സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകം സദാ വികസിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെത്രതന്നെ മുന്നോട്ടു പോയിട്ടും സ്ത്രീകളുടെ സാമ്പത്തിക സാഹചര്യങ്ങളിൽ മാത്രം കാര്യമായ വളർച്ചയുണ്ടാകുന്നില്ല എന്നതാണ് വാസ്തവം. എല്ലാ മേഖലയിലും സമത്വത്തിനെക്കുറിച്ച് ചർച്ച നടക്കുമ്പോഴും സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി പരിശോധിച്ചാൽ സമത്വം ഇന്നും അകലെയാണ് എന്ന യാഥാർത്ഥ്യം നമുക്ക് തിരിച്ചറിയാനാകും.
പണമുണ്ടെങ്കിൽ മാത്രമേ മെച്ചപ്പെട്ട നിലയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ നമുക്ക് സാധിക്കുകയുള്ളൂ. അതായത് പണം നിങ്ങൾക്കായി പ്രവർത്തിക്കുമ്പോൾ ജീവിതം കൂടുതൽ സുഖകരമായി മാറുന്നു. പണം കൈവശമുണ്ടെങ്കിൽ മാത്രമേ നാം ആഗ്രഹിക്കുന്ന രീതിയിൽ ജീവിതം ചിട്ടപ്പെടുത്താൻ നമുക്ക് സാധിക്കുകയുള്ളൂ.
നമ്മുടെ സമൂഹത്തിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുവാൻ ആവശ്യമായ അവസരങ്ങൾ ലഭിക്കുന്നുണ്ടോ എന്നത് പ്രസക്തമായ ചോദ്യം തന്നെയാണ്.
വേതനവ്യവസ്ഥയിൽ നിലനിൽക്കുന്ന വിവേചനം
ആധുനിക കാലത്ത് പോലും വേതനവ്യവസ്ഥയിൽ നിലനിൽക്കുന്ന ലിംഗ വിവേചനം ഒരു വലിയ പ്രശ്നമായി തുടരുകയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ സ്വഭാവമുള്ള ജോലിക്ക് ലഭിക്കുന്ന വേതനത്തിൽ കാര്യമായ വ്യത്യാസം നിലനിൽക്കുന്നു.

ഒരു സ്ഥാപനത്തിൽ ഒരു സ്ത്രീയും പുരുഷനും ഒരേ രീതിയിലുള്ള ജോലിയാണ് ചെയ്യുന്നതെന്ന് കരുതുക. ആ രണ്ടു വ്യക്തികൾക്കും ആ ജോലിയിൽ ഉള്ളത് ഒരേപോലെയുള്ള ഉത്തരവാദിത്വമാണ്. അവർ രണ്ടു പേരും മികച്ച രീതിയിൽ ആ ജോലി ചെയ്തിട്ട് പോലും സ്ത്രീ ആയതുകൊണ്ട് മാത്രം ലഭിക്കുന്ന വേതനത്തിൽ കുറവുണ്ടാകുന്ന സാഹചര്യം ആലോചിച്ചു നോക്കുക.
മേൽപ്പറഞ്ഞ സാഹചര്യം പല സ്ത്രീകളും അവരുടെ തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്. സ്ത്രീകളുടെ അധ്വാനത്തിനെ വിലകുറച്ചു കാണുകയും അവർ അർഹിക്കുന്ന രീതിയിലുള്ള പ്രതിഫലം നൽകാതിരിക്കുകയും ചെയ്യുന്നു.
പ്രതിഫലത്തിലുള്ള വിവേചനത്തിനോടൊപ്പം തന്നെ ലഭ്യമാകുന്ന അവസരങ്ങളിലും സ്ത്രീകൾ വിവേചനം അനുഭവിക്കുന്നുണ്ട്. ജീവിതകാലം മുഴുവൻ ജോലി ചെയ്താലും ഒരു പുരുഷന് നേടുവാൻ സാധിക്കുന്ന വരുമാനം സ്ത്രീകൾക്ക് നേടുവാനാകാത്ത സാഹചര്യമുണ്ടാകുന്നു. സ്ത്രീകളുടെ ജീവിത നിലവാരത്തെ ഇതും മോശമായി ബാധിക്കുന്നു.
സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടുവാൻ സാധിക്കാതെ വരികയും അവർ സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെടുകയും ചെയ്യുന്നു. വേതനവുമായി ബന്ധപ്പെട്ട വിവേചനം അവസാനിപ്പിക്കുവാൻ നമുക്ക് എന്തെല്ലാം ചെയ്യാനാകും എന്ന് പരിശോധിക്കാം.
- വേതനവ്യവസ്ഥയിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെ കുറിച്ചുള്ള ബോധവൽക്കരണം.
- തുല്യവേതനം ഉറപ്പുവരുത്തുവാനായി നിയമങ്ങൾ നടപ്പിലാക്കുക.
- തൊഴിലിടങ്ങളിൽ തുല്യ അവസരങ്ങൾ ഉറപ്പുവരുത്തുക.
- തുറന്ന ചർച്ചയ്ക്കുള്ള അവസരങ്ങൾ തൊഴിലിടങ്ങളിൾ സൃഷ്ടിക്കുക.
- മേൽപ്പറഞ്ഞ നടപടികൾക്കൊപ്പം സമൂഹത്തിൽ പൊതുവായി നിലനിൽക്കുന്ന ചില തെറ്റായ ധാരണകളിൽ മാറ്റം ഉണ്ടായാൽ മാത്രമേ സ്ത്രീകളുടെ ജീവിതത്തിൽ പുരോഗമനം ഉണ്ടാവുകയുള്ളൂ.
സ്വത്ത് പങ്കിടുന്നതിൽ നിലനിൽക്കുന്ന വിവേചനം
ഒരു വ്യക്തിയുടെ സ്വത്ത് എന്നാൽ ആ വ്യക്തിയുടെ കൈവശമുള്ള ആസ്തികളുടെ ആകെ മൂല്യത്തിൽ നിന്നും കടങ്ങൾ കുറയ്ക്കുമ്പോൾ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, അപ്രതീക്ഷിത ചെലവുകൾ എന്നിവ നേരിടാൻ ഒരു വ്യക്തിയെ പ്രാപ്തമാക്കുന്നത് ആ വ്യക്തിയുടെ കൈവശമുള്ള സ്വത്ത് അല്ലെങ്കിൽ സമ്പാദ്യമാണ്. ഒരു വ്യക്തിയുടെ സാമ്പത്തിക ആരോഗ്യമാണ് ആ വ്യക്തിയുടെ കൈവശമുള്ള സ്വത്ത് സൂചിപ്പിക്കുന്നത്.

