inflation

Sharing is caring!

നാം നേരിട്ട് മനസ്സിലാക്കിയില്ലെങ്കിലും സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന പണപ്പെരുപ്പത്തിന്റെ ഫലമായി പണത്തിന്റെ മൂല്യം കുറയുന്നുണ്ട് എന്നതാണ് വാസ്തവം. ഭക്ഷണസാധനങ്ങൾ, മെഡിക്കൽ ചെലവുകൾ തുടങ്ങി നിത്യജീവിതത്തിന്റെ ഭാഗമായ എല്ലാ കാര്യങ്ങളിലും വില വർദ്ധനവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പണപ്പെരുപ്പവും അതിൻ്റെ ദോഷഫലങ്ങളും സാധാരണക്കാരായ വ്യക്തികളുടെ ജീവിതം ദുസ്സഹമാക്കി മാറ്റുന്നു. ഈ സാഹചര്യത്തിലാണ് വ്യക്തികളുടെ ധനകാര്യസ്ഥിതിയിൽ പണപ്പെരുപ്പത്തിന്റെ സ്വാധീനത്തെ സംബന്ധിച്ച് നാം വിലയിരുത്തൽ നടത്തേണ്ടത്.

പണത്തിന്റെ മൂല്യത്തിൽ സംഭവിക്കുന്ന ഇടിവ്

വ്യക്തികളുടെ വാങ്ങൽ ശേഷിയിൽ പണപ്പെരുപ്പം കാര്യമായി ഇടിവുണ്ടാക്കുന്നുണ്ട്. അതായത് സമയം മുന്നോട്ടു പോകുന്നതിനനുസരിച്ച് നിങ്ങളുടെ കൈവശമുള്ള പണം ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തമാക്കാനാകുന്ന സാധനങ്ങളുടേയും സേവനങ്ങളുടേയും അളവിൽ കുറവുണ്ടാകുന്നു.

സാധാരണ സേവിംഗ്സ് അക്കൗണ്ടുകളിൽ ലഭ്യമാകുന്ന പലിശ നിരക്ക് രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പത്തേക്കാൾ കുറവായിരിക്കും. അതുകൊണ്ടാണ് നീക്കിയിരിപ്പായി ബാങ്ക് അക്കൗണ്ടുകളിൽ നിങ്ങൾ മാറ്റിവെച്ച പണത്തിന്റെ മൂല്യത്തിൽ ഇടിവ് സംഭവിക്കുന്നത്.

നിക്ഷേപങ്ങളുടെ മൂല്യം ഇടിയുന്നു

വ്യത്യസ്ത നിക്ഷേപ മാർഗ്ഗങ്ങളെ വ്യത്യസ്ത രീതിയിലാണ് പണപ്പെരുപ്പം സ്വാധീനിക്കുന്നത്. കമ്പനികൾക്ക് വില വർദ്ധിപ്പിക്കുവാൻ അവസരമുള്ളതിനാൽ തന്നെ ഓഹരികൾക്ക് പണപ്പെരുപ്പത്തെ തരണം ചെയ്യുവാൻ കഴിഞ്ഞേക്കാം. എന്നാൽ ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്ന ബോണ്ടുകളിൽ നിന്നും ലഭ്യമാകുന്ന നേട്ടം പണപ്പെരുപ്പത്തെ തരണം ചെയ്യാൻ പര്യാപ്തമാകില്ല. പണപ്പെരുപ്പം മൂലം ഇത്തരത്തിൽ നീണ്ട കാലയളവിലേക്ക് നിക്ഷേപം നടത്തിയ തുകയുടെ യാഥാർത്ഥ്യ മൂല്യം കുറയുകയാണ് ചെയ്യുന്നത്. 

