നിങ്ങളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കുന്നതിനാൽ തന്നെ കടമെടുത്ത പണം തിരച്ചടയ്ക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കടങ്ങൾ അടച്ചുതീർക്കുന്നതു വഴി നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാനായി കൂടുതൽ പണം ലഭിക്കുന്നു എന്നതാണ് വാസ്തവം. കടങ്ങൾ കൈകാര്യം ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും ചില തന്ത്രങ്ങൾക്കനുസരിച്ച് ആത്മാർത്ഥമായി പ്രവർത്തിച്ചാൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ കടങ്ങൾ വീട്ടുവാൻ സാധിക്കുന്നതാണ്. കടങ്ങൾ വീട്ടുവാൻ സഹായകരമാകുന്ന രണ്ട് തന്ത്രങ്ങളായ അവലാഞ്ച് മെത്തേഡും, സ്നോബോൾ മെത്തേഡുമാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
അവലാഞ്ച് മെത്തേഡ്
ഈ രീതി അനുസരിച്ച് നിങ്ങളുടെ കടങ്ങളിൽ ഏറ്റവുമധികം പലിശ നിരക്ക് ചുമത്തപ്പെടുന്ന കടങ്ങളാണ് ആദ്യം ഒഴിവാക്കേണ്ടത്. പലിശയിനത്തിൽ നൽകേണ്ടിവരുന്ന തുകയിൽ കുറവ് വരുന്നതിനാൽ ദീർഘകാലാടിസ്ഥാനത്തിൽ കാര്യമായി പണം ലാഭിക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നു.
വളരെ മികച്ച രീതിയിൽ കടങ്ങൾ കൈകാര്യം ചെയ്യാൻ അവലാഞ്ച് മെത്തേഡ് സഹായിക്കുന്നു. ക്ഷമയോടെ ഈ രീതിയിൽ കടങ്ങൾ തിരിച്ചടച്ചുകൊണ്ട് മുന്നോട്ടു പോകുവാനായാൽ സാവധാനമാണെങ്കിലും പ്രകടമായ മാറ്റങ്ങൾ നിങ്ങൾക്ക് കാണുവാൻ കഴിയും.
സ്നോബോൾ മെത്തേഡ്
ഇവിടെ പലിശ നിരക്ക് പരിഗണിക്കാതെ ഏറ്റവും കുറവ് തുക തിരിച്ചടയ്ക്കേണ്ടി വരുന്ന കടങ്ങളാണ് ആദ്യം അടച്ചു തീർക്കുന്നത്. കടങ്ങൾ ഓരോന്നായി ഒഴിവാക്കുന്നത് വഴി ലഭിക്കുന്ന ആത്മവിശ്വാസം വ്യക്തികൾക്ക് വലിയ കടങ്ങൾ വീട്ടുവാനുള്ള പ്രേരണ നൽകുന്നു.

ഒരു കുന്നിൻ മുകളിൽ നിന്ന് മഞ്ഞുകട്ട ഉരുണ്ട് താഴെ വരുന്നതു പോലെയാണ് ഈ രീതി പ്രവർത്തിക്കുന്നത്. അതായത് ആദ്യം ചെറിയ കടങ്ങൾ പൂർണ്ണമായി ഒഴിവാക്കിക്കൊണ്ട് വലിയ ബാധ്യതകൾ ഓരോന്നായി ഒഴിവാക്കുന്നതിലേക്ക് നാം എത്തിച്ചേരുന്നു.
അവലാഞ്ച് മെത്തേഡുമായി താരതമ്യം ചെയ്യുമ്പോൾ സ്നോബോൾ മെത്തേഡിൽ പലിശയിനത്തിൽ കൂടുതൽ തുക നൽകേണ്ടി വരാറുണ്ട്. പക്ഷേ കടങ്ങൾ ഓരോന്നായി വീട്ടുവാനുള്ള ആത്മവിശ്വാസം വ്യക്തികൾക്ക് നൽകുവാൻ ഈ രീതി ഉപകാരപ്രദമാണ്. കടങ്ങൾ ഓരോന്നായി വീട്ടുമ്പോൾ ആത്മസംതൃപ്തി ലഭിക്കുന്നതിനോടൊപ്പം തന്നെ വലിയ ബാധ്യതകൾ വീട്ടുവാനായി പരിശ്രമിക്കുവാനുള്ള പ്രചോദനവും സ്നോബോൾ മെത്തേഡിലൂടെ ലഭ്യമാകുന്നു.
കടം വീട്ടുവാൻ നിങ്ങൾക്ക് അനുയോജ്യമായ രീതി എങ്ങനെ തിരഞ്ഞെടുക്കാം
നിങ്ങളുടെ സാമ്പത്തിക സ്ഥിതി
നിങ്ങൾക്ക് എത്രത്തോളം വരുമാനമുണ്ടെന്നും, നിങ്ങളുടെ വരുമാനം എങ്ങനെയാണ് ചെലവാക്കേണ്ടതെന്നും, നിങ്ങളുടെ കടങ്ങൾ എത്രയാണെന്നും മനസ്സിലാക്കുക. നിങ്ങൾക്ക് ഏതെല്ലാം മാർഗങ്ങളിലൂടെ പണം ലഭിക്കുന്നു എന്നും എങ്ങനെയെല്ലാമാണ് ആ പണം ചെലവാക്കപ്പെടുന്നതെന്നും കണ്ടെത്തിയാൽ മാത്രമേ നിങ്ങൾക്ക് പണം കൃത്യമായി കൈകാര്യം ചെയ്യുവാൻ കഴിയുകയുള്ളൂ.

