happy-woman-financial-freedom

Sharing is caring!

എന്താണ് സാമ്പത്തിക സ്വാതന്ത്ര്യം. സ്വന്തം സാമ്പത്തിക നിലയെ കുറിച്ച് വ്യാകുലപ്പെടാതെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിക്കുവാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്ന സ്വാതന്ത്ര്യമാണ് സാമ്പത്തിക സ്വാതന്ത്ര്യം. ലഭ്യമായ വരുമാനം കൃത്യമായ രീതിയിൽ ആസൂത്രണം ചെയ്യാതെ ചെലവഴിക്കുന്നത് വഴി നാം തന്നെയാണ് നമ്മുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത്. സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുവാനായി നാം നമ്മുടെ ജീവിതത്തിൽ പിന്തുടരേണ്ട അഞ്ചു രഹസ്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

മാസ വരുമാനത്തിന്റെ 25 ശതമാനത്തിൽ കുറവായി ഇ എം ഐ തുക നിലനിർത്തുക

ഒരു വ്യക്തിയുടെ അല്ലെങ്കിൽ കുടുംബത്തിന്റെ ആകെയുള്ള മാസ വരുമാനത്തിന്റെ 25 ശതമാനത്തിൽ താഴെയായി ഇ എം ഐ തുക നിലനിർത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വരുമാനത്തിന്റെ 25 ശതമാനത്തിൽ അധികം ലോണുകൾക്കായി മാറ്റിവയ്ക്കുന്നത് സാമ്പത്തിക അച്ചടക്കം പാലിക്കാത്തതിന്റെ സൂചനയാണ്. വരുമാനത്തിന്റെ 50 ശതമാനത്തേക്കാൾ ഇ എം ഐ തുക ഉയർന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചേരുവാനുള്ള സാധ്യത ഏറെയാണ്. ഇത്തരം സാഹചര്യങ്ങളിൽ എത്തിപ്പെട്ടവർ ജീവിതത്തിന്റെ ഭാഗമായ പല പ്രധാനപ്പെട്ട കാര്യങ്ങൾക്കുമായി പണം കണ്ടെത്തുവാൻ കഷ്ടപ്പെടുന്നവരായിരിക്കും.

ഒരു ടേം ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകുക

ഒരു ടേം ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകുക എന്നത് ഭൂരിഭാഗം വ്യക്തികളും ചെയ്യുവാൻ മടിക്കുന്ന കാര്യമാണ്. ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിരത എന്നാൽ ആ വ്യക്തിയുടെ കുടുംബത്തിന്റെ ആകെ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടയാളമാണ്. അതിനാൽ തന്നെ നിങ്ങളുടെ അഭാവത്തിലും നിങ്ങളുടെ കുടുംബം സാമ്പത്തിക സ്ഥിരതയോടെ മുന്നോട്ടു പോകണമെങ്കിൽ ഒരു ടേം ഇൻഷുറൻസ് സ്വന്തമാക്കുക എന്നത് ഒരിക്കലും ഒഴിവാക്കാൻ ആകാത്ത കാര്യമാണ്.

term-insurance-for-family

ഒരു കുടുംബത്തിന് യാതൊരു സാമ്പത്തിക ബുദ്ധിമുട്ടും ഇല്ലാതെ 15 മുതൽ 20 വർഷം വരെ ജീവിക്കാനുള്ള തുകയുടെ പരിരക്ഷയാണ് ഒരു ടേം ഇൻഷുറൻസിലൂടെ നാം ഉറപ്പാക്കുന്നത്. ടേം ഇൻഷുറൻസ് പദ്ധതി തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ മാസ ശമ്പളത്തിന്റെ 150 ഇരട്ടിയെങ്കിലും കവറേജ് ലഭ്യമാകുന്ന പദ്ധതിയാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

നിക്ഷേപിക്കുവാൻ വൈകരുത്

ഇന്നലെ വരെ നീക്ഷേപിക്കാത്ത വ്യക്തിയാണ് നിങ്ങളെങ്കിൽ ഇന്നു മുതൽ നിക്ഷേപിക്കുവാൻ ആരംഭിക്കുക. നിക്ഷേപങ്ങളെ സംബന്ധിച്ച് സമയം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നല്ല രീതിയിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുവാനായി ഒരു വ്യക്തിക്ക് തന്റെ സാമ്പത്തിക ലക്ഷ്യങ്ങളെ മൂന്നു ഗ്രൂപ്പുകളായി തിരിക്കേണ്ടതുണ്ട്. ഹ്രസ്വ കാലയളവിൽ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളാണ് ഒന്നാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുന്നത് കുറച്ചുകൂടി സമയം ആവശ്യമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ രണ്ടാമത്തെ ഗ്രൂപ്പിലും നീണ്ട കാലയളവ് ആവശ്യമുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ മൂന്നാമത്തെ ഗ്രൂപ്പിലും ഉൾപ്പെടുത്തിയിരിക്കുന്നു.

