ശീലങ്ങളെക്കുറിച്ച് അരിസ്റ്റോട്ടിലിന്റെ വാക്കുകൾ ഇങ്ങനെയാണ് “ഒരു മനുഷ്യൻ ചെയ്യുന്ന 95 ശതമാനം കാര്യങ്ങളും അവൻറെ ശീലങ്ങളിൽ നിന്നും സൃഷ്ടിക്കപ്പെടുന്നവയാണ്”. ജീവിതത്തിലെ ശീലങ്ങളെക്കുറിച്ച് രസകരമായ മറ്റൊരു വാക്യമാണ്, നല്ല ശീലങ്ങൾ കൈവരിക്കുവാൻ പ്രയാസമാണ് പക്ഷേ നല്ല ശീലങ്ങളുമായി ജീവിക്കുവാൻ എളുപ്പമാണ് എന്നാൽ ചീത്ത ശീലങ്ങൾ കൈവരിക്കുവാൻ എളുപ്പമാണ് പക്ഷേ ചീത്ത ശീലങ്ങളും ആയി ജീവിക്കുവാൻ പ്രയാസമാണ്. ഒരു മനുഷ്യൻ ചില കാര്യങ്ങൾ 26 ദിവസത്തോളം തുടരെ ചെയ്യുമ്പോൾ അത് ആ വ്യക്തിയുടെ ശീലമായി മാറുന്നു എന്നു പറയാറുണ്ട് . ജീവിതത്തിന് ആവശ്യമായ നല്ല ശീലങ്ങൾ വളർത്തിയെടുക്കുവാനായി പിന്തുടരേണ്ട ചില പ്രതിജ്ഞകൾ എന്തെല്ലാമാണെന്ന് നോക്കാം.
ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം വ്യക്തികളും പ്രഭാതത്തിൽ ഉണർന്നശേഷം ആദ്യം പരിശോധിക്കുന്നത് മൊബൈലിൽ വരുന്ന വാട്സാപ്പിന്റെയും ഫേസ്ബുക്കിന്റെയും നോട്ടിഫിക്കേഷൻസ് ആണ്. ഭൂരിഭാഗം പേരും അവരുടെ ജീവിതത്തിൽ വന്നുചേരുന്ന കാര്യങ്ങൾ എങ്ങനെയാണോ അതിനെ മാത്രം പരിഗണിച്ച് ജീവിക്കുവാൻ ശ്രമിക്കുന്നവരാണ്. ഇതിൽ നിന്ന് വ്യത്യസ്തമായി ഉണരുന്ന സമയത്ത് തന്നെ ആ ദിവസം എങ്ങനെ ഗുണപരമായി വിനിയോഗിക്കണം എന്ന ചിന്തയോടെ ഉറച്ച തീരുമാനങ്ങളിൽ എത്തുകയാണ് വേണ്ടത്. അല്പം ബുദ്ധിമുട്ടി ആണെങ്കിലും രാവിലെ എഴുന്നേൽക്കുന്ന ആദ്യ മണിക്കൂറിൽ മൊബൈൽ ഫോൺ മാറ്റി വയ്ക്കുകയും ആ ദിവസം കൂടുതലായി എന്ത് ചെയ്യുവാൻ കഴിയുമെന്നും, ജീവിതത്തിൽ ഒരു നല്ല മാറ്റമെങ്കിലും കൊണ്ടുവരാൻ ശ്ര മിക്കുമെന്നും മനസ്സിൽ ഉറപ്പിച്ച ശേഷം മാത്രം ഒരു ദിനം ആരംഭിക്കുക. ദിനാരംഭത്തിൽ തന്നെ ജീവിതം മനോഹരം ആക്കുവാനുള്ള പദ്ധതികൾ മനസ്സിൽ ഉറപ്പിച്ച് കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കാൻ ശ്രമിക്കുക.
