Sharing is caring!

വരുമാന സ്രോതസ്സുകളെ പ്രധാനമായും 2 ആയി തരം തിരിക്കാം. ഒരു വ്യക്തിയുടെ നേരിട്ടുള്ള ഇടപെടലുകൾ ആവശ്യമുള്ള വരുമാന സ്രോതസ്സുകളെ ആക്ടീവ് വരുമാന സ്രോതസ്സുകളെന്നും, നേരിട്ടുള്ള ഇടപെടലുകൾ ആവശ്യമില്ലാതെ തന്നെ കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന വരുമാന സ്രോതസ്സുകളെ പാസീവ് വരുമാന സ്രോതസുകളെന്നും വേർതിരിക്കാനാകും.

നാം ഉറങ്ങുന്ന സമയത്ത് പോലും വരുമാനം നേടുവാൻ നമ്മെ സഹായിക്കുന്ന പാസീവ് വരുമാന സ്രോതസ്സുകളെ മനസ്സിലാക്കുവാൻ ലളിതമായ ഒരു കഥയിലൂടെ നമുക്ക് സാധിക്കും.

സുഹൃത്തുക്കളും സമാന സാഹചര്യങ്ങളിൽ ജീവിക്കുന്നവരുമായ ആന്റണിയും, തോമസും ജോലി നേടുക എന്ന ഉദ്ദേശത്തോടെ ഒരു മുതലാളിയെ സമീപിക്കുന്നു. പുഴയിൽ നിന്ന് വെള്ളം കോരി ഒരു ജലസംഭരണി നിറയ്ക്കുന്ന ജോലിയാണ് ഇരുവർക്കും ആ മുതലാളിയിൽ നിന്ന് ലഭിക്കുന്നത്. ജോലി ചെയ്യുവാനായി മുതലാളി ഇരുവർക്കും ബക്കറ്റുകൾ നൽകുകയും വെള്ളം നിറയ്ക്കുന്നതിനനുസരിച്ച് കൂലി നൽകുകയും ചെയ്തു.

Image to represent active income

കഠിനാധ്വാനികളായ ഇരുവരും വളരെ നല്ല രീതിയിൽ ജോലി ചെയ്യുകയും അതിനനുസരിച്ച് കൂലിയായി അവർക്ക് പണം ലഭിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത്തരത്തിൽ അവരുടെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്ന സമയത്താണ് കുറച്ചുകൂടി മികച്ച മാർഗ്ഗം കണ്ടെത്തി ജോലി ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ കൂടുതൽ ജോലി ചെയ്യുവാൻ സാധിക്കും എന്ന ചിന്ത ആന്റണിക്ക് ഉണ്ടാകുന്നത്. അങ്ങനെയുള്ള ഒരു മാർഗ്ഗം സൃഷ്ടിച്ചെടുക്കുവാനായി തനിക്ക് ലഭിക്കുന്ന കൂലിയിൽ നിന്നും ഒരു നിശ്ചിത ശതമാനം ആന്റണി കൃത്യമായി മാറ്റിവെച്ചു.

തന്റെ നീക്കിയിരിപ്പ് ആവശ്യമുള്ള അളവിൽ എത്തിയപ്പോൾ ജോലി ചെയ്യുവാനുള്ള എളുപ്പ മാർഗ്ഗം സൃഷ്ടിക്കുവാനായി ആ നീക്കിയിരിപ്പ് ഉപയോഗിച്ച് ആന്റണി പൈപ്പുകൾ വാങ്ങുകയും പുഴയിൽ നിന്ന് അനായാസം സംഭരണയിൽ ജലം എത്തിക്കുന്ന രീതിയിൽ പൈപ്പുകൾ സംയോജിപ്പിക്കുകയും ചെയ്തു. ആന്റണി പൈപ്പ് കണക്ക്ഷൻ ഉപയോഗിച്ച് കഠിനമായ അധ്വാനവും കാര്യമായ ഇടപെടലുകളും ഇല്ലാതെ തന്നെ കൂടുതൽ ജലം ജലസംഭരണിയിൽ എത്തിക്കുകയും അതിനനുസരിച്ച് ലാഭം നേടുകയും ചെയ്തു.

