നമ്മുടെ നാട്ടിൽ ജീവിക്കുന്ന സാധാരണ വ്യക്തികളെക്കാൾ പ്രവാസികൾക്ക് നിക്ഷേപ പദ്ധതികളിൽ ഏർപ്പെടുവാൻ ചില നിയന്ത്രണങ്ങൾ നിലവിലുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളും പരിധികളും നിലവിൽ ഉണ്ടെങ്കിലും പ്രവാസികൾക്ക് നിക്ഷേപിക്കാൻ സാധിക്കുന്ന നിക്ഷേപ പദ്ധതിൾ ഏറെയുണ്ട്. പ്രവാസികൾക്ക് സാധ്യമായ ചില നിക്ഷേപ പദ്ധതികളും അവയുടെ പ്രത്യേകതകളും പരിചയപ്പെടാം.

സ്ഥിരനിക്ഷേപ സാധ്യതകൾ
നഷ്ട സാധ്യത വളരെ കുറവുള്ളതും താരതമ്യേന സുരക്ഷിതവുമായ നിക്ഷേപ മാർഗ്ഗമാണ് സ്ഥിരനിക്ഷേപം. ഒരു നിശ്ചിത കാലയളവിലേക്ക് തുക നിക്ഷേപിക്കുകയാണെങ്കിൽ 7% വരെ നേട്ടം നൽകുവാൻ സ്ഥിരനിക്ഷേപങ്ങൾക്ക് സാധിക്കാറുണ്ട്. പ്രവാസികൾ ഒരു വർഷമോ അതിലധികമോ കാലത്തേക്ക് സ്ഥിരനിക്ഷേപം തുടരുകയാണെങ്കിൽ അവർക്ക് നികുതിയിളവ് ലഭിക്കുവാനുള്ള അർഹതയുണ്ട്. ഒരു നിക്ഷേപ സാധ്യത എന്നതിനേക്കാൾ ഒരു നിശ്ചിത കാലയളവിലേക്കുള്ള നീക്കിയിരിപ്പായി മാത്രമേ സ്ഥിരനിക്ഷേപ പദ്ധതികളെ പരിഗണിക്കുവാനായി സാധിക്കുകയുള്ളൂ. ഒരു നീണ്ട കാലയളവിൽ സ്ഥിരനിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന നിശ്ചിതമായ ലാഭത്തിന് പണപ്പെരുപ്പ നിരക്കിനെ മറികടക്കുവാൻ സാധിക്കുകയില്ല. അതായത് സ്ഥിരനിക്ഷേപ പദ്ധതികളെ മാത്രം ആശ്രയിച്ച് നീണ്ട കാലയളവിലേക്കുള്ള സാമ്പത്തിക ലക്ഷ്യങ്ങൾ നിർവഹിക്കുവാൻ സാധിക്കുകയില്ല.
ബോണ്ടുകൾ, കടപ്പത്രങ്ങൾ മുതലായ നിക്ഷേപ സാധ്യതകൾ
ഗവൺമെന്റും, കോർപ്പറേറ്റ് കമ്പനികളും ചില പ്രത്യേക സാഹചര്യങ്ങളിൽ ധനസമാഹരണത്തിനായി ബോണ്ടുകൾ വിപണിയിൽ ലഭ്യമാക്കാറുണ്ട്. വിപണിയിൽ ലഭ്യമായ അവസരത്തിൽ ബോണ്ടുകളിൽ നിക്ഷേപം നടത്തിയാൽ ഒരു നിശ്ചിതകാലയളവിന് ശേഷം പലിശ ഉൾപ്പെടെ നിക്ഷേപിച്ച തുക തിരികെ ലഭിക്കും. വിപണിയിലെ സാഹചര്യങ്ങൾ ബാധിക്കാത്ത തരത്തിലുള്ള, താരതമ്യേന നഷ്ട സാധ്യത കുറഞ്ഞ സുരക്ഷിത നിക്ഷേപമാർഗ്ഗമാണ് ബോണ്ടുകൾ. സുരക്ഷിതമായ നിക്ഷേപമാർഗ്ഗമായി പരിഗണിക്കുമ്പോൾ തന്നെ സ്ഥിരനിക്ഷേപ പദ്ധതികളെക്കാൾ മികച്ച നേട്ടം നൽകുവാൻ ബോണ്ടുകൾക്ക് സാധിക്കുന്നുണ്ട്.
