ഉടനടി പണം നൽകാതെ തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് സാധനങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു. വളരെ എളുപ്പത്തിൽ ചെലവുകൾ കൈകാര്യം ചെയ്യുവാനുള്ള അവസരമാണ് ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് നൽകുന്നത്.
റിവാർഡ് പോയിന്റുകൾ സ്വന്തമാക്കാനും, മികച്ച ക്രെഡിറ്റ് സ്കോർ നേടുവാനും, നിങ്ങൾ നടത്തിയ പണമിടപാടുകളുടെ ആധികാരികമായ തെളിവെന്ന നിലയിലും തുടങ്ങി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് കൊണ്ട് പലവിധത്തിലുള്ള ഗുണങ്ങൾ ഉപഭോക്താവിന് ലഭ്യമാകുന്നുണ്ട്. പക്ഷേ വളരെ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ പലവിധ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുവാൻ ഇടയാക്കുന്ന സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാർഡ്. ക്രെഡിറ്റ് കാർഡ് മികച്ച രീതിയിൽ ഉപയോഗിക്കുവാൻ സഹായകരമാകുന്ന 8 ടിപ്പുകളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ക്രെഡിറ്റ് കാർഡ് എന്താണെന്ന് മനസ്സിലാക്കുക
ക്രെഡിറ്റ് കാർഡ് എന്നത് അടിസ്ഥാനപരമായി ഒരു ലോൺ തന്നെയാണ്. പക്ഷേ പലരും സൗജന്യമായി ലഭിക്കുന്ന തുക എന്ന നിലയിലാണ് ക്രെഡിറ്റ് കാർഡിനെ നോക്കി കാണുന്നത്. സാധാരണ ലോൺ എടുക്കുമ്പോൾ പാലിക്കേണ്ട സങ്കീർണമായ നടപടിക്രമങ്ങൾ ഇല്ലാതെ തന്നെ ഇവിടെ ഉപഭോക്താവിന് ലോൺ ലഭ്യമാകുന്നു. ക്രെഡിറ്റ് കാർഡിലൂടെ പണം ഉപയോഗിക്കുമ്പോൾ വളരെ ഉത്തരവാദിത്വത്തോടെ പണമിടപാടുകൾ നടത്തുവാൻ ശ്രമിക്കണം.

പലിശ നിരക്ക്, ക്രെഡിറ്റ് ലിമിറ്റ്, പെയ്മെൻ്റ് നടത്തേണ്ട അവസാന തീയതി തുടങ്ങി ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും കൃത്യമായി മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
ബഡ്ജറ്റ് തയ്യാറാക്കുക
നിങ്ങൾക്ക് ലഭിക്കുന്ന പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ ഒരു ബഡ്ജറ്റ് തയ്യാറാക്കണം. ഒരു മാസം നിങ്ങൾക്ക് ലഭിക്കുന്ന ആകെ വരുമാനം എത്രയാണെന്ന് കണക്കാക്കുക.
ഒഴിവാക്കാനാകാത്ത ചെലവുകൾ, മറ്റൊരു സമയത്തേക്ക് മാറ്റിവയ്ക്കാനാകുന്ന ചെലവുകൾ, നീക്കിയിരിപ്പുകൾ എന്നിങ്ങനെ മൂന്ന് രീതിയിൽ നിങ്ങൾക്ക് ലഭ്യമാകുന്ന വരുമാനം വേർതിരിച്ച് ചെലവഴിക്കുക. വരവുചെലവുകൾ കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ പാഴ്ച്ചെലവുകൾ ഒഴിവാക്കുവാനും ക്രെഡിറ്റ് കാർഡ് ബില്ല് കൃത്യസമയത്ത് അടയ്ക്കുവാനും സാധിക്കുകയുള്ളൂ.
ഏറ്റവും അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക
നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളുമായി ഒത്തുപോകുന്ന കാർഡായിരിക്കണം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. പലിശ നിരക്ക്, വാർഷിക ഫീസ്, ക്രെഡിറ്റ് ലിമിറ്റ്, റിവാർഡ് പോയിന്റ്സ് തുടങ്ങിയ ഘടകങ്ങൾ കാർഡ് തിരഞ്ഞെടുക്കാനായി പരിഗണിക്കേണ്ടതാണ്. നിങ്ങളുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ട് പരമാവധി നേട്ടം ലഭിക്കുന്ന ക്രെഡിറ്റ് കാർഡ് വിപണിയിൽ നിന്നും കണ്ടെത്തുക.
കൃത്യമായി ബില്ലടക്കുക

