ജോലി ചെയ്തു നിശ്ചിതമായ ലഭിക്കുന്ന ശമ്പളത്തെ ആശ്രയിച്ചു മാത്രം ജീവിക്കുന്ന നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം വ്യക്തികളും മാസത്തിന്റെ അവസാനം ചെലവുകൾക്കായി ബുദ്ധിമുട്ടുന്നവരും, ബാങ്ക് അക്കൗണ്ടിൽ കാര്യമായ നീക്കിയിരിപ്പ് ഇല്ലാത്തവരുമായ വ്യക്തികളാണ്.
വളരെ കാലമായി നന്നായിട്ട് അധ്വാനിച്ചിട്ടും സാമ്പത്തിക ഭദ്രത കൈവരിക്കുവാൻ സാധാരണക്കാർക്ക് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. എത്ര പണം ശമ്പളമായി ലഭിക്കുന്നു എന്നതിലല്ല, ലഭിക്കുന്ന പണം കൃത്യമായി വിനിയോഗിക്കുക എന്നതാണ് സാമ്പത്തികപരമായ ഉയർച്ചയ്ക്ക് അനിവാര്യമായ കാര്യം.
ഒരു വ്യക്തി സാമ്പത്തികമായി മികച്ച അവസ്ഥയിൽ എത്തിച്ചേർന്നു എന്ന് കണക്കാക്കണമെങ്കിൽ അദ്ദേഹത്തിൻറെ മുന്നോട്ടുള്ള ജീവിതത്തിന് മുതൽക്കൂട്ടാകുന്ന വിധത്തിലുള്ള നിക്ഷേപങ്ങളും, നേരിട്ടുള്ള അധ്വാനമോ ഇടപെടലോ ഇല്ലാതെ തന്നെ കൃത്യമായി ലാഭം ലഭിക്കുന്ന തരത്തിലുള്ള വരുമാന മാർഗ്ഗവും ആ വ്യക്തിക്ക് ഉണ്ടായിരിക്കണം.
ലഭിക്കുന്ന വരുമാനം എത്ര ചെറുതാണെങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ നിശ്ചിതമായ ഒരു തുക കണ്ടെത്തി നീക്കിയിരിപ്പായി മാറ്റിവച്ചുകൊണ്ട് മാത്രമേ മൂല്യമുള്ള നിക്ഷേപങ്ങൾ സൃഷ്ടിച്ചെടുക്കുവാൻ സാധാരണക്കാർക്ക് സാധിക്കുകയുള്ളൂ.
ജോലി ചെയ്ത് ലഭിക്കുന്ന ശമ്പളത്തിൽ നിന്ന് കൃത്യമായി ഒരു തുക നീക്കിവെക്കുവാനായി തനിക്ക് തന്നെ സ്വയം പണം നൽകുക എന്ന മനോഭാവത്തിൽ നിന്ന് സാധിക്കും. അതായത് ഒരു വ്യക്തിക്ക് മാസത്തിന്റെ ആരംഭത്തിൽ ലഭിക്കുന്ന പണത്തിന്റെ ഭൂരിഭാഗവും വീട്ടു വാടകയായും, ബില്ലുകളുടെ അടവായും, മറ്റു ചെലവുകളായും വേഗം തീർന്നു പോകുന്ന അവസ്ഥയാണ് പൊതുവെ നിലനിൽക്കുന്നത്.

ഒരു വ്യക്തി തനിക്കു ലഭിക്കുന്ന ശമ്പളത്തിൽ നിന്നും ചെലവുകൾക്ക് പണം ചെലവഴിക്കുന്നതിന് മുൻപ്, തന്നെ നിശ്ചിതമായ ഒരു തുക സേവ് ചെയ്യുക. കൃത്യമായി നീക്കിയിരിപ്പുകൾ നടത്തിയാൽ മാത്രമേ സുഗമമായ ഭാവിജീവിതത്തിന് ആവശ്യമുള്ള നിക്ഷേപങ്ങൾ സൃഷ്ടിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ.