market-index

പണപ്പെരുപ്പത്തിന്റെ നിരക്കിനേക്കാൾ മികച്ച നേട്ടം നേടുവാൻ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്ക് സാധിക്കാറുണ്ട്. റിയൽ എസ്റ്റേറ്റ് വസ്തുവകകളുടെ മൂല്യവും, വാടകയും പണപ്പെരുപ്പത്തിനനുസരിച്ച്  ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിലൂടെ നിക്ഷേപത്തിന്റെ ശരിയായ മൂല്യത്തിൽ കുറവ് സംഭവിക്കുന്നില്ല. പണപ്പെരുപ്പത്തിന്റെ സ്വാധീനം മൂലം വിപണിയിൽ എല്ലാ മേഖലയിലും ഉണ്ടാകുന്ന വിലക്കയറ്റത്തെ തരണം ചെയ്യുവാൻ പര്യാപ്തമായ നിക്ഷേപമായി റിയൽ എസ്റ്റേറ്റ് നിക്ഷേപത്തെ കണക്കാക്കാവുന്നതാണ്.

കടങ്ങൾ വീട്ടുന്നതിനുള്ള ബുദ്ധിമുട്ടുകൾ

പണപ്പെരുപ്പം നിങ്ങളുടെ കടങ്ങളെ പലരീതിയിലാണ് സ്വാധീനിക്കുന്നത്. ലോണിന്റെ കാലാവധിയിൽ ഉടനീളം നിശ്ചിത പലിശ നിരക്ക് മാത്രം ഈടാക്കുന്ന സാഹചര്യങ്ങളിൽ പണപ്പെരുപ്പം നിങ്ങൾക്ക് സഹായകരമാവുകയാണ് ചെയ്യുന്നത്. പണപ്പെരുപ്പം നിലനിൽക്കുന്നതിനാൽ തന്നെ നിങ്ങൾ തിരിച്ചടയ്ക്കുന്ന തവണകളുടെ ശരിയായ മൂല്യത്തിൽ കുറവുണ്ടാകുന്നു. അതായത് സമയം മുന്നോട്ടു പോകുന്നതിനനുസരിച്ച് കടം വീട്ടുവാനായി നിങ്ങൾ ചെലവഴിക്കുന്ന തുകയുടെ മൂല്യം കുറയുന്നതിനാൽ നിങ്ങൾക്ക് കൂടുതൽ നേട്ടം ലഭിക്കുന്നു. ദീർഘകാല അടിസ്ഥാനത്തിൽ സ്ഥിരമായ പലിശ നിരക്കിൽ ലോൺ ലഭ്യമാകുന്നവർക്ക് പണപ്പെരുപ്പം വളരെ ഉപയോഗപ്രദമായി മാറുന്നു.

എന്നാൽ കേന്ദ്ര ബാങ്കിന്റെ നയങ്ങൾക്ക് അനുസരിച്ച് പലിശ നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്ന രീതിയിലുള്ള ലോൺ ഉള്ളവർക്ക് പണപ്പെരുപ്പം ഒരു വലിയ സാമ്പത്തിക പ്രശ്നമായി മാറുന്നു. പണപ്പെരുപ്പത്തിന്റെ നിരക്ക് ഉയരുന്നതിനനുസരിച്ച് പലിശ നിരക്കിലും ഉയർച്ച ഉണ്ടാകുന്നു. അങ്ങനെ മാസം തോറുമുള്ള അടവ് കൂടുകയും വ്യക്തികളുടെ സാമ്പത്തിക ഭദ്രതയെ ഈ വർദ്ധനവ് മോശമായി ബാധിക്കുകയും ചെയ്യുന്നു.

സ്ഥിരമായി ഒരു പലിശ നിരക്ക് മാത്രം ബാധകമാകുന്ന ലോണുകൾക്ക് പണപ്പെരുപ്പം ഗുണകരമായി മാറുമ്പോൾ പലിശ നിരക്കിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറ്റം വരുന്ന ലോണുകളെ സംബന്ധിച്ച് പണപ്പെരുപ്പം വലിയ സാമ്പത്തിക പ്രശ്നമായി മാറുന്നു. 

