ഡിവിഡന്റ് വരുമാനത്തിനുവേണ്ടി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് സ്ഥിരവരുമാനം ആഗ്രഹിക്കുന്ന വ്യക്തികളെ സംബന്ധിച്ച് മികച്ച തീരുമാനമാണ്. നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ചുകൊണ്ട് ഇത്തരം മ്യൂച്വൽ ഫണ്ടുകൾ ഡിവിഡൻ്റ് നൽകുന്ന ഓഹരികളിൽ നിക്ഷേപം നടത്തുകയാണ് ചെയ്യുന്നത്.
ഇത്തരം മ്യൂച്വൽ ഫണ്ടുകളുടെ ഗുണങ്ങൾ എന്തെല്ലാമാണെന്നും ഇവയിൽ നിക്ഷേപം നടത്തുമ്പോൾ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അറിയാം.
ഡിവിഡന്റ് നൽകുന്ന മ്യൂച്വൽ ഫണ്ടുകളുടെ ഗുണങ്ങൾ എന്തെല്ലാമാണ്
ഡിവിഡന്റ് നൽകുന്ന മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് തുടർച്ചയായി വരുമാനം ലഭിക്കുവാനുള്ള അവസരമുണ്ട്. തുടർച്ചയായി വരുമാനം ലഭിക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ നിക്ഷേപത്തിന് വളരുവാനുള്ള അവസരവും ലഭിക്കുന്നു.
സ്ഥിരതയുള്ള വരുമാനം ആഗ്രഹിക്കുന്നവർക്ക് പ്രത്യേകിച്ച് റിട്ടയർമെൻ്റ് ജീവിതം നയിക്കുന്നവർക്ക് മികച്ച അവസരമാണ് ഡിവിഡൻ്റ് മ്യൂച്വൽ ഫണ്ടുകൾ.

വിപണിയിലെ സാഹചര്യങ്ങൾക്ക് ഉപരിയായി ഇത്തരം മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് ഡിവിഡൻ്റായി നിക്ഷേപകർക്ക് നേട്ടം ലഭിക്കുന്നു. കൂടാതെ ഡിവിഡന്റ് നൽകുന്ന കമ്പനികൾ താരതമ്യേന സ്ഥിരതയുള്ള പ്രകടനം നടത്തുന്നവയാണ് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ഡിവിഡന്റ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക്
ഡിവിഡന്റ് നൽകുന്ന കമ്പനികളുടെ ഓഹരിയുടെ മൂല്യത്തിൽ ഉണ്ടാകുന്ന വ്യതിയാനം താരതമ്യേന കുറവാണ്. എന്നിരുന്നാലും അവ പൂർണ്ണമായി റിസ്കില്ലാത്ത നിക്ഷേപമായി കണക്കാക്കുവാൻ സാധിക്കുകയില്ല. നിക്ഷേപിക്കുവാനുള്ള തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക് വിലയിരുത്തുവാൻ തയ്യാറാകുക.
വൈവിധ്യവൽക്കരണം
വൈവിധ്യവൽക്കരണം നിക്ഷേപവുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. സന്തുലിതമായ ഒരു നിക്ഷേപ തന്ത്രമാണ് ഇത്. വിവിധ മേഖലകളിലും ആസ്തികളിലുമായി നിക്ഷേപം വ്യാപിപ്പിക്കുമ്പോൾ നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക് കുറയ്ക്കുവാൻ സാധിക്കുന്നു. ഇതിലൂടെ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ നിന്നും സ്ഥിരതയാർന്ന നേട്ടം ലഭിക്കുവാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്.
എക്സ്പെൻസ് റേഷ്യോ
നിക്ഷേപിക്കുവാനായി മ്യൂച്വൽ ഫണ്ടുകൾ പരിഗണിക്കുമ്പോൾ നിക്ഷേപകരിൽ നിന്നും ഈടാക്കുന്ന തുകയും പരിഗണിക്കേണ്ടതായിട്ടുണ്ട്. ഈ ഫീസ് എക്സ്പെൻസ് റേഷ്യോ എന്ന നിലയിലാണ് സൂചിപ്പിക്കുന്നത്. അതായത് നാം നിക്ഷേപിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനം ഫീസ് ആയി ഈടാക്കുന്നു.

നിക്ഷേപത്തിൽ നിന്നുള്ള നേട്ടത്തെ നേരിട്ട് ബാധിക്കുന്ന ഘടകമാണ് എക്സ്പെൻസ് റേഷ്യോ എന്നത്. കുറഞ്ഞ എക്സ്പെൻസ് റേഷ്യോയുള്ള മികച്ച നേട്ടം നൽകാനാവുന്ന മ്യൂച്വൽ ഫണ്ടുകളാണ് നാം തിരഞ്ഞെടുക്കേണ്ടത്.
മുൻകാലങ്ങളിലെ പ്രകടനം
ഒരു ഫണ്ടിന്റെ മുൻകാലങ്ങളിലെ പ്രകടനം വിലയിരുത്തുക എന്നത് ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. മുൻകാലങ്ങളിലെ പ്രകടനവും, ഡിവിഡൻ്റായി നൽകിയ തുകയും, എപ്പോഴെല്ലാം ഡിവിഡന്റ് നൽകി എന്നതും പരിഗണിച്ചു വേണം നിക്ഷേപിക്കാനായി ഫണ്ട് തിരഞ്ഞെടുക്കേണ്ടത്.
ഫണ്ട് മാനേജ്മെൻ്റ്
ഫണ്ട് മാനേജർമാരുടെ പ്രവർത്തിപരിചയവും വൈദഗ്ധ്യവും ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ്. ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ഫണ്ട് മാനേജർ ആയതിനാൽ തന്നെ വളരെ സൂക്ഷ്മമായി മാനേജ്മെൻ്റ് ടീമിനെ വിലയിരുത്തേണ്ടതുണ്ട്.
വിദഗ്ധരായ ഒരുകൂട്ടം ഫണ്ട് മാനേജർമാർ ഏറ്റവും മികച്ച രീതിയിൽ ഫണ്ടിനെ ചിട്ടപ്പെടുത്തുന്നു. നിക്ഷേപകർക്ക് വേണ്ടി ഫണ്ടിന്റെ നിക്ഷേപലക്ഷ്യങ്ങളെ മുൻനിർത്തി തീരുമാനങ്ങൾ കൈക്കൊള്ളുന്നതും ഫണ്ട് മാനേജർമാരാണ്.
സ്ഥിരതയുള്ള വരുമാനം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ പരിഗണിക്കാവുന്ന നിക്ഷേപമാർഗമാണ്. എന്നിരുന്നാലും ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും സൂക്ഷ്മമായി വിലയിരുത്തിയതിനു ശേഷം മാത്രം നിക്ഷേപം നടത്തുക.