ഇ കൊമേഴ്സ് വെബ്സൈറ്റുകൾ വിപണി കീഴടക്കുന്ന ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം വ്യക്തികൾക്കും സ്വന്തമായി ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിലും അത് കൃത്യമായ രീതിയിൽ ഉപയോഗിക്കുവാൻ പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച ശേഷം കാർഡിന്റെ ബില്ല് ലഭ്യമാകുമ്പോൾ ആ ബില്ല് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും എങ്ങനെ പണം അടയ്ക്കണമെന്നും പണമടയ്ക്കേണ്ട അവസാന തീയതി അല്ലെങ്കിൽ ഡ്യൂ ഡേറ്റ് എന്നാണെന്നും പലർക്കും മനസ്സിലാക്കുവാൻ സാധിക്കാറില്ല. പ്രത്യേകിച്ച് ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്ന തുടക്കക്കാരിൽ പലരും അത് കൃത്യമായ രീതിയിൽ ഉപയോഗിക്കാതെ സാമ്പത്തിക നഷ്ടം സംഭവിക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്.
അടിസ്ഥാനപരമായി ക്രെഡിറ്റ് കാർഡ് എന്നത് ഒരു ക്രെഡിറ്റ് കാർഡ് കമ്പനി നിങ്ങൾക്ക് നൽകുന്ന കാലാവധി നിശ്ചയിച്ചിട്ടുള്ള ഒരു പ്രത്യേക തരത്തിലുള്ള ലോൺ തന്നെയാണ്. അതായത് ക്രെഡിറ്റ് കാർഡ് മുഖേന നമ്മൾ ഒരു ലോൺ എടുക്കുന്നു, ആ ലോൺ തുക അവർ നിശ്ചയിച്ച കാലപരിധിക്കുള്ളിൽ പൂർണ്ണമായി അടച്ചു തീർക്കുകയാണെങ്കിൽ ഒരു നിശ്ചിത കാലാപരിധിയിലേയ്ക്ക് തുടർന്നും ആ ലോൺ തുക നമുക്ക് ഉപയോഗിക്കുവാനായി ലഭ്യമാകുന്നു. മറ്റു ലോണുകളിൽ നിന്നും ക്രെഡിറ്റ് കാർഡിനെ വ്യത്യസ്തമാക്കുന്നത് കമ്പനി നൽകിയിരിക്കുന്ന കാലയളവിനുള്ളിൽ ക്രെഡിറ്റ് കാർഡിൽ നിന്നും ഉപയോഗിച്ച ലോൺ തുക നിങ്ങൾ തിരിച്ചടയ്ക്കുകയാണെങ്കിൽ ഇവിടെ നിങ്ങൾക്ക് ഒരു രൂപ പോലും പലിശയായി നൽകേണ്ടി വരുന്നില്ല എന്നതാണ്.

ക്രെഡിറ്റ് കാർഡ് കൃത്യമായി ഉപയോഗിക്കുവാനുള്ള അറിവും ശേഷിയുമുള്ള വ്യക്തികളെ സംബന്ധിച്ച് അവർക്ക് ലഭ്യമായ ഏറ്റവും മികച്ച സാമ്പത്തിക ഉപകരണങ്ങളിൽ ഒന്നാണ് ക്രെഡിറ്റ് കാർഡ്. എന്നാൽ ക്രെഡിറ്റ് കാർഡ് കൃത്യമായി ഉപയോഗിക്കുവാൻ അറിയാത്തവരേയും അതിനുള്ള സാമ്പത്തികശേഷി ഇല്ലാത്തവരേയും സംബന്ധിച്ച് അവരെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്ക് എത്തിക്കുന്ന അപകടകരമായ സാമ്പത്തിക ഉപകരണമായി ക്രെഡിറ്റ് കാർഡ് മാറുകയും ചെയ്യുന്നു.
