സ്ഥിരവരുമാനം ഉള്ളവർക്കും സ്ഥിരവരുമാനം ഇല്ലാത്തവർക്കും വരുമാന ലഭ്യതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും അവരുടെ ജീവിത ചെലവുകൾ ഒരുപോലെ തന്നെയാണ്. വീടിന്റെ വാടക, ഫോൺ ബില്ല്, വാട്ടർ ബില്ല്, കരണ്ട് ബില്ല്, പലചരക്ക് സാധനങ്ങൾ തുടങ്ങി എല്ലാവിധത്തിലുമുള്ള ജീവിത ചെലവുകൾ എല്ലാ മാസവും മാറ്റമില്ലാതെ തുടർന്നുകൊണ്ടിരിക്കും. കൃത്യമായി മാസ വരുമാനം ലഭിക്കുന്ന വ്യക്തികൾക്ക് തുടർച്ചയായി വരുന്ന ചെലവുകൾക്ക് പണം കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ സ്‌ഥിരവരുമാനക്കാരല്ലാത്ത വ്യക്തികൾ പല സാഹചര്യങ്ങളിലും ഇത്തരം ചെലവുകൾക്കായി പണം കണ്ടെത്തുവാൻ ബുദ്ധിമുട്ടാറുണ്ട്.
പണം ലഭ്യമാകുന്ന അവസരങ്ങളിൽ കണക്കില്ലാതെ ചെലവഴിക്കുകയും മേൽപ്പറഞ്ഞ ചെലവുകൾക്ക് പണം കണ്ടെത്തുവാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ സ്ഥിരവരുമാനമില്ലാത്ത വ്യക്തികൾ പേഴ്സണൽ ലോൺ, ക്രെഡിറ്റ് കാർഡ്, തുടങ്ങിയ മാർഗ്ഗങ്ങളെ ആശ്രയിച്ചാണ് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. അനായാസേന ലഭിക്കുന്ന ഉയർന്ന പലിശ നിരക്കുള്ള ഇത്തരം ലോണുകളെ ആശ്രയിക്കുന്നത് വളരെയധികം ബാധ്യതകൾ സൃഷ്ടിക്കുകയും പിന്നീട് ഇവർ വലിയ കടക്കെണിയിൽ അകപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യാറുണ്ട്.

അതുകൊണ്ട് സ്ഥിരവരുമാനമില്ലാത്ത വ്യക്തികൾ അവരുടെ സാമ്പത്തിക കാര്യങ്ങൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തെങ്കിൽ മാത്രമേ അവർക്ക് സാമ്പത്തികമായ പുരോഗതി സാധ്യമാവുകയുള്ളൂ. വളരെ ഉയർന്ന വരുമാനം ലഭിച്ചാൽ പോലും കൃത്യമല്ലാത്ത ഇടവേളകളിൽ വരുമാനം ലഭിക്കാത്തതുകൊണ്ട് ചെലവുകൾ ആസൂത്രണം ചെയ്ത് നടത്തുവാനായി ഇങ്ങനെയുള്ളവർ പാലിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ദിവസ വേതനത്തിന് ജോലി ചെയ്യുന്നവർ, ബിസിനസ്സ് നടത്തുന്നവർ, ഫ്രീ ലാൻസ് ജോലികൾ ചെയ്യുന്നവർ, തുടങ്ങിയ വിഭാഗത്തിൽ വരുന്ന വ്യക്തികൾ ആദ്യം ചെയ്യേണ്ടത് അവർക്ക് മാസംതോറുമുള്ള വരുമാനം കൃത്യമായി കണക്കാക്കുക എന്നതാണ്. വരുമാനം മാസംതോറും ഒരേ രീതിയിൽ ലഭിക്കാത്തതിനാൽ തന്നെ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ച് ഒരു മാസത്തെ ശരാശരി വരുമാനം കണക്കാക്കുകയാണ് ഇവർ ചെയ്യേണ്ടത്. മാസ വരുമാനം കണക്കാക്കിയതിനു ശേഷം എല്ലാ മാസവും ഏറെക്കുറെ ഒരേ പോലെ ഉണ്ടാകുന്ന മൊത്തം ചെലവുകൾ ഈ മാസ വരുമാനത്തേക്കാൾ കൂടുതൽ ആകാതിരിക്കുവാനായി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
എമർജൻസി ഫണ്ട് സൃഷ്ടിക്കുക
മാസ വരുമാനം കൃത്യമായി കണക്കാക്കിയതിന് ശേഷം ചെയ്യേണ്ടത് എത്രയും വേഗം എമർജൻസി ഫണ്ട് സൃഷ്ടിക്കുക എന്നതാണ്. അപ്രതീക്ഷിതമായി ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ചെലവുകൾ കടന്നുവരുമ്പോൾ വ്യക്തികളുടെ സാമ്പത്തിക നിലയെ ബാധിക്കാത്ത രീതിയിൽ ആ ചെലവുകൾ നടത്തുവാനായി എമർജൻസി ഫണ്ട് ഉപയോഗിക്കാവുന്നതാണ്. ബാങ്കുകളിൽ സ്ഥിരനിക്ഷേപമായോ, ലിക്വിഡ് മ്യൂച്വൽ ഫണ്ട് എന്ന നിലയിലോ ഈ പണം നിങ്ങൾക്ക് നിക്ഷേപിക്കാവുന്നതാണ്.

ഓഹരി വിപണിയുമായി ബന്ധമില്ലാത്തതിനാൽ തന്നെ വിപണിയിലെ കയറ്റിറക്കങ്ങൾ ബാധിക്കാതെ താരതമ്യേന സുരക്ഷിതമായ രീതിയിൽ 6 ശതമാനത്തോളം വരുന്ന നേട്ടം നൽകുവാൻ ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കാറുണ്ട്. നിക്ഷേപിക്കുവാനായി ലിക്വിഡ് മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നതിന് മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് ആഴത്തിലുള്ള അറിവുകൾ ആവശ്യമില്ല.
എസ് ബി ഐ, ഐ സി ഐ സി ഐ, എച്ച് ഡി എഫ് സി, പോലെയുള്ള കമ്പനികളോ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ട് പ്ലാറ്റ്ഫോമുകളോ ഉപയോഗിച്ച് ലിക്വിഡ് മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ നിക്ഷേപിക്കുവാനും നിക്ഷേപം പിൻവലിക്കുവാനും കഴിയുന്നതിനാൽ ബാങ്ക് എഫ് ഡി പോലെ ലിക്വിഡ് മ്യൂച്വൽ ഫണ്ട് സൗകര്യപ്രദമായ നിക്ഷേപമാർഗ്ഗമാണ്. മാത്രമല്ല മറ്റുള്ള മ്യൂച്വൽ ഫണ്ടുകളെപ്പോലെ എക്സിറ്റ് ലോഡ് ലിക്വിഡ് ഫണ്ടുകൾക്ക് ബാധകമാകുന്നില്ല.
ബിസിനസ്സിലൂടെ ലഭിക്കുന്ന വരുമാനം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക
ബിസിനസ്സിൽ നിന്നുള്ള വരുമാനം യാതൊരു കണക്കും ഇല്ലാതെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് പല വ്യക്തികളും പിന്തുടരുന്ന തെറ്റായ രീതിയാണ്. ബിസിനസ്സിൽ നിന്നും എത്ര തന്നെ തുക ലഭിച്ചാലും അതിൽ നിന്ന് മാസ ശമ്പളം എന്ന നിലയ്ക്ക് നിശ്ചിത തുക മാത്രം വ്യക്തിപരമായ ചെലവുകൾക്കായി ഉപയോഗിക്കുക. ഫ്രീലാൻസ് ജോലി ചെയ്യുന്നവർ വരുമാനത്തിന്റെ നിശ്ചിത ശതമാനം മാത്രം ചെലവാക്കുകയും ബാക്കിയുള്ള തുക ഉപയോഗിച്ച് നീക്കിയിരിപ്പുകൾ സൃഷ്ടിക്കാനും ശ്രമിക്കേണ്ടതാണ്.

ബിസിനസ്സിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്ന് സ്വന്തം ആവശ്യങ്ങൾക്കായി ഒരു പങ്ക് ഉപയോഗപ്പെടുത്തിയ ശേഷം ബാക്കിയുള്ള തുക ബിസിനസ്സിന്റെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തുക. ബിസിനസ്സിനേയും വ്യക്തിപരമായ സാമ്പത്തിക കാര്യങ്ങളേയും പൂർണ്ണമായി വേർതിരിച്ച് സമീപിക്കുവാൻ തയ്യാറാവുക. ബിസിനസ്സ് നല്ല നിലയിൽ കൈകാര്യം ചെയ്യുവാനും നികുതി കാര്യങ്ങൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യുവാനും ഈ രീതി നിങ്ങളെ സഹായിക്കും.