ദൈനംദിന ചെലവുകളിൽ ഉണ്ടാകുന്ന വർദ്ധനവ്

പണപ്പെരുപ്പത്തിന്റെ ഭാഗമായി ആഹാരം, ആരോഗ്യ പരിപാലനം, യാത്ര ചെലവ് തുടങ്ങി ഒരു മനുഷ്യൻ്റെ നിത്യജീവിതത്തിന്റെ ഭാഗമായ എല്ലാ സാധനങ്ങൾക്കും സേവനങ്ങൾക്കും കൂടുതൽ തുക ചെലവഴിക്കേണ്ടി വരുന്നു. ജീവിത ചെലവിൽ ഉണ്ടാകുന്ന ഈ വർദ്ധനവ് സാധാരണക്കാരായ വ്യക്തികളുടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നതാണ്.

shopping

ഏക വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ് പണപ്പെരുപ്പവുമായി ബന്ധപ്പെട്ട് കൂടുതൽ കഷ്ടതകൾ അനുഭവിക്കുന്നത്. വരവിനേക്കാൾ കൂടുതലായി ചെലവുകൾ ഉയരുമ്പോൾ സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെടാതെ ജീവിതം നയിക്കുക എന്നത് അസാധ്യമായി മാറുന്നു.

പണപ്പെരുപ്പവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തരണം ചെയ്യേണ്ടത് എങ്ങനെയാണ്

നിക്ഷേപം വൈവിധ്യവൽക്കരിക്കുക

നിക്ഷേപത്തിൽ വൈവിധ്യവൽക്കരണം കൊണ്ടുവരുന്നത് റിസ്ക് ലഘൂകരിക്കുവാനും പണപ്പെരുപ്പത്തിന്റെ സ്വാധീനം മൂലമുള്ള മൂല്യ തകർച്ച ഉണ്ടാകാതിരിക്കുവാനും സഹായകരമാകും. ഓഹരികൾക്കൊപ്പം കമ്മോഡിറ്റികളും റിയൽ എസ്റ്റേറ്റും നിങ്ങളുടെ നിക്ഷേപത്തിന്റെ ഭാഗമാക്കുവാൻ ശ്രമിക്കുക. പണപ്പെരുപ്പം മൂലം ഒരു നിക്ഷേപ സ്രോതസ്സിൽ നിന്നും വിചാരിച്ചത്ര നേട്ടം ലഭിച്ചില്ലെങ്കിൽ പോലും നിങ്ങളുടെ ആകെ നിക്ഷേപത്തിന്റെ മൂല്യം നിലനിർത്തുവാൻ ഈ രീതിയിലൂടെ സാധിക്കും. നിക്ഷേപം നടത്തുമ്പോൾ വ്യത്യസ്ത ആസ്തികളിലായി ഒരു സന്തുലിതാവസ്ഥ നിലനിർത്തുവാനായാൽ മാത്രമേ നിങ്ങളുടെ പണത്തിൻ്റെ മേലുള്ള പണപ്പെരുപ്പത്തിൻ്റെ സ്വാധീനം ഇല്ലാതാക്കുവാൻ സാധിക്കുകയുള്ളൂ.

റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ

real-estate

റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെ മൂല്യം പണപ്പെരുപ്പത്തിനനുസരിച്ച് ഉയരാറുണ്ട്. അതുകൊണ്ടു തന്നെ പണപ്പെരുപ്പത്തെ തരണം ചെയ്യുവാൻ സഹായിക്കുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗമാണിത്. വിലക്കയറ്റത്തിന് അനുസരിച്ച് സ്ഥിരതയുള്ള വരുമാനം നൽകുവാൻ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്ക് സാധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പണപ്പെരുപ്പത്തിൻ്റെ ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്തുവാൻ വ്യക്തമായ ആസൂത്രണത്തോടെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തുക.

