p-to-p-lending

നമ്മുടെ ജീവിതം പലപ്പോഴും നാം പ്രതീക്ഷിക്കുന്നതു പോലെ മുന്നോട്ടു പോകണമെന്നില്ല. പല സാഹചര്യങ്ങളിലും അപ്രതീക്ഷിതമായ പല ചെലവുകളും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നേക്കാം. ഇത്തരം അത്യാവശ്യ ഘട്ടങ്ങളെ നേരിടുവാൻ വളരെ പെട്ടെന്ന് ലഭ്യമാകുന്ന ഒരു ലോണിനെ കുറിച്ച് ചിന്തിച്ചു നോക്കൂ. പണം നിക്ഷേപിക്കുവാൻ ആഗ്രഹിക്കുന്നവർക്കും അത്യാവശ്യ ഘട്ടങ്ങളിൽ പണം ആവശ്യമുള്ളവർക്കും ആശ്രയിക്കാവുന്ന ഒരു പുതിയ മാർഗ്ഗമാണ് പി ടൂ പി ലെൻഡിംഗ് അഥവാ പിയർ ടൂ പിയർ ലെൻഡിംഗ് എന്നത്. 

എന്താണ് പി ടൂ പി ലെൻഡിംഗ്

പി ടൂ പി ലെൻഡിംഗ് എന്നത് കടമെടുക്കുവാനുള്ള ഒരു പുതിയ രീതിയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ പണം ആവശ്യമുള്ള ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയിൽ നിന്ന് കടം വാങ്ങുവാൻ സാധിക്കുന്നു എന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഇവിടെ പണം കടം നൽകുവാൻ താല്പര്യമുള്ള ഒരു വ്യക്തിയും പണം ആവശ്യമുള്ള മറ്റൊരു വ്യക്തിയും തമ്മിൽ ഒരു കരാറിൽ ഏർപ്പെടുന്നു.

പി ടൂ പി ലെൻഡിംഗിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഒരു ഇടനിലക്കാരൻ എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾ, ബിസിനസ്സ് ആവശ്യങ്ങൾ, കടം വീട്ടുക മുതലായ കാര്യങ്ങൾക്ക് പണം ആവശ്യമുള്ളവർ ഇത്തരം പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നു . പണം കടം നൽകുന്നവർക്ക് അവർ നൽകുന്ന പണത്തിനനുസരിച്ച് പലിശ ലഭ്യമാകുന്നു.

പി ടൂ പി ലെൻഡിംഗിൻ്റെ ഗുണങ്ങൾ എന്തെല്ലാം

പണം കടം നൽകുന്നവർക്ക് ഉയർന്ന പലിശ ലഭിക്കുന്നു

പണം കടം നൽകുന്നവരെ സംബന്ധിച്ച് പി ടൂ പി ലെൻഡിംഗ് എന്നത് ഉയർന്ന പലിശ നേടുവാനുള്ള മികച്ച അവസരമാണ്. സേവിംഗ്സ് അക്കൗണ്ടിൽ നിന്നുള്ള നേട്ടവുമായി താരതമ്യം ചെയ്യുമ്പോൾ പി ടൂ പി ലെൻഡിംഗിൽ വളരെ ആകർഷകമായ പലിശ നിരക്കാണ് പണം നൽകുന്നയാൾക്ക് ലഭിക്കുന്നത്.

കുറഞ്ഞ പലിശ നിരക്കിൽ ബാങ്കിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം ലഭ്യമാകാത്തവരാണ് പി ടൂ പി ലെൻഡിംഗിനെ ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ പണം കടം നൽകുന്നവർക്ക് ഉയർന്ന പലിശ നിരക്ക് ആവശ്യപ്പെടുവാനും അതുവഴി കൂടുതൽ നേട്ടം നേടുവാനുമുള്ള അവസരമുണ്ട്. സാധാരണ സേവിംഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം എന്നിവയേക്കാൾ നേട്ടം നേടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പി ടൂ പി ലെൻഡിംഗ് നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ലോൺ

പണം ആവശ്യമുള്ളവർക്ക് പി ടൂ പി ലെൻഡിംഗ് വഴി വളരെ എളുപ്പത്തിൽ ലോൺ ലഭ്യമാകുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോർ, പൂർവ്വകാല ഇടപാടുകളുടെ ചരിത്രം, സ്ഥിര വരുമാനം തുടങ്ങി പല നിബന്ധനകളും ലോൺ നൽകുവാനായി ബാങ്കുകൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പല വ്യക്തികൾക്കും ബാങ്കുകളിൽ നിന്ന് ലോൺ ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

വളരെ സൗകര്യപ്രദമായ നിബന്ധനകളാണ് പി ടൂ പി ലെൻഡിംഗ് സംവിധാനത്തിൽ ഉള്ളത്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ പോലും വളരെ ലളിതമായ നിബന്ധനകൾക്ക് വിധേയമായി നിങ്ങൾക്ക് ലോൺ ലഭ്യമാകുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ പണം കണ്ടെത്തുവാൻ ഈ സംവിധാനം പല വ്യക്തികൾക്കും വളരെയധികം ഉപകാരപ്പെടുന്നുണ്ട്.

