ഒരു കുന്ന് സാമ്പത്തിക പ്രശ്നങ്ങളുമായി അനേകം മനുഷ്യർ ജീവിക്കുന്ന ഈ ലോകത്ത് മിതവ്യയ ശീലം എന്നത് പലരുടെയും ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ സഹായിക്കുന്ന ഒന്നാണ്. നല്ല ശീലങ്ങൾ പാലിക്കുന്നതിനോടൊപ്പം പണം ലാഭിക്കുവാനും നമുക്ക് കഴിയണം. മിതവ്യയ ശീലം പാലിക്കുക എന്നാൽ ശ്രദ്ധാപൂർവ്വം പണം ചെലവഴിക്കുക എന്നും കൂടി അർത്ഥമാക്കുന്നുണ്ട്. മിതവ്യയ ശീലത്താൽ പണം ലാഭിക്കുവാൻ കഴിയുന്ന ചില മാർഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
ഉപഭോഗം കുറയ്ക്കുക
അത്യാവശ്യമുള്ള കാര്യങ്ങൾക്കായി പണം ചെലവഴിക്കുവാനും അനാവശ്യ വസ്തുക്കൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുവാനും ശ്രമിക്കുക. എടുത്തുചാടി അനാവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന് പകരം വളരെ ശ്രദ്ധാപൂർവ്വം ആലോചിച്ചു മാത്രം പണം ചെലവഴിക്കുക.
മിതവ്യയ ശീലം പാലിക്കുന്ന വ്യക്തികൾ മുൻകൂട്ടി നിശ്ചയിച്ചതിന് ശേഷം പണം ചെലവാക്കുന്ന രീതിയാണ് പിന്തുടരുന്നത്. ഓരോ കാര്യങ്ങൾക്കായി പണം ചെലവഴിക്കുമ്പോഴും നാം വാങ്ങുന്ന വസ്തുവിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ച് ചിന്തിക്കണം. വികാരങ്ങളുടെ സ്വാധീനത്താൽ പെട്ടെന്നുള്ള ആഗ്രഹത്തിന്റെ പുറത്ത് ഒന്നിനു വേണ്ടിയും പണം ചെലവഴിക്കരുത്. മിതവ്യയ ശീലം പാലിക്കുന്നവർക്ക് കൃത്യമായി പണം കൈകാര്യം ചെയ്യുവാനും നീണ്ടകാലയളവിലേക്ക് പണം മാറ്റിവെച്ചുകൊണ്ട് നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാനും സാധിക്കും.
ലളിതമായ ബഡ്ജറ്റ്
ആവശ്യങ്ങൾക്ക് അനുസരിച്ച് സാധനങ്ങൾ വാങ്ങുവാൻ കുറച്ച് തുക മാത്രം ചെലവഴിക്കുന്നതിനാൽ മിതവ്യയ ശീലമുള്ളവരുടെ ബഡ്ജറ്റ് വളരെ ലളിതമായിരിക്കും. കുറേയേറെ മേഖലകളിലായി അച്ചടക്കമില്ലാതെ കൈവശമുള്ള പണം വിനിയോഗിക്കേണ്ട സാഹചര്യം ഇത്തരക്കാർക്ക് ഉണ്ടാവാറില്ല.

വളരെ കുറച്ചു മേഖലകളിൽ മാത്രം പണം ചെലവഴിക്കുന്നതിനാൽ ലഭിക്കുന്ന വരുമാനം എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കുന്നു. അങ്ങനെ വളരെ എളുപ്പത്തിൽ ചെലവുകളിൽ നിയന്ത്രണം കൊണ്ടുവരുവാനും നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാനും കഴിയുന്നു.
കുറഞ്ഞ പരിപാലന ചെലവുകൾ
മിതവ്യയ ശീലം പാലിക്കുന്നവർ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം സ്വന്തമാക്കുവാൻ താല്പര്യപ്പെടുന്നവരാണ്. വളരെ കുറച്ച് വസ്തുവകകൾ മാത്രം സ്വന്തമായി ഉള്ളതിനാൽ അവ പരിപാലിക്കുവാൻ ആവശ്യമായി വരുന്ന തുകയും കുറവായിരിക്കും. ഇത് വലിയ തോതിൽ പണം ലാഭിക്കുവാൻ സഹായകരമാകുന്ന കാര്യമാണ്.
കുറേയേറെ വസ്തുക്കൾ സ്വന്തമാക്കുന്നതിനേക്കാൾ ഉപയോഗപ്രദമായ നിലവാരമുള്ള കുറച്ച് വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. മികച്ച രീതിയിൽ നിർമ്മിക്കപ്പെട്ട ഈട് നിൽക്കുന്ന കാര്യങ്ങൾക്ക് വേണ്ടി പണം ചെലവഴിക്കുക. വലിയ പ്രാരാബ്ധങ്ങൾ വരുത്തി വയ്ക്കാതെ സമാധാനപൂർണ്ണമായ ലളിത ജീവിതം നയിക്കുന്നത് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന ജീവിത രീതിയാണ്.
ആഡംബരങ്ങളില്ലാത്ത വീടുകൾ
താമസിക്കുവാനായി വലിയ ആഡംബരങ്ങൾ ഒന്നുമില്ലാത്ത സാധാരണ ഭവനം തിരഞ്ഞെടുക്കുന്നതിന് പലവിധത്തിലുള്ള ഗുണങ്ങളുണ്ട്. മിതവ്യയ ശീലത്തിന്റെ ഭാഗമായുള്ള ലളിതമായ ജീവിത രീതിക്ക് ചെറിയ വീടുകളാണ് അഭികാമ്യം. ആഡംബരങ്ങൾ ഇല്ലെങ്കിലും ഒരു വീടിന് ആവശ്യമുള്ള എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുന്ന വീട് തന്നെയാണ് ഇവിടെ സൂചിപ്പിക്കുന്നത്.

താമസിക്കുവാനായി ഒരു ചെറിയ വീട് തിരഞ്ഞെടുക്കുമ്പോൾ വളരെ വലിയൊരു തുക തന്നെ ലാഭിക്കുവാൻ അവസരം ലഭിക്കുന്നു. അതായത് വീട്ടു വാടക ഇനത്തിൽ ചെറിയ തുക മാത്രമേ നൽകേണ്ടി വരുന്നുള്ളൂ അല്ലെങ്കിൽ ഹോം ലോണിന്റെ മാസത്തവണയായി കുറഞ്ഞ തുക മാത്രം നൽകിയാൽ മതിയാകും. ഇത്തരത്തിൽ ലാഭിക്കുന്ന പണം മറ്റ് പ്രധാനപ്പെട്ട കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുവാൻ നിങ്ങൾക്ക് കഴിയും.
ഒരു ചെറിയ വീടിനെ സംബന്ധിച്ച് ആ വീടിന്റെ വൈദ്യുതി ബില്ല്, വാട്ടർ ബില്ല് മുതലായ ചെലവുകൾ താരതമ്യേന കുറവായിരിക്കും. കൂടാതെ ചെറിയ ഇടങ്ങൾ എയർകണ്ടീഷനിംഗ് ചെയ്യുന്നതിനും, മറ്റ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും കുറഞ്ഞ തുക മാത്രം ചെലവാക്കിയാൽ മതിയാകും. പണം ലാഭിക്കുന്നത് കൂടാതെ ചെറിയ വാസസ്ഥലങ്ങൾ പ്രകൃതിക്കും ഭൂമിക്കാകെയും അനുയോജ്യമായവയാണ്.
ശ്രദ്ധിച്ച് പണം ചെലവഴിക്കുക
മിതവ്യയം പാലിക്കണമെന്ന് ഉറച്ച ബോധത്തോടെ വേണം നാം പണം ചെലവഴിക്കേണ്ടത്. തുടർച്ചയായി സ്വന്തം ചെലവുകൾ വിലയിരുത്തുന്നത് വഴി എത്രത്തോളം ലാഭമാണ് നിങ്ങൾ നേടുന്നതെന്ന തിരിച്ചറിവ് നിങ്ങൾക്കുണ്ടാകും.
വളരെ ശ്രദ്ധിച്ചു മാത്രം പണം ചെലവഴിച്ച് സാധനങ്ങൾ വാങ്ങുക. നിങ്ങൾ ചെലവഴിക്കുന്ന തുകയുടെ മൂല്യം നിങ്ങൾക്ക് ലഭ്യമാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. നിങ്ങൾ പണം ചെലവഴിച്ച് ഒരു വസ്തു സ്വന്തമാക്കുന്നതിന് മതിയായ കാരണം ഉണ്ടായിരിക്കണം.
