സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുവാനായി റിട്ടയർമെൻ്റ് മുന്നിൽ കണ്ട് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ച് പ്രവർത്തിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. പ്രസവം, കുട്ടികളുടെ പരിപാലനം, ആരോഗ്യപരമായ കാരണങ്ങൾ, വീട്ടിലെ മറ്റ് അംഗങ്ങളെ ശുശ്രൂഷിക്കുവാൻ, മറ്റു വ്യക്തിപരമായ കാരണങ്ങൾ മുതലായ സാഹചര്യങ്ങളിൽ സ്ത്രീകൾ ഔദ്യോഗിക ജീവിതത്തിൽ നിന്നും നീണ്ട അവധികൾ എടുക്കാറുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ എടുക്കുന്ന ഇത്തരം അവധികൾ സ്ത്രീകളുടെ റിട്ടയർമെൻ്റ് പദ്ധതികളെ നേരിട്ട് സ്വാധീനിക്കുന്ന ഘടകമാണ്. കരിയർ ബ്രേക്കുകൾ സ്ത്രീകളുടെ റിട്ടയർമെന്റ് പദ്ധതികളെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് മനസ്സിലാക്കാം.
നീണ്ട അവധികൾ എടുക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം
വ്യക്തിപരമായ ആവശ്യങ്ങൾക്കായി നീണ്ട അവധിയെടുക്കുമ്പോൾ നിങ്ങൾക്ക് ശമ്പളം ലഭിക്കാത്തതിനാൽ തന്നെ റിട്ടയർമെൻ്റ് പദ്ധതികളിലേക്ക് പണം നീക്കിവയ്ക്കുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല. കുറച്ചു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അവധികൾ ആണെങ്കിൽ പോലും ആ കാലയളവിലുള്ള വരുമാന നഷ്ടം മൂലം നിങ്ങളുടെ നീക്കിയിരിപ്പിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു എന്നതാണ് വാസ്തവം.
ഒരു പരിധിയിൽ കൂടുതൽ നീണ്ട അവധിയാണ് നിങ്ങൾ എടുക്കുന്നതെങ്കിൽ നിങ്ങൾ മുൻകാലങ്ങളിൽ വാങ്ങിച്ചിരുന്ന അതേ ശമ്പളത്തോടുകൂടി ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. പുതിയ സാഹചര്യത്തിന് ആവശ്യമുള്ള വൈദഗ്ധ്യവും പ്രവർത്തിപരിചയവും നിങ്ങൾക്ക് നേടാനായില്ലെങ്കിൽ അതിനനുസരിച്ചുള്ള ഇടിവ് നിങ്ങളുടെ വരുമാനത്തിൽ ഉണ്ടായേക്കാം. താൽക്കാലികമായി ഉണ്ടാകുന്ന വരുമാന നഷ്ടമാണെങ്കിൽ പോലും നിങ്ങളുടെ ഔദ്യോഗിക ജീവിതകാലം മുഴുവൻ പരിഗണിക്കുമ്പോൾ കാര്യമായ നഷ്ടമാണ് ഇത്തരം അവധികൾ മൂലം സംഭവിക്കുന്നത്.
റിട്ടയർമെൻ്റ് പദ്ധതികളിലേക്കുള്ള നിക്ഷേപത്തിൽ സംഭവിക്കുന്ന ഇടിവ്
വരുമാനം കുറയുമ്പോൾ സാധാരണയായി നിങ്ങൾ റിട്ടയർമെൻ്റ് പദ്ധതികളിലേക്ക് നീക്കിവെക്കുന്നത്ര തുക നീക്കി വയ്ക്കുവാൻ നിങ്ങൾക്ക് കഴിയാതെ വരും.

ഉദാഹരണത്തിന് 5 വർഷം പോലെ നീണ്ട അവധിയെടുക്കുന്നവരെ സംബന്ധിച്ച് അവരുടെ റിട്ടയർമെന്റ് പദ്ധതിയിൽ ഭീമമായ കുറവായിരിക്കും ഉണ്ടാവുക. 5 വർഷത്തിനു ശേഷം നിങ്ങൾ റിട്ടയർമെൻറ് പദ്ധതിയിലേക്ക് പണം നീക്കിവെക്കുന്നത് പുനരാരംഭിച്ചാലും 5 വർഷം കാലാവധിയിൽ നിങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന വളർച്ച നഷ്ടപ്പെടുക തന്നെ ചെയ്യും.