സുതാര്യതയും നിയന്ത്രണങ്ങളും

പി ടൂ പി ലെൻഡിംഗ് പ്ലാറ്റ്ഫോമുകളിൽ പണം കടം വാങ്ങുന്നവരുടെ ക്രെഡിറ്റ് സ്കോർ, പൂർവ്വകാല ഇടപാടുകളുടെ ചരിത്രം, ലോൺ എടുക്കുന്നതിന്റെ ആവശ്യം മുതലായ കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിരിക്കും.  അതുകൊണ്ടു തന്നെ പണം കടം നൽകുന്നവർക്ക് എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷം സ്മാർട്ടായ തീരുമാനങ്ങൾ കൈക്കൊള്ളുവാനുള്ള അവസരം ലഭ്യമാണ്.

ഇവിടെ നിക്ഷേപകർക്ക് തങ്ങളുടെ പണത്തിനു മേൽ വ്യക്തമായ നിയന്ത്രണമുണ്ട്. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് തന്റെ റിസ്ക്ക് എടുക്കുവാനുള്ള ശേഷിയും പ്രതീക്ഷിത നേട്ടവും പരിഗണിച്ച് പണം കടം കൊടുക്കുവാനുള്ള തീരുമാനമെടുക്കാവുന്നതാണ്.

പി ടൂ പി ലെൻഡിംഗുമായി ബന്ധപ്പെട്ട റിസ്ക്കുകൾ

കടം തിരിച്ചു നൽകാത്ത സാഹചര്യം

പി ടൂ പി ലെൻഡിംഗ് വഴി പണം നൽകുമ്പോൾ പണം നൽകുന്നയാൾ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റിസ്ക്ക് എന്നത് പണം കടം വാങ്ങുന്ന ആൾ ആ പണം തിരിച്ചു നൽകാതിരിക്കുക എന്നതാണ്. പി ടൂ പി ലെൻഡിംഗ് പ്ലാറ്റ്ഫോമുകൾ നിക്ഷേപകരുടെ വിശ്വാസ്യതയെക്കുറിച്ച് വ്യക്തത നൽകുന്നുണ്ടെങ്കിലും കടം വാങ്ങിയ തുക തിരിച്ചടയ്ക്കുന്നത് സംബന്ധിച്ച് യാതൊരു ഉറപ്പും നൽകുന്നില്ല. അതായത് കടം നൽകിയ പണം തിരികെ ലഭ്യമായില്ലെങ്കിൽ നിക്ഷേപകർക്ക് തങ്ങളുടെ പണം മുഴുവനായി നഷ്ടപ്പെടുവാനുള്ള സാഹചര്യം ഇവിടെ നിലനിൽക്കുന്നുണ്ട്.

ഇൻഷുറൻസുകളുടേയും ഗ്യാരൻ്റികളുടേയും അഭാവം

സേവിംഗ്സ് അക്കൗണ്ടുകളിൽ നിക്ഷേപിച്ച തുകയ്ക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭ്യമാകുമ്പോൾ പി ടൂ പി ലെൻഡിംഗിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയില്ല. പണം കടം വാങ്ങിയ ആൾ തുക തിരിച്ച് നൽകിയില്ലെങ്കിലോ പി ടൂ പി ലെൻഡിംഗ് പ്ലാറ്റ്ഫോം പ്രവർത്തനം നിർത്തലാക്കിയാലോ നിക്ഷേപകന് തന്റെ തുക നഷ്ടപ്പെടും.