ചെലവുകൾ കൃത്യമായി രേഖപ്പെടുത്തിയ ശേഷം എവിടെയെല്ലാമാണ് ചെലവുകൾ ചുരുക്കുവാനുള്ള അവസരങ്ങൾ ഉള്ളതെന്ന് കണ്ടെത്തുക. കൃത്യമായി കണക്കുകൾ മനസ്സിലാക്കുന്നതിലൂടെ ഓരോ മാസവും നിങ്ങൾക്ക് മാറ്റിവയ്ക്കാനാകുന്ന തുക കണ്ടെത്തുവാൻ കഴിയും. ബാധ്യതകൾ ഒഴിവാക്കുവാനായി എത്രത്തോളം തുക മാറ്റിവയ്ക്കുവാൻ സാധിക്കുന്നു എന്നതിനനുസരിച്ച് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ച് കടങ്ങൾ വീട്ടുവാനായി പ്രവർത്തിക്കുക.
മനഃശാസ്ത്രപരമായ ഘടകങ്ങൾ
പണം ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യേണ്ടത് എന്തെല്ലാമാണെന്നും, പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ എന്നും വിലയിരുത്തുക. മുൻകാലങ്ങളിൽ പണമിടപാടുകൾ എങ്ങനെയാണ് നിങ്ങൾ കൈകാര്യം ചെയ്തതെന്നും നിങ്ങൾക്ക് എത്രത്തോളം റിസ്ക്കെടുക്കുവാനുള്ള ശേഷിയുണ്ടെന്നും കണ്ടെത്തുക.
നിങ്ങൾക്ക് പണം നീക്കിയിരിപ്പായി മാറ്റിവയ്ക്കുവാൻ സാധിക്കാറുണ്ടോ, അതോ കൈവശമുള്ള പണമെല്ലാം നിങ്ങളുടെ കയ്യിൽ നിന്ന് ചെലവായി പോകുന്നുണ്ടോ. മേൽപ്പറഞ്ഞ കാര്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തുക വഴി പണമിടപാടുകളിൽ നിങ്ങളുടെ സമീപനം എങ്ങനെയാണെന്ന് കണ്ടെത്തുവാൻ സാധിക്കും.
പലിശ നിരക്ക്

അവലാഞ്ച് മെത്തേഡിലൂടെ കടങ്ങൾ ഒഴിവാക്കുമ്പോൾ നൽകേണ്ടിവരുന്ന പലിശ തുക താരതമ്യേന കുറവായിരിക്കും. ഉയർന്ന പലിശ നൽകേണ്ടി വരുന്ന കടങ്ങൾ ഒഴിവാക്കുന്നതിന് പ്രഥമ പരിഗണന നൽകുക. ഇങ്ങനെ ദീർഘകാല അടിസ്ഥാനത്തിൽ പലിശ നിരക്കിൽ വരുന്ന ചെറിയ വ്യത്യാസം പോലും നിങ്ങൾക്ക് വലിയ ലാഭമാണ് നൽകുന്നത്.
വ്യക്തികളുടെ സ്വഭാവസവിശേഷത
നിങ്ങൾ ചെറിയ നേട്ടങ്ങളിൽ പോലും പ്രചോദിതരാകുന്ന വ്യക്തിയാണെങ്കിൽ കടങ്ങൾ ഒഴിവാക്കുവാനായി സ്നോബോൾ മെത്തേഡ് പിന്തുടരുന്നതാണ് ഏറ്റവും അനുയോജ്യം. ചെറിയ കടങ്ങൾക്ക് മുൻഗണന നൽകി അവ എത്രയും വേഗം അടച്ചു തീർക്കുവാൻ ശ്രമിക്കുക. കടങ്ങൾ ഓരോന്നായി വീട്ടുന്നതിൽ പുരോഗതി കൈവരിക്കുമ്പോൾ വർദ്ധിച്ച ആത്മവിശ്വാസത്തോടെ മുന്നേറുവാൻ നിങ്ങൾക്ക് സാധിക്കും.
സംഗ്രഹം
സ്നോബോൾ മെത്തേഡിനെ കുറിച്ചും അവലാഞ്ച് മെത്തേഡിനെ കുറിച്ചും വ്യക്തമായ ധാരണ നേടിയതിനു ശേഷം മാത്രം അനുയോജ്യമായ രീതി തിരഞ്ഞെടുക്കുക. നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതി തന്നെ തിരഞ്ഞെടുക്കുവാൻ കഴിയണം. ലക്ഷ്യങ്ങളെ മുൻനിർത്തി പ്രവർത്തിക്കുമ്പോൾ തന്നെ പുതിയ കടങ്ങൾ വരുത്തി വയ്ക്കാതിരിക്കുവാൻ ശ്രദ്ധിക്കണം. സാവധാനമാണെങ്കിലും കടങ്ങളെല്ലാം ഒഴിവാക്കി സാമ്പത്തിക അഭിവൃദ്ധിയിലേക്ക് എത്തുവാൻ നിങ്ങൾക്ക് കഴിയും.