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ പൊതുവായി ഡയറക്ട് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നും റെഗുലർ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ എന്നും വേർതിരിക്കുവാനാകും.

വ്യക്തികൾ നേരിട്ട് കൈകാര്യം ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഡയറക്ട് മ്യൂച്വൽ ഫണ്ടുകൾ . ഇവിടെ നിക്ഷേപിക്കുവാനുള്ള ഫണ്ട് കണ്ടെത്തുന്നതും അവയെ വിലയിരുത്തുന്നതും നിക്ഷേപം നടത്തുന്നതും അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതും വ്യക്തികൾ സ്വന്തം നിലയിലാണ് ചെയ്യുന്നത്. വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഴത്തിലുള്ള അറിവും, വൈദഗ്ധ്യവും ഉള്ള വ്യക്തികൾക്കു മാത്രമേ ഡയറക്റ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുവാൻ സാധിക്കുകയുള്ളൂ. സ്വന്തം നിലയ്ക്ക് നിക്ഷേപം നടത്തുന്നതു കൊണ്ടുതന്നെ മറ്റൊരു വ്യക്തിക്ക് ഫീസായി നൽകേണ്ട തുക ഇവിടെ ലാഭിക്കുവാൻ സാധിക്കുന്നു.
റെഗുലർ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും കൈക്കൊള്ളുന്നത് ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടുകൂടി മാത്രമാണ്. ഒരു വ്യക്തിക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ കണ്ടെത്തുന്നതും വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങൾക്കനുസരിച്ച് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഒരു മ്യൂച്വൽ ഫണ്ട് വിദഗ്ധനെ ആശ്രയിക്കുന്നു. നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു വിദഗ്ധ സഹായം തേടുന്നത് കൊണ്ട്തന്നെ റെഗുലർ മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപത്തിന് ഡയറക്ട് മ്യൂച്ചൽ ഫണ്ടുകളെക്കാൾ ചെലവ് കൂടുതലാണ്. എന്നാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിനെ കുറിച്ചും വിപണിയെക്കുറിച്ചും ധാരണയില്ലാത്ത വ്യക്തികൾക്കും നിക്ഷേപങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുവാൻ സാഹചര്യമില്ലാത്ത വ്യക്തികൾക്കും റെഗുലർ മ്യൂച്വൽ ഫണ്ടുകളാണ് അഭികാമ്യം.
എൻ ആർ ഐ അല്ലെങ്കിൽ എൻ ആർ ഓ അക്കൗണ്ട് മുഖേന പ്രവാസികൾക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തുവാൻ സാധിക്കുന്നതാണ്. സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി നഷ്ട സാധ്യത തിരിച്ചറിഞ്ഞു മാത്രമേ നിക്ഷേപദ്ധതികളിൽ ഏർപ്പെടുവാൻ പാടുള്ളൂ.