റിമൈൻഡറുകളുടെ സഹായത്തോടുകൂടിയോ ഓട്ടോമാറ്റിക് പെയ്മെൻ്റ് സംവിധാനത്തിലൂടെയോ കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് ബില്ല് തിരിച്ചടയ്ക്കുക. കൃത്യമായി ബില്ലടയ്ക്കുന്നതിലൂടെ ലെയ്റ്റ് ഫീസ് ഒഴിവാക്കുവാനും മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുവാനും നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ വരുമാനത്തിനനുസരിച്ച് ആസൂത്രണം നടത്തി അവസാന തീയതിക്ക് മുൻപ് പണം തിരിച്ചടയ്ക്കുവാൻ തീർച്ചയായും ശ്രമിക്കണം.
ബില്ലിലെ തുക പൂർണ്ണമായി അടക്കുവാൻ ശ്രമിക്കുക
ക്രെഡിറ്റ് കാർഡ് ബില്ലിൽ തിരിച്ചടയ്ക്കേണ്ട മുഴുവൻ തുകയും അഥവാ ടോട്ടൽ എമൗണ്ട് ഡ്യൂ തിരിച്ചടയ്ക്കുന്നതിന് മുൻഗണന നൽകുക. തിരിച്ചടയ്ക്കേണ്ട തുകയിൽ കുറവാണ് നാം അടയ്ക്കുന്നതെങ്കിൽ ബാക്കിയുള്ള തുകയ്ക്കനുസരിച്ച് പലിശയും ലെയ്റ്റ് ഫീസും നൽകേണ്ടിവരും.
തൻ്റെ വരുമാനത്തിൽ നിന്ന് തിരിച്ചടയ്ക്കാനാകുന്ന പരിധിക്ക് പുറത്തുള്ള തുക ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെലവഴിക്കാതിരിക്കാൻ ശ്രമിക്കണം.
ശരിയായ ക്രെഡിറ്റ് ലിമിറ്റ്
നിലവിലുള്ള ക്രെഡിറ്റ് ലിമിറ്റ് ഉയർത്തുവാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുവാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് കൈകാര്യം ചെയ്യാനാകുന്നതിൽ കൂടുതലുള്ള തുക ക്രെഡിറ്റ് ലിമിറ്റായി ലഭ്യമായതുകൊണ്ട് യാതൊരു ഉപയോഗവുമില്ലെന്നു മാത്രമല്ല അമിതമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ കടന്നു വരുന്നതിന് കാരണമാകും. നിങ്ങളുടെ സാമ്പത്തിക ആരോഗ്യവും ക്രെഡിറ്റ് സ്കോറും മികച്ച രീതിയിൽ നിലനിർത്തുവാൻ ക്രെഡിറ്റ് ലിമിറ്റ് അനാവശ്യമായി ഉയർത്താതിരിക്കുക.
എമർജൻസി ഫണ്ട് സൃഷ്ടിക്കുക
സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിൽ എമർജൻസി ഫണ്ട് വലിയ പങ്കാണ് വഹിക്കുന്നത്. അപ്രതീക്ഷിതമായ ചെലവുകൾ ജീവിതത്തിൽ കടന്നു വരുമ്പോൾ അവയെ നേരിടുവാനുള്ള ആത്മവിശ്വാസം പര്യാപ്തമായ ഒരു എമർജൻസി ഫണ്ട് നിങ്ങൾക്ക് നൽകും.

അത്യാവശ്യ സാഹചര്യങ്ങളിൽ എമർജൻസി ഫണ്ടിന് പകരം ക്രെഡിറ്റ് കാർഡ് ഉപയോഗപ്പെടുത്തി ചെലവുകൾ നടത്തിയാൽ നിങ്ങൾ കടക്കെണിയിൽ അകപ്പെടുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ സാവധാനമാണെങ്കിലും വരുമാനത്തിന്റെ നിശ്ചിത ശതമാനം മാറ്റിവെച്ചുകൊണ്ട് ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുക.
ക്രെഡിറ്റ് സ്കോർ തുടർച്ചയായി പരിശോധിക്കുക
നിങ്ങൾ കൃത്യമായി സാമ്പത്തിക ഇടപാടുകൾ നടത്തുന്നു എന്നു ഉറപ്പുവരുത്തുവാനും, സ്മാർട്ടായ തീരുമാനങ്ങളെടുക്കുവാനും ക്രെഡിറ്റ് സ്കോർ തുടർച്ചയായി പരിശോധിക്കേണ്ടതുണ്ട്. മാത്രമല്ല ക്രെഡിറ്റ് റിപ്പോർട്ടിൽ എന്തെങ്കിലും തെറ്റ് കടന്നു കൂടിയാൽ ബന്ധപ്പെട്ട ഏജൻസിക്ക് അപേക്ഷ നൽകി ക്രെഡിറ്റ് സ്കോർ കൃത്യമായി നിലനിർത്തുവാൻ സാധിക്കുന്നതാണ്.
ആവശ്യ ഘട്ടങ്ങളിൽ ലോണുകൾ കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാകുവാൻ മികച്ച ക്രെഡിറ്റ് സ്കോർ നിങ്ങളെ സഹായിക്കും. മികച്ച സാമ്പത്തിക ഭാവിക്കായി ക്രെഡിറ്റ് സ്കോർ തുടർച്ചയായി പരിശോധിക്കുവാനും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ എത്രയും വേഗം അവ നടപ്പിലാക്കുവാനും ശ്രമിക്കുക.
സംഗ്രഹം
ശരിയായ സാമ്പത്തിക വിദ്യാഭ്യാസം, ശ്രദ്ധയോടെ പണം ചെലവഴിക്കുക, വരവ് ചെലവുകൾ കൃത്യമായി മനസ്സിലാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഉത്തരവാദിത്വത്തോടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് മേൽപ്പറഞ്ഞിരിക്കുന്ന ടിപ്പുകൾ പ്രായോഗിക ജീവിതത്തിൽ നടപ്പിലാക്കുന്നത് വഴി നിങ്ങൾക്ക് മികച്ച സാമ്പത്തിക ആരോഗ്യം നിലനിർത്തുവാൻ സാധിക്കും.