അടുത്ത ഒന്ന് അല്ലെങ്കിൽ രണ്ട് വർഷങ്ങളിൽ നിങ്ങൾക്കുണ്ടാകുന്ന വലിയ ചെലവുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഒന്നാമത്തെ ഗ്രൂപ്പിലാണ്. കുട്ടികളുടെ വാർഷിക സ്കൂൾ ഫീസ്, ഇൻഷുറൻസ് പ്രീമിയത്തിന്റെ അടവ്, ലോണിന്റെ അടവ്, എമർജൻസി ഫണ്ട് തുടങ്ങി വളരെ ചെറിയ കാലയളവിൽ നടത്തിയെടുക്കേണ്ടതായ സാമ്പത്തിക ലക്ഷ്യങ്ങളാണിവ. ഇത്തരം ലക്ഷ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ട് മികച്ച ആസൂത്രണത്തിലൂടെ ആവശ്യമായ പണം നമ്മുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാത്ത രീതിയിൽ തന്നെ കണ്ടെത്തേണ്ടതാണ്. ബാങ്കുകളിലേയോ പോസ്റ്റ് ഓഫീസിലേയോ റെക്കറിംഗ് ഡെപ്പോസിറ്റ് വഴിയോ, ലിക്വിഡ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപങ്ങളിലൂടെയോ ഈ ഗ്രൂപ്പിലെ ലക്ഷ്യങ്ങൾ നിറവേറ്റാവുന്നതാണ്.

ഒന്നാമത്തെ ഗ്രൂപ്പിലെ ലക്ഷ്യങ്ങൾക്കായി തയ്യാറെടുത്തതിന് ശേഷമാണ് നിങ്ങൾ രണ്ടാമത്തെ ഗ്രൂപ്പിലെ ലക്ഷ്യങ്ങൾ നടപ്പിലാക്കുവാൻ ശ്രമിക്കേണ്ടത്. ഒരു വാഹനം സ്വന്തമാക്കുക, ഒരു അവധിക്കാല യാത്ര, ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ സ്വന്തമാക്കുക, തുടങ്ങി ഗ്രൂപ്പ് ഒന്നിൽ ഉൾപ്പെടുന്നതിനേക്കാൾ കൂടുതൽ സമയം ആവശ്യമുള്ള സാമ്പത്തിക ലക്ഷ്യങ്ങളാണിവ. ഇവിടേയും മികച്ച ആസൂത്രണത്തിലൂടെ നമ്മുടെ ലക്ഷ്യങ്ങൾക്കായി നാം ശ്രമിക്കേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കുവാനായി ബാങ്ക് എഫ് ഡി, ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ, ഹൈബ്രിഡ് മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ മാർഗ്ഗങ്ങളെ ആശ്രയിക്കാവുന്നതാണ്.

റിട്ടയർമെന്റ്, ലോക യാത്ര, സ്വന്തമായി അപ്പാർട്ട്മെന്റ് സ്വന്തമാക്കുക, തുടങ്ങി ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട വലിയ സാമ്പത്തിക ലക്ഷ്യങ്ങളാണ് മൂന്നാമത്തെ ഗ്രൂപ്പിൽ ഉൾപ്പെടുന്നത്. ദീർഘകാല അടിസ്ഥാനത്തിലുള്ള സ്ഥിരതയാർന്ന നിക്ഷേപം ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കുവാൻ അനിവാര്യമാണ്. എൻ പി എസ്, പി പി എഫ്, തുടങ്ങിയ നിക്ഷേപ സാധ്യതകൾ, ഓഹരി വിപണിയിൽ നേരിട്ടുള്ള നിക്ഷേപം, ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം, തുടങ്ങിയ മാർഗ്ഗങ്ങളാണ് ഇവിടെ ഉപയോഗപ്പെടുത്തേണ്ടത്.