സ്ഥിരവരുമാനം ഇല്ലാത്തവർ നിക്ഷേപിക്കേണ്ടത് എങ്ങനെയാണ്
കൃത്യമായ ഇടവേളകളിൽ അല്ലാതെ നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം ഒരു ഡെറ്റ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും ആ ഫണ്ടിൽ നിന്ന് എസ് ഐ പി മാതൃകയിൽ നിങ്ങൾക്ക് താല്പര്യമുള്ള ഫണ്ടിലേക്ക് ആ നിക്ഷേപം മാറ്റുകയും ചെയ്യുന്നതാണ് സ്ഥിരവരുമാനക്കാരല്ലാത്ത വ്യക്തികൾക്ക് നിക്ഷേപം നടത്തുവാനുള്ള ഏറ്റവും മികച്ച വഴി. ഓഹരി വിപണിയുമായി നേരിട്ട് ബന്ധമില്ലാത്ത ബോണ്ടുകൾ, ഡിബഞ്ചറുകൾ തുടങ്ങിയ ഡെറ്റ് ഉപകരണങ്ങൾ അടിസ്ഥാനപ്പെടുത്തിയ ഡെറ്റ് മ്യൂച്വൽ ഫണ്ടിൽ നിന്നും 6 മുതൽ 8 ശതമാനം വരെ നേട്ടം പ്രതീക്ഷിച്ചുകൊണ്ട്, നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് 12 മാസത്തേക്ക് തുടർച്ചയായി നിക്ഷേപം നടത്തുക.
12 മാസത്തിനുശേഷം നിക്ഷേപ തുകയുടെ പ്രതിമാസ ശരാശരി കണക്കാക്കുകയും ഈ ശരാശരി തുക ഡെറ്റ് ഫണ്ടിൽ നിന്നും അടുത്ത മാസം മുതൽ ഓഹരി വിപണിയെ മാത്രമോ അല്ലെങ്കിൽ ഓഹരി വിപണിയേയും മറ്റ് നിക്ഷേപ ഉപകരണങ്ങളേയും ഒരുപോലെ ഉൾപ്പെടുത്തിയിരിക്കുന്ന മ്യൂച്വൽ ഫണ്ടുകളിലോ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി നിക്ഷേപിക്കുവാൻ ആരംഭിക്കുക. ഇവിടെ ഓഹരികള അടിസ്ഥാനപ്പെടുത്തിയ മ്യൂച്വൽ ഫണ്ടിൽ നേരിട്ട് നിക്ഷേപം നടത്താതെ പണം ലഭ്യമാകുമ്പോൾ ഡെറ്റ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുകയും ഡെറ്റ് മ്യൂച്വൽ ഫണ്ടിലൂടെ എസ് ഐ പി മാതൃകയിൽ മറ്റൊരു ഫണ്ടിൽ നിക്ഷേപം നടത്തുകയും ചെയ്യുന്നു.

ഈ രീതി പിന്തുടരുകയാണെങ്കിൽ എസ് ഐ പി മാതൃകയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം മുടക്കമില്ലാതെ മുന്നോട്ടു കൊണ്ടു പോകുവാൻ സ്ഥിരവരുമാനമില്ലാത്തവർക്കും സാധിക്കും. ചില മാസങ്ങളിൽ ഇത്തരക്കാരുടെ വരുമാനത്തിൽ കാര്യമായ ഇടിവ് ഉണ്ടായാലും ആ കുറവ് നികത്തുവാൻ ഡെറ്റ് മ്യൂച്വൽ ഫണ്ട് സഹായകരമാകും.
നീക്കിയിരുപ്പുകളും ചെലവുകളും വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലൂടെ നിർവ്വഹിക്കുക
സ്ഥിരമായ ഇടവേളകളിൽ വരുമാനം ലഭിക്കാത്ത വ്യക്തികൾ തങ്ങളുടെ എല്ലാ തരത്തിലുമുള്ള സാമ്പത്തിക കാര്യങ്ങൾക്കായി ഒരു ബാങ്ക് അക്കൗണ്ട് തന്നെ ഉപയോഗിക്കുന്നത് തെറ്റായ രീതിയാണ്. നിങ്ങൾക്ക് ലഭിക്കുന്ന തുകയുടെ 25 ശതമാനം നീക്കിയിരിപ്പായി ഒരു അക്കൗണ്ടിലേക്ക് മാറ്റിയശേഷം മാത്രം മറ്റുള്ള ചെലവുകൾ നടത്തുവാൻ ശ്രമിക്കുക.