തന്റെ ജോലി അനായാസം ചെയ്യുവാൻ സാധിക്കുന്നതിനാൽ ആന്റണിക്ക് വിശ്രമിക്കാൻ കൂടുതൽ സമയം ലഭിക്കുകയും താൻ ഉറങ്ങുന്ന സമയത്ത് പോലും വരുമാനം നേടുവാൻ സാധിക്കുകയും ചെയ്തു. ഇത്തരത്തിൽ മികച്ച മാർഗ്ഗത്തിലൂടെ ആന്റണി കൂടുതൽ നേട്ടങ്ങൾ നേടിയപ്പോഴും തോമസ് പഴയ രീതിയിൽ തന്നെ ജോലി തുടരുകയും ലഭിക്കുന്ന നിശ്ചിതമായ വരുമാനത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു.

മേൽപ്പറഞ്ഞ കഥയിൽ എന്നപോലെ ആന്റണിയും തോമസും ആണ് നമ്മളിൽ പലരും. ഇവിടെ ആന്റണി തന്റെ നേരിട്ടുള്ള ഇടപെടലുകൾ ആവശ്യമില്ലാത്ത ഒരു പാസീവ് വരുമാന സ്രോതസ്സ് സൃഷ്ടിച്ചെടുക്കുകയാണ് ചെയ്തത്. എന്നാൽ തോമസ് തന്റെ നേരിട്ടുള്ള അധ്വാനം ആവശ്യമായ ആക്ടീവ് വരുമാന സ്രോതസ്സുകളെ മാത്രം ആശ്രയിക്കുകയാണ് ചെയ്തത്.

ഇരുവരുടേയും സാഹചര്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഒരു പൈപ്പ് കണക്ക്ഷനിലൂടെ തന്റെ നേരിട്ടുള്ള അധ്വാനം ഇല്ലാതെ തന്നെ വരുമാനം നേടുന്ന ആന്റണിക്ക് എല്ലാ ദിവസവും ജോലിക്ക് പോകേണ്ട ആവശ്യം ഉണ്ടാകുന്നില്ല, താൻ ഉറങ്ങുമ്പോൾ പോലും വരുമാനം നേടുവാൻ ആന്റണിക്ക് സാധിക്കുന്നു.
എന്നാൽ നേരെ മറിച്ച് തോമസ് എന്ന് മുതൽ ജോലി നിർത്തുന്നുവോ ആ ദിവസം മുതൽ അദ്ദേഹത്തിന് വരുമാനം ഇല്ലാതാവുകയും ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ സാധിക്കാതെ വരികയും ചെയ്യുന്നു. തോമസ് ജോലിയിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും ഉറങ്ങുമ്പോഴും അദ്ദേഹത്തിന് ഒരു തരത്തിലുള്ള വരുമാനവും നേടുവാൻ സാധിക്കുന്നില്ല.

നമ്മളിൽ ഭൂരിഭാഗം വ്യക്തികളും ആക്ടീവ് വരുമാനം സ്രോതസ്സുകളെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ്. ലഭിക്കുന്ന ശമ്പളം ദൈന്യംദിന ചെലവുകൾക്കായി മാത്രം ഉപയോഗിക്കുന്നവരാണ് നമ്മളിലേറെയും. ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം എത്ര തന്നെയായാലും അതിൽ നിന്ന് ഒരു നിശ്ചിത ശതമാനം മാറ്റിവെച്ചുകൊണ്ട് ഒരു പാസീവ് വരുമാന സ്രോതസ്സ് സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ് വേണ്ടത്.

Image to represent active income

ഉദാഹരണത്തിന് ഒരു കൊമേർഷ്യൽ കെട്ടിടം നിർമ്മിച്ച് അതിൽ നിന്ന് വാടക ഇനത്തിൽ വരുമാനം നേടുന്നതും, ഫിക്സഡ് ഡെപ്പോസിറ്റ് ആയി ബാങ്കിൽ നിക്ഷേപിക്കുമ്പോൾ പലിശയിനത്തിൽ വരുമാനം ലഭിക്കുന്നതും പാസീവ് വരുമാന സ്രോതസ്സുകളായി പരിഗണിക്കുന്നവയാണ്. ഏതെങ്കിലും മേഖലയിൽ വൈദഗ്ധ്യം ഉള്ള വ്യക്തികൾക്ക് അവരുടെ കഴിവുകൾ ക്രിയാത്മകമായ രീതിയിൽ ഉപയോഗിച്ച്കൊണ്ടും പാസീവ് വരുമാന സ്രോതസ്സുകൾ സൃഷ്ടിച്ചെടുക്കുവാൻ സാധിക്കുന്നതാണ്.

