സാധാരണക്കാരെ അപേക്ഷിച്ചു സമ്പന്നർക്ക് എപ്പോഴും ഒന്നിൽ കൂടുതൽ വരുമാന സ്രോതസ്സുകൾ ഉണ്ടായിരിക്കും. അത്തരത്തിലുള്ള വരുമാന സ്രോതസ്സുകൾ ഏതൊക്കെയാണെന്നു നമുക്കു പരിചയപ്പെടാം
ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം
സാധാരണക്കാരനും സമ്പന്നനും ഒരുപോലെ ലഭ്യമായ സാമ്പത്തിക സ്രോതസ്സാണ് ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം. ഇന്ന് സമ്പന്നരായി ജീവിക്കുന്നവരെല്ലാം ഒരുകാലത്ത് അവരുടെ വളർച്ചയ്ക്ക് തുടക്കം കുറിച്ചത് ജോലി ചെയ്തു നേടിയ വരുമാനത്തിൽ നിന്നാണ്. സാധാരണക്കാരായ വ്യക്തികൾ അവരുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത് ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ മാത്രം ആശ്രയിച്ചാണ്. ഭൂരിഭാഗം വ്യക്തികളും മറ്റ് വരുമാന സ്രോതസ്സുകൾ സൃഷ്ടിച്ചെടുക്കുവാനായി ശ്രമിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ വരുമാന സ്രോതസിനെ നമുക്ക് ആക്റ്റീവ് ഇൻകം എന്ന് വിളിക്കാം. നമ്മുടെ സമയവും അധ്വാനവും നൽകിയാണ് ഇവിടെ നാം വരുമാനം നേടിയെടുക്കുന്നത്. ഒരു വ്യക്തിക്ക് ജോലി ചെയ്യുവാൻ സാധിക്കാത്ത അവസ്ഥയിൽ അദ്ദേഹത്തിൻറെ വരുമാനം ഇല്ലാതാവുകയും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യുന്നു. ജോലിചെയ്ത് കൂടുതൽ വരുമാനം നേടുമ്പോൾ നൽകേണ്ടിവരുന്ന നികുതിയുടേയും അളവ് വർദ്ധിക്കുന്നതിനാൽ കാര്യമായ സാമ്പത്തിക പുരോഗതി ജോലി ചെയ്തു നേടുവാൻ സാധാരണക്കാർക്ക് സാധിക്കുകയില്ല എന്നതാണ് സത്യം.
ലാഭത്തിൽ നിന്നും ലഭിക്കുന്ന വരുമാനം
സേവനങ്ങൾ നൽകുകയോ സാധനങ്ങൾ വിൽക്കുകയോ ചെയ്യുക വഴി വ്യക്തികൾക്ക് ലഭിക്കുന്ന വരുമാനമാണ് ലാഭത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം. ബിസിനസ്റ്റ് ചെയ്യുന്ന വ്യക്തികളെ സംബന്ധിച്ച് ഈ വരുമാന സ്രോതസ്സ് ഒരു പാസീവ് ഇൻകം അല്ലെങ്കിൽ സജീവമായ ഇടപെടലുകൾ ആവശ്യമില്ലാത്ത വരുമാനം സ്രോതസ്സ് ആയിരിക്കും. വൈദഗ്ധ്യം നേടിയ തൊഴിലാളികളെയും ആവശ്യമുള്ള സേവനങ്ങളും ഉപയോഗിച്ചുകൊണ്ടായിരിക്കും ബിസിനസ്സിൽ ഏർപ്പെടുന്നവർ ലാഭം നേടിയെടുക്കുന്നത്. സ്വതന്ത്രമായി തന്റെ കഴിവ് ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത സേവനങ്ങളോ സാധനങ്ങളോ വിൽക്കുക വഴി ലാഭം നേടുന്നവരെ സംബന്ധിച്ച് ഈ വരുമാന സ്രോതസ്സ് ഒരു സജീവമായ വരുമാന സ്രോതസ് ആയിരിക്കും.
നിക്ഷേപത്തിന്റെ പലിശയായി ലഭിക്കുന്ന വരുമാനം
റിക്കറിംഗ് ഡെപ്പോസിറ്റ്, ഫിക്സഡ് ഡെപ്പോസിറ്റ് എന്ന നിലയിൽ ബാങ്കിൽ നിക്ഷേപം നടത്തുമ്പോൾ കൃത്യമായ ഇടവേളകളിൽ നിക്ഷേപകന് തന്റെ നിക്ഷേപത്തിന് അനുസരിച്ച് പലിശയായി വരുമാനം ലഭിക്കുന്നു. ഇത്തരത്തിലുള്ള വരുമാനം സജീവമായ ഇടപെടലുകൾ ആവശ്യമില്ലാത്ത താരതമ്യേന ചെറിയ റിസ്കിൽ നിശ്ചിതമായി ലഭിക്കുന്ന വരുമാനമാർഗ്ഗമാണ്. പണം നിക്ഷേപിക്കുന്ന വ്യക്തികൾക്ക് നഷ്ട സാധ്യത തീരെ ഇല്ലെങ്കിലും ലഭിക്കുന്ന വരുമാനം പരിമിതമാണ്.

ഓഹരികളുടെ ഡിവിഡന്റിൽ നിന്നുള്ള വരുമാനം
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനികളുടെ ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്തുന്ന നിക്ഷേപകർക്ക് കൃത്യമായ ഇടവേളകളിൽ ആ കമ്പനിക്ക് ലഭിച്ച ലാഭത്തിന്റെ ഒരു ശതമാനം കൈവശമുള്ള ഓഹരികളുടെ അളവിന് അനുസരിച്ച് ലഭ്യമാകുന്നതിനേയാണ് ഡിവിഡൻറ് എന്ന് പറയുന്നത്. സമ്പന്നരായ വ്യക്തികൾ മികച്ച കമ്പനികളുടെ ഓഹരികൾ വൻതോതിൽ സ്വന്തമാക്കുകയും സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും അല്ലെങ്കിൽ സാമ്പത്തിക വർഷത്തിൽ ഒരിക്കലും അവർക്ക് ഡിവിഡന്റായി ഉയർന്ന വരുമാനം നേടുവാൻ സാധിക്കുകയും ചെയ്യുന്നു. ഡിവിഡന്റ് ആയി ലഭിക്കുന്ന വരുമാനത്തിന് നിലവിൽ നികുതി ചുമത്തപ്പെടുന്നുണ്ടെങ്കിലും ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനത്തെ താരതമ്യം ചെയ്യുമ്പോൾ നികുതിഭാരം തീരെ കുറവാണ്. നേരിട്ടുള്ള ഇടപെടലുകൾ ഇല്ലാതെ തന്നെ നിക്ഷേപകന് കൃത്യമായ ഇടവേളകളിൽ നിശ്ചിതമായ വരുമാനം നൽകുന്ന മികച്ച സാമ്പത്തിക സ്രോതസ്സായി ഓഹരികളുടെ ഡിവിഡന്റിനെ കണക്കാക്കാം.
വാടകയിൽ നിന്നുള്ള വരുമാനം
താമസിക്കുവാനായി വീടുകൾ വാടകയ്ക്ക് നൽകി വരുമാനം നേടുന്നത് സാധാരണയായി കണ്ടുവരുന്ന കാര്യമാണ് എന്നാൽ വീടുകൾ മാത്രമല്ല ഭൂമി, വാഹനം, ഉപകരണങ്ങൾ, കടമുറികൾ തുടങ്ങി സാധാരണയായി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഏതൊരു വസ്തുവിനേയും വാടക ലഭിക്കാനുള്ള വരുമാന സ്രോതസ്സായി മാറ്റുവാൻ സാധിക്കുന്നതാണ്. സമ്പന്നരായ വ്യക്തികൾ ഉയർന്ന വാടക ലഭിക്കുന്ന സ്ഥലങ്ങളിൽ വീടുകളും, ഷോപ്പിംഗ് കോംപ്ലക്സുകളും നിർമ്മിച്ച വാടകയ്ക്ക് നൽകി ഉയർന്ന വരുമാനം നേടാറുണ്ട്. വാടകയായി വരുമാനം ലഭിക്കുവാൻ നിക്ഷേപം നടത്തേണ്ടത് നിക്ഷേപിക്കുന്ന വസ്തുവിന്റെയോ ഉപകരണത്തിന്റെയോ ആവശ്യകതയും അവയ്ക്ക് ലഭിക്കുന്ന വാടകയും പരിഗണിച്ചാണ്. 6500ല്‍ പരം വീടുകൾ വാടകയ്ക്ക് നൽകി വാടകയിനത്തിൽ ഉയർന്ന സമ്പത്ത് നേടി ധനികനായി മാറിയ അമേരിക്കൻ ബിസിനസ്സുകാരൻ റോബർട്ട് കിയോസാക്കി വാടകയായി ലഭിക്കുന്ന വരുമാനത്തെ സമ്പത്ത് നേടുവാനായി എങ്ങനെ ഉപയോഗിക്കാം എന്നതിൻറെ ഉത്തമ ഉദാഹരണമാണ്.
റോയൽറ്റിയായി ലഭിക്കുന്ന വരുമാനം
സാധാരണക്കാരായ വ്യക്തികൾക്ക് തീരെ പരിചയമില്ലാത്ത വരുമാന മാർഗ്ഗമാണ് റോയൽറ്റിയായി ലഭിക്കുന്ന വരുമാനമാർഗ്ഗം. ഒരു എഴുത്തുകാരൻ എഴുതിയ അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ഓരോ കോപ്പി വിൽക്കുമ്പോഴും വർഷങ്ങൾക്കു ശേഷവും റോയൽറ്റി ആയി അദ്ദേഹത്തിന് വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്നു. യൂട്യൂബിൽ വീഡിയോ പബ്ലിഷ് ചെയ്യുന്ന വ്യക്തികൾക്ക് അവരുടെ വീഡിയോ കാണുന്നവരുടെ എണ്ണവും കാണുന്ന സമയവും അനുസരിച്ച് വർഷങ്ങൾക്ക് ശേഷവും വരുമാനം ലഭിച്ചുകൊണ്ടിരിക്കും. ഇതുപോലെ തന്നെ ഓൺലൈനായി ബ്ലോഗ് എഴുതുന്നവർക്കും വായനക്കാരുടെ എണ്ണം അനുസരിച്ച് പണം ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സർഗ്ഗസൃഷ്ടികൾക്ക് അവ തയ്യാറാക്കിയവരുടെ സജീവമായ ഇടപെടലുകൾ ഇല്ലാതെ തന്നെ ആസ്വാദകരുടെ എണ്ണത്തിന് അനുസരിച്ച് തുടർച്ചയായി വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്നു.

മൂലധനത്തിൽ നിന്നും ലഭിക്കുന്ന വരുമാനം
ഏത് തരത്തിലുള്ള മൂലധനം ആയാലും കാലക്രമത്തിൽ അവയുടെ വില വർധിക്കുമ്പോൾ അതിൽ നിന്ന് നമുക്ക് വരുമാനം ലഭിക്കാറുണ്ട്. ഉദാഹരണത്തിന് ഒരു വ്യക്തി അദ്ദേഹത്തിൻറെ പണം ഉപയോഗിച്ച് വസ്തുവകകൾ വാങ്ങുകയും കാലക്രമത്തിൽ അവയ്ക്ക് ഉയർന്ന വില ലഭിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നു, മറ്റൊന്ന് വളരെ ചെറിയ വിലയ്ക്ക് ഒരുകാലത്ത് വാങ്ങിയ ഓഹരികൾ പിന്നീട് ഉയർന്ന വിലയ്ക്ക് വിൽക്കുവാൻ സാധിക്കുന്നു എന്നത്. മേൽപ്പറഞ്ഞ രീതിയിൽ മൂലധനത്തിന്റെ മൂല്യ വർദ്ധനവിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ തോത് വളരെ വലുതാണ്. നിലവിലെ സാഹചര്യങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് ഭാവിയിൽ നല്ല പ്രകടനം കാഴ്ച്ചവെക്കുവാൻ സാധ്യതയുള്ള ഓഹരികൾ തിരിച്ചറിഞ്ഞ് നിക്ഷേപിക്കുന്നത് ഇത്തരത്തിലുള്ള വരുമാനം നേടുവാനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ്.