ധാരാളം വ്യക്തികളിൽ നിന്ന് പണം സ്വീകരിച്ച് അവരുടെ പണം ഒരുമിച്ച് നിക്ഷേപം നടത്തുന്ന രീതിയാണ് മ്യൂച്വൽ ഫണ്ടുകൾ പിന്തുടരുന്നത്. ഓഹരികൾ, ബോണ്ടുകൾ തുടങ്ങി വ്യത്യസ്ത ആസ്തികളിലായാണ് ഈ തുക നിക്ഷേപിക്കപ്പെടുന്നത്. വരുമാനം നേടുവാനുള്ള ഒരു മികച്ച സാധ്യത എന്ന നിലയിലാണ് നമ്മൾ പലരും മ്യൂച്വൽ ഫണ്ടുകളെ നോക്കി കാണുന്നത്. മ്യൂച്വൽ ഫണ്ടുകളെ കൈകാര്യം ചെയ്യുന്ന കമ്പനികൾ എങ്ങനെയാണ് പണം നേടുന്നതെന്ന് നിക്ഷേപകരെന്ന നിലയിൽ നാം തീർച്ചയായും മനസ്സിലാക്കിയിരിക്കണം.
എക്സ്പെൻസ് റേഷ്യോ
മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപകരിൽ നിന്നും വാർഷിക അടിസ്ഥാനത്തിൽ എക്സ്പെൻസ് റേഷ്യോ എന്ന രീതിയിലാണ് ഫീസ് ഈടാക്കുന്നത്. ഒരു മ്യൂച്വൽ ഫണ്ടിന്റെ മൊത്തം മൂല്യത്തെ സൂചിപ്പിക്കുന്ന നെറ്റ് അസറ്റ് വാല്യൂ അഥവാ എൻ എ വിയുടെ നിശ്ചിത ശതമാനം എന്ന നിലയിലാണ് എക്സ്പെൻസ് റേഷ്യോ ഈടാക്കുന്നത്.
ഫണ്ടിന്റെ ഭാഗമായ ആസ്തികളിൽ നിന്നും നേരിട്ട് തന്നെ ഫീസ് ഈടാക്കുന്നതിനാൽ നിക്ഷേപകർക്ക് ലഭ്യമാകേണ്ട നേട്ടത്തിൽ അനുപാതികമായ കുറവ് ഉണ്ടാകുന്നു. ഉദാഹരണത്തിന് ഒരു ഫണ്ടിന്റെ എക്സ്പെൻസ് റേഷ്യോ 1.5 ശതമാനമാണെന്ന് കരുതുക. ആ ഫണ്ടിന്റെ 1.5 ശതമാനം വരുന്ന ആസ്തികൾ ഉപയോഗിച്ചായിരിക്കും ഫണ്ടുമായി ബന്ധപ്പെട്ട ചെലവുകൾ നടത്തുക.

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന തുക എങ്ങനെയാണ് നിക്ഷേപിക്കപ്പെടുന്നതെന്ന് തീരുമാനിക്കുന്ന പ്രൊഫഷണലുകളായ ഫണ്ട് മാനേജർമാർക്ക് ഫീസ് നൽകേണ്ടതായിട്ടുണ്ട്. കസ്റ്റമർ സർവീസ്, രേഖകൾ തയ്യാറാക്കി സൂക്ഷിക്കുക, മാർക്കറ്റിംഗ്, ഡിസ്ട്രിബ്യൂഷൻ മുതലായ കാര്യങ്ങൾക്കാവശ്യമായി വരുന്ന തുക, സാമ്പത്തിക വിദഗ്ധർക്കും ബ്രോക്കർമാർക്കും നൽകേണ്ട ഫീസ് ഇവയെല്ലാം മ്യൂച്വൽ ഫണ്ട് നടത്തിപ്പിന്റെ ഭാഗമാണ്. ഒരു മ്യൂച്വൽ ഫണ്ട് കൃത്യമായി കൈകാര്യം ചെയ്യപ്പെടണമെങ്കിൽ മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് പര്യാപ്തമായ തുക കണ്ടെത്തേണ്ടതുണ്ട്.