വ്യക്തികളുടെ സാമ്പത്തിക ശേഷി വ്യത്യസ്ത മാനദണ്ഡങ്ങൾക്ക് അനുസരിച്ച് വിലയിരുത്തിയ ശേഷം അവർക്ക് ഉപയോഗിക്കാവുന്ന തരത്തിൽ നിശ്ചിതമായ ലോൺ തുക ക്രെഡിറ്റ് കാർഡ് മുഖേന അനുവദിച്ചു നൽകുന്നതിനെ ക്രെഡിറ്റ് ലിമിറ്റ് എന്നാണ് പറയുന്നത്. അൻപതിനായിരം, ഒരു ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ ഓരോ വ്യക്തികൾക്കും അനുവദിച്ചു നൽകുന്ന ക്രെഡിറ്റ് ലിമിറ്റ് തുക അവരുടെ ആവശ്യാനുസരണം ഉപയോഗിക്കുകയും കമ്പനി നൽകുന്ന കാലാവധിക്കുള്ളിൽ തിരിച്ചടയ്ക്കുകയും ചെയ്യുകയാണ് ക്രെഡിറ്റ് കാർഡിന്റെ കൃത്യമായ ഉപയോഗ രീതി.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന വ്യക്തികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില തീയതികളേയും തുകയേയും സൂചിപ്പിക്കുന്ന പദങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു വ്യക്തിക്ക് പരമാവധി ഉപയോഗിക്കുവാൻ സാധിക്കുന്ന തുകയാണ് ക്രെഡിറ്റ് ലിമിറ്റ്. ലഭ്യമായ ക്രെഡിറ്റ് ലിമിറ്റിൽ നിന്നും ഒരു വ്യക്തി ക്രെഡിറ്റ് കാർഡ് ബില്ല് ലഭ്യമാകുന്ന കാലാവധിക്ക് മുൻപായി ഉപയോഗിച്ച ആകെ തുകയാണ് ടോട്ടൽ എമൗണ്ട് ഡ്യൂ എന്ന് പറയുന്നത്. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് ഒരു ക്രെഡിറ്റ് കാർഡിലൂടെ 50,000 രൂപയാണ് ക്രെഡിറ്റ് ലിമിറ്റായി ലഭിച്ചിരിക്കുന്നത് എന്ന് കരുതുക. ലഭ്യമായ ക്രെഡിറ്റ് ലിമിറ്റിൽ നിന്നും ആ വ്യക്തി ക്രെഡിറ്റ് കാർഡ് ബില്ല് നിലവിൽ വരുന്നതിനു മുൻപ് 15,000 രൂപ ഉപയോഗിച്ചു എങ്കിൽ 15,000 രൂപയാണ് ആ വ്യക്തിയുടെ ടോട്ടൽ എമൗണ്ട് ഡ്യൂ.

ക്രെഡിറ്റ് കാർഡ് കമ്പനി നൽകിയിരിക്കുന്ന കാലാവധിക്കുള്ളിൽ ഒരു വ്യക്തിക്ക് ടോട്ടൽ എമൗണ്ട് ഡ്യൂ പൂർണ്ണമായി അടച്ചു തീർക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോഗരഹിതമാകാതിരിക്കാൻ ആ വ്യക്തി തീർച്ചയായും തിരിച്ചടയ്ക്കേണ്ട തുകയാണ് മിനിമം എമൗണ്ട് ഡ്യൂ. മേൽപ്പറഞ്ഞ ഉദാഹരണം പരിഗണിച്ചാൽ 15,000 രൂപ ആ വ്യക്തിക്ക് തിരിച്ചടയ്ക്കുവാൻ സാധിക്കാത്ത സാഹചര്യത്തിൽ ക്രെഡിറ്റ് കാർഡ് റദ്ദാകാതിരിക്കുവാനായി മിനിമം എമൗണ്ട് ഡ്യൂ ആയ 3000 രൂപയെങ്കിലും ആ വ്യക്തി തിരിച്ചടയ്ക്കേണ്ടതായി വന്നേക്കാം.
ഇവിടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം മിനിമം എമൗണ്ട് ഡ്യൂ തിരിച്ചടയ്ക്കുന്ന സാഹചര്യത്തിൽ ടോട്ടൽ എമൗണ്ട് ഡ്യൂവിൽ നിന്ന് എത്ര തുകയാണോ കുറവായി അടയ്ക്കുന്നത് ആ തുകയ്ക്ക് നിങ്ങൾ ഭീമമായ പലിശ നൽകേണ്ടി വരുന്നു എന്നതാണ്. മാസംതോറും 2 മുതൽ 3 ശതമാനം വരെയുള്ള പലിശ നിരക്കാണ് തിരിച്ചടയ്ക്കുവാൻ ബാക്കിയുള്ള തുകയ്ക്ക് ബാങ്കുകൾ ഈടാക്കുന്നത്.
സാധാരണഗതിയിൽ പേഴ്സണൽ ലോണുകൾക്ക് 10 മുതൽ 12 ശതമാനം വാർഷിക പലിശയും ഹൗസിംഗ് ലോണുകൾക്ക് 7 മുതൽ 9 ശതമാനം വരെ വാർഷിക പലിശയും ചുമത്തപ്പെടുമ്പോൾ ക്രെഡിറ്റ് കാർഡ് തിരിച്ചടവിൽ പിഴവ് വരുത്തിയാൽ 35 മുതൽ 45 ശതമാനം വരെ വാർഷിക പലിശയാണ് ഉപഭോക്താവിൽ നിന്നും ഈടാക്കുന്നത്. അതിനാൽ തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ നിർബന്ധമായും ടോട്ടൽ എമൗണ്ട് ഡ്യൂ ആയ തുക തന്നെ തിരിച്ചടയ്ക്കുവാനായി ശ്രമിക്കേണ്ടതാണ്.

ക്രെഡിറ്റ് കാർഡിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് തീയതികളാണ് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടത്. സ്റ്റേറ്റ്മെന്റ് ഡേറ്റ് അല്ലെങ്കിൽ ബിൽ ഡേറ്റ് കൂടാതെ പെയ്മെൻറ് ഡ്യൂ ഡേറ്റ് എന്നിങ്ങനെയുള്ള തീയതികൾ ക്രെഡിറ്റ് കാർഡിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ല് നിങ്ങൾക്ക് ലഭ്യമാകുന്ന തീയതിയാണ് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് ഡേറ്റ് അല്ലെങ്കിൽ ബിൽ ഡേറ്റ് എന്ന് അറിയപ്പെടുന്നത്. ക്രെഡിറ്റ് കാർഡ് ബില്ല് ലഭ്യമായ ശേഷം നിങ്ങൾ ഉപയോഗിച്ച തുക തിരിച്ചടയ്ക്കേണ്ട അവസാന തീയതിയാണ് പെയ്മെന്റ് ഡ്യൂ ഡേറ്റ് എന്നത്.
സ്റ്റേറ്റ്മെന്റ് ഡേറ്റ് അല്ലെങ്കിൽ ബിൽ ഡേറ്റ് എന്നറിയപ്പെടുന്ന ദിവസത്തിൽ എല്ലാ മാസവും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ല് കൃത്യമായി നിങ്ങൾക്ക് ലഭിച്ചിരിക്കും. സാധാരണഗതിയിൽ ഒരു ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റ് നിലവിൽ വന്ന് 15 മുതൽ 20 ദിവസത്തിനുള്ളിലാണ് ഡ്യൂ തുക തിരിച്ചടയ്ക്കേണ്ട പെയ്മെന്റ് ഡേറ്റ് നിശ്ചയിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ഒരു ക്രെഡിറ്റ് കാർഡിന്റെ സ്റ്റേറ്റ്മെന്റ് എല്ലാ മാസവും ഇരുപതാം തീയതി ഉപഭോക്താവിന് ലഭ്യമാകും എന്ന് കരുതുക അടുത്തമാസം അഞ്ചാം തീയതി ആയിരിക്കും ആ ക്രെഡിറ്റ് കാർഡിന്റെ പെയ്മെന്റ് ഡ്യൂ ഡേറ്റ്.
