ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക പ്രതിസന്ധി എന്താണ് എന്ന ചോദ്യത്തിന് ഏറ്റവും ശരിയായ ഉത്തരം ലോണുകൾ എന്നതു തന്നെയാണ്. വിദ്യാഭ്യാസ ലോൺ, ഹൗസിംഗ് ലോൺ, വെഹിക്കിൾ ലോൺ, എന്നിങ്ങനെ വ്യത്യസ്ത ലോണുകളെ ആശ്രയിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്ന വ്യക്തികളാണ് നമുക്കിടയിൽ പലരും. സമൂഹത്തിലെ മധ്യവർഗത്തിൽ ഉൾപ്പെടുന്ന വ്യക്തികളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകം തന്നെയാണ് ലോണുകൾ, അതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ലോണുകളുടെ തിരിച്ചടവ് എന്നതും. വ്യക്തികളുടെ സാമ്പത്തിക അവസ്ഥയെ ബാധിക്കാത്ത രീതിയിൽ വ്യത്യസ്ത മാർഗ്ഗങ്ങൾ അവലംബിച്ചുകൊണ്ട് എങ്ങനെ ലോണുകൾ തിരിച്ചടയ്ക്കാം എന്ന് വിശദമായി പരിശോധിക്കാം.
ലോണുകൾ എന്ന പ്രധാനപ്പെട്ട സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ ശാസ്ത്രീയപരമായ മാർഗ്ഗങ്ങളും മനശാസ്ത്രപരമായ മാർഗ്ഗങ്ങളും ഒരുപോലെ അവലംബിക്കേണ്ടതുണ്ട്. അത്തരത്തിലുള്ള അഞ്ചു മാർഗ്ഗങ്ങളെ കുറിച്ചാണ് താഴെ വിവരിക്കുന്നത്
കടം തീർക്കുവാനായി ശക്തമായ തീരുമാനം കൈക്കൊള്ളുക
തന്റെ ലോണുകൾ എത്രയും വേഗം അടച്ചു തീർക്കുവാനുള്ള മാനസികാവസ്ഥയിൽ എത്തുകയാണ് നാം ആദ്യം ചെയ്യേണ്ടത്. നിലവിലുള്ള ലോണുകൾ പൂർണമായും അടച്ചുതീർത്തതിനുശേഷം മാത്രമേ പുതിയ ലോണുകൾ എടുക്കുകയുള്ളൂ എന്ന ദൃഢമായ തീരുമാനത്തിലെത്തുക. തീർത്തും മന:ശാസ്ത്രപരമായി നാം കൈവരിക്കേണ്ട ഒരു മാനസികാവസ്ഥയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. സ്വയം തീരുമാനമെടുത്തുകൊണ്ട് ഏതു കാര്യങ്ങൾ ചെയ്യുവാനും ലോണുകളെ ആശ്രയിക്കുന്ന മനോഭാവത്തിൽ മാറ്റം വരുത്തുകയാണ് വേണ്ടത്.
സ്വന്തം കടങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കുക
ലോണെടുത്ത തുക എത്രയാണെന്നും, അതിന്റെ പലിശ നിരക്കും, തിരിച്ച് അടയ്ക്കേണ്ട പ്രതിമാസ തവണ എത്രയാണെന്നും, ആ ലോൺ അടച്ചു തീർക്കണമെങ്കിൽ പലിശയും മുതലും ചേർത്ത് എത്ര തുക തിരിച്ചടയ്ക്കേണ്ടിവരും എന്നും വ്യക്തമായി മനസ്സിലാക്കി അത് എഴുതി വയ്ക്കുവാൻ തയ്യാറാവുക. തന്റെ ബാധ്യത ഈ രീതിയിൽ വ്യക്തമായി എഴുതി വയ്ക്കുമ്പോൾ നാം അതിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകുകയും അത് തീർക്കുവാനായി പ്രവർത്തിക്കുകയും ചെയ്യും.
പലിശയായി നൽകേണ്ടിവരുന്ന തുകയുടെ അളവ് കുറയ്ക്കുവാൻ ശ്രമിക്കുക
നാം ഒരു ലോൺ എടുക്കുമ്പോൾ പലിശയായി നൽകേണ്ടിവരുന്നത് വളരെ വലിയ തുക തന്നെയാണ്. ഇങ്ങനെ നൽകുന്ന പലിശ കുറയ്ക്കുവാനായി എന്തെങ്കിലും സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നല്ലാതെ വ്യക്തികളിൽ നിന്ന് വാങ്ങുന്ന പണത്തിന് പലിശ നൽകുമ്പോൾ, നൽകുന്ന തുകയിൽ നിന്നും ഇളവിനായി ആവശ്യപ്പെടാവുന്നതാണ്. ഫ്ലോട്ടിംഗ് പലിശ നിരക്കുള്ള ലോണുകൾ അതായത് പലിശ നിരക്കിൽ വ്യത്യാസം വരുന്ന ലോണുകൾ തിരിച്ചടയ്ക്കുമ്പോൾ പലിശ നിരക്ക് കുറഞ്ഞു നിൽക്കുന്ന സാഹചര്യങ്ങളിൽ കൂടുതൽ പണം അടയ്ക്കുവാൻ ശ്രമിക്കേണ്ടതാണ്. അങ്ങനെ പലിശ നിരക്ക് കുറഞ്ഞു നിൽക്കുന്ന സമയത്ത് കൂടുതൽ തുക തിരിച്ചടയ്ക്കുക വഴി ആകെ തിരച്ചടക്കേണ്ട തുകയിൽ കാര്യമായി ലാഭം നേടുവാൻ സാധിക്കുന്നതാണ്. മറ്റു മാർഗ്ഗങ്ങളിൽ നിന്ന് കുറഞ്ഞ പലിശയിൽ പണം ലഭിക്കുവാൻ സാധ്യതയുണ്ടെങ്കിൽ അങ്ങനെ ലഭിക്കുന്ന തുക ഉപയോഗിച്ച് കൂടുതൽ പലിശയുള്ള ലോണുകൾ അടച്ചു തീർക്കുവാൻ ശ്രമിക്കേണ്ടതാണ്.
ചെലവുകൾ കുറയ്ക്കുവാൻ ശ്രമിക്കുക
വളരെ കുറഞ്ഞ കാലയളവിൽ ലോണുകൾ അടച്ചു തീർക്കണമെങ്കിൽ കൂടുതൽ തുക അടയ്ക്കുക എന്ന വഴി മാത്രമേ മുന്നിലുള്ളൂ. നിശ്ചിതമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് കൂടുതൽ പണം ലോണുകളിൽ അടയ്ക്കണമെങ്കിൽ ചെലവ് കുറയ്ക്കുന്നതിലൂടെ മാത്രമേ സാധിക്കൂ. അല്ലെങ്കിൽ ചെലവുകൾ നിശ്ചിതമായി നിലനിർത്തിക്കൊണ്ട് വരുമാനം വർദ്ധിപ്പിക്കുവാനുള്ള മാർഗങ്ങൾ പുതിയതായി കണ്ടെത്തണം. എന്നാൽ അത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. സ്വന്തം ചെലവുകളെ വ്യക്തമായി വിലയിരുത്തി അനാവശ്യമായ ചെലവുകളെ നിയന്ത്രിച്ച് കൂടുതൽ തുക ലോണുകളിൽ തിരിച്ചടവായി അടയ്ക്കുമ്പോൾ അതുവഴി ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം നേടുവാൻ സാധിക്കുന്നു.
ലോൺ അടച്ചു തീർക്കുവാനായി അനുയോജ്യമായ പദ്ധതി ആവിഷ്കരിക്കുക
ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സാമ്പത്തിക വിദഗ്ധർ ലോണുകളേയും ലോണുകളുടെ തിരിച്ചടവിനേയും കുറിച്ച് സമഗ്രമായ പഠനങ്ങൾ നടത്തുകയും അതിനായി പ്രധാനമായും രണ്ടു മാർഗ്ഗങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നാമത്തെ മാർഗ്ഗം സ്നോ ബോൾ മെത്തേഡ് എന്ന് അറിയപ്പെടുന്ന മാർഗ്ഗമാണ്. ഇവിടെ ഒരു വ്യക്തി തന്റെ ലോണുകളിൽ ഏറ്റവും ചെറിയ ലോൺ ആദ്യം പൂർണ്ണമായും തിരിച്ചടയ്ക്കുവാനായി ശ്രമിക്കുന്നു. അങ്ങനെ ഒരു വ്യക്തി തന്റെ ഒരു ബാധ്യത പൂർണ്ണമായും തിരിച്ചടയ്ക്കുമ്പോൾ അദ്ദേഹത്തിന് ആത്മവിശ്വാസം ലഭിക്കുകയും തന്റെ മറ്റു കടങ്ങൾ വീട്ടുവാനുള്ള മാനസികമായ ഊർജ്ജം ലഭിക്കുകയും ചെയ്യുന്നു. ആദ്യം അടച്ചു തീർക്കുന്ന ചെറിയ ലോണിന്റെ തിരിച്ചടവുകൾ കൂടി ചേർത്ത് മറ്റു ലോണുകൾ വേഗത്തിൽ അടച്ചു തീർക്കുവാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഒന്നിന് പിറകെ ഒന്നായി എല്ലാ ബാധ്യതകളും തീർക്കുവാൻ സാധിക്കുന്നു. സാധാരണക്കാരായ വ്യക്തികൾക്ക് ലോണുകൾ അടച്ചു തീർക്കുവാനായി സ്നോ ബോൾ മെത്തേഡ് പിന്തുടരുന്നതാണ് പ്രായോഗികം. കാരണം ചെറിയ ലോണുകൾ അടച്ചു തീർക്കുന്നതനുസരിച്ച് കൂടുതലായി ലഭിക്കുന്ന പണം മറ്റു ലോണുകൾ അടയ്ക്കുവാനായി ഉപയോഗിക്കാൻ സാധിക്കുന്നു എന്നതാണ്.
രണ്ടാമത്തെ മാർഗ്ഗം അവലാഞ്ച് മെത്തേഡ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ ഏറ്റവും കൂടിയ പലിശ നിരക്കുള്ള ലോൺ ആണ് ഏറ്റവും പ്രാധാന്യം നൽകി ആദ്യം തന്നെ അടച്ചു തീർക്കേണ്ടത്. പലിശ നിരക്ക് അധികമുള്ള ലോൺ ആദ്യം തന്നെ അടച്ചു തീർക്കുമ്പോൾ പലിശയിനത്തിൽ നൽകേണ്ടിവരുന്ന തുകയിൽ വലിയ ലാഭം തന്നെയാണ് വ്യക്തികൾക്ക് ലഭിക്കുന്നത്. സാധാരണ ഗതിയിൽ ഉയർന്ന വരുമാനമുള്ള വ്യക്തികളാണ് ഈ മാർഗ്ഗം പിന്തുടരേണ്ടത്.
ചെലവുകൾ കുറച്ചുകൊണ്ട് അല്ലെങ്കിൽ വരുമാനം വർദ്ധിപ്പിച്ചുകൊണ്ട് കൂടുതൽ തുക കണ്ടെത്തി മേൽ പറഞ്ഞ രീതികൾ അവലംബിച്ച് ലോണുകൾ അടച്ചു തീർക്കുവാൻ ശ്രമിച്ചില്ലെങ്കിൽ നീണ്ട കാലയളവിൽ മാസത്തവണകൾ അടയ്ക്കേണ്ടി വരികയും അതുവഴി കൂടുതൽ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്യുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി നാം ആശ്രയിക്കുന്ന ലോണുകൾ ജീവിതത്തെ ബാധിക്കുന്ന ബാധ്യത ആകാതിരിക്കണമെങ്കിൽ അവ കൈകാര്യം ചെയ്യുവാനായി വ്യക്തമായ പദ്ധതികൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്.