സമൂഹത്തിലെ ഇടത്തരക്കാരായ മനുഷ്യരുടെ ജീവിതത്തിൻറെ താളം തെറ്റിക്കുന്ന പ്രധാനപ്പെട്ട വില്ലനായി പണപ്പെരുപ്പം അല്ലെങ്കിൽ വിലക്കയറ്റം എന്ന പ്രതിഭാസം മാറിയിരിക്കുന്നു. പണപ്പെരുപ്പത്തെ കുറിച്ച് വ്യക്തികൾ ബോധവാന്മാരാണെങ്കിലും അല്ലെങ്കിലും അവരുടെ സമ്പാദ്യത്തിന്റെ പ്രസക്തി ഇല്ലാതാക്കുവാൻ പണപ്പെരുപ്പത്തിന് കഴിയുന്നു എന്നതാണ് യാഥാർത്ഥ്യം. എന്താണ് പണപ്പെരുപ്പമെന്നും, നിക്ഷേപങ്ങളെ പണപ്പെരുപ്പം എങ്ങനെ ബാധിക്കുമെന്നും, പണപ്പെരുപ്പത്തെ എങ്ങനെ തരണം ചെയ്യാമെന്നും പരിശോധിക്കാം.
ഒരു ലളിതമായ ഉദാഹരണത്തിലൂടെ പണപ്പെരുപ്പത്തെ കൃത്യമായി മനസ്സിലാക്കാൻ കഴിയും, ഒരു 30 വർഷം മുൻപ് നമ്മുടെ നാട്ടിൽ ഒരു ചായയ്ക്ക് വില ഒരു രൂപയായിരുന്നുവെങ്കിൽ ഇന്ന് ഒരു ചായ കുടിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് പത്തുരൂപ ചിലവാക്കേണ്ട അവസ്ഥയിൽ എത്തിയിരിക്കുന്നു. അതായത് ഏകദേശം 1000 ശതമാനം വില വർദ്ധനവാണ് 30 വർഷം കൊണ്ട് സംഭവിച്ചിരിക്കുന്നത്. 30 വർഷം കൊണ്ട് സംഭവിച്ചിരിക്കുന്ന ഭീമമായ ഈ വിലക്കയറ്റം സമൂഹത്തിലെ എല്ലാ മേഖലയിലും വ്യക്തമായി പ്രകടമാണ്. പണപ്പെരുപ്പത്തിന്റെ ഈ സത്യാവസ്ഥ എന്താണെന്ന് ഉൾക്കൊണ്ടാൽ മാത്രമേ ഒരു വ്യക്തിക്ക് തൻറെ സമ്പാദ്യത്തിന്റെ മൂല്യം നഷ്ടപ്പെടാതെ നിലനിർത്തേണ്ട ആവശ്യകത മനസ്സിലാക്കാൻ കഴിയുകയുള്ളു.
ഒരു സാധാരണക്കാരൻ ലാഭം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വാങ്ങിയ വിലയിൽ നിന്നും ഇന്നത്തെ വിപണി വില എത്രത്തോളം വർദ്ധിച്ചു എന്നതനുസരിച്ചാണ്. എന്നാൽ ഒരു വ്യക്തിക്ക് ഒരു കാലയളവിൽ ലഭിച്ച ലാഭത്തെ ഇപ്രകാരം വിലയിരുത്തുന്നത് യുക്തിപരമല്ല. മേൽപ്പറഞ്ഞ വസ്തുത ഒരു ഉദാഹരണത്തിലൂടെ വിവരിക്കാനാകും, ഒരു വ്യക്തി 1000 രൂപ ഒരു വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിക്കുകയും ഒരു വർഷത്തിനുശേഷം 1100 രൂപ തിരിച്ചു ലഭിക്കുകയും ചെയ്തു എന്ന് കരുതുക. ഇവിടെ വ്യക്തിക്ക് അധികമായി ലഭിച്ച തുക 100 രൂപ അല്ലെങ്കിൽ 10 % അധികം തുക ആണെങ്കിലും യാഥാർത്ഥ്യത്തിൽ ആ വ്യക്തിക്ക് ലഭിച്ച മൂല്യം എത്രയാണെന്ന് കണക്കാക്കേണ്ടത് വ്യത്യസ്ഥമായ രീതിയിലാണ്.