ജീവിതത്തിൽ വളർത്തിയെടുക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട ശീലമാണ് പുസ്തക വായന. ഒരു ശരാശരി ഇന്ത്യക്കാരൻ അവൻറെ ജീവിതത്തിലെ ഒരു വർഷത്തിൽ ഒരു പുസ്തകം പോലും വായിക്കാറില്ല എന്നത് അതിശയകരമായ കാര്യമല്ല. ഇന്നത്തെ കാലത്ത് വായനയുടെ രീതികളും അഭിരുചികളും സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പം മാറിമറിഞ്ഞിരിക്കുന്നു. ഒരു ചെറിയ ഫോണിൽ തന്നെ ലക്ഷക്കണക്കിന് പുസ്തകങ്ങൾ വായിക്കുവാൻ ഇന്നത്തെ കാലത്ത് അവസരമുണ്ട്. ജീവിതത്തിന് ആവശ്യമായ അറിവുകൾ നേടുവാനും ഉയർന്ന നിലവാരത്തിൽ ചിന്തിക്കുവാനും വ്യക്തിത്വ വികസനത്തിലും വായന അത്യന്താപേക്ഷികമാണ്. ഒരുമാസം ഒരു പുസ്തകം എങ്കിലും വായിക്കുന്ന ശീലം നിർബന്ധമായും വളർത്തിയെടുക്കേണ്ടതാണ്.

പരാജയത്തെ ധീരമായി നേരിടുക എന്നത് ഒരു വ്യക്തിക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്നാണ്. ജീവിതത്തിൻറെ തുടക്കകാലത്ത് പല പരീക്ഷണങ്ങൾക്കും മുതിർന്ന് പരാജയം രുചിച്ചവരാണ് ആ പരാജയത്തെ ഉൾക്കൊണ്ടുകൊണ്ട് ഭാവി ജീവിതത്തിൽ വലിയ വിജയങ്ങൾ കൈവരിച്ചിട്ടുള്ളത്. ജീവിതത്തിൽ സംഭവിക്കുന്ന പരാജയങ്ങളെ എങ്ങനെ ചവിട്ടുപടികൾ ആക്കി മാറ്റാം എന്നാണ് നാം ചിന്തിക്കേണ്ടത്. ജീവിതത്തിൽ സംഭവിക്കുന്ന ഓരോ പരാജയവും നൽകുന്ന അനുഭവസമ്പത്ത് ഉൾക്കൊണ്ട് മുന്നോട്ടു പോകുന്നവരാണ് യഥാർത്ഥ പോരാളികൾ. പരീക്ഷണങ്ങളിലൂടെയും പരാജയത്തിലൂടെയും അല്ലാതെ വിജയിക്കാനാവില്ല എന്നതാണ് സത്യം.
ഏറ്റവും പ്രസക്തവും ജീവിതത്തിൽ പാലിക്കേണ്ടതുമായ മറ്റൊരു ശീലമാണ് വരവറിഞ്ഞ് ചിലവാക്കുക എന്നത്. അധ്വാനത്തിന്റെ ഫലമായി ലഭിക്കുന്ന ധനത്തെ കൃത്യമായി വിനിയോഗിക്കുകയും ആവശ്യമായ അളവിൽ കൃത്യമായി നീക്കിയിരിപ്പ് നടത്തുന്നവരുമാണ് ജീവിതത്തിൽ ധനികരായി മാറുന്നത്. ജീവിതയാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് വരുമാനം കൃത്യമായി വിനിയോഗിച്ചാൽ മാത്രമേ അപ്രത്യക്ഷമായി കടന്നുവരുന്ന കാര്യങ്ങളിൽ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ.