തിരിച്ചടവുകളിൽ വീഴ്ച സംഭവിക്കുമ്പോൾ തവണകൾ ലഭിക്കുവാനുള്ള അവസരം ചില പ്ലാറ്റ്ഫോമുകൾ നൽകുന്നുണ്ടെങ്കിലും പൂർണ്ണമായ പരിരക്ഷ എവിടേയും ഉറപ്പു നൽകുന്നില്ല. മേൽപ്പറഞ്ഞതുപോലെയുള്ള ചില വ്യവസ്ഥകൾ ഉണ്ടെങ്കിലും നഷ്ടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

കുറഞ്ഞ ലിക്വിഡിറ്റി

പി ടൂ പി ലെൻഡിംഗ് ദീർഘകാല അടിസ്ഥാനത്തിലുള്ള ഒരു നിക്ഷേപ പദ്ധതിയാണ്. ഇവിടെ ലോണുകളുടെ കാലാവധി ഒന്നു മുതൽ അഞ്ചു വർഷം വരെയോ അതിൽ കൂടുതലോ ആയിരിക്കാം. ഈ കാലയളവിൽ പണം തിരികെ ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓഹരികളേയോ ബോണ്ടുകളേയോ പോലെ നിക്ഷേപം വളരെ എളുപ്പത്തിൽ പിൻവലിക്കുവാൻ ഇവിടെ സാധിക്കുകയില്ല.

ചില പ്ലാറ്റ്ഫോമുകൾ ലോണുകൾ മറ്റൊരാൾക്ക് കൈമാറുവാൻ അവസരം നൽകാറുണ്ട് എന്നാൽ ലോൺ കൈമാറുവാൻ താല്പര്യമുള്ള വ്യക്തികളെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ചില അവസരങ്ങളിൽ ലോൺ മറ്റൊരു വ്യക്തിക്ക് കൈമാറുമ്പോൾ നിങ്ങൾക്ക് നഷ്ടം സംഭവിക്കാൻ ഇടയുണ്ട്.

നിയന്ത്രണങ്ങളുടെ അപര്യാപ്തത

പി ടൂ പി ലെൻഡിംഗ് എന്നത് ഒരു പുതിയ ധനകാര്യ സേവനമായതിനാൽ തന്നെ ഇവയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യക്തമായ നിയമങ്ങളുടെ അപര്യാപ്തതയുണ്ട്. ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിയന്ത്രണങ്ങൾ മാത്രം നിലവിലുള്ളതിനാൽ പി ടൂ പി ലെൻഡിംഗുമായി ബന്ധപ്പെട്ട റിസ്കിന്റെ തോത് കൂടുതലാണ്. നിയന്ത്രണങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനങ്ങളേയും ലോണിന്റെ ലഭ്യതയും ബാധിക്കാറുണ്ട്.

പി ടൂ പി ലെൻഡിംഗുമായി ബന്ധപ്പെട്ട റിസ്ക്ക് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ്

വൈവിധ്യവൽക്കരണവും ആഴത്തിലുള്ള വിലയിരുത്തലുകളും

റിസ്ക്ക് ലഘൂകരിക്കുവാനായി പണം കടം നൽകുന്നവർ പല ലോണുകളിലായി പണം നൽകുവാൻ ശ്രമിക്കുക. കൂടുതൽ പ്ലാറ്റ്ഫോമുകളും വ്യത്യസ്ത ലോണുകളിലായി പണം കടം നൽകുവാൻ അവസരം നൽകാറുണ്ട്. പണം കടം വാങ്ങുന്നവരിൽ ഒരാൾ തിരിച്ചടയ്ക്കാതിരുന്നാൽ പോലും നിങ്ങളുടെ ആകെ നിക്ഷേപത്തിൽ കാര്യമായ കുറവുണ്ടാവുകയില്ല എന്നതാണ് വൈവിധ്യവൽക്കരണത്തിന്റെ പ്രധാനപ്പെട്ട ഗുണം.

നിങ്ങളുടെ നിക്ഷേപം സുരക്ഷിതമായിരിക്കുവാൻ വിശ്വാസ്യതയുള്ള പ്ലാറ്റ്ഫോമുകൾ കണ്ടെത്തി നിക്ഷേപം നടത്തുക. പണം കടം നൽകുന്നയാളുടെ ക്രെഡിറ്റ് സ്കോർ പരിശോധിച്ച ശേഷം മാത്രം  കടം നൽകുവാനുള്ള തീരുമാനമെടുക്കുക.

ലോൺ തിരിച്ചടയ്ക്കുവാനാകുമെന്ന് ഉറപ്പുവരുത്തുക

പി ടൂ പി ലെൻഡിംഗ് വഴി ലോൺ എടുക്കുന്നതിന് മുൻപ് ലോൺ കൃത്യമായി തിരിച്ചട്ക്കാനുള്ള സാമ്പത്തിക മാർഗ്ഗം കണ്ടെത്തുക. ഇത്തരം ലോണുകൾക്ക് ബാങ്കുകളിൽ നിന്ന് എടുക്കുന്ന ലോണുകളെക്കാൾ ഉയർന്ന പലിശയാണ് ഈടാക്കുന്നത്. അതുകൊണ്ടു തന്നെ തിരിച്ചടവ് മുടങ്ങാനുള്ള സാഹചര്യം ഒഴിവാക്കുവാനായി വ്യക്തമായ ആസൂത്രണം ആവശ്യമുണ്ട്.

