പലപ്പോഴും നമ്മുടെ തെറ്റായ ശീലങ്ങൾ ആണ് നമ്മളെ സാമ്പത്തിക അഭിവൃദ്ധിയിലേക്കു നയിക്കാത്തതിന്റെ പ്രധാന കാരണം. പണം ശരിയായി കൈകാര്യം ചെയ്യാൻ അറിയാത്തവർ എത്ര തന്നെ സമ്പാദിച്ചാലും അത് തികയാതെ വരും. ആയതിൽ പണം സമ്പാദിക്കുന്നപോലെത്തന്നെ പ്രധാനമാണ് അത് ചിലവ് ചെയ്യുന്നതും കൈകാര്യം ചെയ്യുന്നതും. അതിലേക്കായി നമ്മൾ മാറ്റം വരുത്തേണ്ട ശീലങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്കു നോക്കാം.
അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം
ആവശ്യമില്ലാത്ത സാധനങ്ങൾ ആണെങ്കിൽ പോലും പെട്ടെന്ന് തോന്നുന്ന ആഗ്രഹവും പ്രേരണയും മൂലം ചിലർ സാധനങ്ങൾ വാങ്ങിക്കൂട്ടാറുണ്ട്. സൂപ്പർമാർക്കറ്റുകളിലും മാളുകളിലും പ്രദർശിപ്പിച്ചിരിക്കുന്ന വമ്പിച്ച ഓഫറുകൾ കാണുമ്പോൾ മറ്റൊരു അവസരത്തിൽ അവ ലഭിക്കുകയില്ല എന്ന ആശങ്കയുടെ പുറത്ത് പലരും സാധനങ്ങൾ വാങ്ങാറുണ്ട്. സൂപ്പർ മാർക്കറ്റുകളേക്കാളും, മാളുകളേക്കാളും ഈ കാലത്ത് അനാവശ്യമായ വാങ്ങിക്കൂട്ടലുകൾ നടക്കുന്നത് ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ കോമേഴ്സ് വെബ്സൈറ്റുകളിൽ ആണ്. ആവശ്യമുള്ള ഒരു സാധനം വാങ്ങുവാനായി ഇത്തരത്തിലുള്ള സൈറ്റുകളിൽ പ്രവേശിക്കുമ്പോൾ ആ വെബ്സൈറ്റിൽ കാണുന്ന വമ്പിച്ച ഓഫറുകൾ നമ്മെ തെറ്റായി സ്വാധീനിക്കുകയും അവ വാങ്ങാനായി നാം അധികമായി പണം ചിലവഴിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
ഇ കോമേഴ്സ് വെബ്സൈറ്റുകളുടെ കടന്നുവരവ് ഒറ്റക്ലിക്കിൽ ഏത് സാധനവും വാങ്ങുവാൻ വ്യക്തികളെ സഹായിക്കുന്നതിനോടൊപ്പം തന്നെ ഓഫറുകളുടെ ഒരു മായാലോകം സൃഷ്ടിക്കുകയും ഉപഭോക്താക്കൾ പോലും തിരിച്ചറിയാതെ അവരുടെ ചെലവുകളെ കാര്യമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഷോപ്പിംഗ് വെബ്സൈറ്റുകളും, സൂപ്പർ മാർക്കറ്റുകളും വളരെ വിദഗ്ധമായ രീതിയിൽ ആകർഷകമായ മാർക്കറ്റിംഗ് പദ്ധതികൾ ആവിഷ്കരിച്ച് വ്യക്തികളെ സ്വാധീനിക്കുകയും അത് തിരിച്ചറിയാൻ സാധിക്കാതെ ഉപഭോക്താവ് അധികമായ വാങ്ങലുകൾക്ക് തയ്യാറാവുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രവണതകളെ നിയന്ത്രിക്കേണ്ടത് സാമ്പത്തിക സുരക്ഷിതത്ത്വം നിലനിർത്തുന്നതിന് അത്യാവശ്യമാണ്.
സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങുവാൻ പോകുമ്പോൾ ഒരു ലിസ്റ്റ് തയ്യാറാക്കിയ ശേഷം മാത്രം പോവുകയും എത്രതന്നെ വിലക്കിഴിവ് ലഭിച്ചാലും ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുകയില്ല എന്ന് മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുക. ഇ കോമേഴ്സ് വെബ്സൈറ്റുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ആദ്യമായി വാങ്ങേണ്ട സാധനങ്ങൾ വെബ്സൈറ്റുകളിൽ സേവ് ചെയ്യുകയും രണ്ടു ദിവസങ്ങൾക്ക് ശേഷം അവ നമുക്ക് അത്യാവശ്യമായ വസ്തുക്കളാണ് എന്ന് ഒരുതവണ കൂടി വിലയിരുത്തി വാങ്ങുവാനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്യാവുന്നതാണ്.

