സാമ്പത്തികമായ പുരോഗതി എന്നത് കേവലം സംഖ്യകൾ കൊണ്ട് രേഖപ്പെടുത്തുന്ന കണക്കുകളല്ല മറിച്ച് ശരിയായ തിരഞ്ഞെടുപ്പുകളുടേയും അച്ചടക്കമുള്ള പ്രവർത്തനങ്ങളുടേയും ഒത്തുചേരലാണ്. പണം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന തിരിച്ചറിവ് നമ്മുടെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും നമുക്കുണ്ടായിരിക്കണം. സാമ്പത്തിക വളർച്ച നേടുവാനായി സ്ത്രീകൾക്ക് ഉപകാരപ്പെടുന്ന 5 സ്മാർട്ട് ശീലങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
ബഡ്ജറ്റിംഗ്
സാമ്പത്തികപരമായി മികച്ച തീരുമാനങ്ങൾ എടുക്കുന്ന സ്ത്രീകൾ എല്ലായിപ്പോഴും അവരുടെ വരവറിഞ്ഞ് ചെലവഴിക്കുവാനായി ബഡ്ജറ്റ് തയ്യാറാക്കുന്നതിന് പ്രാധാന്യം നൽകുന്നു.

ഒരു വ്യക്തിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൻ്റെ ആദ്യപടിയാണ് ബഡ്ജറ്റ് തയ്യാറാക്കുന്നത്. നിങ്ങൾക്ക് ലഭ്യമാകുന്ന വരുമാനം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് രേഖപ്പെടുത്തുന്നത് വഴി നിങ്ങൾക്ക് നിങ്ങളുടെ വരുമാനത്തിനനുസരിച്ച് ചെലവുകൾ നിയന്ത്രിക്കുവാൻ സാധിക്കുന്നു. ധനകാര്യ മാനേജ്മെന്റിൻ്റെ അടിസ്ഥാനം തന്നെ ബഡ്ജറ്റിംഗ് ആണ്.
നിങ്ങളുടെ വരുമാന സ്രോതസ്സുകളെക്കുറിച്ചും ചെലവുകളെക്കുറിച്ചും നിങ്ങൾ ബോധവാന്മാരായിരിക്കണം. ചെലവുകൾ മുൻകൂട്ടി കാണുവാൻ സാധിച്ചാൽ മാത്രമേ സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെടാതെ അനിവാര്യമായ ചെലവുകൾ നടപ്പിലാക്കുവാൻ സാധിക്കുകയുള്ളൂ.
നീക്കിയിരിപ്പുകളും നിക്ഷേപങ്ങളും
സാമ്പത്തിക പുരോഗതി കൈവരിക്കണമെങ്കിൽ നിങ്ങൾ തീർച്ചയായും നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാനും നിക്ഷേപം നടത്തുവാനും തയ്യാറാകണം. റിട്ടയർമെന്റ് പോലെയുള്ള ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട സാമ്പത്തിക ലക്ഷ്യങ്ങൾക്കായി മ്യൂച്വൽ ഫണ്ടുകൾ പോലെയുള്ള നിക്ഷേപ മാർഗങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