ഒരു വർഷം മുൻപ് 20 കിലോ അരി ആ വ്യക്തി ആയിരം രൂപയ്ക്ക് വാങ്ങിയെങ്കിലും ഒരു വർഷത്തിനുശേഷം വിലക്കയറ്റത്താൽ 20 കിലോ അരി വാങ്ങുവാൻ അദ്ദേഹത്തിന് 1080 രൂപ ആവശ്യമായി വരുന്നു എന്ന് കരുതുക, അതായത് വിലക്കയറ്റത്തിന്റെ നിരക്ക് ഇവിടെ 8% ആണ്. ഇവിടെ ഒരേ വസ്തു സ്വന്തമാക്കാൻ ഒരു വ്യക്തിക്ക് ഒരു വർഷത്തിനുശേഷം എട്ടു ശതമാനം അധികം തുക വിനിയോഗിക്കേണ്ട അവസ്ഥ വരുന്നു.
സാധാരണക്കാരന്റെ സാമ്പത്തികശേഷിയെ സാരമായി ബാധിക്കുന്ന പണപ്പെരുപ്പത്തിന്റെ ഈ തീവ്രത തിരിച്ചറിയാൻ പോലും പലർക്കും സാധിക്കാറില്ല. പണപ്പെരുപ്പത്തിൽ നിന്ന് സമ്പത്തിനെ സുരക്ഷിതമായി നിലനിർത്താൻ വ്യത്യസ്ത മാർഗ്ഗങ്ങൾ നിലവിലുണ്ടെങ്കിലും അവയിൽ കാര്യമായ പങ്കാളിത്തം ഇനിയും ഉണ്ടാകാത്തത് ഇതിനു ഉദാഹരണമാണ്. രൂക്ഷമായ വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കൃത്യമായ രീതിയിൽ മൂലധന വളർച്ച നേടിയാൽ മാത്രമാണ് സാമ്പത്തിക ഭദ്രത എന്ന ലക്ഷ്യത്തിൽ എത്തുവാൻ സാധിക്കുക.
പണപ്പെരുപ്പത്തെ അതുണ്ടാക്കുന്ന സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തി പലതരത്തിൽ വേർതിരിച്ചിരിക്കുന്നു.
Demand Pull Inflation
സാധനങ്ങളുടെയും സേവനങ്ങളുടെയും ഡിമാൻഡ് അല്ലെങ്കിൽ ആവശ്യം അതിൻറെ ലഭ്യതയിലും വളരെയധികം ഉയരുമ്പോൾ അവയുടെ വിലയിൽ വർദ്ധനവ് ഉണ്ടാകുന്നു. കൂടുതൽ പണം നൽകി കുറഞ്ഞ ലഭ്യതയുള്ള സാധനങ്ങൾ സ്വന്തമാക്കാൻ ആളുകൾ തയ്യാറാകുന്നു. ഇത്തരത്തിൽ ഒരു സാമ്പത്തിക വ്യവസ്ഥയിൽ സൃഷ്ടിക്കപ്പെടുന്ന പണപ്പെരുപ്പമാണ് ഡിമാൻഡ് പുൾ ഇൻഫ്ലേഷൻ. ഉദാഹരണത്തിന് കൊറോണ രോഗം ആരംഭിച്ച സമയത്ത് മാസ്കിന്റെയും സാനിറ്റൈസറിന്റെയും ആവശ്യം വളരെ ഉയർന്നപ്പോൾ ആവശ്യകതയ്ക്ക് അനുസരിച്ച് നിർമ്മാണം നടക്കാതെ വരികയും അവയ്ക്ക് ഉയർന്ന വില നൽകി ജനങ്ങൾ വാങ്ങുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.
Cost Pull Inflation
ഒരു ഉൽപ്പന്നത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കളുടെ വിലയിലോ അല്ലെങ്കിൽ നിർമ്മാണ രീതിയുടെ ചിലവിലോ ക്രമാതീതമായി വർദ്ധനവ് ഉണ്ടാകുമ്പോൾ ഉൽപ്പന്നത്തിന്റെ വിലയും അതിനനുസരിച്ച് ഉയരുന്നു, ഇതിനെ കോസ്റ്റ് പുഷ് ഇൻഫ്ലേഷൻ എന്ന് വിളിക്കാം. പാലിന്റെയും, പഞ്ചസാരയുടേയും തേയിലയുടേയും വില വർദ്ധിക്കുമ്പോൾ അവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായയുടെ വില വർദ്ധിക്കുന്നത് കോസ്റ്റ് പുഷ് ഇൻഫ്‌ളേഷൻന് ലളിതമായ ഉദാഹരണമാണ്.
Built in Inflation
സമൂഹത്തിലെ വ്യക്തികൾക്ക് ലഭ്യമായ പണത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ അവരുടെ ജീവിത നിലവാരത്തിൽ ഉയർച്ചയുണ്ടാവുകയും അതിനനുസരിച്ച് സാധനങ്ങളുടേയും സേവനങ്ങളുടേയും വിലവർദ്ധനവ് സംഭവിക്കുകയും ചെയ്യുന്നു. പണലഭ്യത അധികമായതിനാൽ എന്ത് വിലകൊടുത്തും സാധനങ്ങളും സേവനങ്ങളും സ്വന്തമാക്കാൻ വ്യക്തികൾ തയ്യാറാകുന്നു. ഇതിനനുസരിച്ച് പണ ലഭ്യത വീണ്ടും കൂടുകയും രൂക്ഷമായ വിലക്കയറ്റം ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെയാണ് ബിൽറ്റ് ഇൻ ഇൻഫ്‌ളേഷൻ എന്ന് പറയുന്നത്.
പണപ്പെരുപ്പം, സാധാരണക്കാരനെ എങ്ങനെ ബാധിക്കും, എന്തെല്ലാം മുൻകരുതലുകൾ കൈക്കൊള്ളണം
പണപ്പെരുപ്പത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദോഷഫലം അത് സാധാരണക്കാരന്റെ വാങ്ങൽ ശേഷിയെ സാരമായി ബാധിക്കുന്നു എന്നതാണ്. ഒരു നിശ്ചിത തുകകൊണ്ട് ലഭ്യമായിരുന്ന സാധനങ്ങളും സേവനങ്ങളും വിലക്കയറ്റത്തിന്റെ ഫലമായി സാധാരണക്കാരന് അപ്രാപ്യമായി മാറുന്നു. അത്തരത്തിൽ സാധാരണ വ്യക്തികളുടെ ജീവിതനിലവാരത്തെ പണപ്പെരുപ്പം സാരമായി ബാധിക്കുന്നു. പണപ്പെരുപ്പത്തിന്റെ ഫലമായി ചെറിയ തോതിൽ സാധനങ്ങളുടെ വില വർദ്ധിക്കുമ്പോൾ, ആ നേരിയ വർദ്ധനവ് തിരിച്ചറിയുവാൻ സാധാരണക്കാർക്ക് സാധിക്കുന്നില്ല. നീണ്ട കാലയളവിൽ തുടർച്ചയായ വിലക്കയറ്റത്താൽ കുടുംബ ബഡ്ജറ്റിൽ താള പിഴവുകൾ സംഭവിക്കുമ്പോഴാണ് സാധാരണക്കാർ പണപ്പെരുപ്പത്തിന്റെ കയ്പ്പ് രുചിച്ചു തുടങ്ങുന്നത്.

നമ്മുടെ രാജ്യത്തിലെ സാധാരണക്കാർ അവരുടെ നീക്കിയിരിപ്പുകൾ നിക്ഷേപിക്കുന്നത് ബാങ്ക്, പോസ്റ്റ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലാണ്. നിക്ഷേപിക്കുന്ന പണത്തിന്റെ സുരക്ഷിതത്വം മാത്രം ചിന്തിച്ച് ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തുമ്പോൾ ലഭിക്കുന്ന ലാഭം പണപ്പെരുപ്പത്തിന്റെ നിരക്കിനേക്കാൾ ഏറെ താഴ്ന്നതാണെന്ന തിരിച്ചറിവ് വ്യക്തികൾക്ക് ഉണ്ടാകുന്നില്ല. ഇന്ത്യയിലെ ശരാശരി പണപ്പെരുപ്പ നിരക്ക് നോക്കുകയാണെങ്കിൽ ഏകദേശം 7.3 ശതമാനത്തിനോട് അടുത്താണ്. പണപ്പെരുപ്പത്തിന്റെ നീരാളി പിടുത്തത്തിൽ നിന്ന് നിക്ഷേപങ്ങളെ സംരക്ഷിച്ചു നിർത്തുകയും അവയുടെ വളർച്ച കൈവരിക്കുകയും ചെയ്യണമെങ്കിൽ രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പ നിരക്കിനേക്കാൾ അധിക ലാഭം ലഭിക്കുന്ന നിക്ഷേപ പദ്ധതികളിൽ പങ്കാളികളാവുകയാണ് വേണ്ടത്. നിക്ഷേപത്തിന്റെ സുരക്ഷയെക്കുറിച്ച് അമിതമായി ആകുലപ്പെട്ട് നിശ്ചിതമായ ലാഭത്തിനു വേണ്ടി മാത്രം, ഓഹരി വിപണി, മ്യൂച്ചൽ ഫണ്ട് തുടങ്ങിയ നിക്ഷേപ സാധ്യതകളിൽ നിന്നും മാറി നിൽക്കുന്നവർ യാഥാർത്ഥ്യത്തിൽ സാമ്പത്തികമായി പിന്നോട്ട് പോവുകയാണ് ചെയ്യുന്നത്.
നഷ്ട സാധ്യത മാത്രം പരിഗണിച്ച് വ്യത്യസ്ത നിക്ഷേപ മാർഗ്ഗങ്ങളിൽ നിന്ന് മാറി നിൽക്കുകയല്ല വേണ്ടത്, മറിച്ച് കൃത്യമായ അവലോകനത്തിലൂടെ വ്യത്യസ്ത നിക്ഷേപ രീതികളെ കുറിച്ച് ധാരണകൾ നേടുകയും, അവയിൽ തങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുത്ത് കൃത്യമായി നിക്ഷേപിക്കുകയുമാണ് ചെയ്യേണ്ടത്. ഓഹരി വിപണി, വ്യത്യസ്ത തരത്തിലുള്ള മ്യുച്വൽ ഫണ്ടുകൾ, സ്വർണം തുടങ്ങി വ്യത്യസ്തമായ നിക്ഷേപ മാർഗ്ഗങ്ങളിൽ സാങ്കേതികവിദ്യയുടെ സഹായത്താൽ വളരെ ലളിതമായി ഏതൊരു സാധാരണക്കാരനും ഭാഗമാകാൻ ഇന്നത്തെ കാലത്ത് കഴിയും. ഉയർന്ന ലാഭനിരക്ക് പ്രതീക്ഷിക്കുന്ന നിക്ഷേപ മാർഗ്ഗങ്ങൾക്ക് ഉയർന്ന റിസ്ക് പ്രതീക്ഷിക്കുക തന്നെ വേണം. ഓരോ വ്യക്തിയും സ്വന്തം സാമ്പത്തിക നിലയ്ക്കനുസരിച്ച് ഭാവിയിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങളെ വിലയിരുത്തി തങ്ങൾക്ക് അനുയോജ്യമായ നിക്ഷേപമാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുകയാണ് വേണ്ടത്. കൃത്യമായ അറിവോ ധാരണകളോ ഇല്ലാതെയുള്ള നിക്ഷേപങ്ങളാണ് അതിൽ ഏർപ്പെടുന്ന ആളുകൾക്ക് ഭാവിയിൽ റിസ്ക് ആയി മാറുന്നത്.
പണപ്പെരുപ്പം എന്ന പ്രതിഭാസം തീർത്തും ദോഷകരമാണെന്ന് പറയുവാൻ സാധിക്കില്ല. പണപ്പെരുപ്പത്തിന് ഗുണപരമായ ചില വശങ്ങളും ഉണ്ട്. ഒരു രാജ്യത്തിൻറെ പണപ്പെരുപ്പ നിരക്ക് വളരെ ചെറിയ തോതിൽ നിശ്ചിതമായ രീതിയിൽ വർദ്ധിക്കുകയാണെങ്കിൽ ആ രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ ദോഷകരമായി പണപ്പെരുപ്പം ബാധിക്കുന്നില്ല എന്ന് മാത്രമല്ല ആ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ കൃത്യമായ ഉയർച്ചയും കാണുവാൻ സാധിക്കും.