emergency-funds

മൂന്ന് ഗ്രൂപ്പുകളിലായി ഉൾപ്പെടുത്തിയ സാമ്പത്തിക ലക്ഷ്യങ്ങൾ നടപ്പിലാക്കുവാൻ മികച്ച ആസൂത്രണവും സാമ്പത്തിക അച്ചടക്കവും ആവശ്യമാണ്. ഏറ്റവും ആദ്യം നടപ്പിലാക്കേണ്ട ഗ്രൂപ്പ് ഒന്നിൽ ഉൾപ്പെടുന്ന സാമ്പത്തിക ലക്ഷ്യങ്ങൾക്കായി ഒരു വർഷത്തിനുള്ളിൽ നിങ്ങളുടെ മൂന്നു മാസത്തെ ശമ്പളമെങ്കിലും നീക്കിയിരിപ്പായി മാറ്റിവയ്ക്കുവാൻ നിങ്ങൾക്ക് സാധിക്കണം. ഗ്രൂപ്പ് ഒന്നിലെ ലക്ഷ്യങ്ങൾ നടപ്പിലാക്കിയതിനുശേഷം നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് 36 മാസം സമയം ഉപയോഗിച്ച് രണ്ടാമത്തെ ഗ്രൂപ്പിലെ ലക്ഷ്യങ്ങൾ നടപ്പിലാക്കുക. ഒന്നും രണ്ടും ഗ്രൂപ്പുകളിലെ ലക്ഷ്യങ്ങൾ നടപ്പിലാക്കിയതിനു ശേഷം മൂന്നാമത്തെ ഗ്രൂപ്പിലെ ലക്ഷ്യങ്ങൾ നടപ്പിലാക്കുവാനായി കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല എന്നാൽ കഴിയുന്നത്ര വേഗത്തിൽ ഈ ഗ്രൂപ്പിലെ ലക്ഷ്യങ്ങൾക്ക് വേണ്ടി നിക്ഷേപിക്കുവാൻ നിങ്ങൾ ശ്രമിക്കണം. ഏതെങ്കിലും സാഹചര്യത്തിൽ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന പണം മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കേണ്ടി വന്നാൽ എത്രയും വേഗം ആ പണം തിരിച്ചടയ്ക്കുവാൻ ശ്രമിക്കേണ്ടതാണ്.

നികുതിഭാരം ലഘൂകരിക്കുവാൻ ശ്രമിക്കുക

നമുക്ക് ഒരിക്കലും നികുതി നൽകുന്നതിൽ നിന്ന് മാറിനിൽക്കുവാൻ സാധിക്കുകയില്ല എന്നാൽ കൃത്യമായി ആസൂത്രണം ചെയ്താൽ നികുതിഭാരം ലഘൂകരിക്കുവാൻ പല വഴികളും ലഭ്യമാണ്. റിച്ച് ഡാഡ് പുവർ ഡാഡ് എന്ന പുസ്തകത്തിന്റെ കർത്താവായ റോബർട്ട് കിയോസാക്കി ഒരു ബിസിനസ്സ് ആരംഭിക്കുന്നത് കൊണ്ട് നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ലഭിക്കുന്ന നേട്ടത്തിനെ കുറിച്ച് തന്റെ പുസ്തകത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്. വ്യക്തികൾക്ക് ചുമത്തപ്പെടുന്ന നികുതിയും ബിസിനസ്സുകൾക്ക് ചുമത്തപ്പെടുന്ന നികുതിയും തമ്മിലുള്ള വ്യത്യാസം കൃത്യമായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

reduce-tax-burden-by-planning

വ്യക്തികൾക്ക് ശമ്പളം ലഭിക്കുന്നത് അവർ ഉൾപ്പെടുന്ന നികുതി സ്ലാബ് അനുസരിച്ച് ശമ്പളത്തിൽ നിന്നും നികുതി ഈടാക്കിയതിനു ശേഷമാണ്. നികുതിഭാരമില്ലാത്ത കുറഞ്ഞ ശമ്പളം ലഭിക്കുന്ന വ്യക്തികളുടെ സാമ്പത്തിക നിലയും അവരെക്കാൾ ഉയർന്ന ശമ്പളം വാങ്ങുന്ന വ്യക്തികളുടെ സാമ്പത്തിക നിലയും തമ്മിൽ കാര്യമായ വ്യത്യാസമില്ലാത്തത് ഉയർന്ന ശമ്പളം ലഭിക്കുന്നവർക്ക് ശമ്പളത്തിനനുസരിച്ച് നികുതി നൽകേണ്ടതിനാലാണ്.

