അമ്മയായിരിക്കുക എന്നത് ഒരു തരത്തിൽ ഒരു ജാലവിദ്യയാണ്, കാരണം ഒരമ്മ കുടുംബത്തെ മുന്നോട്ടു നയിക്കുന്നത് ആസ്വദിക്കുമ്പോൾ തന്നെ ആ അമ്മയ്ക്ക് പണം കൈകാര്യം ചെയ്യേണ്ട ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടി വരാറുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയും കുടുംബത്തിന്റെ സുരക്ഷിതമായ ഭാവി ജീവിതത്തിന് വേണ്ടിയും നീക്കിയിരിപ്പുകൾ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിരത നിലനിർത്തി സന്തോഷകരമായ ജീവിതം നയിക്കുവാൻ ഏറെ കഷ്ടപ്പെടേണ്ടതുണ്ടെങ്കിലും ശരിയായ പദ്ധതികൾ ആവിഷ്കരിച്ച് പ്രവർത്തിച്ചാൽ നമുക്ക് ഈ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാനാകും. അമ്മമാർക്ക് ഉപകാരപ്പെടുന്ന ചില മണി മാനേജ്മെന്റ് ടിപ്പുകൾ പരിചയപ്പെടാം.
വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുക
സാമ്പത്തികമായി ഏറ്റവും അധികം പ്രാധാന്യമർഹിക്കുന്നത് എന്തിനാണെന്ന് മനസ്സിലാക്കുക. കുട്ടികളുടെ വിദ്യാഭ്യാസം, എമർജൻസി ഫണ്ട് സൃഷ്ടിക്കുക, ഒരു വീട് സ്വന്തമാക്കുക തുടങ്ങി പല വിധത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ നിങ്ങൾക്കുണ്ടായിരിക്കാം. സാമ്പത്തിക ലക്ഷ്യങ്ങൾ അവയുടെ മുൻഗണനാക്രമത്തിൽ വിലയിരുത്തിയ ശേഷം പ്രായോഗികമായ പദ്ധതികൾ ആവിഷ്കരിക്കുക.
ഒരു ബഡ്ജറ്റ് തയ്യാറാക്കുവാൻ ശ്രമിക്കുക. വ്യക്തമായ ഒരു ബഡ്ജറ്റ് തയ്യാറാക്കുന്നതിലൂടെ നിങ്ങളുടെ ആകെ വരുമാനം എത്രയാണെന്നും വരുമാനം എങ്ങനെയാണ് ചെലവഴിക്കപ്പെടുന്നതെന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. നീക്കിയിരിപ്പായി കുറച്ച് തുക മാറ്റിവയ്ക്കുവാനും നിക്ഷേപങ്ങൾ സൃഷ്ടിക്കുവാനും ബഡ്ജറ്റിലൂടെ ലഭിക്കുന്ന ഉൾക്കാഴ്ച നമ്മെ സഹായിക്കും. കൂടാതെ ഏതെല്ലാം മേഖലയിലാണ് ചെലവ് ചുരുക്കുവാൻ സാധിക്കുക എന്ന് കണ്ടെത്തുവാനും ബഡ്ജറ്റ് ഉപകാരപ്പെടും.
സ്മാർട്ടായി പണം ചെലവഴിച്ചുകൊണ്ട് ലാഭം നേടാം

ജീവിതത്തിൽ മിതവ്യയ ശീലം പാലിച്ചുകൊണ്ട് പണം ലാഭിക്കുവാൻ ശ്രമിക്കുക. ഭക്ഷണക്രമം ആസൂത്രണം ചെയ്ത് സാധനങ്ങൾ വാങ്ങുക. ഒരു നിശ്ചിത കാലയളവിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഒന്നായി വാങ്ങുക, ഡിസ്കൗണ്ടുകൾ പരമാവധി ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ നടപടികളിലൂടെ ചെലവുകൾ നല്ല രീതിയിൽ തന്നെ നിയന്ത്രിക്കുവാൻ സാധിക്കും.
നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി പണം ട്രാൻസ്ഫർ ചെയ്യപ്പെടുന്ന രീതിയിൽ ക്രമീകരണം നടത്തുക. അതായത് നിങ്ങളുടെ സാലറി അക്കൗണ്ടിൽ ശമ്പളം ലഭ്യമാകുന്ന അവസരത്തിൽ തന്നെ മറ്റേത് ആവശ്യത്തിന് വേണ്ടി പണം ചെലവഴിക്കുന്നതിന് മുൻപായി മറ്റൊരു സേവിംഗ്സ് അക്കൗണ്ടിലേക്ക് പണം നീക്കിയിരിപ്പായി മാറ്റിവയ്ക്കണം. ഇങ്ങനെ നിങ്ങൾക്ക് സ്ഥിരമായി ഒരു നിശ്ചിത തുക മാറ്റിവയ്ക്കുവാനും അതിനനുസരിച്ച് ബഡ്ജറ്റ് മെച്ചപ്പെടുത്തുവാനും സാധിക്കും.
കടങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുക
നിങ്ങളുടെ കുടുംബ ജീവിതത്തിൽ കടങ്ങൾ പലവിധത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സമാധാനപൂർണ്ണമായ ജീവിതത്തെ ബാധിക്കാത്ത വിധത്തിൽ കടങ്ങൾ കൈകാര്യം ചെയ്യുവാൻ സാധിക്കണം. കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാത്ത വിധത്തിൽ സ്മാർട്ടായി കടങ്ങൾ കൈകാര്യം ചെയ്യുക.