തൊഴിൽ ദാതാവിൽ നിന്നും ലഭ്യമാകേണ്ട വിഹിതം നഷ്ടമാകുന്നു
റിട്ടയർമെന്റ് പദ്ധതിയിലേക്കുള്ള നിങ്ങളുടെ വിഹിതത്തിനൊപ്പം തൊഴിൽ ദാതാവും ഒരു നിശ്ചിത വിഹിതം മാസംതോറും നൽകാറുണ്ടായിരിക്കും. എന്നാൽ ജോലിയിൽനിന്ന് നീണ്ട അവധി എടുക്കുമ്പോൾ ആ കാലയളവിൽ തൊഴിൽ ദാതാവിൽ നിന്ന് ലഭ്യമാകേണ്ട വിഹിതം നിങ്ങൾക്ക് ലഭിക്കുകയില്ല. ഈ ഘടകവും നിങ്ങളുടെ റിട്ടയർമെന്റ് സേവിംഗ്സിനെ മോശമായി ബാധിക്കുന്നു.
നിങ്ങൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന കാലത്തിനനുസരിച്ച് നിങ്ങൾക്ക് ലഭ്യമാകേണ്ട വിഹിതത്തിലും വർദ്ധനവ് ഉണ്ടാകുന്നു. ജോലിയിൽ തിരികെ പ്രവേശിച്ചതിനു ശേഷം നിങ്ങൾക്ക് തൊഴിൽ സ്ഥാപനത്തിൽ നിന്നും വിഹിതം ലഭിച്ചു തുടങ്ങിയാലും നിങ്ങൾക്ക് ലഭിക്കേണ്ട തുകയിൽ സംഭവിച്ച വിടവ് നികത്താൻ കഴിയുകയില്ല.
സാമ്പത്തിക കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു
ജോലിയിൽ നിന്നും വിട്ടുനിൽക്കുമ്പോൾ വിവിധ ആവശ്യങ്ങൾക്കായി നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തേയോ ജീവിതപങ്കാളിയേയോ അമിതമായി ആശ്രയിക്കേണ്ടി വരുന്നു. സ്ഥിരവരുമാനം ഇല്ലാതാകുമ്പോൾ നിങ്ങളുടെ ജീവിതപങ്കാളിയുടേയോ കുടുംബത്തിൻ്റേയോ നിശ്ചിതമായ വരുമാനത്തെയോ നിങ്ങളുടെ നീക്കിയിരിപ്പിനെയോ ആശ്രയിച്ചാണ് നിത്യ ചെലവുകൾ നടത്തേണ്ടി വരുന്നത്.
അവധി സമയത്ത് കുട്ടികളുടെ പരിപാലനം, അപ്രതീക്ഷിതമായ ആശുപത്രി വാസം പോലെയുള്ള ചെലവുകൾ എന്നിവയെല്ലാം നിങ്ങൾക്ക് മുന്നിലേക്ക് കടന്നുവരാം.

ഇത്തരത്തിൽ കടന്നുവരുന്ന അധിക ചെലവുകൾ നിങ്ങളുടെ നീക്കിയിരിപ്പിനെ സാരമായി ബാധിക്കും. അതിനാൽ തന്നെ തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ റിട്ടയർമെന്റ് പദ്ധതിയുടെ ഭാഗമായി നീക്കിവെച്ച തുകയിൽ കാര്യമായ കുറവുണ്ടായേക്കാം.
തൊഴിൽ മേഖലയിൽ ലഭിക്കേണ്ട വളർച്ച ഇല്ലാതാകുന്നു
ജോലിയിൽ നിന്നും നീണ്ട അവധിയെടുക്കുന്നത് നിങ്ങൾക്ക് നിങ്ങളുടെ തൊഴിൽ മേഖലയിൽ ലഭ്യമാക്കേണ്ട അർഹമായ വളർച്ച ഇല്ലാതാക്കുന്നു. നിങ്ങൾ തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ മുൻകാലങ്ങളിൽ നിങ്ങളുടെ ഒപ്പം ജോലി ചെയ്യുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ പ്രവർത്തി പരിചയം വളരെ കുറവായിരിക്കും. അതിനാൽ തന്നെ നിങ്ങൾക്ക് ലഭ്യമാകേണ്ട പ്രമോഷനുകൾക്ക് വലിയ കാലതാമസം ഉണ്ടാകും.
ഇത്തരം പ്രശ്നങ്ങൾ മൂലം തിരികെ ജോലിയിൽ പ്രവേശിക്കുവാനുള്ള സാഹചര്യമുണ്ടാകുമ്പോൾ മറ്റ് വരുമാനമാർഗ്ഗങ്ങൾ നിങ്ങൾക്ക് കണ്ടെത്തേണ്ടതായി വന്നേക്കാം.
നിങ്ങൾക്ക് കൈക്കൊള്ളാൻ ആകുന്ന നടപടികൾ
റിട്ടയർമെന്റ് പദ്ധതിയിലേക്കുള്ള നീക്കിയിരുപ്പ് തുടരുക
ജോലിയിൽനിന്ന് നീണ്ട അവധി എടുക്കുന്ന അവസരത്തിൽ പോലും റിട്ടയർമെൻറ് പദ്ധതിയിലേക്കുള്ള വിഹിതം തുടരുവാൻ ശ്രമിക്കുക. മറ്റ് ചെലവുകൾ കൃത്യമായി ആസൂത്രണം ചെയ്യുകയാണെങ്കിൽ കുറഞ്ഞ തുകയാണെങ്കിൽ പോലും ഒരു നിശ്ചിത ശതമാനം നിങ്ങൾക്ക് നീക്കിയിരിപ്പായി മാറ്റിവയ്ക്കാൻ കഴിയും.
റിട്ടയർമെന്റ് പദ്ധതികളിൽ നിങ്ങൾ നിക്ഷേപിച്ച തുക ജോലിയിൽ നിന്ന് മാറി നിൽക്കുന്ന അവസരത്തിൽ പോലും വളർന്നുകൊണ്ടിരിക്കുകയാണെന്ന് ആലോചിക്കുക. റിട്ടയർമെൻ്റുമായി ബന്ധപ്പെട്ട നിങ്ങളുടെ ലക്ഷ്യങ്ങൾ സഫലീകരിക്കണമെങ്കിൽ നിങ്ങളുടെ പണത്തിന് വളരുവാനുള്ള സാഹചര്യം ഉണ്ടാകണം.
കഴിയാവുന്നത്ര നേരത്തെ നിക്ഷേപം ആരംഭിക്കുക
കഴിയാവുന്നത്ര നേരത്തെ നിക്ഷേപം ആരംഭിക്കുകയാണെങ്കിൽ ഭാവി ജീവിതത്തിൽ അപ്രതീക്ഷിതമായ സാഹചര്യങ്ങൾ മൂലം നീണ്ട അവധി എടുക്കേണ്ടി വരുമ്പോൾ ആ സാഹചര്യത്തെ ആത്മവിശ്വാസത്തോടെ നേരിടുവാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. അച്ചടക്കത്തോടെ കഴിയാവുന്നത്ര നേരത്തെ നിക്ഷേപം തുടങ്ങിയാൽ നിങ്ങളുടെ നിക്ഷേപത്തിന്റെ വളർച്ച വേഗത്തിൽ ആയിരിക്കും.

നിങ്ങളുടെ ഇരുപതുകളുടെ ആരംഭത്തിൽ തന്നെ റിട്ടയർമെൻ്റിനെ കുറിച്ച് ചിന്തിച്ചു തുടങ്ങണം. നിങ്ങൾക്ക് പ്രായം കുറവായിരിക്കുമ്പോൾ തന്നെ നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാൻ സാധിച്ചാൽ ഏതൊരു സാഹചര്യത്തിലും പിരിമുറുക്കം ഇല്ലാതെ മുന്നോട്ട് പോകുവാനും സാഹചര്യങ്ങൾക്കനുസരിച്ച് സ്വാതന്ത്ര്യത്തോടെ അവധിയെടുക്കുവാനും നിങ്ങൾക്ക് അവസരമുണ്ടാകുന്നു. എത്ര നേരത്തെ നിങ്ങൾ ആരംഭിക്കുന്നുവോ നിങ്ങളുടെ ഭാവി അത്രമേൽ സുരക്ഷിതമാകുന്നു.
ജോലി ചെയ്യുന്ന സമയത്ത് കൂടുതൽ നിക്ഷേപിക്കാം
നിങ്ങൾ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നിങ്ങളുടെ റിട്ടയർമെൻ്റ് അക്കൗണ്ടിലേക്ക് കഴിയാവുന്നത്ര തുക മാറ്റി വയ്ക്കുവാൻ ശ്രമിക്കുക. നിങ്ങളുടെ നീക്കിയിരുപ്പിനൊപ്പം നിങ്ങളുടെ തൊഴിൽദാതാവിൽ നിന്നും ലഭിക്കുന്ന തുക കൂടിയാകുമ്പോൾ നിങ്ങൾക്ക് കാര്യമായ നീക്കിയിരുപ്പ് സൃഷ്ടിക്കുവാൻ കഴിയുന്നു.
