maternity-leave

Sharing is caring!

സ്ത്രീകളെ സംബന്ധിച്ച് അവരുടെ പ്രസവാവധി എന്നത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലയളവായിട്ടാണ് പരിഗണിക്കപ്പെടുന്നത്. നിങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ വ്യക്തി കൂടി കടന്നു വരുമ്പോൾ ആ മാറ്റത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ നാം സാമ്പത്തികമായി തയ്യാറായിരിക്കണം. കൃത്യമായ ആസൂത്രണം ഉണ്ടെങ്കിൽ യാതൊരുവിധ ആശങ്കകളും ഇല്ലാതെ തന്നെ നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിനെ സ്വാഗതം ചെയ്യുവാൻ നിങ്ങൾക്ക് തീർച്ചയായും സാധിക്കും. പ്രസവാവധി ആസൂത്രണം ചെയ്യുമ്പോൾ നിങ്ങൾ തീർച്ചയായും പരിഗണിക്കേണ്ട ചില സാമ്പത്തിക വിഷയങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്.

പ്രസവാവധിയുമായി ബന്ധപ്പെട്ട നയങ്ങൾ കൃത്യമായി മനസ്സിലാക്കുക

ചില കമ്പനികൾ ശമ്പളം ഉൾപ്പെടെയുള്ള പ്രസവാവധി അനുവദിക്കുമ്പോൾ മറ്റു ചില കമ്പനികൾ ശമ്പളമില്ലാത്ത അവധിയാണ് ജീവനക്കാർക്ക് നൽകുന്നത്. ചില കമ്പനികൾ പുരുഷന്മാരായ ജീവനക്കാർക്ക് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധി നൽകാറുണ്ട്. 

നിങ്ങൾക്ക് അനുവദിക്കപ്പെടുന്ന അവധികളിൽ ശമ്പളത്തോടുകൂടിയുള്ള അവധി എത്രയാണെന്നും ശമ്പളമില്ലാത്ത അവധി എത്രയാണെന്നും മനസ്സിലാക്കുക. അവധി സമയത്ത് നിങ്ങൾക്ക് ലഭ്യമാകുന്ന ശമ്പളം സാധാരണയുള്ളതിനേക്കാൾ കുറവായിരിക്കാം. ചില സ്ഥാപനങ്ങൾ പ്രസവാവധിയുമായി ബന്ധപ്പെട്ട് മുഴുവൻ ശമ്പളം നൽകുമ്പോൾ ചില സ്ഥാപനങ്ങളിൽ സാധാരണയുള്ള ശമ്പളത്തിന്റെ നിശ്ചിത ശതമാനം മാത്രമേ ലഭിക്കുകയുള്ളൂ.

preparing-budget

നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം ജീവനക്കാർക്ക്  നൽകുന്ന മെഡിക്കൽ ഇൻഷുറൻസ് പോലെയുള്ള മറ്റ് സൗകര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കുക. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം നിങ്ങൾക്കു നൽകുന്ന സൗകര്യങ്ങൾ കൃത്യമായി മനസ്സിലാക്കുന്നത് വഴി നിങ്ങളുടെ പ്രസവകാലത്തെ സാമ്പത്തിക കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് സാധിക്കും.

വരുമാന നഷ്ടത്തിനനുസരിച്ച് ബഡ്ജറ്റ് പരിഷ്കരിക്കുക

നിങ്ങളുടെ പ്രസവാവധിയുടെ സമയത്ത് നിങ്ങൾക്ക് ശമ്പളം ലഭിക്കാതിരിക്കുകയോ കുറഞ്ഞ ശമ്പളം ലഭിക്കുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടത്തിന് അനുസരിച്ച് ബഡ്ജറ്റിൽ പരിഷ്ക്കാരങ്ങൾ വരുത്തേണ്ടതാണ്. ബഡ്ജറ്റ് തയ്യാറാക്കിയാൽ മാത്രമേ നിങ്ങൾക്ക് നിങ്ങളുടെ വരവിനനുസരിച്ച് ചെലവുകൾ ആസൂത്രണം ചെയ്യുവാൻ സാധിക്കുകയുള്ളൂ.

നിങ്ങൾക്ക് ചെയ്യാനാകുന്ന ചില നടപടികൾ ഇവയാണ്.

നിങ്ങളുടെ ചെലവുകൾ ട്രാക്ക് ചെയ്യുക. മാസം തോറുമുള്ള ചെലവുകളായ വീട്ടുവാടക, ഇലക്ട്രിസിറ്റി ബില്ല്, വാട്ടർ ബില്ല്, പലചരക്ക് സാധനങ്ങൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ മുതലായവയുടെ ലിസ്റ്റ് തയ്യാറാക്കുക. ഓരോ മാസവും നിങ്ങൾക്ക് എത്ര തുക ആവശ്യമുണ്ടെന്നതിനെ സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കുവാൻ ഈ രീതി പിന്തുടരേണ്ടതാണ്.