കൂടാതെ മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്നത്തെ കാലത്ത് ലോണുകൾ ലഭിക്കുവാൻ മാത്രമല്ല വീട് വാടകയ്ക്ക് ലഭിക്കുവാനും ചില ജോലികൾ ലഭ്യമാകുവാനും ക്രെഡിറ്റ് സ്കോർ പരിഗണിക്കുന്നുണ്ട്. കടങ്ങൾ കൃത്യസമയത്ത് തിരിച്ചടയ്ക്കുവാൻ സാധിച്ചാൽ മാത്രമേ മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്തുവാൻ കഴിയുകയുള്ളൂ.
നിങ്ങൾ കടങ്ങൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുകയും അത് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നത് മികച്ച സാമ്പത്തിക ശീലങ്ങൾ കൈവരിക്കുവാൻ കുട്ടികൾക്ക് പ്രചോദനമാകും. കുട്ടികൾ മുതിർന്നവരായി മാറുമ്പോൾ അവരുടെ ജീവിതത്തിന് ആവശ്യമായി വരുന്ന സാമ്പത്തികപരമായ അറിവുകൾ കുട്ടിക്കാലത്ത് തന്നെ അവർക്ക് പകർന്നു നൽകുവാൻ ശ്രമിക്കുക.
കൂടുതൽ വരുമാനം കണ്ടെത്തുക
നിങ്ങളുടെ കഴിവും വൈദഗ്ധ്യവും ഉപയോഗിച്ച് പരമാവധി വരുമാനം കണ്ടെത്തുവാൻ ശ്രമിക്കുക. നിങ്ങളുടെ പ്രധാന ജോലിക്കൊപ്പം പാർടൈം ജോലികളോ ഫ്രീലാൻസായി ചെയ്യാൻ പറ്റുന്ന ജോലികളോ കണ്ടെത്തുവാൻ ശ്രമിക്കുക.

പുതിയ കാലത്തിന് ആവശ്യമായ അറിവുകൾ നേടുവാനും നിങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുവാനും ശ്രമിക്കുക. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ നേടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് വഴി ആ ജോലിയിൽ നിന്ന് ദീർഘകാല അടിസ്ഥാനത്തിൽ പരമാവധി നേട്ടം നേടുവാൻ ശ്രമിക്കുക.
നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റിയതിനു ശേഷം നിങ്ങൾക്ക് ലഭ്യമാകുന്ന സമയം അധിക വരുമാനത്തിനായി ഗുണപരമായി വിനിയോഗിക്കാവുന്നതാണ്. നിങ്ങൾക്ക് ലഭ്യമാകുന്ന പണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാനുള്ള അറിവ് നേടുന്നതും നിങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടുന്ന ഘടകമാണ്.
എമർജൻസി ഫണ്ട് സൃഷ്ടിക്കുക
നിങ്ങളുടെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം എല്ലാ മാസവും കൃത്യമായി മാറ്റിവയ്ക്കാൻ തയ്യാറായാൽ വളരെ എളുപ്പത്തിൽ ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുവാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുമ്പോൾ എമർജൻസി ഫണ്ടിലേക്ക് കൂടുതൽ തുക മാറ്റി വയ്ക്കുവാൻ ശ്രമിക്കുക.
അപ്രതീക്ഷിതമായ ചെലവുകൾ ജീവിതത്തിൽ കടന്നു വരുമ്പോൾ ഒരു സുരക്ഷിതവലയം എന്നപോലെ എമർജൻസി ഫണ്ട് നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നു. ആശുപത്രി ചെലവ്, തൊഴിൽ നഷ്ടം കാറിൻ്റെ റിപ്പയറിംഗ് തുടങ്ങി ഏതൊരു അപ്രതീക്ഷിതമായ സാഹചര്യത്തേയും എമർജൻസി ഫണ്ട് ഉപയോഗിച്ച് സധൈര്യം നേരിടാനാകും.
നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെ കൂടുതൽ സുരക്ഷിതത്വ ബോധത്തോടെ സംരക്ഷിക്കുവാനും, സമാധാനപൂർണ്ണമായ ജീവിതം നയിക്കുവാനും എമർജൻസി ഫണ്ട് താങ്ങായി മാറുന്നു. ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ചില യാഥാർത്ഥ്യങ്ങളെ നേരിടുവാൻ സാമ്പത്തികമായി തയ്യാറായിരിക്കുവാൻ എമർജൻസി ഫണ്ട് അനിവാര്യമാണ്.
സംഗ്രഹം
ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ കൈവരിക്കുന്ന സാമ്പത്തിക സ്ഥിരത കുടുംബത്തിന് ആകെ ശക്തി പകരും എന്ന കാര്യത്തിൽ സംശയമില്ല. കഠിനാധ്വാനത്തിലൂടെ എന്തും നേടുവാനാകും എന്ന് തെളിയിച്ചുകൊണ്ട് കുടുംബത്തിൻ്റെയാകെ പ്രതീക്ഷയുടെ ചിഹ്നമായി മാറുവാൻ നിങ്ങൾക്ക് കഴിയണം. മേൽപ്പറഞ്ഞിരിക്കുന്ന ടിപ്പുകൾ ജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ട് വിജയം നിറഞ്ഞ ഒരു ഭാവി ജീവിതത്തിനായി കാത്തിരിക്കുക. ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ തിരിച്ചടിയും കൂടുതൽ ശക്തി കൈവരിക്കുവാനുള്ള അവസരമായി ഉപയോഗപ്പെടുത്തി ദൃഢനിശ്ചയത്തോടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുക.