നിക്ഷേപകർക്ക് തങ്ങളുടെ കൈവശമുള്ള പണം നൽകി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ സാധിക്കുന്നത് മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂഷൻ ചാനലുകളിലൂടെയാണ്. ഒരു ഫണ്ടിൽ എത്രത്തോളം വേഗത്തിൽ നിക്ഷേപിക്കുവാൻ സാധിക്കുന്നു എന്നത് ഡിസ്ട്രിബ്യൂഷൻ ചാനലിന്റെ പ്രത്യേകതയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. മ്യൂച്വൽ ഫണ്ടിന്റെ പ്രകടനത്തിൽ ഫണ്ട് ഡിസ്ട്രിബ്യൂഷൻ ചാനലുകളുടെ പങ്ക് എത്രത്തോളമാണെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കാം.
വിവിധ ഫണ്ട് ഡിസ്ട്രിബ്യൂഷൻ ചാനലുകൾ പരിചയപ്പെടാം
ഡയറക്റ്റ് ഡിസ്ട്രിബ്യൂഷൻ ചാനലുകൾ
കമ്പനികളുടെ ബ്രാഞ്ചുകൾ വഴി ലളിതമായ നടപടിക്രമങ്ങളിലൂടെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിനെയാണ് ഡയറക്റ്റ് ഡിസ്ട്രിബ്യൂഷൻ എന്ന് പറയുന്നത്. കമ്പനിയുടെ ബ്രാഞ്ചിലൂടെ നേരിട്ട് നിക്ഷേപം നടത്തുമ്പോൾ ആ ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വ്യക്തമായി മനസ്സിലാക്കുവാനുള്ള അവസരമാണ് നിക്ഷേപകന് ലഭിക്കുന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സഹായിക്കുന്ന വ്യക്തിഗത ഉപദേശങ്ങളും നിങ്ങൾക്ക് ഒരു കമ്പനിയുടെ ബ്രാഞ്ചിൽ നിന്നും ലഭ്യമായേക്കാം.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ നേരിട്ട് നിക്ഷേപം നടത്തുവാനുള്ള അവസരം ചില കമ്പനികൾ നൽകുന്നുണ്ട്. ഒരു ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ ലോകത്തെവിടെയിരുന്നും ഏതൊരു സമയത്തും നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപം നേരിട്ട് കൈകാര്യം ചെയ്യുവാനാകും. ഇവിടെ സ്വന്തം ഇഷ്ടാനുസരണം നിക്ഷേപത്തിന്റെ വളർച്ച വിലയിരുത്താനും, പോർട്ട്ഫോളിയോയിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുവാനും, വിപണിയിലെ മാറ്റങ്ങൾ ഞൊടിയിടയിൽ തിരിച്ചറിയുവാനും നിക്ഷേപകന് കമ്പനികൾ അവസരം നൽകുന്നു.
ഇൻഡയറക്റ്റ് ഡിസ്ട്രിബ്യൂഷൻ ചാനലുകൾ
നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മ്യൂച്വൽ ഫണ്ട് കണ്ടെത്തുവാൻ ധനകാര്യ വിദഗ്ധർ നിങ്ങളെ സഹായിക്കുന്നു. ഓരോ വ്യക്തിയുടേയും സാമ്പത്തിക ലക്ഷ്യങ്ങളും റിസ്ക് എടുക്കുവാനുള്ള ശേഷിയും വിലയിരുത്തിയാണ് വിദഗ്ധരായ വ്യക്തികൾ അവർക്ക് വേണ്ടി മികച്ച ഫണ്ടുകൾ കണ്ടെത്തുന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ നൽകുന്നതിന് ധനകാര്യ വിദഗ്ധർ നിക്ഷേപകരിൽ നിന്നും ഫീസ് ഇടാക്കുന്നുണ്ട്. നിങ്ങളുടെ ആകെ നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം എന്ന നിലയിലോ മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള കമ്മീഷനായോ ധനകാര്യ വിദഗ്ധർക്ക് ഫീസ് ലഭ്യമാകുന്നു. നിക്ഷേപ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരായ വ്യക്തികൾ നിങ്ങൾക്ക് ഉപദേശം നൽകുമെങ്കിലും അവസാന തീരുമാനം കൈക്കൊള്ളേണ്ടത് നിങ്ങൾ തന്നെയാണ്.