കൈവശമില്ലാത്ത പണം ചെലവഴിക്കുന്ന സ്വഭാവം
ചില വ്യക്തികൾ, കൈവശം പണം ഇല്ലെങ്കിൽ പോലും പണം കടം വാങ്ങിയോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അല്ലെങ്കിൽ ലോണുകളെ ആശ്രയിച്ച് സാധനങ്ങൾ വാങ്ങിക്കുവാനായി ശ്രമിക്കാറുണ്ട്. കയ്യിൽ ആവശ്യത്തിന് പണം ഇല്ലെങ്കിൽ അത് ലഭിച്ചേക്കാം എന്ന സാധ്യത മുൻനിർത്തി ഒരിക്കലും സാധനങ്ങൾ വാങ്ങാതിരിക്കുക. ക്രെഡിറ്റ് കാർഡ്, ലോൺ തുടങ്ങിയവ ആശ്രയിച്ച് ഇത്തരത്തിൽ സാധനങ്ങൾ വാങ്ങിയശേഷം കൃത്യമായി തിരിച്ചടയ്ക്കുവാൻ സാധിച്ചില്ലെങ്കിൽ ഉയർന്ന പലിശ മൂലം വലിയ തരത്തിലുള്ള ബാധ്യതയാണ് വ്യക്തികൾക്ക് ഉണ്ടാകുന്നത്.
വ്യക്തിപരമായ ഉപഭോഗത്തിന് മാത്രമല്ല ബിസിനസ്സ് ആവശ്യങ്ങൾക്കായാൽ പോലും കടം വാങ്ങി സാധനങ്ങൾ വാങ്ങുന്ന ശീലം തീർച്ചയായും ഉപേക്ഷിക്കേണ്ടതാണ്. നാളെ പണം ലഭിച്ചേക്കാം എന്ന പ്രതീക്ഷയിൽ ചെയ്യുന്ന ഇത്തരം വാങ്ങലുകൾ വ്യക്തികളുടെ സാമ്പത്തിക അവസ്ഥയെ വളരെ മോശമാക്കുവാൻ സാധ്യതയുണ്ട്.
ബാങ്ക് സ്റ്റേറ്റ്മെന്റുകൾ കൃത്യമായി പരിശോധിക്കാതിരിക്കുക
ഭൂരിഭാഗം വ്യക്തികളും അക്കൗണ്ട് ബാലൻസ് സ്ഥിരമായി അറിഞ്ഞിരിക്കാറുണ്ടെങ്കിലും ഒരു മാസത്തെ വരവ് ചിലവുകളെ സൂചിപ്പിക്കുന്ന മാസം തോറുമുള്ള സ്റ്റേറ്റ്മെന്റുകൾ കൃത്യമായി പരിശോധിക്കാറില്ല. ഇന്നത്തെ കാലത്ത് ഈമെയിലുമായി ലിങ്ക് ചെയ്യുന്ന ബാങ്ക് അക്കൗണ്ടുകൾ വഴി എല്ലാ മാസവും സ്റ്റേറ്റ്മെന്റുകൾ ലഭ്യമായിട്ട് പോലും അത് പരിശോധിക്കുവാൻ പലരും തയ്യാറാകുന്നില്ല. ഏതെങ്കിലും ഒരു അത്യാവശ്യ സമയത്ത് പണം പിൻവലിക്കുവാനോ എടിഎം കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്തുവാനോ ശ്രമിക്കുമ്പോൾ പണം ലഭ്യമാകാതെ വരുന്ന അവസ്ഥയിൽ മാത്രമാണ് പലരും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ തുറന്നു നോക്കുന്നത്.
ഏറെനാളത്തെ സ്റ്റേറ്റ്മെന്റുകൾ ഒരുമിച്ചു പരിശോധിക്കാൻ ശ്രമിക്കുമ്പോൾ പണം ചിലവായ വഴികൾ കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി തോന്നുകയും, വരവ് ചിലവുകൾ തിരിച്ചറിയുവാൻ സാധിക്കാതെ വരികയും ചെയ്യുന്നു. കൃത്യമായി വരവ് ചിലവുകൾ തിരിച്ചറിയുക എന്നത് സാമ്പത്തികമായ പുരോഗതിക്ക് ഒഴിച്ചുകൂടാനാവാത്ത ശീലമാണ്. എല്ലാ വ്യക്തികളും മാസത്തിൽ ഒന്നോ രണ്ടോ തവണയെങ്കിലും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിക്കുകയും പണം ചിലവായ മേഖലകൾ കൃത്യമായി തിരിച്ചറിഞ്ഞ് ജീവിത ചിലവുകളെ അതിനനുസരിച്ച് നിയന്ത്രിക്കുകയും ചെയ്യേണ്ടതാണ്.
പണം കൈകാര്യം ചെയ്യുവാൻ ശ്രമിക്കാത്തത്

ലഭിക്കുന്ന പണം കൃത്യമായി കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തിയും അതിന് ആവശ്യമുള്ള അറിവും തനിക്കുണ്ട് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം വ്യക്തികളും. പക്ഷേ ലഭിക്കുന്ന പണത്തെ കൃത്യമായി ചിലവുകൾ, നീക്കിയിരിപ്പുകൾ, നിക്ഷേപങ്ങൾ എന്ന രീതിയിൽ വർഗ്ഗീകരിച്ചുകൊണ്ട് മൂന്നു മേഖലകളിലും നിശ്ചിതമായ ശതമാനത്തിൽ മാസംതോറും മാറ്റിവച്ചാൽ മാത്രമേ സാമ്പത്തികമായ പുരോഗതി ഉണ്ടാവുകയുള്ളു എന്നതാണ് വാസ്തവം.
മേൽപ്പറഞ്ഞ രീതിയിൽ ധനത്തെ വർഗ്ഗീകരിക്കുവാനായി പലതരം നിയമങ്ങളും രീതികളും നിലവിലുണ്ട് അവ പൊതുവായി മണി മാനേജ്മെൻറ് സിസ്റ്റം എന്നാണ് അറിയപ്പെടുന്നത്. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം നിലനിർത്തുവാൻ ലളിതമായ ഇത്തരം നിയമങ്ങൾ നടപ്പിലാക്കുക വഴി സാധിക്കും. ഒരു രീതി കൃത്യമായി പിന്തുടരുമ്പോൾ നാം പോലും അറിയാതെ നമ്മുടെ പണം എല്ലാ മേഖലകളിലേക്കും സ്ഥിരമായി മാറ്റിവെക്കുവാൻ സാധിക്കുന്നു. അത്തരത്തിലുള്ള ഒരു സംവിധാനത്തിന്റെ സഹായമില്ലെങ്കിൽ സാമ്പത്തികമായ അച്ചടക്കം നിലനിർത്തുവാൻ ബുദ്ധിമുട്ടാണ്.
ഏതൊരു ബിസിനസ്സ് സ്ഥാപനവും അവർക്കു ലഭിക്കുന്ന ലാഭത്തെ കൃത്യമായി വേർതിരിച്ച് അവരുടെ വളർച്ചയ്ക്കായി ഉപയോഗിക്കുന്നത് പോലെ തന്നെ വ്യക്തികളും അവരുടെ പണത്തെ നോക്കി കാണേണ്ടത് അനിവാര്യമാണ്. ദീർഘകാല അടിസ്ഥാനത്തിൽ പ്രതീക്ഷിക്കുന്ന രീതിയിലുള്ള സാമ്പത്തിക വളർച്ച കൈവരിക്കുവാൻ നാം ഏതു രീതിയിൽ ലഭ്യമായ പണത്തെ ഉപയോഗപ്പെടുത്തണമെന്ന് തിരിച്ചറിയുവാൻ മണി മാനേജ്മെൻറ് സംവിധാനങ്ങൾ സഹായിക്കുന്നു.
കടം വാങ്ങി അധിക ബാധ്യതകൾ വരുത്തിവെക്കുന്ന ശീലം
നമ്മുടെ കയ്യിൽ ധനം നിലനിർത്തുകയും അവ വളരുവാൻ സഹായിക്കുകയും ചെയ്യുന്ന വസ്തു വകകളേയാണ് ആസ്തി എന്ന് വിളിക്കുന്നത്. ഉപഭോഗത്തിനായി നാം വാങ്ങുകയും കൂടുതലായി നമ്മുടെ കയ്യിൽ നിന്നും പണം ചിലവഴിക്കാൻ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്ന വസ്തുവകകളെ ബാധ്യത എന്നാണ് കണക്കാക്കേണ്ടത്. ഉദാഹരണത്തിന് ഒരു വ്യക്തി ലോൺ ഉപയോഗിച്ചുകൊണ്ട് ഒരു കാർ വാങ്ങി എന്ന് കരുതുക കൃത്യമായി ലോൺ തിരിച്ചടക്കേണ്ടതിനോടൊപ്പം തന്നെ ആ വ്യക്തിക്ക് കാറിൻറെ ഉപഭോഗ ചിലവിനുള്ള പണം കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാകുന്നു, അതായത് ഒരു ബാധ്യത വരുത്തി വെച്ച് വാങ്ങുന്ന വസ്തു ഉപയോഗിക്കുവാനായി അധികമായി പണം ചെലവഴിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു.
ഇത്തരത്തിൽ കടം വാങ്ങി അധിക ബാധ്യതകൾ വരുത്തി വയ്ക്കുന്ന ശീലം ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയെ ഏറ്റവും മോശമായി ബാധിക്കുന്ന ശീലമാണ്. ക്രെഡിറ്റ് കാർഡ്, ലോണുകൾ എന്നിവ ഉപയോഗിച്ച് എന്തെങ്കിലും വാങ്ങുന്ന അവസരത്തിൽ അവ ആസ്തിയാണോ, അധിക ബാധ്യതയാണോ എന്ന് സ്വയം വിലയിരുത്തേണ്ടത് അനിവാര്യമാണ്.
മേൽപറഞ്ഞ ശീലങ്ങളിൽ സാവധാനമാണെങ്കിലും നിങ്ങൾക്കു മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുന്നെണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ സാമ്പത്തികമായി മുന്നേറുക തന്നെ ചെയ്യും.