ഒരു പുസ്തകം എഴുതുന്ന വ്യക്തിക്ക് റോയൽറ്റി ഇനത്തിലും, ബ്ലോഗ്, വ്ലോഗ് എന്നിവ തയ്യാറാക്കുവാൻ സാധിക്കുന്ന വ്യക്തികൾക്ക് അതിൽ നിന്നുള്ള പരസ്യ വരുമാനം എന്ന രീതിയിലും പാസീവായ വരുമാനം നേടുവാൻ കഴിയുന്നതാണ്. മേൽപ്പറഞ്ഞ തരത്തിലുള്ള മികച്ച വരുമാനസ്രോതസ്സുകൾ സൃഷ്ടിച്ചെടുത്താൽ മാത്രമേ സാമ്പത്തികമായ പുരോഗതി കൈവരിക്കുവാൻ സാധിക്കുകയുള്ളൂ.

ഈ കഥയിൽ ആന്റണിയെ പോലെ നേരിട്ട് അധ്വാനിക്കാതെ തന്നെ പണം ലഭിക്കുന്ന സാധ്യതകൾ കണ്ടെത്തേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഏത് സമയത്താണ് ഒരു വ്യക്തിക്ക് ജോലിയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം മറ്റു വരുമാന സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്നത് ആ സമയത്ത് ആ വ്യക്തിക്ക് ജോലിയിൽ നിന്ന് റിട്ടയർ ചെയ്യാൻ സാധിക്കുന്നു.

കഠിനമായ അധ്വാന ഭാരത്തിൽ നിന്നും വളരെ നേരത്തെയുള്ള റിട്ടയർമെന്റും, സുഖകരമായ ജീവിതവും ആണ് പാസീവ് വരുമാനസ്രോതസ്സുകളുടെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ തോമസിന്റേത് പോലെയാണ് ജീവിതം മുന്നോട്ടു പോകുന്നതെങ്കിൽ ജീവിക്കാനായി ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്യേണ്ട അവസ്ഥയാണ് സംജാതമാകുന്നത്.

ആക്ടീവ് വരുമാന സ്രോതസ്സുകളെ മാത്രം ആശ്രയിക്കുന്ന മനോഭാവത്തിൽ നിന്ന് പുറത്തു കടക്കുകയും കൃത്യമായ നീക്കിയിരിപ്പുകൾ സൃഷ്ടിച്ച് പാസീവ് വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുവാനായി പ്രായോഗികമായ ഒരു പദ്ധതി ആവിഷ്കരിക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. വളരെ തുച്ഛമായ പാസീവ് വരുമാന മാർഗ്ഗമാണ് സൃഷ്ടിക്കുന്നതെങ്കിൽ പോലും തുടർച്ചയായി ആ വരുമാനം ലഭിക്കുമ്പോൾ നീണ്ട കാലയളവിൽ മികച്ച നേട്ടം നേടുവാനായി സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സമ്പത്ത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ നിങ്ങളുടെ പങ്കാളിയോട് ചോദിച്ചിരിക്കേണ്ട 20 ചോദ്യങ്ങൾ

ജീവിതത്തിൽ പണത്തിന് വലിയ പങ്കാണുള്ളത് എന്ന വാസ്തവം നമുക്കെല്ലാവർക്കും അറിയാം. നിങ്ങളും നിങ്ങളുടെ ജീവിതപങ്കാളിയും തമ്മിൽ…

ദീർഘകാലാടിസ്ഥാനത്തിലുള്ള നിക്ഷേപത്തിന് അനുയോജ്യമായ പോർട്ട്ഫോളിയോ സൃഷ്ടിക്കേണ്ടത് എങ്ങനെയാണ്

സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നത് ഏതൊരു നിക്ഷേപകൻ്റെയും ഏറ്റവും വലിയ ആഗ്രഹമാണ്. ദീർഘമായ കാലയളവിലേക്ക് നിക്ഷേപം…

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന 5 രഹസ്യങ്ങൾ

എന്താണ് സാമ്പത്തിക സ്വാതന്ത്ര്യം. സ്വന്തം സാമ്പത്തിക നിലയെ കുറിച്ച് വ്യാകുലപ്പെടാതെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ ഒരു വ്യക്തിയെ…

നിങ്ങളേയും നിങ്ങളുടെ സമ്പാദ്യങ്ങളേയും പണപ്പെരുപ്പത്തിന്റെ സ്വാധീനത്തിൽ നിന്ന് സംരക്ഷിക്കാം

മാറ്റങ്ങളുടെ ഈ ലോകത്ത് നിക്ഷേപകർ ഏറ്റവുമധികം ആകുലപ്പെടുന്നത് പണപ്പെരുപ്പം എന്ന സാമ്പത്തിക പ്രതിഭാസത്തിനെ കുറിച്ചാണ്. ഭാഗ്യവച്ചാൽ…