ഉയർന്ന നേട്ടം നൽകുന്ന സേവിംഗ്സ് അക്കൗണ്ടുകൾ

സാധാരണ സേവിംഗ്സ് അക്കൗണ്ടുകൾക്ക് പകരം ഉയർന്ന നേട്ടം നൽകുന്ന സേവിംഗ്സ് അക്കൗണ്ടുകൾ, സർട്ടിഫിക്കേറ്റ് ഓഫ് ഡെപ്പോസിറ്റ്സ് അഥവാ സീ  ഡിയോ ഉപയോഗിക്കുക. നീക്കിയിരിപ്പുകൾ മികച്ച രീതിയിൽ വളർത്തിയെടുക്കുവാൻ ഈ നിക്ഷേപങ്ങൾ സഹായകരമാകും. സമ്പദ് വ്യവസ്ഥയിൽ പണപ്പെരുപ്പം നിലനിൽക്കുമ്പോൾ നിങ്ങളുടെ കൈവശമുള്ള പണം സുരക്ഷിതമാക്കി വയ്ക്കണമെങ്കിൽ ഇത്തരം നടപടികൾ കൈക്കൊള്ളേണ്ടത് അനിവാര്യമാണ്.

കമ്മോഡിറ്റികളിലും അമൂല്യ ലോഹങ്ങളിലും നിക്ഷേപിക്കുക

കമ്മോഡിറ്റികളിലും, സ്വർണ്ണം, വെള്ളി പോലെയുള്ള അമൂല്യ ലോഹങ്ങളിലും നിക്ഷേപിക്കുന്നത് പണപ്പെരുപ്പത്തിനെതിരെ സംരക്ഷണം നൽകുന്ന നടപടികളാണ്. ഇത്തരം ആസ്തികൾ വ്യത്യസ്ത സാഹചര്യങ്ങളിൽ 

അവയുടെ മൂല്യം നിലനിർത്താറുണ്ട്. പണപ്പെരുപ്പം നിലനിൽക്കുമ്പോൾ തന്നെ ഇത്തരം ആസ്തികളുടെ മൂല്യത്തിലും വർദ്ധനവ് ഉണ്ടാകാറുണ്ട്. അതുകൊണ്ട് കമ്മോഡിറ്റികളും അമൂല്യ ലോഹങ്ങളും തീർച്ചയായും നിങ്ങളുടെ നിക്ഷേപത്തിന്റെ ഭാഗമാക്കുക.

സംഗ്രഹം

വ്യക്തികളുടെ സാമ്പത്തിക സ്ഥിതിയിൽ പണപ്പെരുപ്പം സൃഷ്ടിക്കുന്ന സ്വാധീനം മനസ്സിലാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ തിരിച്ചറിവിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സാമ്പത്തിക ആരോഗ്യം നിലനിർത്തുവാനുള്ള നടപടികൾ കൈക്കൊള്ളുവാൻ സാധിക്കും. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന നടപടികൾ പ്രാവർത്തികമാക്കി കൊണ്ട് ക്രിയാത്മകമായ ചുവടുവെപ്പുകളിലൂടെ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മികച്ച നിക്ഷേപങ്ങൾ നടത്തുവാൻ സ്ത്രീകൾ പിന്തുടരേണ്ട ചില ടിപ്പുകൾ

നിങ്ങൾ സ്വപ്നം കാണുന്ന ജീവിതം നയിക്കാനുള്ള അവസരവും സാഹചര്യവും നിങ്ങൾക്ക് ലഭ്യമാകുന്നത് സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിലൂടെയാണ്.…

ധനികരുടെ ജീവിതയാത്ര

സാമ്പത്തികമായി ഉയരണമെന്നും മികച്ച ജീവിത സാഹചര്യങ്ങൾ ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ആ അവസ്ഥയിൽ…

പണത്തെക്കുറിച്ചുള്ള ആകുലതകൾ ഒഴിവാക്കുവാനായി 5 വഴികൾ

പണത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായി കണക്കാക്കുന്ന ഇന്നത്തെ തിരക്കുള്ള ലോകത്ത് പണം തന്നെയാണ് ഭൂരിഭാഗം വ്യക്തികളുടേയും…

നല്ല നിക്ഷേപകനാകുവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലഭിക്കുന്ന വരുമാനം എത്ര തന്നെയായാലും ആ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് സമ്പത്ത് സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവരാണ്…