ഒരു നിശ്ചിത കാലയളവിൽ സമ്പാദ്യം വളർത്തിയെടുക്കുവാൻ നമ്മെ സഹായിക്കുന്ന മികച്ച മാർഗമാണ് നിക്ഷേപിക്കുക എന്നത്. നിക്ഷേപം നടത്തുവാൻ നിങ്ങൾ ധനികനായി മാറണം എന്നത് നിർബന്ധമുള്ള കാര്യമല്ല.
വളരെ ചെറിയ തുകയാണെങ്കിലും കഴിയാവുന്നത്ര നേരത്തെ നിക്ഷേപിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു ഭാവി നിങ്ങൾക്ക് ലഭ്യമാകും. നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ പിന്തുടരേണ്ട ചില നിർദേശങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ
നിക്ഷേപങ്ങളുടെ ലോകത്തേക്ക് കടന്നു ചെല്ലുന്നതിന് മുൻപ് നിങ്ങൾ ആദ്യമായി ചെയ്യേണ്ടത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ വ്യക്തതയോടെ നിർവചിക്കുക എന്നതാണ്. നിങ്ങൾ പിന്തുടരേണ്ട നിക്ഷേപതന്ത്രങ്ങൾക്ക് അടിത്തറ പാകേണ്ടത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളാണ്.

റിട്ടയർമെൻ്റ് ജീവിതത്തിന് വേണ്ടി, ഭവന നിർമ്മാണത്തിനായി, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എന്നിങ്ങനെ ഏത് ആവശ്യത്തിനാണ് നിങ്ങൾ നിക്ഷേപിക്കുന്നതെന്ന് സ്വയം ചോദിക്കുവാൻ തയ്യാറാകുക. ലക്ഷ്യങ്ങൾ വ്യക്തമായി കഴിഞ്ഞാൽ നിങ്ങൾക്ക് അനുയോജ്യമായ നിക്ഷേപരീതി കണ്ടെത്താവുന്നതാണ്. ഒരു നിക്ഷേപരീതി മുൻനിർത്തി അച്ചടക്കത്തോടെ പ്രവർത്തിച്ചാൽ തീർച്ചയായും ലക്ഷ്യങ്ങൾ നേടിയെടുക്കുവാൻ നിങ്ങൾക്ക് സാധിക്കും.
എമർജൻസി ഫണ്ട് സൃഷ്ടിക്കുക
നിക്ഷേപം നടത്തുവാൻ ആരംഭിക്കുന്നതിനു മുൻപ് തീർച്ചയായും നിങ്ങൾ ഒരു എമർജൻസി ഫണ്ട് സൃഷ്ടിച്ചിരിക്കണം. മൂന്ന് മുതൽ ആറു മാസം വരെയുള്ള നിങ്ങളുടെ ജീവിത ചെലവുകൾക്ക് ആവശ്യമായി വരുന്ന തുകയാണ് ഈ ഫണ്ടിൽ ഉൾപ്പെടുത്തേണ്ടത്.
അപ്രതീക്ഷിതമായി ജീവിതത്തിൽ കടന്നുവരുന്ന ചെലവുകൾ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യുവാൻ എമർജൻസി ഫണ്ട് സഹായിക്കുന്നു.
അറിവ് നേടുക
വ്യത്യസ്ത നിക്ഷേപസ്രോതസ്സുകളെ കുറിച്ച് അറിവ് നേടുവാനായി സമയം വിനിയോഗിക്കുക. ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട് മികച്ച തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഈ അറിവ് നിങ്ങളെ പ്രാപ്തമാക്കും.
ചെറിയ തുകയിൽ നിന്ന് തുടങ്ങാം
കൈവശം വളരെ വലിയ തുകയുള്ളവർക്ക് മാത്രമേ നിക്ഷേപിക്കുവാൻ സാധിക്കൂ എന്ന ധാരണ തെറ്റാണ്. ചെറിയ തുകയാണെങ്കിൽ പോലും നിങ്ങളുടെ കഴിവിന് അനുസരിച്ച് നിക്ഷേപം തുടങ്ങുവാൻ ശ്രമിക്കുക.

