2018 ൽ ആർ ബി ഐയുടെ നിർദ്ദേശ പ്രകാരമാണ് പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഇന്ത്യ പോസ്റ്റ് പെയ്മെന്റ്സ് ബാങ്ക് അഥവാ ഐ പി പി ബി ആരംഭിക്കുന്നത്. തുടക്കകാലത്ത് വളരെ കുറച്ച് സേവനങ്ങൾ മാത്രം നൽകിയിരുന്ന ഐ പി പി ബി ഇന്ന് ഏറെക്കുറെ മറ്റു ബാങ്കുകൾ നൽകി വരുന്ന സേവനങ്ങൾ എല്ലാം തന്നെ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
ഐ പി പി ബിയുടെ കടന്നു വരവിന് ശേഷം ഓരോ പോസ്റ്റ് ഓഫീസിനും ഒരു ബാങ്ക് എന്ന നിലയിൽ കൂടി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ തന്നെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ പോലും ബാങ്കിംഗ് ഇടപാടുകൾ അനായാസമായി നടത്തുവാൻ സാധാരണക്കാർക്ക് സാധിക്കുന്നു. ഐ പി പി ബിയെ ജനപ്രിയമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത എന്നത് ഐ പി പി ബി മുഖേന ഒട്ടുമിക്ക എല്ലാ ബാങ്കിംഗ് സേവനങ്ങളും വീടുകളിലേക്ക് എത്തിക്കുവാൻ നമ്മുടെ പോസ്റ്റുമാന് സാധിക്കുന്നു എന്നതാണ്.
ഉദാഹരണത്തിന് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് ബാങ്കുകളേയും, എ ടി എംമിനേയും ആശ്രയിക്കാതെ പോസ്റ്റുമാന്റെ സഹായത്തോടു കൂടി സ്വന്തം വീടുകളിൽ തന്നെ പണം ലഭ്യമാക്കുവാനുള്ള അവസരം ഐ പി പി ബി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഇത്തരത്തിൽ ന്യൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പലതരം ബാങ്കിംഗ് സേവനങ്ങൾ ലളിതമായ രീതിയിൽ സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഐ പി പി ബിക്ക് സാധിക്കുന്നു.

പോസ്റ്റ് ഓഫീസുകളിലൂടെ ആണ് ഐ പി പി ബി സേവനങ്ങൾ ലഭ്യമാകുന്നതെങ്കിലും ഐ പി പി ബി എന്നത് സ്വതന്ത്രമായ ഒരു ബാങ്കിംഗ് സംവിധാനമാണ്. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് കാലങ്ങളായി നേരിട്ട് നൽകുന്ന സാമ്പത്തിക സേവനങ്ങളായ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, റെക്കറിംഗ് ഡെപ്പോസിറ്റ്, സ്ഥിര നിക്ഷേപ പദ്ധതികൾ മുതലായ സേവനങ്ങൾ ഐ പി പി ബിയുമായി നേരിട്ട് ബന്ധമില്ലാത്തവയാണ്.
എന്നാൽ ഐ പി പി ബി അക്കൗണ്ടുള്ള ഒരു വ്യക്തിക്ക് തന്റെ പോസ്റ്റ് ഓഫീസ് സേവിഗംസ് ബാങ്ക് അക്കൗണ്ടും, മറ്റ് പോസ്റ്റ് ഓഫീസ് സേവനങ്ങളും തന്റെ ഐ പി പി ബി അക്കൗണ്ടുമായി ബന്ധിപ്പിച്ചാൽ ഐ പി പി ബി മൊബൈൽ ആപ്ലിക്കേഷൻ മുഖേന പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട എല്ലാത്തരം പണമിടപാടുകളും അനായാസേന നടത്തുവാനുള്ള സൗകര്യം ലഭ്യമാണ്.
സ്മാർട്ട് ഫോൺ ഉപഭോക്താക്കളായ സാങ്കേതിക പരിജ്ഞാനമുള്ള വ്യക്തികൾക്ക് മൊബൈൽ ആപ്ലിക്കേഷൻ വഴി ഐ പി പി ബി അക്കൗണ്ട് കൈകാര്യം ചെയ്യുവാൻ സാധിക്കുമ്പോൾ, സ്മാർട്ട്ഫോൺ ഉപഭോക്താക്കൾ അല്ലാത്തവർക്കും പ്രായമായവർക്കും പോസ്റ്റ് ഓഫീസുകളിലൂടെയും പോസ്റ്റുമാന്റെ സഹായത്തോടുകൂടിയും വളരെ എളുപ്പത്തിൽ ഐ പി പി ബിയിലൂടെ ഇടപാടുകൾ നടത്താൻ സാധിക്കുന്നു.

ഐ പി പി ബി ആരംഭിച്ച കാലം മുതൽ യു പി ഐ സേവനങ്ങൾ ലഭ്യമായിരുന്നെങ്കിലും പണമിടപാടുകൾ നടത്തുവാൻ പല തരത്തിലുള്ള പരിമിതികളും ഉണ്ടായിരുന്നു. എന്നാൽ ആ പരിമിതികളെയെല്ലാം മറികടന്നു കൊണ്ട് വെർച്വൽ ഡെബിറ്റ് കാർഡ്, ആധാർ എനേബിൾഡ് പെയ്മെന്റ് സിസ്റ്റം അല്ലെങ്കിൽ എ ഇ പി എസ് തുടങ്ങി ഫലപ്രദമായ ചില സംവിധാനങ്ങൾ അവതരിപ്പിക്കാൻ ഐ പി പി ബിക്ക് സാധിച്ചിട്ടുണ്ട്.
എ ഇ പി എസ്
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി പലതരത്തിലുള്ള ന്യൂതനമായ പെയ്മെന്റ് സംവിധാനങ്ങൾ ഇന്ത്യയിൽ നിലവിൽ വന്നിട്ടുണ്ട്. ആദ്യകാലത്ത് നെഫ്റ്റ്, ആർ ടി ജി എസ് പോലുള്ള പെയ്മെന്റ് സംവിധാനങ്ങളായിരുന്നു വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നത്. സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്കൊപ്പം പലതരത്തിലുള്ള പെയ്മെന്റ് സംവിധാനങ്ങൾ നിലവിൽ വന്നുവെങ്കിലും ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് യു പി ഐ പെയ്മെന്റ് സംവിധാനമാണ്. യു പി ഐ പോലെ തന്നെ സാധാരണക്കാർക്ക് ഉപയോഗപ്രദമാകുന്ന ഒരു പുതിയ പെയ്മെന്റ് സംവിധാനമാണ് എ ഇ പി എസ്.
ആധാർ കാർഡുമായി ലിങ്ക് ചെയ്ത ഏതൊരു ബാങ്ക് അക്കൗണ്ടിൽ നിന്നും ബയോമെട്രിക് വെരിഫിക്കേഷനിലൂടെ പണം പിൻവലിക്കാൻ സാധിക്കുന്ന സംവിധാനമാണ് എ ഇ പി എസ്. സാധാരണഗതിയിൽ പണം പിൻവലിക്കുവാൻ ഉപയോഗിക്കുന്ന എ ടി എമ്മിന് പകരമായി നിങ്ങളുടെ വീട്ടിൽ എത്തുന്ന പോസ്റ്റുമാൻ ആധാർ ഉപയോഗിച്ച് ബയോമെട്രിക് വെരിഫിക്കേഷൻ നടത്തി അക്കൗണ്ട് ഉടമയ്ക്ക് പണം കൈമാറുന്ന രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്.
പ്രായമായ വ്യക്തികൾക്കും, എ ടി എം ഉപയോഗിക്കുവാൻ അറിയാത്തവർക്കും, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും തങ്ങളുടെ വീട്ടിൽ നിന്ന് തന്നെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുവാൻ സാധിക്കുന്ന എ ഇ പി എസ് സംവിധാനം ഐ പി പി ബിയിലൂടെ സാധ്യമായ വിപ്ലവകരമായ ചുവടുവെപ്പ് തന്നെയാണ്. മറ്റ് ബാങ്ക് അക്കൗണ്ടുകൾക്ക് പകരം ഐ പി പി ബി സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് പോസ്റ്റുമാൻ മുഖേന ഓ ടി പി സംവിധാനത്തിലൂടെ വളരെ എളുപ്പത്തിൽ പണം പിൻവലിക്കുവാനുള്ള മാർഗ്ഗവും ഐ പി പി ബി മുന്നോട്ട് വയ്ക്കുന്നു.
വെർച്വൽ ഡെബിറ്റ് കാർഡ്
ഐ പി പി ബി അക്കൗണ്ട് ഉടമകൾക്ക് സാധാരണ ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമായത് പോലെ ഡെബിറ്റ് കാർഡുകൾ ലഭിക്കുകയില്ല. എന്നാൽ സാധാരണ ഡെബിറ്റ് കാർഡുകൾ പോലെ തന്നെ ഓൺലൈൻ പണം ഇടപാടുകൾക്ക് ഉപയോഗിക്കുവാൻ കഴിയുന്ന രീതിയിൽ ഒരു വെർച്വൽ ഡെബിറ്റ് കാർഡ് ഐ പി പി ബി മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുണ്ട്.

സാധാരണ ഡെബിറ്റ് കാർഡിൽ കാണാറുള്ളത് പോലെ 16 അക്ക ഡെബിറ്റ് കാർഡ് നമ്പർ, സി വി വി, എക്സ്പെയറി ഡേറ്റ്, എന്നിവ ഐ പി പി ബി വെർച്വൽ ഡെബിറ്റ് കാർഡിലും ലഭ്യമാണ്. പി ഒ എസ് ഇടപാടുകളും, പണം പിൻവലിക്കുന്നതും ഈ ഡെബിറ്റ് കാർഡിലൂടെ സാധ്യമല്ലെങ്കിലും ഇ കോമേഴ്സ് വെബ്സൈറ്റുകളിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഈ ഡെബിറ്റ് കാർഡ് സാധാരണ നിലയിൽ ഉപയോഗിക്കാവുന്നതാണ്.
ഐ പി പി ബി അക്കൗണ്ട് എങ്ങനെ തുടങ്ങാം
നിങ്ങളുടെ അടുത്തുള്ള പോസ്റ്റോഫീസിലൂടെയോ നിങ്ങളുടെ പോസ്റ്റുമാനെയോ സമീപിച്ചാൽ നിങ്ങൾക്ക് ഐ പി പി ബി അക്കൗണ്ട് ആരംഭിക്കുവാൻ സാധിക്കും. ഐ പി പി ബി അക്കൗണ്ട് ആരംഭിക്കുവാനായി ആധാർ കാർഡും, മൊബൈൽ നമ്പറും നിർബന്ധമായും ആവശ്യമുണ്ട്. പാൻ കാർഡ് ഉള്ളവർ പാൻ നമ്പറും ഐ പി പി ബി അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടതാണ്. മേൽപ്പറഞ്ഞ രീതിയിൽ ഐ പി പി ബി അക്കൗണ്ട് ആരംഭിക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആധാർ ഉപയോഗിച്ച് ബയോമെട്രിക്ക് വേരിഫിക്കേഷൻ നടത്തുന്നതാണ്.
മേൽപ്പറഞ്ഞ രീതിയിൽ അക്കൗണ്ട് ഓപ്പൺ ആക്കിയശേഷം ലഭിക്കുന്ന അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇപ്രകാരമല്ലാതെ മൊബൈൽ നമ്പറും ആധാറുമായി ലിങ്ക് ചെയ്തവർക്ക് പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് സ്വന്തം നിലയിൽ ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുവാൻ സാധിക്കുന്നതാണ്. ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ട് റെഗുലർ സേവിംഗ്സ് അക്കൗണ്ട് ആക്കണമെങ്കിൽ ഒരു വർഷത്തിനുള്ളിൽ പോസ്റ്റ് ഓഫീസ് വഴിയോ പോസ്റ്റുമാൻ വഴിയോ കെ വൈ സി ചെയ്യുന്നതിലൂടെ സാധിക്കും.
പോസ്റ്റോഫീസ് എന്നത് സാധാരണക്കാരായ വ്യക്തികൾ അവരുടെ നീക്കിയിരിപ്പുകൾ സുരക്ഷിതമായി നിക്ഷേപിക്കുന്ന ഉയർന്ന വിശ്വാസ്വതയുള്ള ഒരു സ്ഥാപനമാണ്. എ ഇ പി എസ് പോലെ സാങ്കേതിക വിദ്യയുടെ സഹായത്താൽ സാധാരണക്കാർക്ക് ഉപയോഗപ്രദമാകുന്ന പണമിടപാട് രീതികൾ ഇന്ത്യ പോസ്റ്റ് ഓഫീസ് പെയ്മെന്റ് ബാങ്കിനെ കൂടുതൽ ജനകീയമാക്കുന്നു.