കഴിഞ്ഞ കുറച്ച് ദശകങ്ങളായി ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് മേഖല വളരെ വലിയ വളർച്ചയാണ് കൈവരിച്ചിട്ടുള്ളത്. ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കൈകാര്യം ചെയ്യുന്നത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ അഥവാ സെബിയാണ്. സെബി കൊണ്ടുവരുന്ന ഓരോ മാർഗനിർദേശങ്ങളും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ്. മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട നിബന്ധനകളിൽ വന്നിട്ടുള്ള മാറ്റങ്ങൾ നിക്ഷേപകരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് മനസ്സിലാക്കുവാൻ ശ്രമിക്കാം.
മ്യൂച്വൽ ഫണ്ടിനെ സംബന്ധിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുക
നിശ്ചിത ഇടവേളകളിൽ മ്യൂച്വൽ ഫണ്ടുകളെ സംബന്ധിക്കുന്ന വ്യക്തമായ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് സെബി നിർദേശിച്ചിട്ടുണ്ട്. ഇതിലൂടെ നിക്ഷേപകർക്ക് തങ്ങളുടെ പണം എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് മനസ്സിലാക്കുവാൻ കഴിയും. സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുയോജ്യമായ നിക്ഷേപങ്ങളാണ് നാം നടത്തിയിരിക്കുന്നതെന്ന് ഉറപ്പുവരുത്തുവാൻ ഈ വിവരങ്ങൾ നമ്മെ സഹായിക്കുന്നു.
നിയമപ്രകാരം ഓരോ മ്യൂച്വൽ ഫണ്ടും ആ ഫണ്ടിൽ നിക്ഷേപിക്കുന്നതിൽ നിലനിൽക്കുന്ന റിസ്കിനെ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തേണ്ടതുണ്ട്. മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനത്തെ സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങൾ പുറത്തുവിടണമെന്നും സെബി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരേ സ്വഭാവമുള്ള മറ്റ് ഫണ്ടുകളുടെ പ്രകടനവുമായി ഓരോ ഫണ്ടിന്റെയും പ്രകടനം താരതമ്യം ചെയ്ത് വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്. ഫണ്ട് മാനേജർമാരുടെ ഇടപെടലുകളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുവാൻ മേൽപ്പറഞ്ഞ വിവരങ്ങൾ ഉപകാരപ്പെടും.
എക്സ്പെൻസ് റേഷ്യോ ക്യാപ്പ്
ഫണ്ട് മാനേജർമാർക്ക് ഈടാക്കാനാകുന്ന ഫീസ് നിയന്ത്രിക്കുന്നതിനായി സെബി ടോട്ടൽ എക്സ്പെൻസ് റേഷ്യോയ്ക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിലൂടെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് ആവശ്യമായി വരുന്ന ചെലവ് കുറയുകയാണ് ചെയ്യുന്നത്.

ഒരു മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ആകെ ആവശ്യമായി വരുന്ന തുകയാണ് ടോട്ടൽ എക്സ്പെൻസ് റേഷ്യോ സൂചിപ്പിക്കുന്നത്. നിക്ഷേപത്തിലൂടെ ലഭിക്കുന്ന നേട്ടത്തിന്റെ ഏറിയ പങ്കും നിക്ഷേപകർക്ക് ലഭിക്കുവാനും നിക്ഷേപങ്ങൾ കൂടുതൽ ലാഭകരമാക്കുവാനും വേണ്ടിയാണ് സെബി ഫീസുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്.
ഒരു പരിധിയിലധികം തുക ഫീസായി ഈടാക്കുവാൻ സാധിക്കാത്തതിനാൽ തന്നെ ഫണ്ട് മാനേജർമാർ കൂടുതൽ കാര്യക്ഷമമായും മത്സരബുദ്ധിയോടെയും പ്രവർത്തിക്കുവാൻ തയ്യാറാകുന്നു. അങ്ങനെ ഫണ്ടിന്റെ ആകെയുള്ള പ്രകടനം മെച്ചപ്പെടുന്നു.
റിസ്കോ മീറ്റർ
മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട റിസ്കിന്റെ ലെവലുകൾ മനസ്സിലാക്കുവാനാണ് സെബി റിസ്കോമീറ്റർ എന്ന സംവിധാനം കൊണ്ടുവന്നിട്ടുള്ളത്. ലോ റിസ്ക്, മോഡറേറ്റ് റിസ്ക്, ഹൈ റിസ്ക് എന്നിങ്ങനെ വളരെ ലളിതമായി മ്യൂച്വൽ ഫണ്ടുകളെ വേർതിരിക്കുന്നതിലൂടെ ഫണ്ടുകളുമായി ബന്ധപ്പെട്ട റിസ്കിനെ കുറിച്ചുള്ള യഥാർത്ഥ ചിത്രം നിക്ഷേപകർക്ക് ലഭിക്കുന്നുണ്ട്.
തുടക്കക്കാരായ നിക്ഷേപകർക്ക് ശരിയായ ധാരണ നൽകുവാൻ ഈ രീതി വളരെ ഫലപ്രദമാണ്. ഇതിലൂടെ ഓരോ വ്യക്തിയുടെയും റിസ്ക് എടുക്കുവാനുള്ള ശേഷിക്ക് അനുസരിച്ചുള്ള ഫണ്ട് തിരഞ്ഞെടുക്കുവാൻ വളരെ എളുപ്പത്തിൽ സാധിക്കുന്നു. ഉദാഹരണത്തിന് തീരെ റിസ്ക് എടുക്കുവാൻ താല്പര്യമില്ലാത്ത ഒരു വ്യക്തിക്ക് വളരെ എളുപ്പത്തിൽ ഒരു ലോ’റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്ന ഫണ്ട് തിരഞ്ഞെടുക്കുവാൻ സാധിക്കുന്നതാണ്.
റിസ്കോ മീറ്ററിന്‍റെ സഹായത്തോടെ നിക്ഷേപകർക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ച് നിക്ഷേപം ആസൂത്രണം ചെയ്യാവുന്നതാണ്. റിസ്ക് കണക്കാക്കുവാനായി ഒരു ഏകീകൃത സംവിധാനം കൊണ്ടുവരുന്നത് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ വിശ്വാസ്വത വർദ്ധിപ്പിക്കുവാൻ സഹായകരമാകുന്ന ഘടകമാണ്.
പുതിയ കമ്പനികളുടെ കടന്നുവരവ്
പുതിയ മ്യൂച്വൽ ഫണ്ട് കമ്പനികൾക്ക് വിപണിയിലേക്ക് കടന്നുവരുവാനുള്ള മാനദണ്ഡങ്ങൾ വളരെ ലളിതവും വ്യക്തവുമാക്കുവാൻ സെബിക്ക് കഴിഞ്ഞിട്ടുണ്ട്.

കൂടുതൽ കമ്പനികൾ കടന്നുവരുമ്പോൾ വിപണിയിലെ മത്സരം കൂടുകയും നിക്ഷേപകർക്ക് മികച്ച സേവനങ്ങൾ ലഭ്യമാവുകയും ചെയ്യുന്നു. ഉപഭോക്തൃ സേവനം മെച്ചപ്പെടുന്നതിനോടൊപ്പം തന്നെ വളരെ സൗകര്യപ്രദമായി ഉപയോഗിക്കാവുന്ന തരത്തിൽ വെബ്സൈറ്റുകളും ആപ്പുകളും ചിട്ടപ്പെടുത്തുവാൻ കമ്പനികൾ ശ്രമിക്കുന്നു. പഴയ കമ്പനികളാകട്ടെ വിപണിയിലെ കടുത്ത മത്സരത്തിന് അനുസരിച്ച് അവരുടെ സേവനം മെച്ചപ്പെടുത്തുന്നുണ്ട്.
പുതിയ കമ്പനികൾ നിക്ഷേപകരെ ആശ്രയിക്കുവാനായി ന്യൂതനവും ക്രിയാത്മകവുമായ നടപടികളാണ് കൈക്കൊള്ളുന്നത്. വിപണിയിലെ മത്സരം ഉയരുമ്പോൾ ഫീസുകളിലും ചെലവുകളിലും കുറവ് സംഭവിക്കുകയും നിക്ഷേപകന് കൂടുതൽ നേട്ടം ഉണ്ടാവുകയും ചെയ്യുന്നു.
ഡയറക്റ്റ് പ്ലാനുകൾ
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ഡയറക്ട് പ്ലാനുകൾ കൊണ്ടുവന്നത് നിക്ഷേപകരെ വലിയ നിലയിൽ സ്വാധീനിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ നിക്ഷേപിക്കുവാൻ ആഗ്രഹിക്കുന്നവർ ബ്രോക്കറുടെയോ സാമ്പത്തിക വിദഗ്ധരുടെയോ സഹായം തേടുകയായിരുന്നു പതിവ്. എന്നാൽ ഡയറക്റ്റ് പ്ലാനുകളുടെ സഹായത്തോടെ സ്വന്തം നിലയിൽ നിക്ഷേപം നടത്തുവാനുള്ള അവസരമാണ് നിക്ഷേപകർക്ക് ലഭിച്ചിട്ടുള്ളത്.
കൂടാതെ ഡയറക്ട് പ്ലാനുകൾക്ക് താരതമ്യേന കുറച്ച് ഫീസാണ് ഈടാക്കാറുള്ളത്. ഉദാഹരണത്തിന് ഒരു ബ്രോക്കറിന്റെ ഇടപെടലോടെ മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുമ്പോൾ ബ്രോക്കർ കമ്മീഷൻ ഈടാക്കുകയും നിക്ഷേപകന് ലഭിക്കേണ്ട നേട്ടത്തിൽ കുറവുണ്ടാകുകയും ചെയ്യുന്നു.
കുറഞ്ഞ ചെലവിൽ നിക്ഷേപിക്കാൻ ആകുമെന്നതുകൊണ്ടുതന്നെ കൂടുതൽ പേർ നിക്ഷേപിക്കുന്നതിലേക്ക് എത്തിച്ചേരുവാൻ ഡയറക്ട് പ്ലാൻ കാരണമാകുന്നു. ഈ രീതി നിക്ഷേപവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നു. ബ്രോക്കർമാരുടെ സഹായം ഇല്ലാത്തതിനാൽ തന്നെ നിക്ഷേപകർ സ്വന്തം നിലയിൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കുന്നതിനാൽ അവർക്ക് മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കുന്നു.
വിദഗ്ധരുടെ മേൽനോട്ടം
അസറ്റ് മാനേജ്മെന്റ് കമ്പനികൾ അഥവാ എ എം സി കളുടെ പ്രവർത്തനങ്ങളുടെ സുതാര്യത ഉറപ്പാക്കുവാൻ സെബി പല നിയമങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത വ്യക്തികളെ ഉൾപ്പെടുത്തി സ്വതന്ത്രമായി പ്രവർത്തിക്കുന്ന ബോർഡ് വേണം കമ്പനിയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുവാൻ. കമ്പനിയുടെ പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ കമ്മിറ്റികൾ രൂപീകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ഫൈനാൻഷ്യൽ റിപ്പോർട്ട് കൃത്യമാണെന്ന് ഓഡിറ്റ് കമ്മിറ്റി ഉറപ്പുവരുത്തുമ്പോൾ റിസ്ക് കൈകാര്യം ചെയ്യുന്ന പ്രവർത്തനങ്ങളിൽ നേതൃത്വം നൽകേണ്ടത് റിസ്ക് മാനേജ്മെന്റ് കമ്മിറ്റിയാണ്.
അസറ്റ് മാനേജ്മെന്റ് കമ്പനികൾ കൃത്യമായ ഇടവേളകളിൽ വിശദമായി റിപ്പോർട്ടുകൾ നിക്ഷേപകർക്ക് നൽകിയിരിക്കണം. നിക്ഷേപകർക്ക് കൃത്യസമയത്ത് മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാനും അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാനും ഈ നടപടി സഹായകരമാകുന്നു.
ഫണ്ടുകളെ വിവിധ വിഭാഗങ്ങളായി വേർതിരിക്കുക
മ്യൂച്വൽ ഫണ്ടുകളെ വളരെ വ്യക്തതയോടെ വ്യത്യസ്ത വിഭാഗങ്ങളായി വേർതിരിക്കുന്നതിലൂടെ വളരെ എളുപ്പത്തിൽ നിക്ഷേപകർക്ക് ഫണ്ടുകളെ വേർതിരിച്ചറിയുവാൻ കഴിയുന്നുണ്ട്. മുൻകാലങ്ങളിൽ വിവിധതരം ഫണ്ടുകളെ കൃത്യമായി വേർതിരിച്ച് മനസ്സിലാക്കുവാൻ നിക്ഷേപകർ ഏറെ പ്രയാസപ്പെട്ടിരുന്നു.
ഇക്വിറ്റി ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ, ഹൈബ്രിഡ് ഫണ്ടുകൾ എന്നിങ്ങനെ പല വിഭാഗങ്ങളിലായി സെബി മ്യൂച്വൽ ഫണ്ടുകളെ വേർതിരിച്ചിട്ടുണ്ട്. മേൽ സൂചിപ്പിച്ച പോലെയുള്ള പല വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഫണ്ടുകളെ തന്നെ ഉപവിഭാഗങ്ങളായി വീണ്ടും വേർതിരിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഇക്വിറ്റി ഫണ്ടുകൾ തന്നെ സ്മോൾ ക്യാപ്പ്, മിഡ് ക്യാപ്പ്, ലാർജ്ജ് ക്യാപ്പ്, മൾട്ടി ക്യാപ്പ് എന്നിങ്ങനെ പല ഉപവിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്.
നിക്ഷേപവുമായി ബന്ധപ്പെട്ട അറിവുകൾ നിക്ഷേപകർക്ക് നൽകുക
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുവാനായി സെബിയും എ എം സികളും ചേർന്ന് ധാരാളം പടിപാടികൾക്ക് നേതൃത്വം നൽകുന്നുണ്ട്. മ്യൂച്വൽ ഫണ്ട് കമ്പനികളുടെ പ്രവർത്തനം, മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന്റെ ഗുണങ്ങൾ, നിക്ഷേപത്തിൽ ഉൾപ്പെട്ടിരിക്കുന്ന റിസ്ക് തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ നിക്ഷേപകർക്ക് ബോധവൽക്കരണം നൽകുന്നുണ്ട്.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ് ഐ പി മാതൃകയിൽ നിക്ഷേപം നടത്തുന്നതിനെ സംബന്ധിച്ച് പ്രായോഗികമായ അറിവുകൾ നിക്ഷേപകർക്ക് നൽകുന്നുണ്ട്. കൂടാതെ റിട്ടയർമെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി ദീർഘകാല അടിസ്ഥാനത്തിൽ നടപ്പിലാക്കേണ്ട ലക്ഷ്യങ്ങൾ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലൂടെ എങ്ങനെ ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്നതിനെ സംബന്ധിച്ച ധാരണ നേടുവാനും ഈ അറിവുകൾ നിക്ഷേപകരെ സഹായിക്കുന്നു.
ലളിതമായ നടപടിക്രമങ്ങൾ
നോ യുവർ കസ്റ്റമർ അഥവാ കെ വൈ സിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെയും ഓൺലൈനായി നിക്ഷേപം നടത്തുവാനുള്ള അവസരം ഒരുക്കുന്നതിലൂടെയും മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏതൊരു സാധാരണക്കാരനായ വ്യക്തിക്കും നടത്താനാകുന്ന സ്ഥിതി വിശേഷം സംജാതമായിരിക്കുന്നു. മുൻകാലങ്ങളിൽ കെ വൈ സി പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏറെ സങ്കീർണ്ണം ആയിരുന്നു.
മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഡിജിറ്റലായി നടത്തുവാൻ എ എം സി കളുടെയും മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരുടെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളും മൊബൈൽ ആപ്ലിക്കേഷനുകളും ഉപയോഗപ്പെടുത്താവുന്നതാണ്. അതായത് നിക്ഷേപകൻ തന്റെ ഇഷ്ടാനുസരണം ഒരു ഫണ്ട് തിരഞ്ഞെടുത്തതിനു ശേഷം കുറച്ചു ക്ലിക്കുകൾ കൊണ്ടുതന്നെ ആ ഫണ്ടിൽ നിക്ഷേപം പൂർത്തിയാക്കാവുന്നതാണ്.
Are you looking for investments?
Kashly team can help you start your mutual fund investments with the right assistance. signup here
ഓട്ടോമാറ്റിക് പോർട്ട്ഫോളിയോ ട്രാക്കിംഗ് അലർട്ടുകൾ നോട്ടിഫിക്കേഷൻ തുടങ്ങി പല ഫീച്ചറുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. ഓൺലൈൻ സംവിധാനങ്ങളിലൂടെ നിക്ഷേപകർക്ക് തങ്ങളുടെ നിക്ഷേപം കൃത്യമായി ട്രാക്ക് ചെയ്യുവാനും വിപണിയിലെ മാറ്റങ്ങളെ സംബന്ധിച്ച് വിവരങ്ങൾക്ക് കൃത്യസമയത്ത് മനസ്സിലാക്കുവാനും കഴിയും.
സംഗ്രഹം
മ്യൂച്വൽ ഫണ്ട് നിക്ഷേപ മേഖലയിൽ ഉണ്ടായ വളർച്ചയ്ക്കൊപ്പം ഇന്ത്യയിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും ശക്തമായി മാറിയിരിക്കുന്നു. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുവാനായി സെബി പലവിധത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട നിബന്ധനകളിലും നിയന്ത്രണങ്ങളിലുമുണ്ടായ മാറ്റങ്ങൾ തീർത്തും ഗുണപരമാണ്. നിക്ഷേപകരുടെ താല്പരങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുവാനും വിപണിയെ ശക്തമായി നിലനിർത്തുവാനും നിയമങ്ങൾ കാലാകാലങ്ങളിൽ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്. മ്യൂച്വൽ ഫണ്ട് വ്യവസായം വളരുന്നതിന് അനുസരിച്ച് ആ മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവുകൾ ഫണ്ട് മാനേജർമാർക്കും നിക്ഷേപകർക്കുമുണ്ടായിരിക്കണം.