ചെലവുകൾ കുറയ്ക്കുവാൻ സാധിക്കുന്ന മേഖലകൾ കണ്ടെത്തുക. പുറത്തുനിന്നുള്ള ഭക്ഷണം, ചെലവേറിയ വിനോദ പരിപാടികൾ, വിവിധ സബ്സ്ക്രിപ്ഷനുകൾ മുതലായ അത്യാവശ്യമല്ലാത്ത ചെലവുകൾ നിയന്ത്രിക്കുക. വിവിധ മാർഗ്ഗങ്ങളിലൂടെ പണം ലാഭിക്കുന്നതിലൂടെ അത്യാവശ്യ കാര്യങ്ങൾക്ക് പണം കണ്ടെത്തുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുകയില്ല.

planning-maternity-leave

നിങ്ങളുടെ സമ്പാദ്യ പദ്ധതികളിൽ സാഹചര്യത്തിനനുസരിച്ചുള്ള താൽക്കാലിക ക്രമീകരണങ്ങൾ കൊണ്ടുവരിക. മാസം തോറും സമ്പാദ്യമായി മാറ്റിവയ്ക്കുന്ന തുകയിൽ കുറവ് വരുത്തുക. പ്രതീക്ഷിക്കാതെയുള്ള പലവിധ ചെലവുകൾ കടന്നുവരുവാൻ സാധ്യതയുള്ളതിനാൽ സാമ്പത്തികമായി നാം തയ്യാറായിരിക്കേണ്ടതുണ്ട്.

ഒരു എമർജൻസി ഫണ്ട് സ്വന്തമാക്കുക

ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന ചില സാഹചര്യങ്ങളെ നേരിടുവാനുള്ള ശക്തി പകർന്നു നൽകുവാൻ ഒരു എമർജൻസി ഫണ്ടിന് സാധിക്കും. മൂന്നു മുതൽ ആറു മാസം വരെയുള്ള നിങ്ങളുടെ ജീവിത ചെലവിന് ആവശ്യമായി വരുന്ന തുകയാണ് എമർജൻസി ഫണ്ടിൽ ഉണ്ടായിരിക്കേണ്ടത്. ചില അത്യാവശ്യ ഘട്ടങ്ങളിൽ സുരക്ഷിതത്വബോധം കൈവരിക്കുവാൻ എമർജൻസി ഫണ്ട് നിങ്ങളെ തീർച്ചയായും സഹായിക്കും.

എമർജൻസി ഫണ്ട് ആരംഭിക്കുവാൻ നിങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകും

സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു കുടുംബ ജീവിതം നയിക്കണമെങ്കിൽ എത്രയും വേഗം അതിനാവശ്യമുള്ള നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാൻ തയ്യാറാവുക.

ഓട്ടോമാറ്റിക്കായി തന്നെ സേവിംഗ്സ് അക്കൗണ്ടിലേക്ക് നീക്കിയിരിപ്പായി പണം മാറ്റിവയ്ക്കാനുള്ള നിർദ്ദേശം നൽകുക. നിങ്ങൾക്ക് മാസം തോറും ശമ്പളം ലഭ്യമാകുന്ന അവസരത്തിൽ മറ്റു ചെലവുകൾക്കായി പണം ഉപയോഗിക്കുന്നതിന് മുൻപ് തന്നെ നീക്കിയിരിപ്പായി ഒരു നിശ്ചിത സംഖ്യ മാറ്റിവയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുവാൻ ഈ രീതി പിന്തുടരാവുന്നതാണ്.

അധിക വരുമാനം നേടുവാനുള്ള അവസരങ്ങൾ കണ്ടെത്തുക. ഫ്രീലാൻസ് ജോലികളിൽ ഏർപ്പെടുന്നത് വഴിയോ ഉപയോഗമില്ലാത്ത നിങ്ങളുടെ വസ്തുക്കൾ വിൽപ്പന നടത്തുന്നതു വഴിയോ നിങ്ങൾക്ക് കൂടുതൽ വരുമാനം കണ്ടെത്താവുന്നതാണ്. എമർജൻസി ഫണ്ട് എന്ന ലക്ഷ്യത്തിലേക്ക് എത്രയും വേഗം എത്തിച്ചേരുവാൻ അധിക വരുമാന മാർഗങ്ങൾ നിങ്ങൾക്ക് ശക്തി പകരും.