മേൽപ്പറഞ്ഞ പെയ്മെൻറ് ഡ്യൂ ഡേറ്റായ ദിവസത്തിനുള്ളിൽ നിങ്ങൾ തിരിച്ചടയ്ക്കാനുള്ള മൊത്തം തുകയായ ടോട്ടൽ എമൗണ്ട് ഡ്യൂ തിരിച്ചടയ്ക്കുകയാണെങ്കിൽ ഉപഭോക്താവിന് ഒരു രൂപ പോലും പലിശ നൽകേണ്ട ആവശ്യമില്ല. എന്നാൽ ഈ തീയതിക്കുള്ളിൽ തുക തിരിച്ചടക്കുന്നതിൽ പിഴവ് വരുത്തിയാൽ പിഴവ് വരുത്തുന്ന തുകയ്ക്ക് പിഴവ് വരുത്തുന്ന കാലയളവനുസരിച്ച് ഉപഭോക്താവ് പലിശ നൽകുവാൻ ബാധ്യസ്ഥനാണ്.

ടോട്ടൽ എമൗണ്ട് ഡ്യൂ കണക്കാക്കുന്നത് എങ്ങനെയാണെന്ന് പരിശോധിക്കാം. കഴിഞ്ഞ ക്രെഡിറ്റ് കാർഡ് ബില്ലിൽ നിങ്ങൾ അടയ്ക്കേണ്ടിയിരുന്ന തുകയായ പ്രീവിയസ് ബാലൻസിനോട് നിങ്ങൾ നടത്തിയ ഇടപാടുകളുടെ തുക അതായത് പർച്ചേസും കൂടാതെ ചാർജ്ജുകളും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എ ടി എമ്മിൽ നിന്ന് പണം പിൻവലിച്ചാലുള്ള ക്യാഷ് അഡ്വാൻസ് തുകയും കൂട്ടിയശേഷം ആ തുകയിൽ നിന്ന് കഴിഞ്ഞ ബില്ലിന് ശേഷം നിങ്ങൾ അടച്ച തുക കുറയ്ക്കുമ്പോൾ ലഭിക്കുന്നതാണ് ടോട്ടൽ എമൗണ്ട് ഡ്യൂ. കഴിഞ്ഞ മാസം ടോട്ടൽ എമൗണ്ട് ഡ്യൂ തുക മുഴുവനായി അടയ്ക്കുന്ന വ്യക്തിയുടെ ക്രെഡിറ്റ് കാർഡ് ബില്ലിൽ പ്രീവിയസ് ബാലൻസും കഴിഞ്ഞ മാസത്തെ പെയ്മെന്റും തുല്യമായിരിക്കും.
ക്രെഡിറ്റ് കാർഡിൽ ട്രാൻസാക്ഷൻസ് അല്ലെങ്കിൽ ഇടപാടുകൾ രണ്ട് വിധത്തിലാണുള്ളത് ക്രെഡിറ്റ് കാർഡിലേക്ക് നിങ്ങൾ പണം അടയ്ക്കുന്നത് ക്രെഡിറ്റ് ട്രാൻസാക്ഷൻ എന്ന രീതിയിലും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം ചെലവഴിക്കുന്നത് ഡെബിറ്റ് ട്രാൻസാക്ഷൻ എന്ന രീതിയിലുമാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾ ചെലവഴിച്ച തുകയും തീയതിയും വ്യക്തമായി രേഖപ്പെടുത്തുന്നതിനോടൊപ്പം തന്നെ ഇ എം ഐ ഇടപാടുകളുടെ വിവരങ്ങളും സ്റ്റേറ്റ്മെന്റിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കും.
