സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നത് ഏതൊരു നിക്ഷേപകൻ്റെയും ഏറ്റവും വലിയ ആഗ്രഹമാണ്. ദീർഘമായ കാലയളവിലേക്ക് നിക്ഷേപം തുടർന്നുകൊണ്ട് മികച്ച നേട്ടം നേടുക എന്നത് ശ്രമകരമായ കാര്യം തന്നെയാണ്.
നീണ്ട കാലയളവിലേക്ക് നിക്ഷേപം നടത്തുവാനായി ഒരു പോർട്ട്ഫോളിയോ സൃഷ്ടിക്കുമ്പോൾ നാം തീർച്ചയായും പരിഗണിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
വ്യക്തമായ ലക്ഷ്യങ്ങൾ
വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുക എന്നത് സാമ്പത്തിക ആസൂത്രണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പാണ്. നിക്ഷേപം നടത്തുവാനുള്ള പോർട്ട്ഫോളിയോ തയ്യാറാക്കുന്നതിനായി നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്ന് തിരിച്ചറിയുക. ഉദാഹരണത്തിന് റിട്ടയർമെൻ്റ് ജീവിതത്തിനായുള്ള നീക്കിയിരിപ്പ്, ഒരു ഭവനം സ്വന്തമാക്കുക, കുട്ടികളുടെ വിദ്യാഭ്യാസം എന്നിങ്ങനെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കുക.

അതിനുശേഷം നിക്ഷേപം നടത്തേണ്ട സമയക്രമം നിശ്ചയിക്കുക. ആ സമയക്രമത്തിനനുസരിച്ച് നിക്ഷേപം നടത്തുകയും നമ്മുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുവാൻ നാം നിശ്ചയിച്ച സമയപരിധി വരെ ആ നിക്ഷേപം തുടരേണ്ടതുമാണ്.
വൈവിധ്യവൽക്കരണം
വൈവിധ്യവൽക്കരണം എന്നത് നിക്ഷേപം നടത്തുമ്പോൾ അവലംബിക്കേണ്ട പ്രധാനപ്പെട്ട തന്ത്രങ്ങളിൽ ഒന്നാണ്. നിങ്ങളുടെ കൈവശമുള്ള പണമെല്ലാം ഒരു സ്രോതസ്സിൽ മാത്രമായി നിക്ഷേപിക്കുന്നത് പലപ്പോഴും തെറ്റായ തീരുമാനമായി മാറിയേക്കാം.
വ്യത്യസ്ത ആസ്തികളിലായി നിങ്ങൾക്ക് നിങ്ങളുടെ നിക്ഷേപം വ്യാപിപ്പിക്കാവുന്നതാണ്. ഓഹരികൾ, ബോണ്ടുകൾ, സ്വർണ്ണം, റിയൽ എസ്റ്റേറ്റ് തുടങ്ങി നിങ്ങളുടെ ഇഷ്ടാനുസരണം ഏതുതരം ആസ്തികൾ വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്ക് കുറയ്ക്കുവാൻ സാധിക്കുന്നു.
ഏതെങ്കിലും വിഭാഗം ആസ്തിയിൽ നിന്നും നേട്ടം നേടുവാൻ സാധിച്ചില്ലെങ്കിൽ പോലും മറ്റുള്ളവ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോൾ തെറ്റില്ലാത്ത ലാഭം നിക്ഷേപകന് ലഭിക്കുന്നു. നിക്ഷേപത്തിൽ വൈവിധ്യവൽക്കരണം കൊണ്ടുവരുന്നത് വഴി സന്തുലിതമായ ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നു.
ആഴത്തിലുള്ള പഠനവും വിലയിരുത്തലും
നിക്ഷേപവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ആഴത്തിലുള്ള പഠനവും വിലയിരുത്തലുകളും അനിവാര്യമാണ്. എന്നാൽ മാത്രമേ നിങ്ങളുടെ നിക്ഷേപ തന്ത്രങ്ങൾക്ക് അനുസൃതമായ നിക്ഷേപം നടത്തുവാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ.

മുൻകാലങ്ങളിൽ വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളിലുള്ള പ്രകടനം സൂക്ഷ്മമായി വിലയിരുത്തുവാൻ നാം തയ്യാറാകണം.
ദീർഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാട്
ദീർഘകാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാട് പിന്തുടരുകയും സാമ്പത്തിക ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ചെലവുകൾ ചുരുക്കുവാനും പണം ചെലവഴിക്കുന്നതിന് മുൻപ് നിർബന്ധമായും നിക്ഷേപം നടത്തുവാനും നാം തയ്യാറാകണം.
വികാരപരമായ തീരുമാനങ്ങൾ ഒഴിവാക്കുക. സാമ്പത്തിക ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള നിക്ഷേപപദ്ധതികൾ ആവിഷ്കരിക്കുക. ഇത്തരം നടപടികൾ പിന്തുടരുന്നവർക്ക് മാത്രമേ നിക്ഷേപത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ.
വിലയിരുത്തലുകൾക്കനുസരിച്ച് അനിവാര്യമായ മാറ്റങ്ങൾ നടപ്പിലാക്കുക
.ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പോർട്ട്ഫോളിയോ സൃഷ്ടിക്കുവാൻ വേണ്ടി തുടർച്ചയായ വിലയിരുത്തലുകളും അതിനനുസൃതമായ തിരുത്തലുകളും നടത്തേണ്ടതായിട്ടുണ്ട്. തുടർച്ചയായ നിരീക്ഷണത്തിലൂടെ മാത്രമേ നിങ്ങളുടെ നിക്ഷേപം നിങ്ങളുടെ ലക്ഷ്യങ്ങൾ പ്രാപ്തമാക്കുന്നതിൽ നിന്ന് വ്യതിചലിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

വിപണിയിൽ ചാഞ്ചാട്ടം ഉണ്ടാകുമ്പോൾ അതിനനുസൃതമായ മാറ്റങ്ങൾ വരുത്തുക. ചില നിക്ഷേപങ്ങൾ ഒഴിവാക്കുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്യേണ്ടതായി വന്നേക്കാം. ശരിയായ പാതയിലാണ് മുന്നോട്ടു പോകുന്നതെന്ന് ഉറപ്പുവരുത്തുക. തനിക്ക് കൈക്കൊള്ളാനാകുന്ന റിസ്കിന്റെ പരിധിക്കുള്ളിൽ നിന്നും കഴിയാവുന്നത്ര നേട്ടത്തിനായി ശ്രമിക്കുക.
ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പോർട്ട്ഫോളിയോ സൃഷ്ടിക്കുന്നതിന് ക്ഷമയും അച്ചടക്കവും അനിവാര്യമാണ്. ശ്രദ്ധയോടെ മുന്നോട്ടുപോവുക. കൂടാതെ ഒരു സാമ്പത്തിക വിദഗ്ധന്റെ ഉപദേശങ്ങൾ സ്വീകരിക്കുന്നത് തീർത്തും ഗുണപരമായിരിക്കും.