ആരോഗ്യ പരിപാലനവും ആരോഗ്യ ഇൻഷുറൻസും

പ്രസവാവധിയുടെ സമയത്ത് ആരോഗ്യ പരിപാലനത്തിനായി നിങ്ങൾക്ക് വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. നിങ്ങൾ പ്രസവാവധിയിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട നിബന്ധനകൾ കൃത്യമായി മനസ്സിലാക്കേണ്ടതാണ്.

health-insurance

നിങ്ങൾ സ്വന്തമാക്കിയ ആരോഗ്യ ഇൻഷുറൻസിന്റെ നിബന്ധനകൾ അനുസരിച്ച് എത്ര തുകയാണ് നിങ്ങൾ നൽകേണ്ടി വരുന്നതെന്നും എത്ര തുക വരെയാണ് ഇൻഷുറൻസ് കമ്പനി പരമാവധി നൽകുന്നതെന്നും തിരിച്ചറിയുക. അതിനനുസരിച്ച് ചെലവുകൾ ക്രമീകരിക്കാൻ ശ്രമിക്കുക.

നിങ്ങളുടെ കുഞ്ഞ് ജനിച്ച് നിശ്ചിത ദിവസത്തിനു ശേഷം കുഞ്ഞിനെ ഇൻഷുറൻസ് പോളിസിയുടെ ഭാഗമാക്കുവാൻ മറക്കാതിരിക്കുക. ആരോഗ്യ പരിപാലനത്തിനും ആശുപത്രി വാസത്തിനും ആവശ്യമുള്ള അധിക ചെലവുകളും ഡോക്ടറുടെ സേവനത്തിന് നൽകേണ്ട ഫീസുകളും നിങ്ങളുടെ പ്രസവവുമായി ബന്ധപ്പെട്ട ബഡ്ജറ്റിന്റെ ഭാഗമാക്കുക.

കുഞ്ഞിന്റെ പരിപാലനവുമായി ബന്ധപ്പെട്ട ചെലവുകൾ മുൻനിർത്തി ആസൂത്രണം നടത്തുക

കുഞ്ഞിൻ്റെ പരിപാലനം വളരെ ചെലവേറിയതാണ്. വളരെ ശ്രദ്ധാപൂർവ്വം ആസൂത്രണം നടത്തുകയാണെങ്കിൽ പരിപാലനവുമായി ബന്ധപ്പെട്ട ചെലവുകൾ നിങ്ങൾക്കു മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ സാധിക്കും.

കുഞ്ഞിനെ പരിപാലിക്കുവാനായി ഡേ കെയർ പോലെയുള്ള സംവിധാനങ്ങളോ ആയമാരേയോ കണ്ടെത്താവുന്നതാണ്. നാം തെരഞ്ഞെടുക്കുന്ന ഓരോ മാർഗ്ഗത്തിനും അതിൻ്റേതായ ഗുണങ്ങളും ചെലവുകളും ഉണ്ടായിരിക്കും. നിങ്ങളുടെ കുടുംബത്തിൻ്റെ സാഹചര്യത്തിന് അനുയോജ്യമായ രീതിയാണ് നിങ്ങൾ പിന്തുടരേണ്ടത്.

കുഞ്ഞിന്റെ പരിപാലനത്തിന് നിങ്ങൾ തിരഞ്ഞെടുക്കുന്ന മാർഗ്ഗത്തിന് ആവശ്യമുള്ള ചെലവ് പ്രസവാവധിയ്ക്ക് ശേഷമുള്ള നിങ്ങളുടെ ബഡ്ജറ്റിന്റെ ഭാഗമായിരിക്കണം. ഇങ്ങനെയുള്ള ചെലവുകൾ മുൻകൂട്ടി കണ്ട് കഴിയുന്നത്ര നേരത്തെ അവയ്ക്കായി പണം മാറ്റിവയ്ക്കുവാൻ ശ്രമിക്കണം. മുൻക്കൂട്ടി പണം നീക്കി വയ്ക്കുകയാണെങ്കിൽ പ്രസവാവധിക്ക് ശേഷം ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ ഉണ്ടായേക്കാവുന്ന സാമ്പത്തിക ഞെരുക്കം ഒഴിവാക്കുവാൻ നിങ്ങൾക്ക് സാധിക്കും.

ദീർഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്കരണം ചെയ്യുക

പ്രസവാവധി എന്നത് വളരെ കുറച്ചുകാലം മാത്രം നീണ്ടുനിൽക്കുന്ന ഒന്നാണ് നിങ്ങൾ പദ്ധതികൾ ആവിഷ്കരിക്കേണ്ടത് ദീർഘകാല അടിസ്ഥാനത്തിൽ ആയിരിക്കണം. നീണ്ട കാലയളവിയിലേക്കുള്ള പദ്ധതികൾ ആവിഷ്കരിച്ച് അവ വിജയത്തിലേക്ക് എത്തിക്കുവാൻ ആത്മാർത്ഥമായി പരിശ്രമിക്കുക.

long-term-family-planning

നിങ്ങളുടെ റിട്ടയർമെൻ്റിലേക്കുള്ള നീക്കിയിരിപ്പിനേയും നിക്ഷേപങ്ങളേയും ഹ്രസ്വമായ കാലയളവിലേക്കുള്ള പ്രസവാവധി എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് മനസ്സിലാക്കുക. കഴിയുമെങ്കിൽ റിട്ടയർമെന്റിലേക്കുള്ള നീക്കിയിരിപ്പ് ഏത് സാഹചര്യത്തിലും തുടരുവാൻ ശ്രമിക്കണം. വളരെ ചെറിയൊരു തുകയാണ് നിങ്ങൾക്ക് മാറ്റിവെയ്ക്കുവാൻ സാധിക്കുന്നതെങ്കിലും മടികൂടാതെ ആ തുക മാറ്റിവയ്ക്കുക.

പ്രസവാവധിയുടെ സമയത്ത് നിങ്ങൾ നിങ്ങളുടെ നിക്ഷേപ തന്ത്രങ്ങൾ വിലയിരുത്തവൻ തയ്യാറാവുക. നിങ്ങളുടെ നിലവിലുള്ള സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് നിങ്ങളുടെ നിക്ഷേപ തന്ത്രങ്ങൾ എന്ന് ഉറപ്പുവരുത്തുക. ഹ്രസ്വകാല അടിസ്ഥാനത്തിലുള്ള ആവശ്യങ്ങൾ വരുമ്പോൾ ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ ഒരു ധനകാര്യ വിദഗ്ധന്റെ സഹായം തേടുക. ഒരു ധനകാര്യ വിദഗ്ധന്റെ സഹായത്തോടെ നിങ്ങൾക്ക് നിങ്ങളുടെ നിലവിലുള്ള ആവശ്യങ്ങൾക്ക് പണം കണ്ടെത്തുന്നതിനൊപ്പം ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള തയ്യാറെടുപ്പുകൾ നടത്തുവാനും അവസരം ലഭിക്കുന്നു.

സംഗ്രഹം

ജോലിയിൽ നിന്നും മാറി നിൽക്കുന്നു എന്നതിലുപരിയായി പ്രസവാവധി എന്നത് വളരെ വിശദമായ ആസൂത്രണം ആവശ്യമുള്ള കാര്യമാണ്. പ്രസവാവധിയുടെ സമയത്ത് ആത്മവിശ്വാസത്തോടെയും സമാധാനത്തോടെയും കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുവാൻ സ്മാർട്ടായി സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യുക. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ആകുലപ്പെടാതെ നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിൻ്റെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സമ്പന്നരുടെ മൂന്ന് ശീലങ്ങൾ മനസ്സിലാക്കാം

12.6 ട്രില്യൻ യു എസ് ഡോളറാണ് ഇന്ത്യ രാജ്യത്തിന്റെ ആകെ സമ്പത്തായി കണക്കാക്കിയിരിക്കുന്നത്. ഈ ഭീമമായ…

ഔദ്യോഗിക ജീവിതത്തിനിടയിലെ നീണ്ട അവധികൾ സ്ത്രീകളുടെ റിട്ടയർമെന്റ് പദ്ധതികളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്

സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുവാനായി റിട്ടയർമെൻ്റ് മുന്നിൽ കണ്ട് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ച് പ്രവർത്തിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന…

പണത്തെക്കുറിച്ചുള്ള ചില യാഥാർത്ഥ്യങ്ങൾ കുട്ടികളെ പഠിപ്പിക്കുവാനായി ചെയ്യേണ്ട കാര്യങ്ങൾ

കുട്ടികളെ അവരുടെ ചെറിയ പ്രായത്തിൽ തന്നെ പണത്തെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടതുണ്ട്. അവരുടെ ജീവിതത്തിലുടനീളം…

മണി മാനേജ്മെന്റ് കുട്ടികൾക്ക് പകർന്നു നൽകാം : ലളിതമായ വഴികളിലൂടെ

ഇന്നത്തെ കാലത്ത് കുട്ടികളെല്ലാം തന്നെ അക്കാദമികമായി മികച്ച നിലവാരം പുലർത്തുന്നവർ ആണെങ്കിലും തൊഴിലില്ലായ്മ നിരക്ക് വളരെ…