ജീവിത വിജയത്തിനായി കൈക്കൊള്ളേണ്ട മറ്റൊരു ശീലമാണ് നിയമങ്ങളേയും ഗുണപരമായ പദ്ധതികളെയും അച്ചടക്കത്തോടെ പിന്തുടരുക എന്നത്. ഉദാഹരണത്തിന് സാമ്പത്തികമായി ജീവിതത്തിൽ മുന്നേറുവാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഒരു ദിവസം തനിക്ക് ഉണ്ടാകുന്ന ചിലവുകൾ എന്തെല്ലാമാണെന്ന് തിരിച്ചറിയുക എന്നതാണ്. വ്യക്തമായ പദ്ധതികളോ ലക്ഷ്യങ്ങളോ ഇല്ലാതെ കൃത്യമായി പ്രവർത്തിക്കുവാനും ജീവിതത്തിൽ വിജയിക്കുവാനും സാധിക്കുകയില്ല. അതുപോലെതന്നെ സാമ്പത്തികമായ സ്ഥിരത കൈവരിക്കുവാൻ കുറുക്കുവഴികളോ മാന്ത്രിക വിദ്യകളോ ഇല്ല. സ്വന്തം സാഹചര്യങ്ങൾ മനസ്സിലാക്കി വ്യക്തമായ ഒരു ലക്ഷ്യത്തോടെ അച്ചടക്കത്തോടുകൂടി നിക്ഷേപങ്ങൾ നടത്തുന്നതു മാത്രമാണ് അതിനുള്ള വഴി.

ആധുനിക കാലഘട്ടത്തിൽ ജീവിത വിജയം കൈവരിക്കുവാനുള്ള പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് ശക്തമായ നെറ്റ്‌വർക്ക് അല്ലെങ്കിൽ സുഹൃത്ത് ശൃംഖല സൃഷ്ടിക്കുക എന്നത്. പ്രവർത്തന മേഖല ഏത് തന്നെയായാലും ഗുണപരമായ ബന്ധങ്ങൾ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്. സമാന ചിന്താഗതിക്കാരായ വ്യക്തികളുടെ സുഹൃത്ത് വലയം സൃഷ്ടിക്കുകയും ഗുണപരമായ ചർച്ചകളിലൂടെ പുതിയ ആശയങ്ങൾ കൈവരിക്കുകയും ചെയ്യുക. ആകർഷകമായ വ്യക്തിത്വത്തിലൂടെ മറ്റുള്ളവരെ സ്വാധീനിക്കുകയും തുറന്ന മനസ്സോടെ മറ്റുള്ളവരിൽ നിന്ന് അറിവുകൾ നേടുകയും ചെയ്യുക. പുതിയ സംരംഭങ്ങൾ ആരംഭിക്കുവാനും തുടർ പ്രവർത്തനങ്ങൾക്ക് മനസ്സികമായും സാമ്പത്തികമായും പിന്തുണ നൽകുവാനും ശക്തമായ നെറ്റ്‌വർക്കിംഗ് നമ്മെ സഹായിക്കും. തുറന്ന മനസ്സോടെ ആശയവിനിമയം നടത്തുന്നതു വഴി സ്വയം തിരിച്ചറിവുകൾ ഉണ്ടാവുകയും ആവശ്യമായ തിരുത്തലുകൾ ജീവിതത്തിൽ വരുത്തുവാൻ സാധിക്കുകയും ചെയ്യുന്നു.
ജീവിതത്തിൽ കടന്നുവരുന്ന അപ്രധാനമായ ചില കാര്യങ്ങൾ ത്യജിക്കുവാനും ക്ഷമാശീലം വളർത്തിയെടുക്കുവാനും ഉള്ള മനസ്സ് ഒരു വ്യക്തിയെ വിജയത്തിലെത്തിക്കാൻ ആവശ്യമാണ്. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലുമെന്ന പോലെ സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും ക്ഷമാശീലം അത്യാവശ്യമാണ്. വ്യക്തമായ കാഴ്ചപ്പാടോ ലക്ഷ്യബോധമോ ഇല്ലാതെ എടുത്തുചാടുന്നവർ കുറഞ്ഞ കാലയളവിൽ കൂടുതൽ ലാഭത്തിനായി ശ്രമിക്കുകയും വിപണിയിൽ നിന്ന് കൂടുതൽ നഷ്ടങ്ങൾ നേരിടുകയും ചെയ്യുന്നു.