മാറ്റിവെച്ച 25 ശതമാനം തുക വ്യക്തികളുടെ താൽപര്യ പ്രകാരം അവർക്ക് യോജിച്ച നിക്ഷേപമാർഗ്ഗങ്ങൾ കണ്ടെത്തി നിക്ഷേപിക്കാവുന്നതാണ്. എല്ലാത്തിനും കൂടി ഒരു അക്കൗണ്ട് മാത്രമുള്ള വ്യക്തികൾ ആനാവശ്യ ചെലവുകൾ വരുത്തുവാനുള്ള സാധ്യത ഏറെയാണ്. അക്കൗണ്ടിൽ തുക അവശേഷിക്കുമ്പോൾ അത്യാവശ്യമല്ലാത്ത കാര്യങ്ങളാണെങ്കിലും അതിനായി പണം ചെലവഴിക്കുവാനുള്ള പ്രവണത പലരും കാണിക്കാറുണ്ട്.
നികുതി കൃത്യമായി ആസൂത്രണം ചെയ്യുക
മാസം തോറും ശമ്പളം ലഭിക്കുന്ന വ്യക്തികൾക്ക് അവരുടെ വരുമാനം നികുതി നൽകേണ്ട സ്ലാബിന് മുകളിലാണെങ്കിൽ ടി ഡി എസ് ആയി നിശ്ചിത തുക ഈടാക്കിയതിന് ശേഷമാണ് ശമ്പളം ലഭിക്കുന്നത്. അതിനാൽ തന്നെ സാമ്പത്തിക വർഷത്തിന്റെ അവസാനത്തിൽ അത്തരക്കാർക്ക് കാര്യമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറില്ല.

എന്നാൽ സ്ഥിരവരുമാനക്കാരല്ലാത്ത വ്യക്തികൾക്ക് പലപ്പോഴും നികുതി എന്നത് പേടിസ്വപ്നമായി മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. പല സമയത്തായി ലഭിക്കുന്ന വരുമാനം നികുതി നൽകേണ്ട പരിധിക്ക് മുകളിൽ എത്തുമ്പോൾ സാമ്പത്തിക വർഷത്തിന്റെ അവസാനം ഉയർന്ന തുക ആയിരിക്കും ഇത്തരം വ്യക്തികൾ നൽകേണ്ടി വരിക.
താൻ ഏത് നികുതി സ്ലാബിലാണോ ഉൾപ്പെടുന്നത് എന്ന് കൃത്യമായി മനസ്സിലാക്കി വരുമാനം ലഭിക്കുന്ന അവസരത്തിൽ തന്നെ താൻ നികുതിയായി നൽകേണ്ട ശതമാനത്തിന് അനുസരിച്ചുള്ള തുക മാറ്റിവെച്ച ശേഷം മാത്രം പണം ചെലവഴിക്കുകയാണ് ഇത്തരക്കാർ പിന്തുടരേണ്ട ശരിയായ രീതി. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് ഒരു മാസത്തിൽ വരുമാനമായി 1 ലക്ഷം രൂപ ലഭ്യമായി എന്ന് കരുതുക. ആ വ്യക്തി 10 ശതമാനം നികുതി നൽകേണ്ട സ്ലാബിലാണ് ഉൾപ്പെട്ടിരിക്കുന്നതെങ്കിൽ തനിക്ക് ലഭിച്ച തുകയുടെ 10 ശതമാനമായ 10000 രൂപ നികുതി നൽകുവാനായി മാറ്റിവെച്ചതിനു ശേഷം മാത്രം മറ്റ് കാര്യങ്ങൾക്കായി പണം ചെലവഴിക്കുക. ഈ രീതി പിന്തുടരുന്നത് വഴി നികുതി നൽകുവാനായി സാമ്പത്തിക വർഷാവസാനം ഉയർന്ന തുക കണ്ടെത്തുവാനുള്ള ബുദ്ധിമുട്ട് തീർച്ചയായും ഒഴിവാക്കുവാൻ സാധിക്കുന്നതാണ്.