എല്ലാ ചെലവുകൾക്കും ശേഷം മാസത്തിന്റെ അവസാനം നീക്കിയിരിപ്പായി കുറച്ച് തുക മാറ്റിവയ്ക്കാമെന്ന് ചിന്തിക്കുന്നത് ഒരിക്കലും പ്രായോഗികമല്ല. നിങ്ങളുടെ ബഡ്ജറ്റിന്റെ ഭാഗമായിത്തന്നെ ഒരു നിശ്ചിത ശതമാനം തുക മാസത്തിന്റെ ആരംഭത്തിൽ തന്നെ നീക്കി വയ്ക്കുവാൻ തയ്യാറാകണം.
പൊതുവായുള്ള നീക്കിയിരിപ്പിന് പുറമേ എമർജൻസി ഫണ്ട് സൃഷ്ടിക്കേണ്ടതും അനിവാര്യമാണ്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ മുൻകൂട്ടി കാണാനാകാത്ത അത്യാവശ്യ ചെലവുകൾക്ക് വേണ്ടിയാണ് ഈ തുക ചെലവഴിക്കേണ്ടത്.
ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ നേടുക
സാമ്പത്തിക വളർച്ചയ്ക്ക് സഹായകരമാകുന്ന ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ തുടർച്ചയായി നേടുവാൻ ശ്രമിക്കുക. ധനകാര്യ മേഖലയിലെ മാറ്റങ്ങളെ കുറിച്ച് കൃത്യമായ അറിവുണ്ടെങ്കിൽ മാത്രമേ സാഹചര്യങ്ങൾക്കനുസരിച്ച് ശരിയായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കുകയുള്ളൂ.
ധനകാര്യം, ബഡ്ജറ്റിംഗ്, വിവിധ നിക്ഷേപ തന്ത്രങ്ങൾ, കടങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ പ്രാവീണ്യം നേടുവാൻ കഴിയണം. കൂടാതെ നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ തുടർച്ചയായി വിലയിരുത്തി ആവശ്യമുള്ള മാറ്റങ്ങൾ കൊണ്ടുവരേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
പുതിയ സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുക
ഒരു സ്ഥിരവരുമാന സ്രോതസ്സിനെ മാത്രം ആശ്രയിക്കാതെ കൂടുതൽ വരുമാനം നേടുവാൻ സഹായകരമാകുന്ന സ്രോതസ്സുകൾ കണ്ടെത്തുന്നത് സ്മാർട്ടായ നടപടിയാണ്. ഒഴിവ് സമയങ്ങളിൽ നിങ്ങളുടെ കഴിവിനനുസരിച്ചുള്ള ഫ്രീലാൻസ് ജോലികൾ ചെയ്യുന്നതു പോലെയുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തി വരുമാനം വർധിപ്പിക്കാവുന്നതാണ്. ഇങ്ങനെ വ്യത്യസ്ത വരുമാന സ്രോതസ്സുകളെ ആശ്രയിച്ചുകൊണ്ട് സാമ്പത്തിക സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പുവരുത്തുവാൻ സാധിക്കും.
സ്വന്തം കാര്യങ്ങൾക്ക് മുൻഗണന നൽകുക
സാമ്പത്തികമായ ഉയർച്ചയ്ക്ക് അടിത്തറയാകേണ്ട പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് മാനസികാരോഗ്യം. ഒരു വ്യക്തിയുടെ ജീവിതരീതിയും സാമ്പത്തിക സ്ഥിതിയും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. സ്വന്തം കാര്യങ്ങൾക്ക് മുൻഗണന നൽകിയാൽ മാത്രമേ ഒരു വ്യക്തിക്ക് തൻ്റെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുവാൻ സാധിക്കുകയുള്ളൂ.

ഏകാഗ്രതയുള്ള മനസ്സ് മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാൻ നിങ്ങൾക്ക് പ്രാപ്തി നൽകും. മാനസിക ഉല്ലാസത്തിന് സമയം കണ്ടെത്തി സ്ട്രസ്സ് മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ സാധിക്കണം. ആവശ്യമുള്ള സാഹചര്യങ്ങളിൽ വിദഗ്ധ സഹായം തേടുവാൻ മടിക്കാതിരിക്കുക.
നിങ്ങളുടെ ഔദ്യോഗിക കർത്തവ്യങ്ങളും നിത്യജീവിതവും തമ്മിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതുണ്ട്. സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുവാനുള്ള പ്രചോദനം ലഭിക്കുവാൻ ജീവിതത്തെ പോസിറ്റീവായി നോക്കിക്കാണണം.
സംഗ്രഹം
പണം കൈകാര്യം ചെയ്യുക എന്നത് ഒരു ദിവസം കൊണ്ട് അവസാനിക്കുന്ന പ്രവർത്തിയല്ല. മറിച്ച് ഒരു വ്യക്തിയുടെ വരുമാനത്തിനനുസരിച്ചാണ് പണം ചെലവഴിക്കപ്പെടുന്നതെന്ന് തുടർച്ചയായി വിലയിരുത്തേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന ഒരു സ്മാർട്ടായ വ്യക്തിയായി മാറണമെങ്കിൽ സാമ്പത്തിക ആസൂത്രണവും അച്ചടക്കവും അനിവാര്യമാണ്. ഒരേ സമയം തന്നെ പല ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്ന സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വവും സ്ഥിരതയുമുള്ള ഭാവിക്കായി ഇവിടെ സൂചിപ്പിച്ചിരിക്കുന്ന സ്മാർട്ടായ ശീലങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുക.