്തികൾ സ്വന്തമാക്കുവാനും സാമ്പത്തിക സ്വാതന്ത്ര്യം നേടുവാനും നിക്ഷേപങ്ങൾ നിങ്ങളെ സഹായിക്കുന്നു. നിങ്ങൾ നടത്തിയ നിക്ഷേപത്തിൻ്റെ മൂല്യം കൂടുമ്പോൾ നിങ്ങൾ സാധാരണയായി നടത്തുന്ന നീക്കിയിരിപ്പുകൾക്കൊപ്പം കൂടുതൽ നേട്ടം നേടുവാനുള്ള അവസരമാണ് ലഭിക്കുന്നത്. അങ്ങനെ നിങ്ങളുടെ സാമ്പത്തിക സാഹചര്യം കൂടുതൽ മെച്ചപ്പെടുന്നു.
നിക്ഷേപത്തിൽ നിന്ന് കൂടുതൽ വരുമാനം നേടുമ്പോൾ മാസംതോറുമുള്ള നിശ്ചിത വരുമാനത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാൻ നിങ്ങൾക്ക് സാധിച്ചേക്കാം. മ്യൂച്വൽ ഫണ്ടുകൾ പോലെയുള്ള നിക്ഷേപമാർഗങ്ങളെ ആശ്രയിച്ചുകൊണ്ട് നിങ്ങളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം തുടർച്ചയായി നിക്ഷേപിക്കുക.
സംഗ്രഹം
സാമ്പത്തിക ഞെരുക്കത്തിൽ നിന്നും മോചനം നേടുക എന്നത് കേവലം സ്വപ്നം മാത്രമായി തുടരുവാൻ പാടില്ല. അത് സ്വയം ശാക്തീകരണത്തിനുള്ള ലക്ഷ്യമായി മാറണം. എല്ലാ മാസത്തേയും ശമ്പളം മാത്രം മുന്നിൽ കണ്ട് ജീവിച്ച് ജീവിത പ്രാരാബ്ധങ്ങൾക്ക് മുന്നിൽ പകച്ചു നിൽക്കുന്ന സ്ഥിതിയിൽ നിന്ന് നിങ്ങൾക്ക് മോചനമുണ്ടാകണം. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ഓരോ കാര്യങ്ങളും ആത്മാർത്ഥമായി പിന്തുടരുകയാണെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്ര സുഗമമായിരിക്കും