role-of-annuity-schemes

Sharing is caring!

നിങ്ങൾ ജോലിയിൽ നിന്ന് വിരമിക്കുമ്പോഴും സാമ്പത്തിക സുരക്ഷിതത്വമുള്ളവരായി തുടരണമെങ്കിൽ റിട്ടയർമെന്റ് ആസൂത്രണം ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങൾ റിട്ടയർ ചെയ്യുമ്പോൾ നിങ്ങൾക്ക് തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്ന വരുമാനം നിലയ്ക്കുകയും ചെലവുകൾ തുടരുകയും ചെയ്യുന്നു. കൃത്യമായ ഒരു പദ്ധതിയില്ലെങ്കിൽ ദിനംപ്രതിയുള്ള ചെലവുകൾ മുന്നോട്ട് കൊണ്ടുപോവുക എന്നത് ബുദ്ധിമുട്ടായി മാറുന്ന സാഹചര്യം ഉണ്ടായേക്കാം. ഈ സാഹചര്യത്തിലാണ് അന്വിറ്റി സ്കീമുകൾ പ്രസക്തമാകുന്നത്. കാരണം അന്വിറ്റി സ്കീമുകൾ സ്ഥിര വരുമാനം നൽകുന്ന മികച്ച നിക്ഷേപ സാധ്യതയാണ്. റിട്ടയർമെൻ്റ് ആസൂത്രണം ചെയ്യുമ്പോൾ അന്വിറ്റി സ്കീമുകൾക്ക് എത്രത്തോളം പ്രാധാന്യം നൽകണമെന്നതാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

എന്താണ് അന്വിറ്റി

റിട്ടയർമെൻ്റ് ജീവിതത്തിന് ശേഷം ആവശ്യങ്ങൾ നടത്തുവാൻ കൈവശം പണം ഇല്ലാതാകുന്ന സാഹചര്യത്തെ ഓർത്ത് പലരും ഭയപ്പെടാറുണ്ട്. ഒരു നിശ്ചിത കാലപരിധിയിലേക്ക് അല്ലെങ്കിൽ നിങ്ങളുടെ ജീവിതകാലം മുഴുവനും നിങ്ങൾക്ക് ഒരു വരുമാനം ഉറപ്പു നൽകുന്ന പദ്ധതികളാണ് അന്വിറ്റി സ്കീമുകൾ. 

അന്വിറ്റി സ്കീമുകളിൽ നിങ്ങൾ  ഇൻഷുറൻസ് കമ്പനിക്ക് ഒരു വലിയ തുകയോ അല്ലെങ്കിൽ ഒരു ദീർഘമായ കാലയളവിലേയ്ക്ക് നിശ്ചിത സംഖ്യ വീതമോ നൽകുന്നു. അതിനുപകരമായി ആ കമ്പനി നിങ്ങളുടെ റിട്ടയർമെൻ്റിന് ശേഷം നിങ്ങൾക്ക് നിശ്ചിത വരുമാനം നൽകുവാൻ തയ്യാറാകുന്നു.

money-saving-habits-in-children

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള അന്വിറ്റി പ്ലാനുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ജീവിതകാലം മുഴുവൻ നിശ്ചിത തുക ലഭിക്കുന്ന രീതിയിലോ അല്ലെങ്കിൽ ഏതാനും വർഷത്തേക്ക് മാത്രം വരുമാനം ലഭിക്കുവാനോ ഈ പദ്ധതികൾ ഉപയോഗപ്പെടുത്താം. ഇത്തരത്തിൽ പലവിധത്തിലുള്ള സാധ്യതകൾ തുറന്നു നൽകുന്നതിനാലാണ് അന്വിറ്റി സ്കീമുകൾ ഭൂരിപക്ഷം വ്യക്തികൾക്കും പ്രിയങ്കരമായി മാറുന്നത്.

റിട്ടയർമെൻ്റ് ആസൂത്രണം ചെയ്യുന്നതിൽ അന്വിറ്റി സ്കീമുകൾക്കുള്ള പങ്ക്

ജീവിതകാലത്തിൽ ഉടനീളം ലഭ്യമാകുന്ന വരുമാനം

അന്വിറ്റി സ്കീമുകൾ നിങ്ങളുടെ റിട്ടയർമെന്റ് പദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ ജീവിതകാലം മുഴുവൻ ലഭ്യമാകുന്ന വരുമാനമാണ് നിങ്ങൾ ഉറപ്പുവരുത്തുന്നത്. നിങ്ങൾക്ക് പ്രായം കൂടുമ്പോൾ അതായത് നിങ്ങൾക്ക് അധ്വാനിച്ച് പണം കണ്ടെത്തുവാൻ സാധിക്കാതെ വരുമ്പോൾ ഇത്തരം പദ്ധതികൾ നിങ്ങൾക്ക് തുണയായി മാറുന്നു. റിട്ടയർമെൻ്റ് അക്കൗണ്ടുകളിലെ  തുക ജീവിതം മുന്നോട്ടു പോകുന്നതിനനുസരിച്ച് കുറഞ്ഞു വരുമ്പോൾ അന്വിറ്റി പദ്ധതികൾ നിങ്ങളെ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും സംരക്ഷിച്ചു നിർത്തുന്നു.

മെഡിക്കൽ ബില്ലുകൾ, വീട്ടു വാടക, പലചരക്ക് ചെലവുകൾ പോലെയുള്ള അത്യാവശ്യ ചെലവുകൾ നടത്തുവാൻ ആവശ്യമായ തുക ഈ പദ്ധതികളിൽ നിന്ന് ലഭ്യമാകുന്ന രീതിയിൽ ആസൂത്രണം നടത്തണം. മറ്റ് നിക്ഷേപ പദ്ധതികളെയോ നീക്കിയിരിപ്പുകളെയോ അന്വിറ്റി ഒരു രീതിയിലും മോശമായി ബാധിക്കുകയില്ല. കാരണം അന്വിറ്റി സ്കീമുകളിൽ നിന്ന് നിങ്ങൾക്ക് വരുമാനം ലഭിക്കുന്നതിനാൽ തന്നെ നിങ്ങളുടെ നിത്യ ചെലവുകൾക്ക് നിക്ഷേപത്തെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടാകുന്നില്ല.

മറ്റ് വരുമാന മാർഗ്ഗങ്ങൾ അപര്യാപ്തമാകുന്ന സാഹചര്യങ്ങളിൽ

നിങ്ങളുടെ റിട്ടയർമെന്റ് ജീവിതത്തിന്റെ ഭാഗമായി ഒരു അധിക വരുമാന സ്രോതസ്സ് എന്ന നിലയിലും അന്വിറ്റി സ്കീമുകളെ ആശ്രയിക്കാവുന്നതാണ്. നിങ്ങൾ ചെയ്തിരുന്ന ജോലിയുടെ ഭാഗമായി ലഭ്യമാകുന്ന പെൻഷനൊപ്പം കൂടുതൽ വരുമാനം നേടുവാൻ അന്വിറ്റി പദ്ധതികളുടെ ഭാഗമാകാം.

money-wallet

ഉദാഹരണത്തിന് നിങ്ങൾക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന പെൻഷൻ നിങ്ങളുടെ ജീവിത ചെലവിന് മതിയാകുവാനിടയില്ലെങ്കിൽ അതിനനുസൃതമായി നിങ്ങൾക്ക് അന്വിറ്റി സ്കീമുകളിൽ നിക്ഷേപിക്കാവുന്നതാണ്. മേൽപ്പറഞ്ഞ സുരക്ഷിതത്വവും വിശ്വാസ്യതയുമുള്ള വരുമാന മാർഗ്ഗങ്ങൾ നിങ്ങൾക്ക് സമാധാനപൂർണ്ണമായ ഒരു റിട്ടയർമെൻ്റ് ജീവിതം നയിക്കുവാൻ സഹായകരമാകുന്നു. നേരത്തെയുള്ള റിട്ടയർമെൻ്റാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ മറ്റ് വരുമാനമാർഗ്ഗങ്ങൾ ലഭ്യമായി തുടങ്ങുന്നത് വരെ അന്വിറ്റിയെ ആശ്രയിച്ചു മുന്നോട്ടു പോകാവുന്നതാണ്.

നിക്ഷേപം വളരുന്നു നികുതി ബാധ്യത ഇല്ലാതെ 

അന്വിറ്റി സ്കീമുകളിൽ നിക്ഷേപം വളരുമ്പോൾ നികുതി ചുമത്തപ്പെടുന്നില്ല. അതായത് നികുതി ബാധ്യതയില്ലാത്ത രീതിയിൽ നിങ്ങളുടെ നിക്ഷേപം വളരുന്നു എന്നാൽ നിക്ഷേപത്തിൽ നിന്നും നിങ്ങൾക്ക് വരുമാനം ലഭിച്ചു തുടങ്ങുമ്പോൾ വരുമാനത്തിന് നികുതി നൽകേണ്ടതായി വരുന്നു. നിക്ഷേപത്തിലേക്ക് മാറ്റിവയ്ക്കുന്ന തുകയ്ക്ക് ഓരോ വർഷവും നികുതി നൽകേണ്ടാത്തതിനാൽ തന്നെ നിങ്ങളുടെ നിക്ഷേപത്തിന് വളരെ വേഗം വളർച്ച കൈവരിക്കുവാൻ സാധിക്കുന്നു.

നിങ്ങൾ തുക പിൻവലിക്കുമ്പോൾ നിങ്ങൾക്ക് ലഭ്യമാകുന്ന ലാഭത്തിലാണ് നികുതി നൽകുന്നത് മറിച്ച് ഒരിക്കലും നിങ്ങൾ നടത്തുന്ന നിക്ഷേപത്തിനല്ല. നിങ്ങൾ വിരമിക്കുന്ന കാലഘട്ടത്തിൽ നികുതി ഭാരം ലഘൂകരിക്കുവാനായി ഇത്തരം പദ്ധതികളെ ഉപയോഗപ്പെടുത്താവുന്നതാണ്.

വിപണിയിലെ അരക്ഷിതാവസ്ഥയിൽ നിന്നും ലഭ്യമാകുന്ന സംരക്ഷണം

ഫിക്സഡ്, ഇൻഡക്സ്ഡ് എന്നീ ഭാഗങ്ങളിൽ ഉൾപ്പെടുന്ന ആന്വിറ്റി സ്കീമുകൾ വിപണിയിലെ കയറ്റിറക്കങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നവയാണ്. ഫിക്സഡ് അന്വിറ്റിയിലൂടെ നിങ്ങൾക്ക് മുൻകൂട്ടി നിശ്ചയിച്ച വരുമാനം ലഭ്യമാകുന്നു. ഇവിടെ ഓഹരി വിപണിയിൽ എന്ത് തന്നെ സംഭവിച്ചാലും നിങ്ങൾക്ക് ലഭിക്കേണ്ട വരുമാനം ലഭിക്കുക തന്നെ ചെയ്യും.  വിപണിയുമായി ബന്ധപ്പെട്ട റിസ്ക് ഒഴിവാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.

market-index

ഇൻഡക്സ്‌ഡ് അന്വിറ്റികളിൽ നിങ്ങൾക്ക് ലഭ്യമാകുന്ന നേട്ടം വിപണിയിലെ ഒരു സൂചികയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും. വിപണിയിൽ ഉയർച്ചയുണ്ടാകുമ്പോൾ നിങ്ങളുടെ നിക്ഷേപം അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന സൂചികയിൽ ഉണ്ടാകുന്ന നേട്ടം നിങ്ങൾക്കും ലഭ്യമാകുന്നു. എന്നാൽ പ്രസ്തുത സൂചികയിൽ ഇടിവുണ്ടാകുമ്പോൾ നിങ്ങൾക്ക് നേട്ടം ലഭിക്കുകയില്ലെങ്കിലും നിങ്ങൾ നിക്ഷേപിച്ച തുക നിങ്ങൾക്ക് ലഭ്യമാകുന്നു.