മറിച്ച് എല്ലാ മാസവും ലഭിക്കുന്ന ശമ്പളം ചെലവുകൾക്കായി മാത്രം മാറ്റി വയ്ക്കുകയാണെങ്കിൽ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങൾക്ക് പണം കണ്ടെത്തുവാൻ ബുദ്ധിമുട്ടുകയും വ്യക്തികൾ സാമ്പത്തിക പരാധീനതയിലേക്ക് എത്തിച്ചേരുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും.
എത്രതന്നെ ബുദ്ധിമുട്ടുകൾ ഉണ്ടായാലും, ചെലവുകൾ ചുരുക്കേണ്ടി വന്നാലും ലഭിക്കുന്ന ശമ്പളത്തിന്റെ 10% എങ്കിലും നീക്കിയിരിപ്പായി മാറ്റുവാൻ ഒരു വ്യക്തിക്ക് തീർച്ചയായും സാധിക്കണം. മിച്ചം പിടിക്കുന്ന തുക സൂക്ഷിക്കുവാനായി സാലറി അക്കൗണ്ട് അല്ലാതെ മറ്റൊരു ബാങ്ക് അക്കൗണ്ട് നിർബന്ധമായും ഉപയോഗിക്കുകയും, എന്തു തന്നെ സംഭവിച്ചാലും ആ അക്കൗണ്ടിലെ പണം ചിലവഴിക്കാതെയിരിക്കുവാൻ ശ്രദ്ധിക്കുകയും വേണം.
അങ്ങനെ നീക്കിയിരിപ്പായി മാറ്റിവച്ച തുക മികച്ച നിക്ഷേപ പദ്ധതികൾ കണ്ടെത്തി നിക്ഷേപിക്കുവാനും തയ്യാറാകണം.
ഉദാഹരണത്തിന് 10000 രൂപ ശമ്പളമായി ലഭിക്കുന്ന വ്യക്തി അതിന്റെ 10 ശതമാനമായ 1000 രൂപ 7 ശതമാനം വാർഷിക പലിശ നിരക്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിച്ചാൽ 20 വർഷത്തിനുശേഷം അദ്ദേഹത്തിന് തിരികെ ലഭിക്കുന്ന തുക 5 ലക്ഷത്തിനും മുകളിലായിരിക്കും.
ഈ വ്യക്തി തന്നെ വിപണിയിൽ നിന്ന് മികച്ച മ്യൂച്ചൽ ഫണ്ട് കണ്ടെത്തുകയും ആ ഫണ്ട് ഏകദേശം 13 ശതമാനം എന്ന നിരക്കിൽ ലാഭം ലഭിക്കുകയും ആ ഫണ്ടിൽ കൃത്യമായി 20 വർഷത്തേക്ക് 1000 രൂപ വീതം മാസംതോറും നിക്ഷേപിക്കുകയും ചെയ്താൽ 20 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് 11 ലക്ഷം രൂപയിൽ അധികം തിരികെ ലഭിക്കുന്നതാണ്.

മറ്റൊരു ഉദാഹരണം എടുത്താൽ ഒരു വ്യക്തി തൻറെ മാസശമ്പളത്തിൽ നിന്ന് 5000 രൂപ 7 ശതമാനം പലിശ നിരക്കിൽ 20 വർഷത്തേക്ക് ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് എന്ന രീതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ അദ്ദേഹത്തിന് 26 ലക്ഷം രൂപയിൽ അധികവും മ്യൂച്ചൽ ഫണ്ട് എന്ന രീതിയിൽ 13 ശതമാനം എന്ന നിലയ്ക്ക് ലാഭം പ്രതീക്ഷിച്ചുകൊണ്ട് 20 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ 56 ലക്ഷത്തിലധികവും 20 വർഷത്തിനുശേഷം തിരികെ ലഭിക്കുന്നതാണ്.
ശമ്പളത്തിന്റെ ഒരു ഭാഗം എന്ന രീതിയിൽ മാറ്റിവയ്ക്കുന്നതിനാൽ വ്യക്തികൾക്ക് ഭാവിയിൽ ലഭ്യമാകുന്ന ശമ്പള വർദ്ധനവിന് അനുസരിച്ച് നിക്ഷേപിക്കുന്ന തുകയിലും വർദ്ധനവ് ഉണ്ടാകുന്നു.