നിങ്ങൾ കൃത്യമായി പണം തിരിച്ചടയ്ക്കുകയാണെങ്കിൽ ഭാവിയിൽ കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് ലോൺ ലഭ്യമാകുവാനുള്ള സാധ്യത കൂടുതലാണ്. കൃത്യമായി ആസൂത്രണം ചെയ്തു പണം തിരിച്ചടയ്ക്കുവാനും നിങ്ങളുടെ സാമ്പത്തിക നിലയെ മോശമായി ബാധിക്കാത്ത രീതിയിൽ ലോണുകൾ കൈകാര്യം ചെയ്യുവാനും ശ്രമിക്കുക.

വിപണിയെ നിരീക്ഷിക്കുക

പണം കടം നൽകുന്നവരും കടം വാങ്ങുന്നവരും പി ടൂ പി ലെൻഡിംഗ് വിപണിയേയും, നിയമങ്ങളേയും നിരീക്ഷിക്കുക. വിപണി വളരുന്നതിനനുസരിച്ച് പുതിയ അവസരങ്ങളും റിസ്ക്കുകളും ഉയർന്നു വന്നേക്കാം. അതുകൊണ്ടുതന്നെ പുതിയ മാറ്റങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കുക.

നിയമങ്ങളുടെ മാറ്റങ്ങൾ അനുസരിച്ച് പ്ലാറ്റ്ഫോമുകളുടെ പ്രവർത്തന രീതിയിലും ലോണുകളിലും മാറ്റങ്ങൾ സംഭവിക്കുന്നു. അതിനാൽ തന്നെ റിസ്ക്ക് കൈകാര്യം ചെയ്യുവാനായി നിങ്ങളുടെ പദ്ധതികൾ സാഹചര്യങ്ങൾക്കനുസരിച്ച് പരിഷ്കരിക്കുക.

സംഗ്രഹം

പി ടൂ പി ലെൻഡിംഗ് എന്നത് പണം നിക്ഷേപിക്കുവാനും ലോൺ എടുക്കുവാനുമുള്ള പുതിയ സാധ്യതയാണ്. വളരെയധികം വളർച്ച  കൈവരിച്ചു കൊണ്ടിരിക്കുന്ന മേഖല എന്ന നിലയിൽ പി ടൂ പി ലെൻഡിംഗുമായി ബന്ധപ്പെട്ട റിസ്ക്കുകളും ഗുണങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. സാമ്പ്രദായികമായ ബാങ്കിംഗ് സംവിധാനങ്ങൾക്ക് അപ്പുറമുള്ള ചില  അവസരങ്ങൾ നൽകുവാൻ പി ടൂ പി ലെൻഡിംഗ് സംവിധാനത്തിന് ശേഷിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നിക്ഷേപം ഇരട്ടിയാക്കാം, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയിലൂടെ

സാധാരണക്കാരായ വ്യക്തികൾ എല്ലാ കാലത്തും ഏറ്റവുമധികം വിശ്വാസം അർപ്പിക്കുന്ന നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസ് നിക്ഷേപ…

നിക്ഷേപങ്ങളുടെ ലോകത്തിലേക്ക് ചുവട് വയ്ക്കുന്നത് എങ്ങനെയാണ്

നിക്ഷേപങ്ങളുടെ ലോകത്തിലേക്ക് ചുവട് വയ്ക്കുക എന്നത് നിങ്ങളെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിക്കുവാൻ ശേഷിയുള്ള ഏറ്റവും സ്മാർട്ടായ…

ബാങ്കുകൾ തകർന്നാൽ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് എന്ത് സംഭവിക്കും

ഉയർന്ന ലാഭം നൽകുന്ന പലവിധത്തിലുള്ള നിക്ഷേപമാർഗ്ഗങ്ങൾ ലഭ്യമാണെങ്കിലും സമൂഹത്തിലെ ഭൂരിഭാഗം വ്യക്തികളും തങ്ങളുടെ പണം നിക്ഷേപിക്കുവാൻ…

വിപണി ഉയരങ്ങൾ കീഴടക്കുമ്പോൾ ഒഴിവാക്കേണ്ട തെറ്റുകൾ

ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് വിപണി കുതിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നിക്ഷേപകരുടെ വർദ്ധിച്ച ആത്മവിശ്വാസത്തെ സൂചിപ്പിക്കുന്ന വാക്കാണ്…