എന്തുകൊണ്ട് ധനികൻ ആവുന്നില്ല എന്ന ചോദ്യത്തിന് പൊതുവേ ലഭിക്കുന്ന ഉത്തരം വരുമാനം കുറവായതിനാൽ സാധിക്കുന്നില്ല എന്നതാണ്. എന്നാൽ ലഭിക്കുന്ന വരുമാനം കൃത്യമായി ഉപയോഗിക്കുവാൻ വീഴ്ച വരുത്തുന്നതാണ് ആ ലക്ഷ്യത്തിൽ എത്താത്തതിന്റെ യാഥാർത്ഥ കാരണം. അച്ചടക്കമുള്ള നിക്ഷേപ സംസ്കാരം വളർത്തിയെടുക്കുന്നതിൽ പല വ്യക്തികൾക്കും വീഴ്ച സംഭവിക്കുന്നതായി കാണാൻ കഴിയും. കൃത്യമായ ഒരു നിയമം പാലിച്ച് സാമ്പത്തിക രംഗത്ത് മുന്നോട്ടു പോകുവാൻ തയ്യാറാവുന്നവർക്ക് മാത്രമേ ദീർഘകാല അടിസ്ഥാനത്തിൽ സാമ്പത്തിക ഭദ്രത കൈവരിക്കാൻ സാധിക്കുകയുള്ളൂ.
വ്യക്തിജീവിതത്തിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ആവേശത്തിന്റെ പുറത്ത് പല തീരുമാനങ്ങൾ എടുക്കാറുണ്ടെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ ലക്ഷ്യത്തോട് പ്രതിബദ്ധത പുലർത്തുവാൻ സാധിക്കാറില്ല. ഇത്തരത്തിലുള്ള മനോഭാവമാണ് പലരെയും സാമ്പത്തിക ഭദ്രത എന്ന സ്വപ്നത്തിൽ നിന്ന് അകറ്റിനിർത്തുന്നത്. ധന നിക്ഷേപത്തിൽ ഒരു വ്യക്തിക്ക് വേണ്ട പ്രധാനപ്പെട്ട ഗുണം ക്ഷമയാണ്. നിക്ഷേപം നടത്തി ക്ഷമയോടെ കാത്തിരിക്കാൻ ആണ് ഇൻവെസ്റ്റ്മെന്റ് വിദഗ്ധനായ വാറൻ ബഫറ്റ് നിക്ഷേപകരോട് ഉപദേശിക്കുന്നത്. വിജയകരമായ നിക്ഷേപം കൈവരിക്കാൻ പ്രഥമമായി വേണ്ടത് ഒരു പദ്ധതിയാണ്. 50 30 20, നിയമം, മണി ജാർ സംവിധാനം, 15 15 15 നിയമം തുടങ്ങി പലതരം നിയമങ്ങൾ വിദഗ്ധർ മുന്നോട്ടു വച്ചിട്ടുണ്ട്. ഏതു നിയമത്തെ അടിസ്ഥാനപ്പെടുത്തി ആയാലും സ്ഥിരതയോടുകൂടി പദ്ധതികളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു പോയാൽ വിജയകരമായ ഒരു നിക്ഷേപം സൃഷ്ടിച്ചെടുക്കുവാൻ സാധിക്കും.