നിക്ഷേപകരിൽ നിന്നും എക്സ്പെൻസ് റേഷ്യോയുടെ ഭാഗമായി ഈടാക്കുന്ന തുക മ്യൂച്വൽ ഫണ്ട് കമ്പനിക്ക് നാം നേരിട്ട് നൽകുന്നില്ലെങ്കിലും ഫണ്ടിന്റെ ആകെ ആസ്തിയിൽ നിന്നും കമ്പനി ആ തുക ഈടാക്കുന്നുണ്ട്. ഫണ്ടിന്റെ പ്രകടനം എന്തുതന്നെയായാലും ഒരു ഫണ്ടിൽ നിന്ന് എക്സ്പെൻസ് റേഷ്യോയുടെ ഭാഗമായ തുക ഈടാക്കിയിരിക്കും. ഉയർന്ന എക്സ്പെൻസ് റേഷ്യോ നിങ്ങളുടെ നേട്ടത്തിൽ കാര്യമായ കുറവുണ്ടാക്കുവാൻ കാരണമായേക്കാം.
നിക്ഷേപിക്കാനായി ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ മറ്റു പല ഘടകങ്ങൾക്കൊപ്പം എക്സ്പെൻസ് റേഷ്യോയും പരിഗണിച്ചാൽ മാത്രമേ നിങ്ങൾക്ക് മികച്ച നിക്ഷേപങ്ങൾ നടത്തുവാൻ സാധിക്കുകയുള്ളൂ.
എക്സിറ്റ് ലോഡ്
മ്യൂച്വൽ ഫണ്ടിൽ നിന്ന് നിക്ഷേപം പിൻവലിക്കുമ്പോൾ എക്സിറ്റ് ലോഡ് എന്നറിയപ്പെടുന്ന ഒരു ഫീസ് മ്യൂച്വൽ ഫണ്ട് കമ്പനികൾ ഈടാക്കാറുണ്ട്. ഏതാനും മാസങ്ങൾ മുതൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന കാലപരിധി വരെയാണ് ഈ ഫീസ് ബാധകമാകുന്നത്. ഫണ്ടിന്റെ സ്ഥിരത നിലനിർത്തുക, ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള ഇടപാടുകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരിക എന്നിവയാണ് ഈ ഫീസ് ഏർപ്പെടുത്തുന്നതിന് പിന്നിലുള്ള ലക്ഷ്യങ്ങൾ.

ഓരോ ഫണ്ടിന്റെയും എക്സിറ്റ് ലോഡ് തീരുമാനിക്കുന്നത് ബന്ധപ്പെട്ട മ്യൂച്വൽ ഫണ്ട് കമ്പനിയാണ്. അതുകൊണ്ടു തന്നെ നിക്ഷേപം നടത്തിയ മ്യൂച്വൽ ഫണ്ടിന്റെ പ്രത്യേകത അനുസരിച്ച് എക്സിറ്റ് ലോഡിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു.
നിങ്ങൾ മ്യൂച്വൽ ഫണ്ടിൽ നിന്ന് നിക്ഷേപം പിൻവലിക്കുമ്പോൾ നിങ്ങളുടെ നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം എന്ന നിലയിലാണ് എക്സിറ്റ് ലോഡ് ഈടാക്കുന്നത്. ഉദാഹരണത്തിന് ഒരു ശതമാനം എക്സിറ്റ് ലോഡുള്ള ഒരു ഫണ്ടിൽ നിന്ന് നിശ്ചിത കാലപരിധിക്ക് മുൻപ് നിക്ഷേപം പിൻവലിച്ചാൽ നിങ്ങൾക്ക് ലഭിക്കേണ്ട തുകയുടെ ഒരു ശതമാനം എക്സിറ്റ് ലോഡായി ഈടാക്കുന്നതാണ്.
വളരെ നേരത്തെ മ്യൂച്വൽ ഫണ്ടിൽ നിന്നും പണം പിൻവലിക്കുമ്പോൾ ആ ഫണ്ടിന് ബാധകമായ എക്സിറ്റ് ലോഡ് എത്രയാണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കുക.
ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപ രീതിയും ഫണ്ടിന്റെ സ്ഥിരതയുമാണ് എക്സിറ്റ് ലോഡ് ഏർപ്പെടുത്തുന്നതിന്റെ ലക്ഷ്യമെങ്കിലും ഏതെങ്കിലും സാഹചര്യത്തിൽ നേരത്തേ നിക്ഷേപം പിൻവലിക്കേണ്ടി വന്നാൽ നിക്ഷേപകന് ലഭ്യമാകേണ്ട നേട്ടത്തിൽ കുറവ് വന്നേക്കാം. അതുകൊണ്ട് നിക്ഷേപിക്കുവാനുള്ള തീരുമാനമെടുക്കുമ്പോൾ ഫണ്ടിന്റെ എക്സിറ്റ് ലോഡ് തീർച്ചയായും പരിഗണിക്കുക.
എൻട്രി ലോഡ്
മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുന്നതിനായി ഫണ്ട് കമ്പനികൾ നിങ്ങളിൽ നിന്ന് ചാർജ്ജ് ഈടാക്കുന്നതിനെയാണ് എൻട്രി ലോഡ് എന്നു പറയുന്നത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഫണ്ടിനെയും അസറ്റ് മാനേജ്മെൻ്റ് കമ്പനിയേയും അനുസരിച്ച് എൻട്രി ലോഡിൽ വ്യത്യാസം ഉണ്ടായേക്കാം. ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യുവിന്റെ നിശ്ചിത ശതമാനം എന്ന നിലയിലാണ് എൻട്രി ലോഡ് ഈടാക്കുന്നത്.

നിങ്ങൾ നിക്ഷേപം നടത്തുന്ന തുകയിൽ നിന്നാണ് എൻട്രി ലോഡ് ഈടാക്കുന്നത്. രണ്ട് ശതമാനം എൻട്രി ലോഡുള്ള ഒരു മ്യൂച്വൽ ഫണ്ടിലാണ് നിങ്ങൾ നിക്ഷേപം നടത്തുന്നതെങ്കിൽ 1000 രൂപ നിക്ഷേപിക്കുമ്പോൾ 980 രൂപയ്ക്ക് മാത്രമേ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുവാൻ സാധിക്കുകയുള്ളൂ.
ചില ഫണ്ടുകൾ എൻട്രി ലോഡ് ഈടാക്കുമ്പോൾ ചില ഫണ്ടുകൾ എൻട്രി റോഡ് ഈടാക്കാറില്ല. മ്യൂച്വൽ ഫണ്ടുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ എൻട്രി ലോഡ് കൂടി പരിഗണിച്ച് നിക്ഷേപിക്കുവാനുള്ള ചെലവ് കണക്കാക്കി മികച്ച നേട്ടം നൽകുവാൻ ശേഷിയുള്ള ഫണ്ട് തിരഞ്ഞെടുക്കുക. 2009 മുതൽ ഇന്ത്യയിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് എൻട്രി ലോഡ് ഈടാക്കുന്ന രീതി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നിർത്തലാക്കിയിട്ടുണ്ട്.
യൂണിറ്റുകളുടെ കൈമാറ്റം
നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ ഭാഗമായ യൂണിറ്റുകൾ അതേ മ്യൂച്വൽ ഫണ്ട് കമ്പനിയുടെ മറ്റൊരു മ്യൂച്വൽ ഫണ്ടിലേക്ക് മാറ്റി നിക്ഷേപിക്കണമെങ്കിൽ നിങ്ങൾക്ക് മൂലധന നേട്ടത്തിൻ മേലുള്ള നികുതി നൽകേണ്ടി വന്നേക്കാം. നിങ്ങൾ നിക്ഷേപം നടത്തിയിരിക്കുന്ന മ്യൂച്വൽ ഫണ്ട് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു, നിങ്ങളുടെ നികുതി സ്ലാബ് മുതലായ ഘടകങ്ങൾക്ക് അനുസരിച്ചാണ് നികുതിയിടാക്കുന്നത്.
ഒരു ഫണ്ടിൽ നിന്നും മറ്റൊരു ഫണ്ടിലേക്ക് യൂണിറ്റുകൾ കൈമാറ്റം ചെയ്യുമ്പോൾ ഒരു ഫണ്ടിലെ മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് മറ്റൊന്നിൽ പുതിയതായി നിക്ഷേപിച്ചു എന്ന രീതിയിലാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഈ കൈമാറ്റത്തിൽ ലഭ്യമാകുന്ന ലാഭത്തിന് മൂലധന നേട്ടത്തിന് മേൽ ചുമത്തുന്ന നികുതി ബാധകമാണ്.

ഏതു വിഭാഗത്തിൽ ഉൾപ്പെടുന്ന മ്യൂച്വൽ ഫണ്ടാണ് എന്നത് നികുതി നിരക്ക് നിശ്ചയിക്കാൻ പരിഗണിക്കുന്ന ഘടകമാണ്. ഉദാഹരണത്തിന് ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ ഒരു വർഷത്തിനുമേൽ നിക്ഷേപം തുടർന്നാൽ ലഭ്യമാകുന്ന നേട്ടം ഒരു വർഷത്തിൽ 1.25 ലക്ഷത്തിന് മുകളിലാണെങ്കിൽ 12.5 ശതമാനം നിരക്കിൽ ആയിരിക്കും നികുതിയിടാക്കുന്നത്.
Are you looking for investments?
Kashly team can help you start your mutual fund investments with the right assistance. signup here
ഒരു വർഷം തികയുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കുമ്പോഴുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള നേട്ടവും മൂന്നു വർഷം തികയുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കുമ്പോഴുള്ള ഡെറ്റ് ഫണ്ടിൽ നിന്നുള്ള നേട്ടവും ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള മൂലധന നേട്ടമായിട്ടാണ് കണക്കാക്കുന്നത്. ഇവിടെ നിങ്ങളുടെ ഇൻകം ടാക്സ് സ്ലാബിനനുസരിച്ച് നികുതി ബാധകമാകുന്നതിനാൽ ഉയർന്ന വരുമാനം ഉള്ളവർക്ക് കൂടുതൽ നികുതി നൽകേണ്ടതായി വരുന്നു. കൂടാതെ സർചാർജ്, സെസ് എന്നിവ കൂടി നികുതി ബാധ്യതയ്ക്കൊപ്പം കടന്നുവരുമ്പോൾ നിക്ഷേപകൻ ഉയർന്ന തുക നൽകേണ്ടിവരുന്നു.
സംഗ്രഹം
മ്യൂച്വൽ ഫണ്ട് വളരെ സൗകര്യപ്രദമായ നിക്ഷേപ രീതി ആണെങ്കിലും കാര്യമായ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം മാത്രം നിക്ഷേപിക്കാനായി ഫണ്ട് തിരഞ്ഞെടുക്കുക. മ്യൂച്വൽ ഫണ്ട് കമ്പനികൾ എങ്ങനെയാണ് പണം ഈടാക്കുന്നതെന്ന് മനസ്സിലാക്കിയാൽ മാത്രമേ നിക്ഷേപവുമായി ബന്ധപ്പെട്ട് ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ നിങ്ങൾക്ക് കഴിയുകയുള്ളൂ. ശരിയായ അറിവിലൂടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തി പരമാവധി നേട്ടം നേടുവാനും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുവാനും നിങ്ങൾക്ക് സാധിക്കട്ടെ. നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കുക, നിങ്ങളുടെ നിക്ഷേപം നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കട്ടെ.