വൈവിധ്യവും ഉപയോഗപ്രദവുമായ അവസരങ്ങൾ

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് അന്വിറ്റി സ്കീമുകളിൽ പല മാറ്റങ്ങളും കൊണ്ടുവരുവാനുള്ള അവസരം നിങ്ങൾക്കുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് നിങ്ങൾ പണപ്പെരുപ്പത്തിന്റെ സ്വാധീനം നിയന്ത്രിക്കുവാനുള്ള അവസരം തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ പണപ്പെരുപ്പത്തിനനുസരിച്ചുള്ള വളർച്ച നിങ്ങളുടെ നിക്ഷേപത്തിലും ഉണ്ടാകും.

നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാനുള്ള വരുമാനം ലഭിക്കേണ്ട വിധത്തിൽ ഓപ്ഷൻ നൽകുവാനും ചില സ്കീമുകളിൽ അവസരമുണ്ട്. 

ജീവിതത്തിൽ അപ്രതീക്ഷിതമായി  കടന്നുവരുന്ന ചെലവുകൾക്ക് വലിയ തുക കണ്ടെത്തേണ്ടതായി വരുമ്പോൾ നിക്ഷേപത്തിന്റെ ഭാഗമായ തുകയിൽ നിന്ന് വലിയൊരു പങ്ക് പിൻവലിക്കുവാനുള്ള അവസരം ചില പദ്ധതികൾ നൽകുന്നുണ്ട്. ഇത്തരത്തിലുള്ള ഓപ്ഷനുകൾ തിരഞ്ഞെടുക്കുവാൻ നിങ്ങൾക്ക് അധിക  ചാർജ്ജുകൾ നൽകേണ്ടതായി വന്നേക്കാം. വളരെ ശ്രദ്ധയോടെ വേണം ഇത്തരം അവസരങ്ങൾ തിരഞ്ഞെടുക്കുവാൻ.

സംഗ്രഹം

അന്വിറ്റി സ്കീമുകൾ സ്ഥിരതയുള്ള വരുമാനം നൽകുന്ന പദ്ധതികളാണ് അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിത കാലഘട്ടത്തിൽ ഉടനീളം നിങ്ങൾക്ക് വരുമാനം നൽകുവാൻ ഈ പദ്ധതികൾക്ക് സാധിക്കും. റിട്ടയർമെന്റ് ആസൂത്രണം ചെയ്യുമ്പോൾ നാം തീർച്ചയായും അന്വിറ്റി സ്കീമുകൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു പദ്ധതി തിരഞ്ഞെടുത്ത് സുരക്ഷിതവും സമാധാനപൂർണ്ണവുമായ ഒരു റിട്ടയർമെൻ്റ് ജീവിതം നയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉയർന്ന പെൻഷൻ നേടുവാനായി മ്യൂച്വൽ  ഫണ്ടിൽ നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്

ഇന്നത്തെ കാലത്ത് മ്യൂച്വൽ ഫണ്ടുകളും മൂച്വൽ ഫണ്ടുകളിലെ എസ് ഐ പി മാതൃകയിലുള്ള നിക്ഷേപവും  ഭൂരിപക്ഷം…

നേരത്തെയുള്ള റിട്ടയർമെൻ്റിനായി ചെയ്യാനാകുന്ന കാര്യങ്ങൾ

കഴിയാവുന്നത്ര  ചെറിയ പ്രായത്തിൽ തന്നെ ജോലിയിൽ നിന്ന് വിരമിക്കുക എന്നത് ഇന്ന് പലർക്കും താല്പര്യമുള്ള വിഷയമാണ്.…

മികച്ച പെൻഷൻ പദ്ധതി എങ്ങനെ ആയിരിക്കണം

ഒരു പെൻഷൻ പ്ലാനിനെ കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിയുടേയും  മുന്നിൽ മ്യൂച്വൽ ഫണ്ട്, റിയൽ എസ്റ്റേറ്റ്,…

എസ്റ്റേറ്റ് പ്ലാനിംഗുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ വിവരങ്ങൾ മനസ്സിലാക്കാം

  ജീവിതം പ്രവചനാതീതമാണ്. വിഷമകരമായ ചില അവസ്ഥകൾ ജീവിതത്തിൽ ഏതൊരു അവസരത്തിലും കടന്നു വരാൻ ഇടയുണ്ട്.…