മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന വ്യക്തികൾ എല്ലാം തന്നെ ഏറ്റവും പ്രാധാന്യം നൽകേണ്ട കാര്യങ്ങളിൽ ഒന്നാണ് ലിക്വിഡിറ്റി റിസ്ക് എന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് പലതരത്തിലുള്ള ഗുണങ്ങൾ ഉണ്ടെങ്കിലും ലിക്വിഡിറ്റി റിസ്ക് എന്നത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളിൽ ഒന്നാണ്.
യു എസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ചെയർമാൻ ആയിരുന്ന മേരി ജോ ലിക്വിഡിറ്റി റിസ്കിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്, മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നവരെല്ലാം തന്നെ അവരുടെ നിക്ഷേപത്തിന്റെ ലിക്വിഡിറ്റിയെ സംബന്ധിച്ച് അതീവ ശ്രദ്ധ പുലർത്തേണ്ടതായിട്ടുണ്ട് പ്രത്യേകിച്ച് വിപണിയിൽ സമ്മർദ്ദം നേരിടുന്ന സമയത്ത്.
എന്താണ് ലിക്വിഡിറ്റി റിസ്ക്
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ പണമായി മാറ്റുവാൻ സാധിക്കാതെ വരുന്ന സാഹചര്യത്തെയാണ് ലിക്വിഡിറ്റി റിസ്ക് എന്നത് സൂചിപ്പിക്കുന്നത്. ചിലപ്പോൾ നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം ന്യായമായ വിലയ്ക്ക് വിറ്റഴിക്കുവാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാകുന്നു. അത്തരം സാഹചര്യങ്ങൾ സംഭവിക്കുന്നതിനെയാണ് ലിക്വിഡിറ്റി റിസ്ക് എന്നു പറയുന്നത്.
എന്തുകൊണ്ടാണ് നാം ലിക്വിഡിറ്റി റിസ്കിനെ കുറിച്ച് ബോധവാന്മാരാകേണ്ടത്

ഒരു വ്യക്തി മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുമ്പോൾ ആ വ്യക്തി തന്റെ പണം വ്യത്യസ്ത ആസ്തികളിലായി നിക്ഷേപിക്കുവാൻ ഒരു ഫണ്ട് മാനേജറെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ ഉൾപ്പെട്ടിരിക്കുന്ന ലിക്വിഡിറ്റി റിസ്ക് തിരിച്ചറിയുക വഴി വിപണിയിൽ സമ്മർദ്ദം ഉണ്ടാകുമ്പോൾ നമ്മുടെ നിക്ഷേപത്തിന് സംഭവിച്ചേക്കാവുന്ന നഷ്ടം എത്രത്തോളമാണെന്ന് സൂചന ലഭിക്കും.
ലിക്വിഡിറ്റി റിസ്ക് തിരിച്ചറിയുന്നത് നിങ്ങളുടെ നിക്ഷേപത്തെ സംബന്ധിച്ച് മികച്ച തീരുമാനങ്ങൾ എടുക്കുവാൻ നിങ്ങൾക്ക് അവസരം നൽകുന്നു. അതുമാത്രമല്ല നിങ്ങളുടെ ആകെയുള്ള നിക്ഷേപത്തിന്റെ പ്രകടനം വിലയിരുത്തുവാനും ലിക്വിഡിറ്റി റിസ്കിനെ കുറിച്ചുള്ള തിരിച്ചറിവ് നിങ്ങളെ സഹായിക്കും. മ്യൂച്വൽ ഫണ്ടുകളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് നിക്ഷേപം കൈകാര്യം ചെയ്യാനുള്ള ശേഷി നിങ്ങൾക്ക് ലഭിക്കുകയുള്ളൂ.
നിങ്ങൾക്ക് എത്രത്തോളം റിസ്ക് എടുക്കാമെന്നും ആ റിസ്ക് എടുക്കുന്നത് വഴി എത്രത്തോളം നേട്ടം നേടുവാൻ സാധിക്കുമെന്നും തിരിച്ചറിയുവാൻ നിങ്ങൾക്ക് സാധിക്കും. പ്രതീക്ഷിക്കാതെ വിപണിയിൽ സംഭവിക്കുന്ന കയറ്റിറക്കങ്ങളിൽ നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കി നിർത്തുവാൻ ഈ അറിവുകൾ അത്യാവശ്യമാണ്.
ലിക്വിഡിറ്റി റിസ്ക് ഒഴിവാക്കാനായി കൈക്കൊള്ളേണ്ട കാര്യങ്ങൾ

