person-using-laptop

Sharing is caring!

സാങ്കേതികവിദ്യ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന നവയുഗത്തിൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിത്യജീവിതത്തിന്റെ ഭാഗമായ സാമ്പത്തികമായ കാര്യക്രമങ്ങളെല്ലാം തന്നെ ദീർഘവീക്ഷണത്തോടുകൂടിയുള്ളതും മികവുറ്റതുമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ സാമ്പത്തിക ഇടപാടുകളെ എങ്ങനെയാണ് മാറ്റിമറിച്ചിരിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കുവാൻ ശ്രമിക്കാം.

ഓൺലൈൻ ബാങ്കിംഗ് സംവിധാനങ്ങൾ 

വ്യക്തികളെ സംബന്ധിക്കുന്ന സാമ്പത്തികപരമായ കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനായി ബാങ്കിംഗ് മേഖല വലിയ പങ്കാണ് വഹിക്കുന്നത്. ഓൺലൈൻ ബാങ്കിംഗ് സംവിധാനത്തിന്റെ സഹായത്തോടെ ഏത് സമയത്തും നിങ്ങൾക്ക് ബാങ്ക് ബാലൻസും മുൻകാലങ്ങളിലെ ഇടപാടുകളുടെ വിവരവും വളരെ എളുപ്പത്തിൽ മനസ്സിലാക്കുവാൻ സാധിക്കുന്നു.

ഓൺലൈൻ ബാങ്കിംഗ് സംവിധാനത്തിലൂടെ ഞൊടിയിടയിൽ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുവാനാകും. ഓൺലൈനായി ബില്ലുകൾ അടയ്ക്കുന്നതിലൂടെ നിങ്ങൾക്ക് വലിയതോതിൽ സമയം ലാഭിക്കുവാൻ കഴിയും.

ഇടപാടുകൾ നടത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങളുള്ള മൊബൈൽ ബാങ്ക് ആപ്ലിക്കേഷനുകൾ ഇന്ന് ലഭ്യമാണ്. മൊബൈൽ ചെക്ക് ഡെപ്പോസിറ്റ് സംവിധാനത്തിലൂടെ ബാങ്കുകളിലേക്ക് ചെല്ലാതെ തന്നെ ചെക്കുകൾ നിക്ഷേപിക്കുവാൻ കഴിയുന്നു. ഇത്തരം ആപ്പുകളിൽ ലഭ്യമായ ബഡ്ജറ്റിംഗ് ടൂളുകൾ സാമ്പത്തിക ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുവാൻ വളരെ ഉപയോഗപ്രദമാണ്.

ബഡ്ജറ്റിംഗ് ആപ്ലിക്കേഷനുകൾ

budgeting-applications

ഒരു ബഡ്ജറ്റ് തയ്യാറാക്കി പ്രവർത്തിക്കുകയാണെങ്കിൽ പലവിധത്തിലുമുള്ള സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. ഇത്തരം കാര്യങ്ങൾക്കായി ബഡ്ജറ്റിംഗ് അപ്ലിക്കേഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. ബാങ്ക് അക്കൗണ്ടുകളും ക്രെഡിറ്റ് കാർഡുകളുമായി ലിങ്ക് ചെയ്യുന്നതിലൂടെ ഓട്ടോമാറ്റിക്കായി തന്നെ വരവ് ചെലവ് കണക്കുകൾ വിലയിരുത്താനുള്ള അവസരമാണ് ഇവിടെ ലഭ്യമാകുന്നത്. നിങ്ങളുടെ ധനകാര്യ സ്ഥിതിയെ സംബന്ധിക്കുന്ന വ്യക്തമായ വിവരങ്ങൾ എത്രയും വേഗം ലഭ്യമാകുവാൻ ഇത്തരം ആപ്പുകൾ സഹായകരമാകുന്നു.

ബഡ്ജറ്റിംഗ് ആപ്ലിക്കേഷനുകളിൽ നിങ്ങളുടെ ചെലവുകൾ വിവിധ വിഭാഗങ്ങളിലായി വേർതിരിച്ചിരിക്കുന്നതിനാൽ നിങ്ങളുടെ ചെലവുകളുടെ സ്വഭാവം മനസ്സിലാക്കി പണം ലാഭിക്കുവാനുള്ള വഴികൾ കണ്ടെത്തുവാനുള്ള അവസരം ലഭ്യമാകുന്നുണ്ട്. ഈ ആപ്പുകളുടെ സഹായത്തോടെ നിങ്ങൾക്ക് ബഡ്ജറ്റ് തയ്യാറാക്കുവാനും സാമ്പത്തിക ലക്ഷ്യങ്ങൾ രേഖപ്പെടുത്തുവാനും അവയിലേക്കുള്ള പുരോഗതി മനസ്സിലാക്കുവാനും കഴിയും. വളരെ എളുപ്പത്തിൽ ഫലപ്രദമായ രീതിയിൽ പണം കൈകാര്യം ചെയ്യുവാൻ ഈ ആപ്പുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമുകൾ

നിങ്ങളുടെ ആസ്തികൾ വളർത്തുന്നതിനും ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിക്ഷേപങ്ങൾ നടത്തുന്നതിന് വലിയ പങ്കാണുള്ളത്. ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമുകളുടെ കടന്നുവരവോടെ ഏതൊരു വ്യക്തിക്കും വളരെ അനായാസേന നിക്ഷേപ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഓഹരികളിലും, ബോണ്ടുകളിലും മറ്റ് സെക്യൂരിറ്റികളിലും ഓൺലൈനായി നിക്ഷേപം നടത്തുവാൻ ഇന്ന് പലവിധ പ്ലാറ്റ്ഫോമുകൾ ലഭ്യമാണ്. വളരെ കുറഞ്ഞ ബ്രോക്കറേജ് ഫീസുകൾ മാത്രം ഈടാക്കുന്നതിനാൽ തന്നെ സാധാരണയുള്ള നിക്ഷേപ രീതിയേക്കാൾ കുറഞ്ഞ ചെലവിൽ ഇവിടെ നിക്ഷേപം നടത്തുവാനാകും.

investment-platforms

നിക്ഷേപകർക്ക് പുത്തൻ അറിവുകൾ പകർന്നു നൽകുന്നതിനായി ബ്ലോഗുകൾ, ആർട്ടിക്കിളുകൾ, ട്യൂട്ടോറിയലുകൾ തുടങ്ങിയ അവസരങ്ങൾ സൗജന്യമായി തന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നൽകുന്നുണ്ട്. ധനകാര്യമേഖലയുമായി ബന്ധപ്പെട്ട അറിവുകൾ പകർന്നു നൽകുന്നതിലൂടെ സാധാരണക്കാരായ നിക്ഷേപകർക്ക് പോലും വ്യക്തമായ ധാരണയോടു കൂടി നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സാധിക്കുന്നു.

വളരെ ലളിതമായ ഇൻ്റർഫേസോടുകൂടി രൂപകൽപന ചെയ്തിരിക്കുന്ന ഇത്തരം പ്ലാറ്റ്ഫോമുകൾ ഏതൊരു വ്യക്തിക്കും അനായാസം ഉപയോഗിക്കുവാൻ കഴിയുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ക്ലിക്കിൽ നിക്ഷേപം നടത്തുവാൻ അവസരം നൽകുന്നതിലൂടെ കൂടുതൽ വ്യക്തികളെ നിക്ഷേപങ്ങളിലേക്ക് കൊണ്ടെത്തിക്കുവാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് സാധിച്ചിട്ടുണ്ട്.

റോബോ അഡ്വൈസേഴ്സ്

അൽഗോറിതത്തിൻ്റെ സഹായത്തോടെ ഓട്ടോമാറ്റിക്കായി നിക്ഷേപിക്കാനുള്ള ഉപദേശങ്ങൾ നൽകുക എന്നതാണ് റോബോ അഡ്വൈസേഴ്സ് ചെയ്യുന്നത്. ധനകാര്യ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തുവാൻ സാധിക്കാത്തവർക്ക് കുറഞ്ഞ ചെലവിൽ വിലയേറിയ ഉപദേശങ്ങൾ നൽകുവാൻ റോബോ അഡ്വൈസേഴ്സിന് സാധിക്കുന്നു. അതായത് വലിയ ഫീസ് ചെലവാക്കാതെ തന്നെ സാധാരണക്കാരായ വ്യക്തികൾക്ക് വിദഗ്ധ ഉപദേശം ലഭ്യമാകുന്നു.

ഓരോ വ്യക്തിയുടേയും പ്രത്യേകതകൾ അനുസരിച്ച് ഏറ്റവും അനുയോജ്യമായ ഉപദേശങ്ങൾ നൽകുവാൻ റോബോ അഡ്വൈസേഴ്സിന് ശേഷിയുണ്ട്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും, റിസ്ക് എടുക്കുവാനുള്ള ശേഷിയും വിലയിരുത്തി നിങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിക്കുവാൻ റോബോ അഡ്വൈസേഴ്സ് സഹായിക്കുന്നു. ഇവിടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ച് ഓട്ടോമാറ്റിക്കായി തന്നെ നിങ്ങളുടെ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യപ്പെടുന്നു.

ചെലവുകൾ ട്രാക്ക് ചെയ്യാനുള്ള ടൂളുകൾ

ഒരു വ്യക്തിയുടെ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യണമെങ്കിൽ ചെലവുകൾ കൃത്യമായി ട്രാക്ക് ചെയ്യേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ചെലവ് കൃത്യമായി ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന ടൂളുകൾ ഇന്ന് ലഭ്യമാണ്. നിങ്ങൾ സാധനങ്ങൾ വാങ്ങിക്കുമ്പോഴുള്ള ബില്ലുകൾ സ്കാൻ ചെയ്യുന്നത് വഴി  സാധനങ്ങൾ വാങ്ങുവാനായി നിങ്ങൾ ചെലവാക്കുന്ന തുക കൃത്യമായി മനസ്സിലാക്കുവാൻ കഴിയും. നിങ്ങളുടെ പണം എങ്ങനെയെല്ലാമാണ് ഉപയോഗിക്കപ്പെടുന്നതെന്നും എവിടെയെല്ലാം നിങ്ങൾക്ക് പണം ലാഭിക്കുവാനുള്ള അവസരമുണ്ടെന്നും കണ്ടെത്തുവാൻ ഈ ടൂളുകൾ നിങ്ങളെ സഹായിക്കും.

ഇത്തരം ടൂളുകൾക്ക് കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് ജനറേറ്റ് ചെയ്യുവാൻ സാധിക്കുന്നതിനാൽ തന്നെ നിങ്ങളുടെ ചെലവുകളുടെ രീതി വിലയിരുത്തി മികച്ച സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുവാൻ നിങ്ങൾക്ക് കഴിയുന്നു. നികുതിയുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ നൽകേണ്ട ചെറുകിട ബിസിനസുകാർക്കും ഫ്രീലാൻസ് ജോലി ചെയ്യുന്നവർക്കും ഇത്തരം ടൂളുകൾ വളരെ ഉപയോഗപ്രദമാണ്.

ക്രെഡിറ്റ് മോണിറ്ററിംഗ് സർവീസുകൾ

നിങ്ങളുടെ കടങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നിങ്ങളുടെ സാമ്പത്തിക ആരോഗ്യം നിലനിർത്തുന്നതിൽ വളരെ വലിയ പങ്കുവഹിക്കുന്ന ഘടകമാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് റിപ്പോർട്ടും വളരെ അനായാസം ലഭ്യമാകുവാൻ ക്രെഡിറ്റ് മോണിറ്ററിംഗ് സർവീസുകൾ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ സംഭവിക്കുന്ന  വ്യതിയാനം കൃത്യസമയത്ത് നിങ്ങളെ അറിയിക്കുവാൻ ഇത്തരം സർവീസുകൾക്ക് സാധിക്കും. അതിനാൽ തന്നെ എന്തെങ്കിലും തട്ടിപ്പുകൾ നടന്നാൽ എത്രയും വേഗം അവ തിരിച്ചറിയാൻ നിങ്ങൾക്കാകും. 

നിങ്ങളുടെ കടങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാനും അവയെക്കുറിച്ച് എല്ലായിപ്പോഴും വ്യക്തമായ ധാരണ ഉണ്ടായിരിക്കുവാനും ഇത്തരം സേവനങ്ങൾ സഹായകരമാകുന്നു. ക്രെഡിറ്റ് റിപ്പോർട്ടിൽ നിങ്ങളുടെ പൂർവ്വകാല പണമിടപാടുകൾ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. അതിനാൽ തന്നെ നിങ്ങളുടെ സ്കോറിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ കാരണം വ്യക്തമായി മനസ്സിലാക്കുവാൻ നിങ്ങൾക്ക് കഴിയും. വളരെ ലളിതമായി ഉപയോഗിക്കുവാൻ കഴിയുന്ന ക്രെഡിറ്റ് സർവീസ് ആപ്ലിക്കേഷനുകൾ ഏതൊരു സമയത്തും നിങ്ങളുടെ ക്രെഡിറ്റ് വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കുന്നു.

സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ ഗുണങ്ങൾ

സൗകര്യപ്രദമായ ധനകാര്യ മാനേജ്മെൻ്റ്

സാങ്കേതികപരമായ വളർച്ച ധനകാര്യ സേവനങ്ങളെ കൂടുതൽ സൗകര്യപ്രദവും പ്രാപ്യവുമാക്കി മാറ്റിയിരിക്കുന്നു. ഒരു സ്മാർട്ട് ഫോണോ കംമ്പ്യൂട്ടറോ ടാബ്ലറ്റോ ഉണ്ടെങ്കിൽ ലോകത്തെവിടെയിരുന്നും നിങ്ങൾക്ക് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുവാൻ സാധിക്കും.

ധനകാര്യ ഇടപാടുകൾക്കായി ബാങ്കിലേക്ക് എത്തിച്ചേരേണ്ട സാഹചര്യങ്ങൾ പരമാവധി കുറഞ്ഞിട്ടുണ്ട്. ഒറ്റ ക്ലിക്കിൽ ബില്ലുകൾ അടയ്ക്കാൻ സാധിക്കുന്നതിനാൽ തന്നെ ബില്ല് അടയ്ക്കാൻ വൈകുന്നതു മൂലമുള്ള പിഴത്തുക അടയ്ക്കുന്നവരുടെ എണ്ണം താരതമ്യേന കുറവായിരിക്കുന്നു. ഡിജിറ്റൽ ടൂളുകൾ സമയവും അധ്വാനവും കാര്യമായി ലഭിക്കുവാൻ നമ്മെ സഹായിക്കുന്നു.

കൃത്യതയുള്ള ഓട്ടോമാറ്റിക് സംവിധാനങ്ങൾ

artificial-intelligence

വ്യക്തിപരമായ ധനകാര്യ മാനേജ്മെന്റിൽ ഓട്ടോമാറ്റിക് സംവിധാനങ്ങൾ വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓട്ടോമാറ്റിക്കായി ബില്ലടയ്ക്കുവാനുള്ള നിർദ്ദേശം നൽകിക്കഴിഞ്ഞാൽ ബില്ല് ലഭ്യമാകുന്ന സമയത്ത് തന്നെ കൃത്യമായി ബില്ലടച്ചുകൊണ്ട് പിഴത്തുകയും ബില്ലടയ്ക്കാൻ വൈകുന്നതു മൂലമുള്ള പ്രശ്നങ്ങളും ഒഴിവാക്കുവാൻ സാധിക്കുന്നു.

നിക്കിയിരിപ്പായി മറ്റൊരു അക്കൗണ്ടിലേക്ക് നിങ്ങൾക്ക് പണം ഓട്ടോമാറ്റിക്കായി മാറ്റിവയ്ക്കണമെങ്കിൽ അതിനുവേണ്ടിയുള്ള നിർദ്ദേശം നൽകുവാനും നിലവിൽ അവസരമുണ്ട്. യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ പിന്തുടരുവാനാകുന്ന ഇത്തരം ശീലങ്ങൾ വ്യക്തികളുടെ സാമ്പത്തിക അച്ചടക്കം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. 

മികച്ച ധനകാര്യ ആസൂത്രണം സാധ്യമാകുന്നു

ധനകാര്യ ആസൂത്രണം മികച്ച രീതിയിൽ നടപ്പാക്കുന്നതിന് ഉപയോഗിക്കാവുന്ന പല ടൂളുകളും ഇന്ന് നമുക്ക് ലഭ്യമാണ്. ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതി കൃത്യമായി വിലയിരുത്തി ഏറ്റവും അനുയോജ്യമായ ഉപദേശങ്ങളാണ് ഇത്തരം സേവനങ്ങളിലൂടെ ലഭ്യമാകുന്നത്. ഓൺലൈനിൽ ലഭ്യമാകുന്ന റിട്ടയർമെൻ്റ് പ്ലാനിംഗ് ടൂളുകളും കാൽക്കുലേറ്ററുകളും വളരെ ലളിതമായി തന്നെ സാമ്പത്തിക ലക്ഷ്യങ്ങൾ കണ്ടെത്തുവാൻ നിങ്ങളെ സഹായിക്കും.

മികച്ച സാമ്പത്തിക ഭദ്രതയിലേക്ക് നിങ്ങളെ നയിക്കുവാൻ പ്രാപ്തിയുള്ള നിക്ഷേപങ്ങളും നീക്കിയിരിപ്പുകളുമായി ബന്ധപ്പെട്ട ഉത്തര ഉപകാരപ്രദമായ ടൂളുകൾ നിങ്ങളിലേക്ക് എത്തിക്കുവാൻ സാങ്കേതികവിദ്യയ്ക്ക് തീർച്ചയായും സാധിച്ചിട്ടുണ്ട്.

സംഗ്രഹം

ഇന്നത്തെ കാലത്ത് വ്യക്തികളുടെ ധനകാര്യ മാനേജ്മെൻ്റിൽ സാങ്കേതികവിദ്യ വലിയ പങ്കാണ് വഹിക്കുന്നത്. ഏതൊരു വ്യക്തിക്കും ഉപയോഗിക്കാവുന്ന സൗകര്യപ്രദമായ ധനകാര്യ മാനേജ്മെൻ്റ് സർവീസുകൾ ഇന്ന് ലഭ്യമാണ്. ഇടപാടുകൾ ഓൺലൈൻനായി മാറുമ്പോൾ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള തട്ടിപ്പുകളും, ഡിജിറ്റൽ സാക്ഷരതയിലെ ഏറ്റക്കുറച്ചിലും നമുക്ക് മുന്നിലുള്ള ചില പ്രശ്നങ്ങളാണ്. എന്നിരുന്നാലും സാങ്കേതികവിദ്യ ധനകാര്യ മാനേജ്മെൻ്റിൽ ഗുണപരമായ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത് എന്നുറപ്പിച്ചു പറയാനാകും. 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സാമ്പത്തിക ലക്ഷ്യങ്ങൾ നിർവചിക്കുവാൻ പിന്തുടരേണ്ട ഏഴ് കാര്യങ്ങൾ

വ്യക്തവും പ്രായോഗികവുമായ സാമ്പത്തിക ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുമ്പോഴാണ് ഒരു വ്യക്തിക്ക് സാമ്പത്തികമായ വിജയം കൈവരിക്കാൻ കഴിയുക. നിങ്ങളുടെ…

വ്യക്തികളുടെ ധനകാര്യസ്ഥിതിയിൽ പണപ്പെരുപ്പത്തിനുള്ള സ്വാധീനത്തെ സംബന്ധിച്ച് ഒരു വിലയിരുത്തൽ

നാം നേരിട്ട് മനസ്സിലാക്കിയില്ലെങ്കിലും സമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന പണപ്പെരുപ്പത്തിന്റെ ഫലമായി പണത്തിന്റെ മൂല്യം കുറയുന്നുണ്ട് എന്നതാണ്…

ലോകത്തിലെ ഏറ്റവും മികച്ച മണി മാനേജ്മെന്റ് രീതി പരിചയപ്പെടാം

സമൂഹത്തിലെ വ്യക്തികളെ അവരുടെ കൈവശമുള്ള പണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി വേർതിരിക്കുവാൻ സാധിക്കും. ആവശ്യത്തിന് പണം…

മ്യൂച്വൽ ഫണ്ടിന്റെ സഹായത്തോടെ എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നത് എങ്ങനെയാണ്

എമർജൻസി ഫണ്ട് എന്നത് വ്യക്തികളെ സംബന്ധിച്ച് സാമ്പത്തികമായ സുരക്ഷിത വലയമാണ്. ജീവിതത്തിൽ പ്രതീക്ഷിക്കാതെ സംഭവിക്കുന്ന കാര്യങ്ങൾക്കായി…