എമർജൻസി ഫണ്ട് എന്നത് വ്യക്തികളെ സംബന്ധിച്ച് സാമ്പത്തികമായ സുരക്ഷിത വലയമാണ്. ജീവിതത്തിൽ പ്രതീക്ഷിക്കാതെ സംഭവിക്കുന്ന കാര്യങ്ങൾക്കായി പണം കണ്ടെത്തുക എന്നതാണ് എമർജൻസി ഫണ്ടിന്റെ ലക്ഷ്യം. സാധാരണയായി ജീവിതത്തിൽ കടന്നുവരുന്ന ചെലവുകൾക്കായി ഉപയോഗപ്പെടുത്താതെ നിധി പോലെ സൂക്ഷിച്ചു വെക്കേണ്ട ഒന്നാണ് എമർജൻസി ഫണ്ട് .
എമർജൻസി ഫണ്ടിന്റെ പ്രാധാന്യം എന്താണ്. ജീവിതത്തിൽ അത്യാവശ്യ സാഹചര്യങ്ങളെ നേരിടാൻ പണമില്ലാത്ത അവസ്ഥയുണ്ടാകരുത് എന്നതാണ് എമർജൻസി ഫണ്ടിന്റെ പ്രാധാന്യം. പണം ആവശ്യമായി വരുന്ന സാഹചര്യങ്ങൾ ഏതുസമയവും കടന്നു വരാം, തയ്യാറായിരിക്കുക എന്നത് മാത്രമാണ് നമുക്ക് ചെയ്യാനാകുന്നത്.
മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. എന്നിരുന്നാലും കൃത്യമായ ആസൂത്രണത്തിലൂടെ മ്യൂച്വൽ ഫണ്ടുകളെ എമർജൻസി ഫണ്ട് സൃഷ്ടിക്കുവാൻ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി മ്യൂച്വൽ ഫണ്ടുകളെ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് പരിശോധിക്കാം.
എത്രയും വേഗം എമർജൻസി ഫണ്ട് സൃഷ്ടിക്കുക
മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് ചിന്തിക്കുന്നതിനു മുന്നോടിയായി എത്രയും വേഗം ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കേണ്ടതുണ്ട്. മൂന്നു മുതൽ ആറു മാസം വരെയുള്ള ഒഴിവാക്കാനാകാത്ത ചെലവുകൾക്ക് ആവശ്യമായി വരുന്ന തുകയാണ് ഈ എമർജൻസി ഫണ്ടിൽ ഉൾപ്പെടുത്തേണ്ടത്.

തീരെ റിസ്കില്ലാത്ത വളരെ വേഗം പണം ഉപയോഗിക്കാനാകുന്ന രീതിയിൽ സേവിംഗ്സ് അക്കൗണ്ടുകളിൽ ഈ പണം സൂക്ഷിക്കാവുന്നതാണ്. മറ്റ് കാര്യങ്ങളൊന്നും പരിഗണിക്കാതെ പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾക്കായി എത്രയും വേഗം ഇങ്ങനെ മാറ്റിവെച്ച പണത്തെ ആശ്രയിക്കാവുന്നതാണ്.
എത്രത്തോളം റിസ്ക് എടുക്കാനാകുമെന്ന് വിലയിരുത്തുക
ഒരു വ്യക്തിക്ക് കൈക്കൊള്ളാനാകുന്ന റിസ്ക് മനസ്സിലാക്കിയതിനു ശേഷം മാത്രമേ എമർജൻസി ഫണ്ടിന്റെ ഭാഗമായ എത്ര ശതമാനം തുകയാണ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കേണ്ടത് എന്ന് കണ്ടെത്താൻ സാധിക്കുകയുള്ളൂ.
ഉയർന്ന നേട്ടം നേടുവാനുള്ള സാധ്യത നിലനിൽക്കുമ്പോൾ തന്നെ വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള റിസ്കും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കുണ്ട്. സ്വന്തം സാമ്പത്തിക ലക്ഷ്യങ്ങളും റിസ്ക് എടുക്കുവാനുള്ള ശേഷിയും മനസ്സിലാക്കി നിക്ഷേപിക്കാനുള്ള തീരുമാനമെടുക്കുക.
കുറഞ്ഞ റിസ്കുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുക
സ്ഥിരതയുള്ള പ്രകടനം കാഴ്ച്ചവയ്ക്കുന്നതും വൈവിധ്യമായ ആസ്തികളെ ആശ്രയിച്ച് ചിട്ടപ്പെടുത്തിയിട്ടുള്ളതുമായ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

ഉദാഹരണത്തിന് ഗവൺമെന്റ് ബോണ്ടുകളിലോ നിലവാരമുള്ള കോർപ്പറേറ്റ് ബോണ്ടുകളിലോ പണം നിക്ഷേപിക്കാവുന്നതാണ്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ മൂല്യത്തിൽ വിപണിയിലെ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യതിയാനം സംഭവിക്കുവാൻ സാധ്യതയുണ്ട്. ബോണ്ടുകൾ, ട്രഷറി ബില്ലുകൾ, ഡിബഞ്ചറുകൾ തുടങ്ങിയ സാമ്പത്തിക ഉപകരണങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളെ ആശ്രയിക്കുകയാണെങ്കിൽ നിങ്ങളുടെ എമർജൻസി ഫണ്ടിന്റെ സുരക്ഷിതത്വം താരതമ്യേന കൂടുതലായിരിക്കും.
റുപ്പി കോസ്റ്റ് ആവറേജിംഗ്
ഇവിടെ ഒരു നിശ്ചിത തുക എല്ലാ മാസവും അല്ലെങ്കിൽ രണ്ടു മാസം കൂടുമ്പോൾ എന്നിങ്ങനെ തുടർച്ചയായ ഇടവേളകളിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കപ്പെടുന്നു. ഉയർന്ന തുക ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിലുപരി ഒരു നീണ്ട കാലയളവിൽ തുക നിക്ഷേപിക്കുന്നത് തുടരുന്നു.
വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ നിക്ഷേപം നടത്തുന്നതിൽ തന്നെ വിപണിയിലെ വ്യതിയാനങ്ങൾ നിക്ഷേപത്തെ കാര്യമായി ബാധിക്കുന്നില്ല. വിപണിയിൽ ഉണ്ടാകുന്ന കയറ്റിറക്കങ്ങൾ നിക്ഷേപങ്ങളെ ബാധിക്കുന്നതിൽ നിന്ന് ഒരളവുവരെ കുറവു വരുത്തുവാൻ ഈ രീതി സഹായിക്കുന്നു.
എമർജൻസി ഫണ്ടിന്റെ ഒരു ഭാഗം ലിക്വിഡിറ്റിയുള്ള ആസ്തികളിൽ നിലനിർത്തുക
ഒരു ആസ്തിയെ എത്രയും വേഗം പണമാക്കി മാറ്റുവാൻ സാധിക്കുന്നതിനെയാണ് ലിക്വിഡിറ്റി എന്ന് പറയുന്നത്.

എമർജൻസി ഫണ്ടിന്റെ ഒരു ഭാഗം മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് സാമ്പത്തികമായി മികച്ച തീരുമാനമാണ്. എന്നിരുന്നാലും എമർജൻസി ഫണ്ടിന്റെ നല്ലൊരു ശതമാനം ഉയർന്ന ലിക്വിഡിറ്റിയുള്ള ആസ്തികളിലും താരതമ്യേന റിസ്ക് കുറവായ മ്യൂച്വൽ ഫണ്ടുകളിലും നിലനിർത്താൻ ശ്രമിക്കുക. അതായത് പണം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ എത്രയും വേഗം പണം ലഭിക്കുവാനുള്ള വഴി ഉണ്ടായിരിക്കണം.
ഈ രീതിയിൽ നിക്ഷേപം നടത്തിയാൽ വിപണിയിൽ ഉണ്ടാകുന്ന ഇടിവുകളെ നാം കാര്യമായി പരിഗണിക്കേണ്ടതില്ല. കൂടാതെ നമ്മുടെ പണം സുരക്ഷിതമാണെന്നും അത്യാവശ്യ സാഹചര്യങ്ങളിൽ ലഭ്യമാകുമെന്നും ഉറപ്പുവരുത്തുവാൻ നമുക്ക് സാധിക്കും.
സ്വന്തം സാമ്പത്തിക സ്ഥിതി വിലയിരുത്തുക
ഒരു എമർജൻസി ഫണ്ട് സൃഷ്ടിച്ച് അ ഫണ്ടിന്റെ ഒരു നിശ്ചിതഭാഗം നിക്ഷേപിക്കുന്നത് സമ്പത്ത് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന്റെ ഉദാഹരണമാണ്. എന്നിരുന്നാലും നാം നിക്ഷേപങ്ങളെ തുടർച്ചയായി വിലയിരുത്തേണ്ടത് അനിവാര്യമാണ്.
ഉദാഹരണത്തിന് കുട്ടികളുടെ വിദ്യാഭ്യാസം, അവധിക്കാല യാത്രകൾ തുടങ്ങിയ നിങ്ങളുടെ ഓരോ സാമ്പത്തിക ലക്ഷ്യങ്ങൾക്കും നിങ്ങൾ നൽകുന്ന പ്രാധാന്യം വ്യത്യാസപ്പെട്ടിരിക്കും. നിങ്ങളുടെ സാമ്പത്തിക ശേഷിക്കും, ലക്ഷ്യങ്ങൾക്കും ഉതകുന്ന തരത്തിലാണോ നിങ്ങളുടെ നിക്ഷേപം നിലനിൽക്കുന്നതെന്ന് തുടർച്ചയായി വിലയിരുത്തുക.

നിങ്ങളുടെ നിക്ഷേപങ്ങളുടെ പ്രകടനത്തിൽ വിപണിക്കനുസരിച്ച് ഏറ്റക്കുറച്ചിലുകൾ സംഭവിക്കാം. ഈ വ്യതിയാനം നിക്ഷേപങ്ങളിൽ നിന്നുള്ള നേട്ടത്തിലും റിസ്കിലും മാറ്റം കൊണ്ടുവന്നേക്കാം. അതിനാൽ തന്നെ നിക്ഷേപങ്ങളെ നിരീക്ഷിക്കേണ്ടതും ആവശ്യമായ വ്യത്യാസങ്ങൾ വരുത്തേണ്ടതും ഉത്തരവാദിത്വമുള്ള നിക്ഷേപകന്റെ കടമയാണ്.
വിപണിയിലെ വ്യതിയാനങ്ങൾ നേരിടുവാൻ തയ്യാറായിരിക്കുക
മ്യൂച്വൽ ഫണ്ടുകൾ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ തന്നെ കയറ്റിറക്കങ്ങൾ നേരിടുവാൻ തയ്യാറായിരിക്കുക. വിപണിയിൽ ഉണ്ടാകുന്ന ഇടിവ് മൂലം നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യം കുറയുവാൻ കാരണമായേക്കാം.
ഒരു എമർജൻസി ഫണ്ട് കൈവശമുള്ളത് ഏതൊരു വ്യക്തിക്കും സമാധാനം നൽകുന്ന കാര്യമാണ്. പ്രതീക്ഷിക്കാതെ ചെലവുകൾ ജീവിതത്തിൽ കടന്നു വരുമ്പോൾ കടക്കെണിയിൽ അകപ്പെടുന്നതിൽ നിന്നും രക്ഷനേടാൻ എമർജൻസി ഫണ്ട് സഹായിക്കും. അതിനാൽ തന്നെ ഉയർന്ന പലിശ നൽകേണ്ടി വരുന്ന കടങ്ങളിൽ നിന്ന് രക്ഷനേടുവാൻ നമുക്ക് സാധിക്കുന്നു.
മ്യൂച്വൽ ഫണ്ടുകളെ എമർജൻസി ഫണ്ടിന്റെ ഭാഗമാക്കുന്നത് സാമ്പത്തികമായി മികച്ച തന്ത്രം തന്നെയാണ്. മുൻകൂട്ടി കാണാനാകാത്ത പ്രശ്നങ്ങളെ സധൈര്യം നേരിടാൻ എമർജൻസി ഫണ്ട് വ്യക്തികളെ പ്രാപ്തരാക്കുന്നു.