മാസംതോറുമുള്ള നീക്കിയിരിപ്പ് എത്രതന്നെ ചെറുതാണെങ്കിലും നീണ്ട കാലയളവിൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കുവാനാകും എന്നതിന് ഉത്തമ ഉദാഹരണമാണ് നമുക്കിവിടെ കാണുവാൻ കഴിയുന്നത്.
നിശ്ചിതമായ ശമ്പളം കൊണ്ടുമാത്രം ജീവിക്കുന്ന ഓരോ സാധാരണക്കാരനും നീക്കിയിരിപ്പായി പണം മാറ്റിവയ്ക്കേണ്ടതിന്റെയും മികച്ച രീതിയിൽ ആ തുക നിക്ഷേപിക്കേണ്ടതിന്റെയും പ്രാധാന്യം മനസ്സിലാക്കിയില്ലെങ്കിൽ അത്തരക്കാരുടെ ജീവിത നിലവാരത്തിലും സാഹചര്യത്തിലും കാര്യമായ മുന്നേറ്റം ഒരിക്കലും ഉണ്ടാകാൻ ഇടയില്ല.
നിത്യജീവിതത്തിൽ പണം ലാഭിക്കുവാനുള്ള ചില എളുപ്പവഴികൾ
പണം ചിലവഴിക്കുന്ന രീതിയെ കൃത്യമായി നിരീക്ഷിച്ചു കൊണ്ട് ഒരല്പം ശ്രദ്ധിക്കുകയാണെങ്കിൽ ശമ്പളമായി ലഭിക്കുന്നതിന്റെ 10 ശതമാനത്തിൽ അധികം ഓരോ വ്യക്തിക്കും നീക്കിയിരിപ്പായി മാറ്റിവയ്ക്കാൻ സാധിക്കും. അത്തരത്തിൽ പ്രായോഗിക തലത്തിൽ എല്ലാവർക്കും നടപ്പിലാക്കാൻ സാധിക്കുന്ന ചില ഉദാഹരണങ്ങൾ പരിചയപ്പെടാം.
സാധാരണഗതിയിൽ ഇ എം ഐ രീതിയിലുള്ള ഇടപാടുകൾക്കാണ് ഭൂരിഭാഗം വ്യക്തികളും ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. സ്ഥിരമായുള്ള ബാക്കി ചിലവുകൾക്ക് പണമടയ്ക്കാനായി ഡെബിറ്റ് കാർഡാണ് കൂടുതലായും ഉപയോഗിക്കാറുള്ളത്.
എന്നാൽ അങ്ങനെയുള്ള ചെലവുകൾക്ക് ഡെബിറ്റ് കാർഡ് എന്നപോലെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുകയും കൃത്യമായ രീതിയിൽ ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കുകയും ചെയ്തു കഴിഞ്ഞാൽ റിവാർഡ് പോയിന്റുകളായും, ക്രെഡിറ്റ് കാർഡ് ഓഫറുകളായും മികച്ച ലാഭം നേടുവാനുള്ള അവസരമാണ് അവിടെ ലഭിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമിടപാടുകൾ നടത്തുമ്പോൾ കൃത്യമായി ബില്ലുകൾ അടയ്ക്കുവാനും അധികമായ ചെലവുകൾ ഉണ്ടാകാതെയും ശ്രദ്ധിക്കേണ്ടതാണ്.
ഇന്നത്തെ കാലത്ത് കുടുംബവുമൊത്ത് തിയേറ്ററിൽ പോയി സിനിമ കാണുക എന്നത് ചെലവേറിയ ഒരു കാര്യം തന്നെയാണ്. സ്ഥിരമായി തീയേറ്ററിൽ പോയി സിനിമ കാണുന്നതിന് പകരം ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഓ ടി ടി പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുക വഴി താരതമ്യേന ചെറിയ ചെലവിൽ കുടുംബസമേതം വിനോദത്തിനുള്ള ഒരു മാർഗ്ഗം ലഭ്യമാകുന്നു, അതുവഴി പണം ലാഭിക്കുവാനും സാധിക്കുന്നു.
ഇത്തരത്തിൽ നമുക്കുണ്ടാകുന്ന ചെലവുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ സാമ്പത്തികമായി വലിയ നേട്ടങ്ങൾ നേടുവാനുള്ള സാധ്യത നമുക്ക് കണ്ടെത്തുവാൻ കഴിയും.