Sharing is caring!

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നാൽ മറ്റൊരാൾക്ക് പണം നൽകുക എന്നതിലുപരിയായി ഒരു നല്ല മാറ്റത്തിന് തുടക്കം കുറിക്കുകയാണ് നാം ചെയ്യുന്നത്. നിങ്ങൾ നടത്തുന്ന ചെറിയ ദാനധർമ്മങ്ങൾ പോലും ഒരു നല്ല ഭാവിക്ക് വേണ്ടിയുള്ള ചുവടുവെപ്പിന്റെ ഭാഗം തന്നെയാണ്. നിങ്ങൾ ദാനധർമ്മങ്ങൾ നടത്തുവാൻ തയ്യാറാകുമ്പോൾ മറ്റൊരാളെ സഹായിക്കുക എന്നതിനപ്പുറം നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുകയാണ് ചെയ്യുന്നത്. ദാനധർമ്മങ്ങളുടെ പാത സ്വീകരിക്കുന്നവരുടെ ജീവിതത്തിൽ സന്തോഷം കടന്നുവരിക തന്നെ ചെയ്യും. വ്യക്തികളുടെ സാമ്പത്തിക കാര്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പ്രസക്തിയാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും ദാനധർമ്മങ്ങളുടേയും പ്രാധാന്യം മനസ്സിലാക്കുക

ദാരിദ്ര്യ നിർമാർജനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ പ്രധാനപ്പെട്ട മേഖലകളിൽ  അർഹതപ്പെട്ടവരെ സഹായിക്കുവാൻ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിങ്ങൾക്ക് അവസരം നൽകുന്നു. ഇത്തരം കാര്യങ്ങൾക്ക് വേണ്ടി നിങ്ങളുടെ സമയവും പണവും മാറ്റിവയ്ക്കുന്നത് വഴി നിങ്ങൾക്ക് ഗുണപരമായ മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവരുവാൻ കഴിയുന്നു. ഉദാഹരണത്തിന് ദരിദ്രരായ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിനായി പണം നൽകുന്നതിലൂടെ അവർക്ക് സുരക്ഷിതമായ ഒരു ഭാവി കണ്ടെത്തുവാനുള്ള അവസരമാണ് നിങ്ങൾ നൽകുന്നത്.

importance-of-philanthropy

ജീവകാരുണ്യ പ്രവർത്തനങ്ങൾ നിങ്ങളുടെ സാമ്പത്തിക പദ്ധതികളുടെ ഭാഗമാക്കുന്നതിലൂടെ മൂല്യബോധത്തോടുകൂടി പണം ചെലവഴിക്കുക എന്ന സ്ഥിതിയിലേക്ക് നിങ്ങൾ എത്തിച്ചേരുന്നു. നിങ്ങളുടെ പണം മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നു എന്ന തിരിച്ചറിവ് ലഭിക്കുന്നതിലൂടെ സംതൃപ്തിയുള്ള ഒരു ജീവിതം നയിക്കുവാൻ നിങ്ങൾക്കാകുന്നു. ദാനധർമ്മങ്ങൾ നടത്തുന്നതിലൂടെ പണം സമ്പാദിക്കുന്നതിനോടൊപ്പം ഈ ലോകത്തിൽ അർത്ഥപൂർണ്ണമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുക എന്നതും നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുടെ ഭാഗമാകുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനുള്ള പദ്ധതി ആവിഷ്കരിക്കുക

ഏത് രീതിയിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തേണ്ടത് എന്ന് കൃത്യമായി ആസൂത്രണം ചെയ്യുക. ചിലപ്പോൾ അർഹരായ വ്യക്തികളെ കണ്ടെത്തി നേരിട്ട് സഹായം ചെയ്യുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകാം അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘടനകൾക്ക് ഒരു നിശ്ചിത തുക നൽകുക എന്നതായിരിക്കാം നിങ്ങളുടെ ലക്ഷ്യം. നിങ്ങളുടെ താൽപര്യങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി പ്രായോഗികമായ പദ്ധതികൾ ആവിഷ്കരിക്കുക.

ഉദാഹരണത്തിന് നിങ്ങൾ പ്രാധാന്യം നൽകുന്ന ഒരു മേഖലയാണ് വിദ്യാഭ്യാസമെങ്കിൽ അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന സംഘടനകളെ സഹായിക്കുവാൻ നിങ്ങൾക്ക് ശ്രമിക്കാവുന്നതാണ്. 

ഓരോ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി എത്ര തുകയാണ് മാറ്റിവയ്ക്കാൻ കഴിയുക എന്ന് കണ്ടെത്തുക. നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളേയും കുടുംബ ബഡ്ജറ്റിനേയും ബാധിക്കാത്ത രീതിയിൽ പദ്ധതികൾ ആസൂത്രണം ചെയ്യുക. 