നിക്ഷേപ പദ്ധതികളിൽ പിന്തുടരേണ്ട പ്രധാനപ്പെട്ട നിയമങ്ങളിൽ ഒന്നാണ് 15 15 15 നിയമം. ഈ നിയമത്തിൽ ആദ്യത്തെ 15 സൂചിപ്പിക്കുന്നത് 15 ശതമാനം ലാഭത്തെയാണ്, അടുത്ത 15 വർഷം എന്ന നിക്ഷേപ കാലയളവിനെ സൂചിപ്പിക്കുന്നു മറ്റൊരു 15 സൂചിപ്പിക്കുന്നത് 15000 എന്ന മാസം തോറും ഉള്ള നിക്ഷേപ തുകയാണ്. ഇത്തരത്തിൽ 15 വർഷത്തേക്ക് മാസംതോറും നിക്ഷേപം നടത്തുന്ന ഒരു വ്യക്തിക്ക് നിശ്ചിത വർഷത്തിനുശേഷം ഒരു കോടി രൂപ ലഭിക്കുന്നു. ഇവിടെ നിക്ഷേപകന്റെ മുതൽമുടക്ക് 27 ലക്ഷവും ലാഭം 73 ലക്ഷവുമാണ്. പ്രായോഗികമായി നിക്ഷേപ പദ്ധതികളിൽ ഏർപ്പെടുമ്പോൾ മേൽപ്പറഞ്ഞ ശതമാനത്തിൽ വ്യതിയാനം സംഭവിച്ചാൽ പോലും മികച്ച ആദായമാണ് നിക്ഷേപകന് ലഭിക്കുന്നത്. ഹ്ര്വസ്വകാലയളവിലുള്ള നിക്ഷേപത്തിന് ഈ പദ്ധതികൾ പ്രായോഗികമല്ല. നീണ്ട കാലയളവിൽ ഉള്ള കൃത്യതയാർന്ന നിക്ഷേപത്തിലൂട മാത്രമേ ഉയർന്ന തലത്തിലുള്ള സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളൂ. ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങളാണ് ഇവിടെ നിക്ഷേപകന് വേണ്ടത്. സ്ഥിരതയോടു കൂടി ഈ നിയമത്തെ പിന്തുടരുവാനുള്ള മനോഭാവമാണ് ഒരു നല്ല നിക്ഷേപകൻ വളർത്തിയെടുക്കേണ്ടത്.

ഈ നിയമം കേൾക്കുന്ന ഏതൊരാളുടെയും മുന്നിൽ ഉയർന്നു വരുന്ന ചോദ്യമാണ് 15 ശതമാനം ലാഭനിരക്ക് ലഭിക്കുവാനായി എവിടെയാണ് നിക്ഷേപം നടത്തേണ്ടത്. തീർച്ചയായും ഓഹരി വിപണിയെ ആശ്രയിച്ചുള്ള നിക്ഷേപ പദ്ധതികളാണ് മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾക്ക് പ്രായോഗികമായ വഴി. ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപം നടത്തുവാൻ അറിവില്ലാത്തവർക്ക് ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളെ നിക്ഷേപത്തിനായി ആശ്രയിക്കാവുന്നതാണ്. കൃത്യമായ ഇടവേളകളിൽ നിശ്ചിതമായ ഒരു തുക മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുന്ന എസ് ഐ പി അഥവാ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ നിക്ഷേപകന് പിന്തുടരാവുന്നതാണ്. ഓഹരി വിപണിയിലുള്ള നിക്ഷേപത്തിന് ഉയർന്ന ലാഭം ലഭിക്കുമ്പോൾ തന്നെ അവിടെ നഷ്ട സാധ്യതയും നിലനിൽക്കുന്നു. എല്ലാ വ്യക്തികൾക്കും ഒരുപോലെ അനുയോജ്യമായ ഒരു നിക്ഷേപ പദ്ധതി കണ്ടെത്തുക സാധ്യമല്ല. സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായവും നിക്ഷേപകന്റെ സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ലക്ഷ്യങ്ങളും പരിഗണിച്ചു വേണം അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാൻ. എവിടെ നിക്ഷേപിക്കണം എങ്ങനെ നിക്ഷേപിക്കണം എന്ന് തീരുമാനിച്ചു കഴിഞ്ഞാൽ ക്ഷമയോടുകൂടി കൃത്യമായി നിക്ഷേപ പദ്ധതികളിൽ ഏർപ്പെടുക എന്നതാണ് ഒരു നല്ല നിക്ഷേപകൻ ചെയ്യേണ്ടത്. ധനികനാവാനായി കുറുക്കുവഴികളില്ല എന്നതാണ് സത്യം, അനുയോജ്യമായ ഒരു പദ്ധതി കണ്ടെത്തി അച്ചടക്കത്തോടെ കൂടി നിക്ഷേപിക്കുക മാത്രമാണ് അതിനുള്ള വഴി.