ബ്രോക്കറേജ് സ്ഥാപനങ്ങളിലൂടെയും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്താവുന്നതാണ്. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സഹായകരമാകുന്ന വിവരങ്ങൾ ഇത്തരം സ്ഥാപനങ്ങൾ നൽകാറുണ്ട്. സ്വന്തം നിലയിൽ നിക്ഷേപം നടത്തുന്ന നിക്ഷേപകർക്കാണ് ഇത്തരം സ്ഥാപനങ്ങൾ കൂടുതൽ അനുയോജ്യമാകുന്നത്. ഇവിടെ നിങ്ങൾക്ക് പല നിർദ്ദേശങ്ങളും ലഭ്യമാകുമെങ്കിലും അവസാന തീരുമാനം സ്വന്തം നിലയിൽ കൈക്കൊള്ളേണ്ടതുണ്ട്.
മ്യൂച്വൽ ഫണ്ടുകൾ സ്വന്തമാക്കാനുള്ള മറ്റൊരു വഴിയാണ് ബാങ്കുകൾ. നിങ്ങളുടെ എല്ലാ ധനകാര്യ ഇടപാടുകളും ഒരു സ്ഥാപനത്തിലൂടെ നടപ്പിലാക്കുക എന്ന സൗകര്യമാണ് ഇവിടെ ലഭ്യമാകുന്നത്. നിങ്ങൾക്ക് നിങ്ങളുടെ മ്യൂച്വൽ ഫണ്ട് അക്കൗണ്ടും സേവിംഗ്സ് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കുവാൻ സാധിക്കും. എന്നാൽ ബാങ്കുകളിലൂടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ പൊതുവേ കൂടുതൽ ഫീസ് നൽകേണ്ടി വരാറുണ്ട്.
മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനത്തെ ഡിസ്ട്രിബ്യൂഷൻ ചാനലുകൾ എങ്ങനെയാണ് സ്വാധീനിക്കുന്നത്
നിക്ഷേപവുമായി ബന്ധപ്പെട്ട ചെലവുകൾ
നിക്ഷേപവുമായി ബന്ധപ്പെട്ട ചെലവുകളെ വളരെയധികം സ്വാധീനിക്കുന്ന ഘടകമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്ന ഡിസ്ട്രിബ്യൂഷൻ ചാനൽ എന്നത്. ഏജന്റുമാരോ ഇടനിലക്കാരോ ഇല്ലാത്തതിനാൽ തന്നെ ഡയറക്റ്റ് ഡിസ്ട്രിബ്യൂഷൻ ചാനലുകൾ കുറഞ്ഞ ഫീസായിരിക്കും ഈടാക്കുന്നത്. കുറഞ്ഞ ഫീസ് എന്നാൽ നിങ്ങൾ നൽകുന്ന പണത്തിന്റെ കൂടുതൽ ഭാഗം നിക്ഷേപിക്കപ്പെടുകയും അതിലൂടെ നിങ്ങൾക്ക് കൂടുതൽ നേട്ടം ലഭിക്കുകയും ചെയ്യുന്നു എന്നാണ് അർത്ഥമാക്കുന്നത്.
ഇൻഡയറക്റ്റ് ചാനലുകൾ താരതമ്യേന കൂടുതൽ ഫീസ് ആണ് ഈടാക്കുന്നത്. ഉയർന്ന ഫീസ് നിങ്ങൾക്ക് ലഭ്യമാകേണ്ട നേട്ടത്തിൽ കുറവുണ്ടാക്കുന്നു. ഈടാക്കുന്ന ഫീസ് കുറവാണെന്ന തോന്നൽ ഉണ്ടാകാമെങ്കിലും സമയം മുന്നോട്ടു പോകുന്നതിന് അനുസരിച്ച് നിക്ഷേപത്തിൽ നിന്ന് വലിയ തുക തന്നെ ഈ ഇനത്തിൽ കമ്പനികൾ ഈടാക്കുന്നു.
നിക്ഷേപം നടത്തുവാനുള്ള ആത്മവിശ്വാസവും, സൗകര്യവും
ബാങ്കുകളും, ധനകാര്യ വിദഗ്ധരും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലേക്ക് സാധാരണക്കാരെ വളരെയധികം ആകർഷിക്കുന്നുണ്ട്. വ്യക്തിഗത ഉപദേശങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും നിങ്ങൾ പ്രാധാന്യം നൽകുന്നുവെങ്കിൽ മേൽപ്പറഞ്ഞ മാർഗ്ഗങ്ങളെ നിക്ഷേപത്തിനായി ആശ്രയിക്കുക. ഇൻഡയറക്ട് ചാനലുകളിലൂടെ നിക്ഷേപത്തിന് മികച്ച വളർച്ച കൈവരിക്കുവാനും ഫണ്ടിൻ്റെ ആകെ ആസ്തിയിൽ വലിയ വർദ്ധനവ് ഉണ്ടാകുവാനും അവസരം ലഭിക്കുന്നു.

സ്വന്തം നിലയിൽ വിപണിയെ വിലയിരുത്തി നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നവരാണ് ഡയറക്റ്റ് ചാനലുകളെ ആശ്രയിക്കുന്നത്. അത്തരം നിക്ഷേപകർ നിക്ഷേപ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ആശ്രയിക്കാറില്ല.
പണത്തിന്റെ ഒഴുക്ക്
നിങ്ങൾ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്ന രീതി മ്യൂച്വൽ ഫണ്ടിന്റെ പ്രകടനത്തെ സ്വാധീനിക്കുന്ന ഘടകമാണ്. ഇൻഡയറക്റ്റ് ചാനലുകൾ ദീർഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ഫണ്ടുകൾക്ക് പണത്തിന്റെ ലഭ്യത കൂടുതലായിരിക്കും.
ഡയറക്റ്റ് ചാനലുകൾ പ്രോത്സാഹിപ്പിക്കുന്നത് വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള വിൽക്കൽ വാങ്ങലുകളേയാണ്. തുടർച്ചയായുള്ള കൈമാറ്റം നടക്കുമ്പോൾ ഒരു ഫണ്ടിന്റെ പ്രകടനത്തെ അത് മോശമായി ബാധിക്കുവാൻ ഇടയുണ്ട്. കൂടുതൽ ഇടപാടുകൾ നടക്കുമ്പോൾ ഫീസിനത്തിൽ വലിയ തുക നൽകേണ്ടി വരുന്നതിനാൽ തന്നെ ആകെയുള്ള നേട്ടത്തിൽ ഇടിവ് സംഭവിക്കുന്നു. തുടർച്ചയായ ഇടപാടുകൾ കാരണം നികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഒരു ഫണ്ടിന്റെ നിക്ഷേപങ്ങളിൽ തുടർച്ചയായി മാറ്റം ഉണ്ടാകുമ്പോൾ ദീർഘകാല അടിസ്ഥാനത്തിലുള്ള വളർച്ചയെ അത് മോശമായി സ്വാധീനിക്കുന്നു.