നിങ്ങൾക്ക് കൈകാര്യം ചെയ്യുവാൻ ആകുന്ന വിധത്തിൽ മാത്രം നിക്ഷേപം മുന്നോട്ടു കൊണ്ടുപോവുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ച് നിക്ഷേപിക്കുന്ന തുകയിൽ വർദ്ധനവ് വരുത്താവുന്നതാണ്.
ഉയർന്ന പലിശ ചുമത്തപ്പെടുന്ന കടങ്ങൾ ഒഴിവാക്കുക
നിങ്ങൾ നിക്ഷേപത്തിലേക്ക് കടക്കുന്നതിന് മുൻപ് നിങ്ങൾക്ക് ഉയർന്ന പലിശ നൽകേണ്ടി വരുന്ന കടങ്ങൾ ഉണ്ടെങ്കിൽ അവ അടച്ചുതീർക്കുവാൻ ശ്രമിക്കുക. ഒരുപക്ഷേ നിങ്ങൾക്ക് നിക്ഷേപത്തിലൂടെ ലഭിക്കുന്ന ലാഭത്തേക്കാൾ ഉയർന്ന പലിശയായിരിക്കാം ഇങ്ങനെ നൽകേണ്ടിവരുന്നത്.
കടം തിരിച്ചടയ്ക്കുന്നത് കൃത്യമായി ആസൂത്രണം ചെയ്തുകൊണ്ട് നിങ്ങളുടെ സാമ്പത്തിക ബാധ്യതകൾ പടിപടിയായി ഒഴിവാക്കുക. സ്ഥിരതയോടെ നിക്ഷേപം തുടരണമെങ്കിൽ കടങ്ങൾ വീട്ടുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്.
കുറഞ്ഞ ചെലവുള്ള നിക്ഷേപമാർഗങ്ങൾ തിരഞ്ഞെടുക്കുക
കുറഞ്ഞ ഫീസ് ഈടാക്കുന്ന നിക്ഷേപമാർഗങ്ങൾ തിരഞ്ഞെടുക്കുവാൻ ശ്രമിക്കുക. ഫീസായി നൽകേണ്ടിവരുന്ന തുകയിൽ ഉണ്ടാകുന്ന കുറവ് നിക്ഷേപകരുടെ ലാഭം വർദ്ധിപ്പിക്കുന്നു. അങ്ങനെ നിങ്ങൾ അധ്വാനിച്ച് നേടിയ പണത്തിന്റെ ഏറിയ പങ്കും നിങ്ങളുടെ സുരക്ഷിത ഭാവിക്കായി മാറ്റിവയ്ക്കുവാൻ സാധിക്കുന്നു.
പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുക

ഓഹരികൾ, ബോണ്ടുകൾ, സ്വർണ്ണം തുടങ്ങി വ്യത്യസ്ത ആസ്തികളിലായി നിക്ഷേപം വ്യാപിപ്പിക്കുന്നതിനെയാണ് വൈവിധ്യവൽക്കരണം എന്നു പറയുന്നത്. വൈവിധ്യവൽക്കരണത്തിലൂടെ നിങ്ങൾക്ക് റിസ്കിൻ്റെ അളവ് കുറയ്ക്കാൻ സാധിക്കും. വിപണിയിലെ കയറ്റിറക്കങ്ങളിൽ വലിയ നഷ്ടം സംഭവിക്കുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുവാൻ വൈവിധ്യവൽക്കരണം സഹായിച്ചേക്കാം.
സ്ഥിരതയോടെ നിക്ഷേപിക്കുക
നിക്ഷേപത്തിൽ നിന്നും മികച്ച നേട്ടം നേടണമെങ്കിൽ സ്ഥിരതയോടെ നിക്ഷേപിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചെറിയ തുകയാണെങ്കിൽ പോലും സ്ഥിരമായി നിക്ഷേപം നടത്തുക. റുപ്പി കോസ്റ്റ് ആവറേജിംഗിലൂടെ നേട്ടം നേടണമെങ്കിൽ തുടർച്ചയായ നിക്ഷേപം അനിവാര്യമാണ്.
ക്ഷമയോടെ കാത്തിരിക്കുക
നിക്ഷേപിക്കുക എന്നത് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച നേട്ടം നേടുവാൻ സഹായിക്കുന്ന കാര്യമാണ്. അതിനാൽ തന്നെ ക്ഷമയോടെ കാത്തിരിക്കുക. വിപണിയിൽ ഹ്രസ്വകാലാടിസ്ഥാനത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളിൽ ആകുലപ്പെട്ട് തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കുക. ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകുക.
കൃത്യമായ ഇടവേളകളിൽ പോർട്ട്ഫോളിയോ പരിഷ്കരിക്കുക
ഏറെക്കാലം നിക്ഷേപം തുടരുമ്പോൾ വിപണിയിലെ സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പോർട്ട്ഫോളിയോയിൽ തിരുത്തലുകൾ വരുത്തേണ്ടതായി വന്നേക്കാം. തുടർച്ചയായി പോർട്ട്ഫോളിയോ നിരീക്ഷിക്കുകയും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും വേണം.

നിങ്ങളുടെ നിക്ഷേപം വ്യത്യസ്ത ആസ്തികളിൽ കൃത്യമായി വിഭജിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ തുടർച്ചയായുള്ള നിരീക്ഷണം അനിവാര്യമാണ്.
സാമ്പത്തിക സ്ഥിതി പല വ്യക്തികൾക്കും പല നിലയിലായിരിക്കും എന്നിരുന്നാലും തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ഏതൊരു വ്യക്തിക്കും നിക്ഷേപം ആരംഭിക്കാവുന്നതാണ്. സ്വത്ത് സമ്പാദിക്കുക എന്നത് ഒരു രാത്രി കൊണ്ട് സാധ്യമാകുന്ന കാര്യമല്ല. ആത്മാർത്ഥതയോടെ നീണ്ടകാലയളവിലേക്ക് പരിശ്രമങ്ങൾ തുടരുവാൻ തയ്യാറായിരിക്കുക. നിങ്ങളുടെ നിക്ഷേപങ്ങളിലൂടെ നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും അഭിവൃദ്ധിയും നേടുവാൻ സാധിക്കട്ടെ.