സ്വത്ത് കൈവശം വയ്ക്കുന്നതിൽ അല്ലെങ്കിൽ പങ്കിടുന്നതിൽ സ്ത്രീകൾ അനുഭവിക്കുന്ന വേർതിരിവിന് ഇന്നത്തെ കാലത്തും ഒട്ടും തന്നെ കുറവില്ല. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്നതും കൈവശം വയ്ക്കാൻ ആകുന്നതുമായ സ്വത്തിന്റെ അളവ് തീരെ കുറവാണ്.
ഈ വിവേചനം സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കുന്ന കാര്യമാണ്. മികച്ച സാമ്പത്തിക സ്ഥിതിയിലെത്തുവാൻ സാധിക്കാത്തതിനാൽ തന്നെ വ്യത്യസ്ത തരത്തിലുള്ള നിക്ഷേപങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളുടെ എണ്ണവും താരതമ്യേന കുറവാണ്.
സ്വന്തം നിലയിൽ അധ്വാനിച്ച് നേടുന്ന പണമായാൽ പോലും അവ സ്വന്തം ഇച്ഛയ്ക്കനുസരിച്ച് ഉപയോഗിക്കുവാനോ മാറ്റിവയ്ക്കുവാനോ സാധിക്കാത്തതിനാൽ സ്ത്രീകളുടെ റിട്ടയർമെന്റ് ജീവിതവും സാമ്പത്തികസ്ഥിതിയും അവതാളത്തിൽ ആകുന്നു.
ഈ പ്രശ്നം പരിഹരിക്കുവാനായി പുരോഗമനപരവും ശക്തവുമായ നയങ്ങൾ ആവിഷ്കരിക്കേണ്ടതായിട്ടുണ്ട്. സാമ്പത്തിക അസമത്വം ഇല്ലാതാക്കുവാൻ പ്രാപ്തമായ നയങ്ങളാണ് ഇവിടെ ഉണ്ടാകേണ്ടത്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ സ്ത്രീകളുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ.
സാമ്പത്തിക കാര്യങ്ങളിൽ സ്ത്രീകൾ നേരിടുന്ന അസമത്വം ഇല്ലാതാക്കുവാൻ അവർക്ക് ആശ്രയിക്കാനാകുന്ന കൂട്ടായ്മകൾ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. സ്ത്രീകൾ അനുഭവിക്കുന്ന സാമ്പത്തിക അസമത്വങ്ങൾ ഇല്ലാതാക്കണമെങ്കിൽ കൂട്ടായ പരിശ്രമം വേണം. ആൺ പെൺ വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാ വ്യക്തികൾക്കും സാമ്പത്തിക സുരക്ഷിതത്വം നേടുവാൻ സാധിക്കണം.

സ്ത്രീയെന്ന നിലയിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടുവാൻ നിങ്ങൾക്ക് സാധിക്കണം. എത്ര തുക സ്ത്രീകൾ സമ്പാദിക്കുന്നു എന്നതിലല്ല മറിച്ച് അവർക്ക് എത്ര തുക സ്വന്തം നിലയിൽ ഉപയോഗിക്കുവാനും നീക്കിയിരിപ്പായി മാറ്റുവാനും സാധിക്കുന്നു എന്നതിലാണ് കാര്യം.
അധ്വാനിച്ച് പണം നേടിയിട്ടും കടങ്ങൾക്കിടയിലോ ദാരിദ്ര്യം നിറഞ്ഞ സാഹചര്യങ്ങളിലോ ജീവിക്കേണ്ട അവസ്ഥ സ്ത്രീകൾക്ക് ഉണ്ടാവരുത്. സ്ത്രീകളുടെ സാമ്പത്തിക കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവർ തന്നെയായിരിക്കണം. എന്നാൽ മാത്രമേ സ്വാതന്ത്ര്യവും സന്തോഷവുമുള്ള ജീവിതം സ്ത്രീകൾക്ക് ലഭിക്കുകയുള്ളൂ.
സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ അറിവുകൾ നേടുവാൻ സ്ത്രീകൾ മുന്നോട്ടു വരണം. ആ അറിവുകൾ ഉൾക്കൊണ്ടുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോയാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ജീവിതം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.