ബ്രാൻഡിന് ലഭിക്കുന്ന അംഗീകാരവും വിശ്വാസ്യതയും
മ്യൂച്വൽ ഫണ്ടുകളെ സംബന്ധിച്ച് ബ്രാൻഡിന് ലഭിക്കുന്ന അംഗീകാരവും വിശ്വാസ്യതയും വളരെ പ്രധാനപ്പെട്ട ഘടകമാണ്. മികച്ച ബ്രാൻഡ് മൂല്യമുള്ള മ്യൂച്വൽ ഫണ്ടുകളുടെ വളർച്ചയെ ആ ബ്രാൻഡിന്റെ വിശ്വാസ്യത അനുകൂലമായി സ്വാധീനിക്കുന്നു. ബ്രാൻഡിന്റെ വിശ്വാസ്യത മുന്നിൽകണ്ട് കൂടുതൽ വ്യക്തികൾ നിക്ഷേപിക്കുവാൻ തയ്യാറാകുമ്പോൾ ഫണ്ടിൻ്റെ വളർച്ച വേഗത്തിലാകുന്നു.
പ്രശസ്തിയും ദീർഘകാലത്തെ സേവന പാരമ്പര്യവുമുള്ള ധനകാര്യ സ്ഥാപനങ്ങളിലൂടേയും ബാങ്കുകളിലൂടേയും നിക്ഷേപം നടത്തുമ്പോൾ നിക്ഷേപകരെന്ന നിലയിൽ കൂടുതൽ ആത്മവിശ്വാസം ലഭിക്കുന്നു. പ്രവർത്തനപരിചയം കുറഞ്ഞ കമ്പനികളുടെ ഫണ്ടിലെ നിക്ഷേപം പലർക്കും ആകർഷകമായി അനുഭവപ്പെടാറില്ല. മികച്ച പ്രകടനം കാഴ്ച്ചവെച്ചാലും ബ്രാൻഡ് മൂല്യത്തിന്റെ അഭാവം മൂലം പല വ്യക്തികളും അത്തരം ഫണ്ടുകളിൽ നിക്ഷേപം നടത്തുവാൻ തയ്യാറാവുകയില്ല.
നിയന്ത്രണങ്ങളും നിയമങ്ങളും
നാം നിക്ഷേപിക്കുവാനായി തിരഞ്ഞെടുത്ത ചാനലുകളുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും ഒരു ഫണ്ടിന്റെ പ്രകടനത്തെ സ്വാധീനിക്കുന്നുണ്ട്. ഡയറക്റ്റ് ചാനലുകളിൽ കൂടി മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ സ്വന്തമാക്കുമ്പോൾ നിങ്ങൾക്ക് വിദഗ്ധ ഉപദേശം ലഭ്യമാകുന്നില്ല.

ധനകാര്യ വിദഗ്ധർ വളരെ കർശനമായി തന്നെ നിയമങ്ങൾ പാലിച്ചുകൊണ്ട് പ്രവർത്തിക്കുകയും നിക്ഷേപകർക്ക് വിദഗ്ധ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നു. നിയമങ്ങൾ കർശനമായി പാലിക്കപ്പെടുമ്പോൾ തന്നെ ഫണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള ചെലവിനനുസരിച്ച് ഉയർന്ന ഫീസ് നിക്ഷേപകരിൽ നിന്നും ഈടാക്കുന്നു. നിയമങ്ങൾ നിക്ഷേപകർക്ക് സുരക്ഷിതത്വം നൽകുന്നതിനൊപ്പം ഫണ്ടിന്റെ പ്രകടനത്തെ നിയന്ത്രണങ്ങളും നിയമങ്ങളും സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.
സംഗ്രഹം
മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂഷൻ ചാനലുകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് ഓരോ നിക്ഷേപകനും തിരിച്ചറിയണം. ഒരു ഫണ്ടിൽ എങ്ങനെയാണ് നിക്ഷേപം നടത്താൻ സാധിക്കുക എന്നത് ഫണ്ടിന്റെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകം തന്നെയാണ്. ഏറ്റവും അനുയോജ്യമായ ഡിസ്ട്രിബ്യൂഷൻ ചാനലുകൾ തിരഞ്ഞെടുക്കുന്നത് വഴി നിങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ ലാഭം ഉയർത്തുവാൻ സാധിക്കുന്നതാണ്.