സ്റ്റേറ്റ്മെന്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇ എം ഐ തവണ എത്രാമത്തേത് ആണെന്നും ഇ എം ഐ ഇടപാടുകൾക്ക് നൽകേണ്ടി വരുന്ന നികുതിയും ഇനിയെത്ര തവണകൂടി അടയ്ക്കുവാൻ ബാക്കിയുണ്ടെന്നും ക്രെഡിറ്റ് കാർഡ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കും.

ക്രെഡിറ്റ് കാർഡ് വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ട സാമ്പത്തിക ഉപകരണമാണ്. ഒന്നാമതായി നിങ്ങളുടെ കൈവശമുള്ള ക്രെഡിറ്റ് കാർഡിന്റെ സ്റ്റേറ്റ്മെന്റ് തീയതിയും പെയ്മെന്റ് ഡ്യൂ തീയതിയും കൃത്യമായി ഓർത്തിരിക്കുക. ചില മാസങ്ങളിൽ നിങ്ങളുടെ വരവിനേക്കാൾ ഏറെയാണ് ചെലവുകൾ എന്ന് കരുതുക, ക്രെഡിറ്റ് കാർഡ് ബില്ല് ലഭ്യമായ ശേഷം മാത്രം കാർഡ് ഉപയോഗിച്ച് ചെലവുകൾ നടത്തുകയാണെങ്കിൽ അങ്ങനെയുള്ള ചെലവുകൾക്കായി തുക കണ്ടെത്തുവാൻ നിങ്ങൾക്ക് കൂടുതൽ സമയം ലഭിക്കുന്നതാണ്.
ഉദാഹരണത്തിന് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ല് ലഭ്യമാകുന്ന തീയതി ജൂൺ 20 ആണെന്ന് കരുതുക ജൂൺ 19ന് നടത്തുന്ന ഇടപാടുകളുടെ തുക ജൂൺ മാസത്തെ ബില്ലിന്റെ ഭാഗമായിരിക്കും. എന്നാൽ നിങ്ങൾ പണം ചെലവഴിക്കുന്നത് ജൂൺ 21ന് ആണെങ്കിൽ ജൂലൈ 20ന് ലഭ്യമാകുന്ന ബില്ലിൽ മാത്രമേ ആ ഇടപാട് ഉൾപ്പെടുത്തുകയുള്ളൂ. ഇത്തരത്തിൽ നിങ്ങളുടെ ചെലവുകൾ ആസൂത്രണം ചെയ്യുമ്പോൾ ഒരു വ്യക്തിക്ക് താൻ ചെലവഴിച്ച തുക തിരിച്ചടയ്ക്കുവാൻ 45 മുതൽ 50 ദിവസം വരെയാണ് ക്രെഡിറ്റ് കാർഡ് വഴി ലഭ്യമാകുന്നത്.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇ എം ഐ ആയി സാധനങ്ങൾ വാങ്ങുന്നത് വളരെ സൗകര്യപ്രദമായ രീതിയാണെങ്കിലും കൃത്യമായി പണം തിരിച്ചടയ്ക്കുവാൻ വഴിയുണ്ടെങ്കിൽ മാത്രം ഈ സേവനം ഉപയോഗപ്പെടുത്തുക. കാരണം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കൈവശം ഇല്ലാത്ത പണം ഉപയോഗിച്ചാണ് നിങ്ങൾ ചെലവുകൾ നടത്തുന്നത്. ക്രെഡിറ്റ് കാർഡ് എന്നത് വളരെ ഗുണപ്രദമായ സാമ്പത്തിക ഉപകരണമാണ്. പണം കണ്ടെത്തുന്നതിന് സാവകാശം ലഭിക്കുവാനും പണത്തിന്റെ ക്രയവിക്രയങ്ങൾ ആസൂത്രണം ചെയ്യുവാനും സഹായിക്കുന്ന ഒരു ഉപാധിയായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുക. ഒരു ലോൺ എന്ന നിലയിലാണ് നിങ്ങൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതെങ്കിൽ ക്രെഡിറ്റ് കാർഡ് ഒരു ബാധ്യതയായി മാറാനുള്ള സാധ്യത ഏറെയാണ്.