ശരിയായ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുക

ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പണം നൽകുന്നതിന് മുൻപ് നിങ്ങൾ പണം കൈമാറുന്ന സ്ഥാപനത്തിൻ്റെ വിശ്വാസ്യത ഉറപ്പുവരുത്തേണ്ടതാണ്. നിങ്ങൾ പണം നൽകുന്ന സ്ഥാപനത്തിൻ്റെ പ്രവർത്തനരീതി, ഏതു വിധത്തിലാണ് അവർ പണം ഉപയോഗിക്കുന്നത് മുതലായ കാര്യങ്ങൾ മനസ്സിലാക്കുവാൻ ശ്രമിക്കുക.

right-institutions

ഉദാഹരണത്തിന് നിർധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച സംഘടനകളെ കണ്ടെത്തി തുക കൈമാറുക. സംഘടനകൾ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങൾ നിറവേറ്റുവാൻ അവയ്ക്കാകുന്നുണ്ടോ എന്നും, പണം ഏറ്റവും ഫലപ്രദമായ രീതിയിൽ അവർ ഉപയോഗിക്കുന്നുണ്ടെന്നും, പ്രവർത്തനങ്ങളിൽ സുതാര്യതയുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് പണം നൽകുന്നവരുടെ ഉത്തരവാദിത്വമാണ്.

നിങ്ങൾ നൽകുന്ന തുക മറ്റൊരാളുടെ ജീവിതത്തിൽ എങ്ങനെയാണ് പ്രതിഫലിക്കുന്നതെന്ന് കണ്ടെത്തണം. താൽക്കാലിക ആശ്വാസം നൽകുന്ന പദ്ധതികളേക്കാൾ ദീർഘകാല അടിസ്ഥാനത്തിൽ വലിയ ലക്ഷ്യങ്ങൾ കൈവരിക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് പണം നൽകുന്നതിന് മുൻഗണന നൽകുക. വ്യക്തിയെന്ന നിലയിലുള്ള നിങ്ങളുടെ കാഴ്ച്ചപ്പാടുകൾക്കും മൂല്യങ്ങൾക്കും അനുസരിച്ചുള്ള നന്മ ചെയ്യാൻ നിങ്ങൾക്കാകുമ്പോഴാണ് നിങ്ങൾക്ക് സംതൃപ്തി കണ്ടെത്തുവാൻ സാധിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങൾ സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമാക്കുക

സാധാരണഗതിയിലുള്ള ചെലവുകൾ എന്നപോലെ തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളേയും പരിഗണിക്കുക. നിങ്ങളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുന്ന രീതിയിൽ ആസൂത്രണം നടത്തുക. ഇതിലൂടെ ജീവകാരുണ്യ പ്രവർത്തനങ്ങളെന്നത് നിങ്ങളുടെ സാമ്പത്തിക പദ്ധതിയുടെ പ്രധാന ഭാഗമാണെന്ന് ഉറപ്പുവരുത്തുവാൻ നിങ്ങൾക്ക് സാധിക്കുന്നു.

ദാനധർമ്മങ്ങൾ നടത്തുവാനുള്ള വലിയ മനസ്സിന് ഉടമയാണ് നിങ്ങളെങ്കിലും നിങ്ങളുടെ ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങളിലേക്കുള്ള നീക്കിയിരിപ്പിൽ കുറവുണ്ടാകാതെ നോക്കുക. കടം വീട്ടുക, റിട്ടയർമെൻ്റ് പ്ലാനിംഗ്, എമർജൻസി ഫണ്ട് മുതലായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുക. നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കാത്ത രീതിയിൽ വേണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുവാൻ.

നിങ്ങളുടെ കുടുംബത്തേയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമാക്കുക

ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുമ്പോൾ നമുക്ക് ലഭ്യമാകുന്ന സന്തോഷത്തിന്റെ മൂല്യം കുട്ടികൾക്ക് കൂടി  പകർന്നു നൽകുക. സമൂഹത്തിൽ നിലനിൽക്കുന്ന വ്യത്യസ്ത പ്രശ്നങ്ങളെ കുറിച്ച് കുട്ടികളുമായി ചർച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങൾ തുറന്നു പറയുവാനുള്ള അവസരങ്ങൾ ഒരുക്കുക. കുട്ടിക്കാലത്ത് പിന്തുടരുന്ന ഇത്തരം നല്ല ശീലങ്ങൾ ഒരു നല്ല വ്യക്തിയായി മാറുവാനുള്ള ദിശാബോധം കുട്ടികൾക്ക് പകർന്നു നൽകും.

നിങ്ങളുടെ ജീവിതശൈലിയുടെ ഭാഗമാണ് മറ്റുള്ളവർക്ക് നന്മ ചെയ്യുന്നത് എന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുക. കുടുംബത്തിലെ എല്ലാ അംഗങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ സന്തോഷം നിറഞ്ഞ നിമിഷങ്ങളാണ് നിങ്ങൾക്ക് ലഭ്യമാകുന്നത്. വർഷംതോറും ലഭ്യമാകുന്ന തെരഞ്ഞെടുത്ത പൊതുഅവധി ദിവസങ്ങളിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനായി മുൻകൂട്ടി ആസൂത്രണം നടത്താവുന്നതാണ്.

നിങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സ്വയം വിലയിരുത്തുവാൻ തയ്യാറാവുക

നിങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രസക്തി തിരിച്ചറിയുവാൻ സ്വന്തം നിലയിലുള്ള വിലയിരുത്തലുകൾ ആവശ്യമാണ്. നിങ്ങൾ സാമ്പത്തിക സഹായം ചെയ്യുന്ന സ്ഥാപനങ്ങൾ അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ കൃത്യമായി കൈവരിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. പണം ചെലവഴിക്കുന്നതിനെ സംബന്ധിച്ച് സ്ഥാപനങ്ങൾ പുറത്തിറക്കുന്ന രേഖകൾ വായിക്കുവാൻ സമയം കണ്ടെത്തുക.

മറ്റുള്ളവരുടെ ജീവിതത്തിൽ നിങ്ങളുടെ സഹായത്താൽ സംഭവിച്ച ഗുണപരമായ മാറ്റങ്ങൾ മനസ്സിലാക്കുക. നിങ്ങളുടെ ചുവടുവെപ്പ് സമൂഹത്തിലെ ഏറ്റവും അർഹതപ്പെട്ടവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നു എന്ന തിരിച്ചറിവിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നിങ്ങൾക്ക് നൽകുന്ന പ്രതിഫലം.

സംഗ്രഹം

നിത്യജീവിതത്തിന്റെ ഭാഗമായ സാമ്പത്തിക കാര്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും ദാനധർമ്മങ്ങളും ഉൾപ്പെടുത്തുന്നതിന്റെ ആവശ്യകത മനസ്സിലാക്കുക. അർത്ഥപൂർണ്ണമായ സഹായങ്ങളിലൂടെ ഈ ലോകത്തെ കൂടുതൽ മികച്ച ഇടമായി മാറ്റുക എന്നതാണ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ശരിയായ ലക്ഷ്യം. നിങ്ങൾ ഇതുവരെ നടത്തിയ ദാനധർമ്മങ്ങൾ വിലയിരുത്തുമ്പോൾ അവ എത്ര ചെറുത് തന്നെ ആയിരുന്നാലും മറ്റുള്ളവരുടെ ജീവിതത്തിൽ അവയ്ക്ക് ഒരു മാറ്റം കൊണ്ടുവരുവാൻ കഴിഞ്ഞു എന്ന സത്യം നിങ്ങൾ ഉൾക്കൊള്ളണം. നിങ്ങളുടെ ദാനശീലം നന്മ മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള ഏറ്റവും ശക്തമായ നീക്കമാണ്, ഉദാരപൂർണ്ണമായ  ഇത്തരം ചുവടുവപ്പുകൾ ഈ ലോകത്തെ കൂടുതൽ പ്രകാശഭരിതമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഔദ്യോഗിക ജീവിതത്തിനിടയിലെ നീണ്ട അവധികൾ സ്ത്രീകളുടെ റിട്ടയർമെന്റ് പദ്ധതികളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്

സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുവാനായി റിട്ടയർമെൻ്റ് മുന്നിൽ കണ്ട് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ച് പ്രവർത്തിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന…

പണവുമായി ബന്ധപ്പെട്ട് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 8 യാഥാർത്ഥ്യങ്ങൾ

സന്തോഷം നിറഞ്ഞ ഒരു ജീവിതം നയിക്കുവാൻ ആവശ്യമുള്ള ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പണം. സാമ്പത്തിക…

പിശുക്ക്, മിതവ്യയ ശീലം; എന്തുകൊണ്ടാണ് മിതവ്യയ ശീലം മികച്ചതാകുന്നത് 

ബുദ്ധിപരമായി പണം ചെലവഴിച്ചുകൊണ്ട് പരമാവധി മൂല്യം എന്നതാണ് സാമ്പത്തികമായ മിതവ്യയ ശീലം പാലിക്കുന്നതിന്റെ ശരിയായ ലക്ഷ്യം.…

സമ്പന്നരുടെ വരുമാന സ്രോതസ്സുകൾ ഏതെല്ലാമാണ്

സാധാരണക്കാരെ അപേക്ഷിച്ചു സമ്പന്നർക്ക് എപ്പോഴും ഒന്നിൽ കൂടുതൽ വരുമാന സ്രോതസ്സുകൾ ഉണ്ടായിരിക്കും. അത്തരത്തിലുള്ള വരുമാന സ്രോതസ്സുകൾ…