നിങ്ങൾക്ക് പൂർണ്ണമായ തോതിൽ സമ്പാദിക്കുവാൻ സാധിക്കുമ്പോൾ കൂടുതൽ തുക നീക്കിയിരിപ്പായി മാറ്റിവയ്ക്കുവാനായാൽ നിങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുന്നു. അങ്ങനെ നിങ്ങളുടെ നീക്കിയിരിപ്പുകൾ വളർത്തുന്നതിനോടൊപ്പം സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള പാതയിൽ നിന്ന് വ്യതിചലിക്കാതെ മുന്നോട്ടു പോകുവാനും നിങ്ങൾക്കാവുന്നു.
നീണ്ട അവധികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക
വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്ത് മാത്രം നീണ്ട അവധികൾ എടുക്കുവാൻ ശ്രമിക്കണം. നിങ്ങൾ അവധി എടുക്കുന്നതിനു മുൻപ് നിങ്ങളുടെ വരുമാനത്തിൽ നിന്ന് കൂടുതൽ തുക മാറ്റിവെക്കാൻ സാധിച്ചാൽ അവധി സമയത്ത് നിങ്ങൾക്കുണ്ടാകുന്ന ചെലവുകൾക്കായി പണം കണ്ടെത്തുവാൻ ബുദ്ധിമുട്ടുണ്ടാവുകയില്ല. ഒരു എമർജൻസി ഫണ്ട് ഉണ്ടെങ്കിൽ അവധി സമയത്ത് പോലും റിട്ടയർമെൻ്റ് ഫണ്ടിലേക്ക് തുടർച്ചയായി നിക്ഷേപം നടത്തുവാൻ നിങ്ങൾക്ക് കഴിയും.

ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യുകയാണെങ്കിൽ എത്ര കാലം നിങ്ങൾക്ക് ജോലിയിൽ നിന്നും സാമ്പത്തിക ഞെരുക്കമില്ലാതെ വിട്ടുനിൽക്കുവാനാകും എന്ന് കൃത്യമായി കണക്കാക്കുവാൻ കഴിയുന്നതാണ്. നിങ്ങളുടെ നീക്കിയിരിപ്പിന് അനുസരിച്ച് വേണം അവധിയുടെ ദൈർഘ്യം നിർണ്ണയിക്കുവാൻ. സാമ്പത്തികമായ സുരക്ഷിതത്വം നിലനിർത്തുന്നതിനോടൊപ്പം നിങ്ങളുടെ നീക്കിയിരിപ്പുകൾ സംരക്ഷിക്കുക എന്നതും അവധിക്കാലത്ത് നാം പരിഗണിക്കേണ്ട ചില പ്രധാന വിഷയങ്ങൾ ആണ്.
റിട്ടയർമെൻ്റുമായി ബന്ധപ്പെട്ട നിങ്ങളുടെ ലക്ഷ്യങ്ങൾ പുനർനിർവചിക്കുക
നിങ്ങൾ ജോലിയിൽ തിരികെ പ്രവേശിക്കുമ്പോൾ റിട്ടയർമെൻ്റുമായി ബന്ധപ്പെട്ട് നിങ്ങൾക്കുണ്ടായിരുന്ന ലക്ഷ്യങ്ങൾ ഒന്നുകൂടി വിലയിരുത്തുവാൻ തയ്യാറാവുക. നിങ്ങൾ നീക്കിയിരിപ്പായി മാറ്റി വയ്ക്കേണ്ട തുകയിലും നിങ്ങൾ പണം ചെലവഴിക്കുന്ന രീതിയിലും ചില കാതലായ മാറ്റങ്ങൾ കൊണ്ടുവരേണ്ടി വന്നേക്കാം.
നേരത്തെയുള്ള റിട്ടയർമെൻ്റാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ജോലി ചെയ്യുന്ന സമയത്ത് കാര്യമായ രീതിയിൽ നീക്കിയിരിപ്പുകൾ നടത്തേണ്ടതായി വരും. നേരത്തെയുള്ള റിട്ടയർമെൻ്റ് പ്ലാൻ ചെയ്യുവാനും സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുവാനും നിങ്ങളെ സഹായിക്കുവാൻ ഒരു സാമ്പത്തിക വിദഗ്ധന് സാധിക്കും.
സംഗ്രഹം
സ്ത്രീകളെ സംബന്ധിച്ച് ജോലിയിൽ നിന്ന് വിട്ടുനിൽക്കുക എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്. എന്നാൽ ഇത്തരം അവധികൾ റിട്ടയർമെൻറ് ജീവിതത്തിലേക്കുള്ള നീക്കിവെപ്പിനെ കാര്യമായിത്തന്നെ സ്വാധീനിക്കും. ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കാതെ തന്നെ നീണ്ട അവധികൾ എടുക്കുവാൻ വ്യക്തമായ ആസൂത്രണം അനിവാര്യമാണ്.