നിങ്ങൾ സ്വന്തമാക്കുന്ന ഓരോ വസ്തുവും നിങ്ങളുടെ ജീവിത ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കണം. ഇത്തരത്തിൽ ചിന്തിക്കുകയാണെങ്കിൽ സാധനങ്ങൾ വാങ്ങി കൂട്ടുന്നതിൽ ഉപരിയായി നിങ്ങളുടെ ജീവിതം മികച്ചതാക്കുന്ന ഉപകരണങ്ങൾ സ്വന്തമാക്കുവാൻ നിങ്ങൾക്ക് സാധിക്കും. മിതവ്യയ ശീലം പാലിക്കുന്നതിന്റെ ഭാഗമായി വളരെ ശ്രദ്ധയോടെ പണം ചെലവഴിക്കുമ്പോൾ നിങ്ങൾ കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയിൽ തന്നെ മാറ്റം സംഭവിക്കുന്നു.
കടങ്ങൾ കുറയ്ക്കുക

നിങ്ങളുടെ കൈവശമുള്ള പണം ഏതെല്ലാം മാർഗങ്ങളിലാണ് ചെലവഴിക്കപ്പെടുന്നതെന്ന് തിരിച്ചറിയണം. അനാവശ്യമായ ചെലവുകൾ തിരിച്ചറിയുവാനും അവ ഒഴിവാക്കുവാനും സാധിക്കണം. ആവശ്യമുള്ള കാര്യങ്ങൾക്ക് മാത്രം പണം ചെലവഴിക്കുകയുള്ളു എന്നു ഉറപ്പുവരുത്താൻ സാധിക്കുകയാണെങ്കിൽ അനാവശ്യമായ കടങ്ങൾ വരുത്തി വയ്ക്കുന്നത് ഒഴിവാക്കുവാൻ സാധിക്കും.
പരിസ്ഥിതി സൗഹൃദമായ ജീവിതരീതി
മിതവ്യയ ശീലം പാലിക്കുന്നവർ പരിസ്ഥിതിക്ക് ഏറ്റവും ഇണങ്ങിയ രീതിയിലാണ് അവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ജീവിതം വളരെ ലളിതമായി മാറുമ്പോൾ നാം വാങ്ങുന്ന പല വസ്തുക്കളും നീണ്ടകാലത്തേക്ക് നാം ഉപയോഗപ്പെടുത്തുന്നു. എല്ലാ വസ്തുക്കളും പരമാവധി ഉപയോഗപ്പെടുത്തുന്നതിനാൽ പുതിയ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുവാൻ കഴിയും. അതിലൂടെ പണം ലഭിക്കുന്നതിനോടൊപ്പം നിങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും കുറച്ച് മാലിന്യങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഒരു വസ്തു പരമാവധി ഉപയോഗപ്പെടുത്തുന്നതും, വളരെ ശ്രദ്ധിച്ച് സാധനങ്ങൾ വാങ്ങിക്കുന്നതും, ഏറ്റവും കുറച്ചു മാലിന്യങ്ങൾ സൃഷ്ടിക്കുന്നതുമെല്ലാം മിത്യവ്യയം പാലിക്കുന്നതിന്റെ ഭാഗമാണ്.
സംഗ്രഹം
ഓരോന്നോരോന്നായി സാധനങ്ങൾ സ്വന്തമാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ കൈവശമുള്ളതിന്റെ പ്രാധാന്യം തിരിച്ചറിയുക. കൈവശമുള്ള ഉപകരണങ്ങൾ അല്ലെങ്കിൽ ലഭ്യമായ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ലളിതവും സമാധാനവുമുള്ള ഒരു ജീവിതം നയിക്കുവാൻ നമുക്കാവണം. മിതവ്യയ ശീലം ഏതെല്ലാം വിധത്തിൽ പണം ലാഭിക്കുവാൻ സഹായിക്കുന്നു എന്ന് മനസ്സിലാക്കുക. സ്മാർട്ടായി ചിന്തിച്ചുകൊണ്ട് ശോഭനമായ ഭാവിജീവിതത്തിനായി മാറ്റങ്ങൾക്ക് തുടക്കം കുറിക്കാം.