ഇന്നത്തെ കാലത്ത് നിക്ഷേപിക്കുക എന്നത് സുരക്ഷിതമായ ഭാവി ജീവിതത്തിന് അനിവാര്യമായ ഒന്നാണ് എന്ന് തിരിച്ചറിയുന്നവരാണ് ഭൂരിഭാഗം വ്യക്തികളും. എന്നാൽ തങ്ങളുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കുവാനായി അനുയോജ്യമായ നിക്ഷേപ മാർഗം തിരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തുടരുകയാണ്.
നിക്ഷേപം നടത്തുവാൻ ആഗ്രഹിക്കുന്ന എതൊരു വ്യക്തിയുടെ മുന്നിലും കടന്നുവരുന്ന രണ്ട് മാർഗങ്ങളാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ, എൽ ഐ സിയിലെ നിക്ഷേപങ്ങൾ എന്നിവ. ഈ രണ്ട് നിക്ഷേപ അവസരങ്ങളുടേയും പ്രത്യേകതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
ലക്ഷ്യങ്ങൾ
എൽ ഐ സി നിക്ഷേപ പദ്ധതികളുടെ ലക്ഷ്യം എന്നത് സാമ്പത്തിക സുരക്ഷിതത്വത്തിനോടൊപ്പം ജീവിതത്തിൻ്റെ സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്നതാണ്. നിക്ഷേപകനൊപ്പം നിക്ഷേപകന്റെ കുടുംബത്തിനും എൽ ഐ സി പദ്ധതികൾ സംരക്ഷണം നൽകുന്നു. ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രശ്നങ്ങൾ തരണം ചെയ്യുവാനുള്ള ഒരു സുരക്ഷിത വലയം എന്ന നിലയ്ക്ക് എൽ ഐ സി പദ്ധതികളെ കാണാവുന്നതാണ്.

മ്യൂച്വൽ ഫണ്ടുകളുടെ പ്രാഥമിക ലക്ഷ്യം എന്നത് ആസ്തിയുടെ വളർച്ചയാണ്. സമയം കടന്നു പോകുന്നതിന് അനുസരിച്ച് നിക്ഷേപത്തിന് വളർച്ച കൈവരിക്കുവാൻ സാധിക്കണം. ഒരു നിക്ഷേപകന് മികച്ച നേട്ടം നൽകുവാൻ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് സാധിക്കും.
റിസ്കും സുരക്ഷിതത്വവും
പോളിസി ഹോൾഡർക്കും അല്ലെങ്കിൽ പോളിസി ഹോൾഡർ നിശ്ചയിക്കുന്ന വ്യക്തികൾക്കും ഒരു നിശ്ചിത തുക എൽ ഐ സി പോളിസികൾ ഉറപ്പുനൽകുന്നുണ്ട്. രണ്ട് സാഹചര്യങ്ങളിലാണ് ഈ തുക ലഭ്യമാകുന്നത്. ഒന്ന് പോളിസി ഹോൾഡർ മരണപ്പെടുമ്പോഴാണ് മറ്റൊന്ന് പോളിസിയുടെ നിക്ഷേപ കാലാവധി പൂർത്തിയാക്കുമ്പോഴാണ്.
മ്യൂച്വൽ ഫണ്ടുകൾ വളരെ വ്യത്യസ്തമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. പലതരത്തിലുള്ള റിസ്ക് ലെവലുകൾ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലുണ്ട്. നിക്ഷേപിക്കുവാനായി ഏത് ഫണ്ട് തിരഞ്ഞെടുക്കുന്നു എന്നതിനനുസരിച്ച് ഫണ്ടുമായി ബന്ധപ്പെട്ട റിസ്കിലും വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന് ഓഹരി അധിഷ്ഠിതമായ മ്യൂച്വൽ ഫണ്ടുകൾ ഉയർന്ന റിസ്ക്കുള്ളവ എന്നാണ് കരുതപ്പെടുന്നത് എന്നാൽ അത്തരം ഫണ്ടുകൾക്ക് ഉയർന്ന നേട്ടം നൽകാനുള്ള ശേഷിയുമുണ്ട്.
നിക്ഷേപത്തിൽ നിന്നുള്ള നേട്ടം
എൽ ഐ സി പോളിസികളിൽ നിന്ന് ലഭിക്കുന്ന നേട്ടം നിക്ഷേപം നടത്തുമ്പോൾ തന്നെ നമുക്കറിയാനാകും. ഇത്തരം പദ്ധതികളിൽ നിന്ന് ഭാവിയിൽ ലഭ്യമാകുന്ന നേട്ടത്തിന് ഉറപ്പ് നൽകുന്നു. പക്ഷേ ഉറപ്പുള്ള നേട്ടമാണെങ്കിൽ തന്നെ ആ നേട്ടത്തിന് പണപ്പെരുപ്പത്തിന്റെ നിരക്കിനെ തരണം ചെയ്യാനാവില്ല. സമ്പദ് വ്യവസ്ഥയിൽ പണപ്പെരുപ്പം ഉണ്ടാകുമ്പോൾ വ്യക്തികളുടെ വാങ്ങൽ ശേഷിയിൽ ഇടിവുണ്ടാകുന്നു.

എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന നേട്ടം നൽകുവാൻ മ്യൂച്വൽ ഫണ്ടുകൾക്ക് ശേഷിയുണ്ട്. ഇവിടെ മൂലധന വളർച്ചയ്ക്കുള്ള വലിയ സാധ്യതയാണുള്ളത്. കൂടാതെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് യോജിച്ച രീതിയിൽ ഒരു പോർട്ട്ഫോളിയോ ചിട്ടപ്പെടുത്തിയെടുക്കുവാൻ മ്യൂച്വൽ ഫണ്ട് നിക്ഷേപം അവസരം നൽകുന്നു.
ലിക്വിഡിറ്റി
എൽ ഐ സി പോളിസികളിൽ ലോക്ക് ഇൻ പിരിയഡ് ബാധകമായിരിക്കും. ഈ സമയത്ത്, നിക്ഷേപിച്ച തുക പിൻവലിക്കുവാനോ പിഴ കൂടാതെ പോളിസി സറണ്ടർ ചെയ്യുവാനോ സാധിക്കുകയില്ല. അതായത് പണം നിക്ഷേപിച്ചു കഴിഞ്ഞാൽ പ്രസ്തുത പദ്ധതിയുടെ കാലാവധി വരെ പണം പിൻവലിക്കുവാൻ സാധിക്കുകയില്ല. നിക്ഷേപകരുടെ ഇഷ്ടാനുസരണം നിക്ഷേപ തുക ഉപയോഗിക്കാനുള്ള ഫ്ലക്സിബിലിറ്റി ഇവിടെ ലഭിക്കുന്നില്ല.
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ ഉയർന്ന ലിക്വിഡിറ്റി നിലനിൽക്കുന്നു. നിക്ഷേപകന്റെ ഇച്ഛയ്ക്ക് അനുസരിച്ച് ഏത് അവസരത്തിലും നിക്ഷേപം പണമാക്കി മാറ്റുവാൻ സാധിക്കും. ഇതിലൂടെ അത്യാവശ്യഘട്ടങ്ങളിൽ പണം കണ്ടെത്തുവാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുവാൻ കഴിയും.
ചെലവുകൾ
പ്രീമിയം അലോക്കേഷൻ ചാർജ്ജുകൾ അഡ്മിനിസ്ട്രേറ്റീവ് ചാർജ്ജുകൾ എന്നിങ്ങനെ പല വിധത്തിലുള്ള ചാർജ്ജുകൾ എൽ ഐ സി പോളിസികളിലെ പ്രീമിയത്തിൽ നിന്നും ഈടാക്കുന്നുണ്ട്. നിക്ഷേപകർ അടയ്ക്കുന്ന പ്രീമിയത്തിൽ നിന്നും ചാർജ്ജുകൾ ഈടാക്കുന്നതിനാൽ ആകെ നിക്ഷേപത്തിൽ കുറവ് സംഭവിക്കുന്നുണ്ട്.

മ്യൂച്വൽ ഫണ്ടുകളിൽ ഫീസ് ഈടാക്കുന്നത് എക്സ്പെൻസ് റേഷ്യോ എന്ന രീതിയിലാണ്. മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുവാൻ വർഷം തോറും ഈ ഫീസ് നിക്ഷേപകരിൽ നിന്നും ഈടാക്കാറുണ്ട്. മാനേജ്മെന്റ് ഫീസ്, അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ, മാർക്കറ്റിംഗ് ചെലവുകൾ എന്നിവയെല്ലാം എക്സ്പെൻസ് റേഷ്യോയിൽ ഉൾപ്പെടുന്നു. ആകെ നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം എന്ന രീതിയിൽ എക്സ്പെൻസ് റേഷ്യോ ഈടാക്കുന്നതിനാൽ നിക്ഷേപകന് ലഭിക്കുന്ന നേട്ടത്തെ ഇത് നേരിട്ട് ബാധിക്കുന്ന ഘടകമാണ്.
വൈവിധ്യവൽക്കരണം
ഇൻഷുറൻസ് കവറേജ് നൽകുന്നതിനോടൊപ്പം നിക്ഷേപകർക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്നതിലാണ് എൽ ഐ സി പോളിസികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, അതിനാൽ തന്നെ ഇവിടെ വൈവിധ്യവൽക്കരണത്തിനുള്ള അവസരം പരിമിതമാണ്. ഡെറ്റ് ഉപകരണങ്ങളെ പോലെ നിശ്ചിത നേട്ടം നൽകുവാൻ സാധിക്കുന്ന ഉപകരണങ്ങളിലാണ് നിക്ഷേപകർ അടയ്ക്കുന്ന പ്രീമിയം നിക്ഷേപിക്കപ്പെടുന്നത്. ഇവിടെ സ്ഥിരതയുള്ള വരുമാനം ലഭിക്കുമെങ്കിലും ലഭിക്കുന്ന വരുമാനം താരതമ്യേന കുറവായിരിക്കും.
അനേകം വ്യക്തികളിൽ നിന്നും പണം സ്വരൂപിച്ചുകൊണ്ട് വ്യത്യസ്ത മാർഗങ്ങളിലായി നിക്ഷേപിക്കുകയാണ് മ്യൂച്വൽ ഫണ്ടുകൾ ചെയ്യുന്നത്. ഒരേ സ്വഭാവമുള്ള ആസ്തികളിൽ മാത്രമായി നിക്ഷേപിക്കുമ്പോഴുള്ള റിസ്ക് കുറയ്ക്കുവാൻ വൈവിധ്യവൽക്കരണം സഹായിക്കും. അങ്ങനെ സന്തുലിതമായ ഒരു നിക്ഷേപ പദ്ധതിയിലൂടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരുവാൻ നിങ്ങൾക്ക് സാധിക്കുന്നു.
സംഗ്രഹം
നിക്ഷേപകന്റെ സാമ്പത്തിക ലക്ഷ്യങ്ങളും റിസ്ക് എടുക്കുവാനുള്ള ശേഷിയും അനുസരിച്ചാണ് നിക്ഷേപ മാർഗം തിരഞ്ഞെടുക്കേണ്ടത്. സന്തുലിതമായ രീതിയിലുള്ള ധനകാര്യ ആസൂത്രണത്തിനായി വിദഗ്ധ സഹായം തേടാവുന്നതാണ്. നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളേയും ലക്ഷ്യങ്ങളേയും വിലയിരുത്തി വിലയേറിയ നിർദ്ദേശങ്ങൾ നൽകുവാൻ ഒരു വിദഗ്ധന് സാധിച്ചേക്കാം.