നിക്ഷേപിക്കാനുള്ള തീരുമാനമെടുക്കുന്നതിന് മുമ്പ് മ്യൂച്വൽ ഫണ്ടുമായി ബന്ധപ്പെട്ട റിസ്ക് കൃത്യമായി മനസ്സിലാക്കുവാൻ ശ്രമിക്കുക. എന്തെന്നാൽ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടം നിങ്ങളുടെ നിക്ഷേപിക്കുവാനുള്ള തീരുമാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നിക്ഷേപം വൈവിധ്യവൽക്കരിക്കാൻ ശ്രമിക്കുക
ഓഹരികൾ, ബോണ്ടുകൾ, സ്വർണ്ണം തുടങ്ങി വ്യത്യസ്ത നിക്ഷേപ മാർഗ്ഗങ്ങളിലായി നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിനാണ് വൈവിധ്യവൽക്കരണം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യത്യസ്ത നിക്ഷേപ മാർഗ്ഗങ്ങളെ ആശ്രയിക്കുന്നത് കൊണ്ട് തന്നെ നിക്ഷേപവുമായി ബന്ധപ്പെട്ട റിസ്കിന് ഏറ്റകുറച്ചിലുകൾ ഉണ്ടാകുന്നു.
മ്യൂച്വൽ ഫണ്ടിന്റെ ലോക്കിംഗ് പിരിയഡ് പരിഗണിക്കുക
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയ ശേഷം ഒരു നിശ്ചിത സമയത്തേക്ക് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിൽക്കുവാൻ സാധിക്കാത്ത സമയത്തെയാണ് ലോക്കിംഗ് പിരിയഡ് എന്ന് പറയുന്നത്. ലോക്കിംഗ് പിരിയഡ് ലിക്വിഡിറ്റിയെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യമാണ്. ലോക്കിംഗ് പിരിയഡ് നിലനിൽക്കുന്നതിനാൽ തന്നെ നിക്ഷേപകന്റെ ആവശ്യാനുസരണം മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് പരിമിതികളുണ്ട്. നിക്ഷേപം നടത്തുന്നതിന് മുൻപ് ലോക്കിംഗ് പിരിയഡ് തീർച്ചയായും പരിഗണിച്ചിരിക്കണം.
മ്യൂച്വൽ ഫണ്ടുകളുമായി ബന്ധപ്പെട്ട ആസ്തികളുടെ ലിക്വിഡിറ്റി വിശകലനം ചെയ്യുക

ഫണ്ട് മാനേജർമാരുടെ മേൽനോട്ടത്തിൽ ഒരു പ്രത്യേക ലക്ഷ്യം മുൻനിർത്തി സൃഷ്ടിച്ചിരിക്കുന്ന മ്യൂച്വൽ ഫണ്ടുകളുടെ ഭാഗമായ ആസ്തികളുടെ ലിക്വിഡിറ്റി ഫണ്ട് മാനേജർമാർ കൃത്യമായി വിലയിരുത്താറുണ്ട്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാനുള്ള തീരുമാനങ്ങൾ എടുക്കുവാനും ഫണ്ടുമായി ബന്ധപ്പെട്ട ആസ്തികളുടെ വിവരങ്ങൾ മനസ്സിലാക്കുവാനും ഫണ്ട് മാനേജർമാർ നമ്മെ സഹായിക്കുന്നു.
മികച്ച ഫണ്ട് ഹൗസുകൾ തിരഞ്ഞെടുക്കുക
ഫണ്ടുകൾ കൃത്യമായി കൈകാര്യം ചെയ്യുന്നതിൽ പേരുകേട്ട മികച്ച പ്രവർത്തന പാരമ്പര്യമുള്ള മ്യൂച്വൽ ഫണ്ട് ഹൗസുകൾ നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുക. ഫണ്ട് ഹൗസുകളുമായി ബന്ധപ്പെട്ട ഫണ്ടുകളുടെ മുൻകാല പ്രകടനങ്ങൾ വിലയിരുത്തുവാൻ തയ്യാറാവുക.
Are you looking for investments?
Kashly team can help you start your mutual fund investments with the right assistance. signup here
മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നതിന് മുൻപ് ആഴത്തിലുള്ള പഠനവും നിക്ഷേപത്തിൽ ഉൾപ്പെട്ടിരിക്കുന്ന റിസ്കിനെ കുറിച്ചുള്ള വിലയിരുത്തലുകളും അനിവാര്യമാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾ പാലിച്ചാൽ മാത്രമേ നിക്ഷേപവുമായി ബന്ധപ്പെട്ട് മികച്ച തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കുകയുള്ളൂ. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന മാർഗങ്ങൾ പിന്തുടരുക വഴി ലിക്വിഡിറ്റി റിസ്ക് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കുന്നതാണ്.