ഒരു കമ്പനിയെ സംബന്ധിച്ച് അവർക്ക് ലഭിക്കുന്ന വരുമാനത്തിൽ നിന്ന് കമ്പനിയുടെ ചെലവുകൾ കഴിഞ്ഞുള്ള തുകയ്ക്ക് മാത്രമേ നികുതി നൽകേണ്ടി വരുന്നുള്ളൂ. വ്യക്തികളേക്കാൾ നികുതിയിനത്തിൽ വലിയ നേട്ടം നേടുവാൻ കമ്പനികൾക്ക് പലതരത്തിലുള്ള അവസരങ്ങളുണ്ട്. എന്നാൽ വ്യക്തികളേ സംബന്ധിച്ച് തങ്ങൾ നൽകേണ്ടി വരുന്ന നികുതി കൃത്യമായി മനസ്സിലാക്കി നികുതിയിളവുകൾ നേടുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തി നികുതി ആസൂത്രണം ചെയ്യുക എന്നതാണ് നികുതിഭാരം ലഘൂകരിക്കുവാനുള്ള ഏക മാർഗ്ഗം.

സേവിംഗ്സ് അക്കൗണ്ട് നീക്കിയിരിപ്പുകൾക്ക് വേണ്ടി മാത്രം

ഭൂരിഭാഗം വ്യക്തികളും അവർക്ക് ശമ്പളം ലഭിക്കുന്ന സാലറി അക്കൗണ്ട് തന്നെയാണ് എല്ലാ തരത്തിലുള്ള പണമിടപാടുകൾക്ക് ഉപയോഗിക്കുന്നത്. ഒരു അക്കൗണ്ടിലൂടെ തന്നെ എല്ലാത്തരത്തിലുമുള്ള ചെലവുകൾ നടത്തുവാൻ ശ്രമിക്കുമ്പോൾ നല്ലൊരു ശതമാനം വ്യക്തികളും അ അക്കൗണ്ടിലൂടെ നീക്കിയിരിപ്പുകൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുന്നു.ശമ്പളം ലഭിക്കുന്ന സാലറി അക്കൗണ്ട് കൂടാതെ നീക്കയിരിപ്പുകൾക്ക് വേണ്ടി മാത്രമുള്ള സേവിംസ് അക്കൗണ്ട് നിലനിർത്തുക എന്നത് സാമ്പത്തിക പുരോഗതിക്കുള്ള ഏറ്റവും ആദ്യത്തെ ചുവടുവെപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

റിട്ടയർമെന്റ് ആസൂത്രണം ചെയ്യുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ

20 വർഷത്തേക്കും 30 വർഷത്തേക്കും ദീർഘകാല അടിസ്ഥാനത്തിൽ നിക്ഷേപിക്കുന്നത് പലർക്കും താല്പര്യമുള്ള കാര്യമല്ല. ഏറ്റവും കൂടിയാൽ…

സമ്പന്നരുടെ വരുമാന സ്രോതസ്സുകൾ ഏതെല്ലാമാണ്

സാധാരണക്കാരെ അപേക്ഷിച്ചു സമ്പന്നർക്ക് എപ്പോഴും ഒന്നിൽ കൂടുതൽ വരുമാന സ്രോതസ്സുകൾ ഉണ്ടായിരിക്കും. അത്തരത്തിലുള്ള വരുമാന സ്രോതസ്സുകൾ…

സമ്പന്നർ എന്തുകൊണ്ട് ഇൻകം ടാക്സ് അടക്കാതെ ജീവിക്കുന്നു

പലരും പറഞ്ഞു കേൾക്കുന്ന കാര്യം ആണ് സമ്പന്നർ എല്ലാവരും കള്ളപ്പണക്കാർ ആണ് ഇത്തരക്കാർ എല്ലാം ക്രമാതീതമായി…

മുപ്പതുകളിൽ ഒഴിവാക്കേണ്ട സാമ്പത്തികപരമായ അബദ്ധങ്ങൾ

സാധാരണക്കാരനായ ഒരു വ്യക്തിയ്ക്ക് തന്റെ മുപ്പത് വയസ്സിന് മുമ്പുള്ള ജീവിത കാലഘട്ടത്തിൽ ആവശ്യത്തിന് സമയവും ഏറെ…