ഓഹരി വിപണിയിൽ നേരിട്ടുള്ള നിക്ഷേപം
മ്യൂച്വൽ ഫണ്ടുകളിൽ എന്ന പോലെ ഒരു ഡിമാറ്റ് അക്കൗണ്ടിന്റെ സഹായത്തോടെ ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപം നടത്തുവാൻ പ്രവാസികൾക്ക് സാധിക്കുന്നതാണ്. മൊബൈൽ ആപ്ലിക്കേഷൻ മുഖേനയും, വെബ്സൈറ്റ് മുഖേനയും വളരെ ലളിതമായ രീതിയിൽ നേരിട്ട് നിക്ഷേപം നടത്തുവാൻ സഹായിക്കുന്ന നിരവധി വെബ്സൈറ്റുകളും ആപ്പുകളും ഇന്ന് ലഭ്യമാണ്. വളരെ ശാസ്ത്രീയമായ രീതിയിൽ ഓഹരി വിപണിയെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ വ്യക്തികൾക്കു മാത്രമേ ഓഹരി വിപണിയിൽ നേരിട്ടുള്ള നിക്ഷേപത്തിന് സാധിക്കുകയുള്ളൂ. ഓഹരി വിപണിയെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ വിശ്വാസ്യത ഇല്ലാത്ത മാർഗ്ഗങ്ങളിൽ നിന്നുള്ള ഉപദേശങ്ങൾ പരിഗണിച്ച് നിക്ഷേപം നടത്തുന്നത് സാമ്പത്തികമായ നഷ്ടങ്ങൾക്ക് കാരണമാകും. ബാലൻസ് ഷീറ്റ് നോക്കി കമ്പനികളുടെ പ്രകടനം വിലയിരുത്തുവാനും, ശക്തമായ സാമ്പത്തിക അടിത്തറയുള്ള കമ്പനികളെ തിരിച്ചറിയാനും, ആഗോള സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസൃതമായി വിപണിയിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുമെന്നും തിരിച്ചറിയാൻ ഒരു നല്ല നിക്ഷേപകന് സാധിക്കണം. ഓഹരി വിപണിയിൽ നേരിട്ടുള്ള ഇടപാടുകൾ നടത്തുന്നത് വളരെ സങ്കീർണമായ പ്രക്രിയ ആയതിനാൽ തന്നെ നഷ്ട സാധ്യതയും വളരെ കൂടുതലാണ്. നഷ്ട സാധ്യത നിലനിൽക്കുമ്പോൾ തന്നെ ആവശ്യമുള്ള അറിവുകൾ നേടിയ ശേഷം മികച്ച രീതിയിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ സാധിക്കുകയാണെങ്കിൽ വിപണിയിൽ നിന്ന് ഉയർന്ന നേട്ടങ്ങൾ നേടുവാനുള്ള സാഹചര്യവും നിലവിലുണ്ട്.
റിയൽ എസ്റ്റേറ്റ് നിക്ഷേപ സാധ്യതകൾ
പ്രവാസികളായ മലയാളികൾ ഏറ്റവും അധികം നടത്തുന്ന നിക്ഷേപമാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപം. ഏറെ നാളത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തുമ്പോൾ താമസിക്കുവാനായി നിർമ്മിക്കുന്ന ആഡംബര വീടുകളെ ഒരിക്കലും റിയൽ എസ്റ്റേറ്റ് നിക്ഷേപമായി പരിഗണിക്കാൻ സാധിക്കുന്നതല്ല. ഉയർന്ന വാടക ലഭിക്കുന്ന സ്ഥലങ്ങളിൽ താമസസൗകര്യമായും കൊമേഴ്സ്യൽ ഇടങ്ങൾ എന്ന രീതിയിലും നിർമ്മാണങ്ങൾ നടത്തി നൽകുകയാണെങ്കിൽ സ്ഥിരതയുള്ള മികച്ച നേട്ടം നൽകുവാൻ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾക്ക് സാധിക്കും. അടിസ്ഥാന സൗകര്യ മേഖലകളിലെ വളർച്ച മുന്നിൽ കണ്ടുകൊണ്ട് കുറഞ്ഞ വിലയിൽ സ്ഥലങ്ങൾ വാങ്ങിക്കുകയും കാലാന്തരത്തിൽ കൂടിയ വിലയ്ക്ക് വിൽക്കുകയും ചെയ്തുകൊണ്ടും ഉയർന്ന നേട്ടം നേടുവാൻ കഴിയും. മറ്റു നിക്ഷേപ മാർഗ്ഗങ്ങളിൽ നിന്ന് വ്യത്യസ്തമായി റിയൽ എസ്റ്റേറ്റ് നിക്ഷേപ പദ്ധതികളിൽ ഏർപ്പെടുവാനായി ഒറ്റത്തവണയായി ഉയർന്ന മൂലധനം ആവശ്യമായതിനാൽ തന്നെ സാധാരണക്കാർക്ക് ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തുന്നത് ബുദ്ധിമുട്ടാണ്. വസ്തുവകകളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമപരമായ വ്യവഹാരങ്ങളും മറ്റു നികുതികളും നിലവിലുണ്ടെങ്കിലും ഒറ്റത്തവണയായി ഉയർന്ന തുക നിക്ഷേപിക്കാൻ സാധിക്കുന്നവർക്ക് പരിഗണിക്കാവുന്ന നിക്ഷേപ സാധ്യത തന്നെയാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ.