സാമ്പത്തിക ലോകത്ത് കടങ്ങളെ പൊതുവായി നല്ല കടങ്ങളെന്നും മോശം കടങ്ങളെന്നും വേർതിരിക്കാറുണ്ട്. ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിരതയും ആ വ്യക്തിയുടെ കടങ്ങളും തമ്മിൽ വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു.
നല്ല കടങ്ങൾ, മോശം കടങ്ങൾ എന്നിങ്ങനെ കടങ്ങളെ വേർതിരിക്കുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.
നല്ല കടങ്ങൾ
ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ നാം തിരിച്ചു നൽകാൻ ബാധ്യതപ്പെട്ടിരിക്കുന്ന പണത്തിനെയാണ് കടം എന്ന് പറയുന്നത്.
ഏതൊരു കാര്യത്തിന്റെ മൂല്യ വർദ്ധനവിനോ അല്ലെങ്കിൽ വരുമാനം സൃഷ്ടിക്കുന്നതിനോ കടം വാങ്ങുന്ന പണത്തെ നല്ല കടമെന്ന് വിളിക്കാനാകും. ലോൺ ഉപയോഗിച്ച് ഒരു ബിസിനസ്സ് ആരംഭിക്കുക, വിദ്യാഭ്യാസ ലോണിന്റെ സഹായത്തോടെ വിദ്യാഭ്യാസം നേടുക തുടങ്ങിയവയാണ് നല്ല കടത്തിന്റെ ഉദാഹരണങ്ങൾ.
ഇത്തരം കടങ്ങൾ ദീർഘകാല അടിസ്ഥാനത്തിൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടം നൽകുന്നവയാണ്. അതിനാൽ തന്നെ ഇവ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ഗുണപരമായാണ് സ്വാധീനിക്കുന്നത്.

നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ നല്ല കടകൾ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. തന്ത്രപരമായി കടങ്ങളെ ഉപയോഗപ്പെടുത്തുക വഴി അത്യാവശ്യ ഘട്ടങ്ങളിൽ വാങ്ങലുകൾ നടത്തുവാനും മുൻകൂട്ടി കാണാനാകാത്ത സാഹചര്യങ്ങൾക്കായി പണം ഉപയോഗിക്കുവാനും സാധിക്കുന്നു.
കൃത്യമായ ആസൂത്രണത്തോടെ ഉത്തരവാദിത്വപൂർവ്വം കടങ്ങളെ സമീപിക്കുകയാണെങ്കിൽ നല്ല കടങ്ങളെ മികച്ച സാമ്പത്തിക ഉപകരണങ്ങളായി ഉപയോഗിക്കുവാൻ സാധിക്കും.
മോശം കടങ്ങൾ
അത്യാവശ്യമല്ലാത്ത വസ്തുവകകൾ സ്വന്തമാക്കുന്നതിനും പാഴ്ചെലവുകൾക്കുമായി കടം വാങ്ങുന്നതിനെയാണ് മോശം കടങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഇത്തരം കടങ്ങൾ ഒരു രീതിയിലും സഹായിക്കുന്നില്ല എന്നതാണ് വസ്തുത.
മോശം കടങ്ങൾ തിരിച്ചറിയുക എന്നത് വളരെ ലളിതമായ കാര്യമാണ്. മോശം കടത്തിലൂടെ നാം സ്വന്തമാക്കുന്ന ഒരു വസ്തുവിന്റെ മൂല്യം ആ വസ്തുവിനെ നാം സ്വന്തമാക്കുന്ന മാത്രയിൽ തന്നെ കുറയുകയാണ് ചെയ്യുന്നത്. അത്യാവശ്യമല്ലാത്ത സാധനങ്ങൾ സ്വന്തമാക്കുവാനായി ഉയർന്ന പലിശ നൽകി ക്രെഡിറ്റ് കാർഡ് മുഖേന ലോൺ എടുക്കുന്നത് ഇതിന് ഉദാഹരണമാണ്.

ഒരു തരത്തിലുമുള്ള നേട്ടം നൽകുന്നില്ല എന്ന് മാത്രമല്ല അനാവശ്യമായി വരുത്തിവെക്കുന്ന ഇത്തരം കടങ്ങൾക്കായി ഉയർന്ന പലിശയാണ് നൽകേണ്ടി വരുന്നത്. നിങ്ങളുടെ സാമ്പത്തിക ആരോഗ്യം നിലനിർത്തുന്നതിന് ഇത്തരം കടങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
മോശം കടങ്ങൾ ഒഴിവാക്കുന്നത് എങ്ങനെയാണ്
അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുക
നമ്മൾ ഒരു സാധനം വാങ്ങിക്കുവാൻ ആഗ്രഹിക്കുന്ന സമയത്ത് ആ വസ്തു നമുക്ക് അത്യാവശ്യമാണോ എന്ന് ഒരിക്കൽ കൂടി ചിന്തിച്ച് ഉറപ്പുവരുത്തുവാൻ ശ്രമിക്കുക. നിങ്ങൾ പണം നൽകി സ്വന്തമാക്കുന്ന വസ്തുവിന്റെ മൂല്യം എല്ലാക്കാലത്തും നിലനിൽക്കുന്നതാണോ അല്ലെങ്കിൽ പൊടുന്നനെയുണ്ടാകുന്ന ഒരു ആഗ്രഹത്തിന് വേണ്ടി മാത്രമാണോ നിങ്ങൾ പണം ചെലവഴിക്കുന്നത് എന്ന് വിലയിരുത്തുവാൻ തയ്യാറാവുക.
എമർജൻസി ഫണ്ട് സൃഷ്ടിക്കുക

അപ്രതീക്ഷിതമായി വരുന്ന ചെലവുകൾക്ക് പണം കണ്ടെത്തുവാനായി എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നത് ബുദ്ധിപരമായ നീക്കമാണ്. സ്വന്തമായി എമർജൻസി ഫണ്ട് ഉള്ള വ്യക്തികൾക്ക് പെട്ടെന്നുണ്ടാകുന്ന കാര്യങ്ങൾക്കായി പണം കണ്ടെത്തുവാൻ ക്രെഡിറ്റ് കാർഡുകളെയോ ലോണുകളെയോ ആശ്രയിക്കേണ്ട ആവശ്യമില്ല.
സാമ്പത്തിക അച്ചടക്കം പാലിക്കുക
സാമ്പത്തിക അച്ചടക്കം പാലിക്കുവാൻ തയ്യാറാവുക. നിലവിലുള്ള കടങ്ങൾ വീട്ടുന്നതിനോടൊപ്പം തന്നെ അനാവശ്യമായി സാധനങ്ങൾ വാങ്ങി കൂട്ടുന്ന ശീലങ്ങൾ ഒഴിവാക്കുക.
എല്ലാത്തരം കടങ്ങളും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുവാൻ നമുക്ക് സാധിക്കണം. ഏതൊരു കാര്യത്തിനു വേണ്ടിയായാലും കടമെടുക്കുന്നതിന് മുന്നോടിയായി ഒരു വ്യക്തി തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ബോധവാനായിരിക്കണം. സാമ്പത്തിക സ്ഥിരതയുള്ള ഒരു ജീവിതം നയിക്കണമെങ്കിൽ മോശം കടങ്ങളെയും നല്ല കടങ്ങളെയും വേർതിരിച്ചറിയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.