കുറേക്കാലമായി കഠിനാധ്വാനം ചെയ്തിട്ടും എന്തുകൊണ്ടാണ് ഞാൻ സമ്പന്നനാകാത്തത് എന്ന ചോദ്യം പലരും സ്വയം ചോദിക്കാറുള്ളതാണ്. പണക്കാരനാവുക സമ്പന്നനാവുക എന്നത് രണ്ടും ഒരു കാര്യമാണെന്നാണ് പൊതുവെയുള്ള ധാരണ, എന്നാൽ രണ്ടു വാക്കുകളും വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു.
ഒരു വ്യക്തിക്ക് ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുകയും തുടർന്ന് ആ വ്യക്തിക്ക് ധാരാളം പണം ലഭിക്കുകയും ചെയ്താൽ ആ വ്യക്തിയെ നമുക്ക് പണക്കാരൻ എന്ന് വിളിക്കാം. പെട്ടെന്ന് ഒരു ദിവസം ലഭിച്ച വലിയൊരു തുക കൃത്യമായി ഉപയോഗിക്കാതെ ആ വ്യക്തി വീണ്ടും തന്റെ പഴയ സാമ്പത്തിക അവസ്ഥയിൽ എത്തിച്ചേർന്നേക്കാം.
സമ്പന്നനാവുക എന്നത് തീർത്തും വ്യത്യസ്തമായ കാര്യമാണ്. സമ്പത്ത് ആർക്കും ഒരു ദിവസം കൊണ്ട് ലഭിക്കുന്നില്ല, സമ്പത്ത് ഏറെക്കാലത്തെ പരിശ്രമത്തിലൂടെ സൃഷ്ടിക്കപെടുകയാണ് ചെയ്യുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും അധികം വായിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നായ റോബർട്ട് കിയോസാക്കിയുടെ “Rich Dad Poor Dad” എന്ന പുസ്തകത്തിൽ വ്യത്യസ്ത സാമ്പത്തിക സ്ഥിതിയിലുള്ളവർ പണം എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യത്യസ്ത സാമ്പത്തിക അവസ്ഥയിലുള്ളവരുടെ പണത്തിന്റെ വിനിയോഗം മനസ്സിലാക്കുക വഴി എന്തുകൊണ്ടാണ് നാം സമ്പന്നത കൈവരിക്കാത്തത് എന്നതിന്റെ ഉത്തരം നമുക്ക് ലഭ്യമാകും.
ആദ്യമായി പണത്തിന്റെ ഒഴുക്ക് എന്നതിൻറെ അർത്ഥം എന്താണെന്ന് മനസ്സിലാക്കാം. പണത്തിന്റെ ഒഴുക്ക് എന്നാൽ, എവിടെ നിന്ന് പണം ലഭ്യമാകുന്നു, ലഭിച്ച പണം എങ്ങോട്ട് പോകുന്നു എന്നതാണ് ഉദ്ദേശിക്കുന്നത്.
ലഭിക്കുന്ന പണം കൃത്യമായ രീതിയിൽ ഉപയോഗിക്കുന്നവരുടെ ജീവിതത്തിലെ പണത്തിന്റെ ഒഴുക്ക് ശരിയായ ദിശയിലായിരിക്കും. വ്യത്യസ്ത ജീവിതനിലവാരമുള്ള വ്യക്തികളിൽ പണത്തിന്റെ ഒഴുക്ക് എപ്രകാരമാണെന്ന് റോബർട്ട് കിയോസ്ക്കി തന്റെ പുസ്തകത്തിൽ വ്യക്തമായി വിവരിച്ചിരിക്കുന്നു.

ജോലി ചെയ്ത് അധികം പണം നേടുവാൻ സാധിക്കാത്തവർ പണമില്ലാത്തതിനാലാണ് അവരുടെ ജീവിത നിലവാരം മെച്ചപ്പെടാത്തത് എന്ന് വിശ്വസിക്കുന്നു. എന്നാൽ നല്ല വരുമാനമുള്ള ജോലികൾ ചെയ്തിട്ടും വരുമാനത്തിനനുസൃതമായി നികുതി നൽകേണ്ടതുകൊണ്ട് ജീവിതനിലവാരം മെച്ചപ്പെടുന്നില്ല എന്ന് കൂടുതൽ വരുമാനമുള്ളവർ വിശ്വസിക്കുന്നു.
ഉയർന്ന വരുമാനമുള്ള ജോലിയുള്ളതുകൊണ്ട് ആരും സമ്പന്നനായി മാറുന്നില്ല മറിച്ച് ലഭിക്കുന്ന വരുമാനം കൃത്യമായി കൈകാര്യം ചെയ്യുന്നവരാണ് സമ്പന്നതയിലേക്ക് എത്തിച്ചേരുന്നത്.
ദരിദ്ര ജനവിഭാഗങ്ങളിലെ പണത്തിന്റെ ഒഴുക്ക്
ഈ വിഭാഗത്തിൽപ്പെടുന്ന വ്യക്തികൾ അവരുടെ എല്ലാത്തരത്തിലുള്ള ആവശ്യങ്ങൾ നിർവഹിക്കുന്നത് തങ്ങളുടെ ഏക വരുമാന സ്രോതസ്സിനെ ആശ്രയിച്ചുകൊണ്ടാണ്. വരുമാനം കുറവായതിനാൽ തന്നെ ഇവർക്ക് നീക്കിയിരിപ്പുകൾ സൃഷ്ടിക്കാനും നിക്ഷേപം നടത്തുവാനുമുള്ള സാഹചര്യം ഉണ്ടായിരിക്കുകയില്ല.
ലഭിക്കുന്ന തുച്ഛമായ വരുമാനവും ചെലവുകളും തുല്യമായതിനാൽ തന്നെ അധിക വരുമാനം ലഭിക്കുവാനായി വരുമാന സ്രോതസ്സുകൾ കണ്ടെത്തുകയാണ് ഈ വിഭാഗത്തിൽപ്പെടുന്നവർ ആദ്യം ചെയ്യേണ്ടത്.
എത്ര തന്നെ പണിപ്പെട്ടായാലും തങ്ങളുടെ കഴിവുകൾ തിരിച്ചറിഞ്ഞു കൊണ്ട് ചെറിയ രീതിയിൽ എങ്കിലും വരുമാനം വർദ്ധിപ്പിക്കാൻ ഈ വിഭാഗത്തിലുള്ളവർ ശ്രമിക്കേണ്ടതാന്ന്.
ആയിരം തവണ തന്റെ പരീക്ഷണങ്ങൾ തുടർന്നിട്ടാണ് തോമസ് അൽവാ എഡിസൺ ബൾബ് കണ്ടെത്തിയത്. അതുപോലെ തങ്ങളുടെ സാമ്പത്തിക അവസ്ഥയെ സ്വയം പഴിക്കാതെ കരകയറാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുവാൻ നാം ശ്രമിക്കണം.
മധ്യവർഗ്ഗ ജനവിഭാഗങ്ങളിലെ പണത്തിന്റെ ഒഴുക്ക്
ഈ വിഭാഗത്തിൽപ്പെടുന്ന വ്യക്തികൾ അവർക്ക് ശമ്പളം ലഭിക്കുമ്പോൾ തന്നെ ആ ശമ്പളത്തിന്റെ നല്ലൊരു ശതമാനം കടങ്ങൾ വീട്ടുവാനാണ് മാറ്റിയിരിക്കുന്നത്. ഹോം ലോൺ, വെഹിക്കിൾ ലോൺ, ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾ, പേഴ്സണൽ ലോൺ, ഇ എം ഐകൾ, തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ലോണുകളുടെ അടവുകൾക്ക് വേണ്ടിയാണ് വരുമാനത്തിന്റെ നല്ലൊരു ശതമാനം മാറ്റിവയ്ക്കപ്പെടുന്നത്.
ബാക്കിയുള്ള തുച്ഛമായ തുകയ്ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി ശീലിച്ചവരായിരിക്കും ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾ.

മധ്യവർഗ്ഗത്തിൽ ഉൾപ്പെടുന്ന വ്യക്തികൾ മേൽപ്പറഞ്ഞ രീതിയിൽ തന്നെ ജീവിതം തുടരുകയാണെങ്കിൽ മധ്യവർഗ്ഗ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഒരിക്കലും ഒരു മാറ്റം സാധ്യമായിരിക്കുകയില്ല.
ലഭ്യമായ വരുമാനത്തിൽ നിന്നും നീക്കിയിരിപ്പുകൾ സൃഷ്ടിക്കാനും മികച്ച നിക്ഷേപങ്ങൾ നടത്തുവാനും വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുവാനും സാധിച്ചാൽ മാത്രമേ സാമ്പത്തികമായ പുരോഗതി ഉണ്ടാവുകയുള്ളൂ.
ആഡംബര ജീവിതരീതികൾക്ക് പിന്നാലെ പോകുവാനുള്ള പ്രവണത മധ്യവർഗ്ഗ ജനവിഭാഗങ്ങൾക്ക് വളരെ കൂടുതലാണ്. അനാവശ്യമായ ചെലവുകൾ ഒഴിവാക്കുകയും ലഭ്യമായ വരുമാനത്തിൽ നിന്ന് നീക്കിയിരിപ്പുകൾ സൃഷ്ടിച്ച് മികച്ച നേട്ടം നൽകുന്ന ആസ്തികൾ സ്വന്തമാക്കാനും ഈ വിഭാഗത്തിലെ വ്യക്തികൾ ശ്രമിക്കണം.
സമ്പന്നവർഗ്ഗ ജനവിഭാഗങ്ങളിലെ പണത്തിന്റെ ഒഴുക്ക്
മേൽപ്പറഞ്ഞ ജനവിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി നിരവധി വരുമാന സ്രോതസ്സുകൾ സമ്പന്നവർഗ്ഗ ജനവിഭാഗങ്ങൾക്ക് ലഭ്യമായിരിക്കും. ഓഹരികളുടെ ഡിവിഡന്റ്, മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള ലാഭം, വാടക വരുമാനം, സ്ഥിരനിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം തുടങ്ങിയവ ഇത്തരക്കാരുടെ വരുമാനമാർഗ്ഗങ്ങളിൽ ചിലതാണ്.
മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്ത് വരുമാനം നേടുന്നതിന് പകരം സ്വന്തം സംരംഭങ്ങളിൽ നിന്നും, നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനത്തെയാണ് ഇവർ ആശ്രയിക്കുന്നത്.
സാധാരണ ജനവിഭാഗങ്ങളുടെ വരുമാനത്തിന്റെ ഏറിയ പങ്കും കടങ്ങൾ വീട്ടുവാനും ചെലവുകൾക്കുമായി മാറ്റിവയ്ക്കപ്പെടുമ്പോൾ സമ്പന്നരായ വ്യക്തികളുടെ ചെലവുകൾ അവരുടെ ആസ്തികളിൽ നിന്നുള്ള നേട്ടത്തിന് അനുസൃതമായി നിലനിൽക്കുന്നു.
സമ്പന്ന വിഭാഗത്തിലെ വ്യക്തികളും അവരുടെ വളർച്ചയ്ക്കായി ലോണുകളേയും, കടങ്ങളേയും ആശ്രയിക്കാറുണ്ട്. ലോണുകളെ ആശ്രയിച്ച് നടത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും കൂടുതൽ ലാഭം ലഭിക്കുന്നതിനാൽ തന്നെ സമ്പന്നരുടെ കടങ്ങളെ നല്ല കടങ്ങളായി വിലയിരുത്താനാകും.

സംരംഭങ്ങൾ നടത്തുമ്പോൾ നൽകേണ്ടിവരുന്ന വാടകയും, വരുമാനത്തിന് അനുസരിച്ച് നൽകേണ്ടി വരുന്ന നികുതിയുമാണ് ഇത്തരക്കാരുടെ പ്രധാന ചെലവുകൾ.
എന്തുകൊണ്ട് നിങ്ങൾ സമ്പന്നനായി മാറുന്നില്ല?
എന്തുകൊണ്ടാണ് സാധാരണക്കാരായ വ്യക്തികൾ നല്ലൊരു ശതമാനവും സമ്പന്നരാവുന്നില്ല എന്നതിന്റെ ശരിയായ ഉത്തരം ഒന്നിലധികം വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാൻ സാധിക്കുന്നില്ല എന്നതാണ്. നമ്മളിൽ പലരും തങ്ങളുടെ കഴിവിനോ അഭിരുചിക്കോ യോജിച്ച ജോലിയായിരിക്കില്ല ചെയ്യുന്നത്.
സ്വന്തം കഴിവുകൾ തിരിച്ചറിയുകയും ആ കഴിവുകൾ ഉപയോഗിച്ചുകൊണ്ടുള്ള ജോലികൾ ചെയ്യുവാനും സംരംഭങ്ങൾ തുടങ്ങുവാനും സാധിക്കുന്നതാണ് സാമ്പത്തിക പുരോഗതിക്ക് ആവശ്യമുള്ള ആദ്യത്തെ ചുവടുവെപ്പ്.
ഒന്നിലധികം വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കുകയും ലഭിക്കുന്ന വരുമാനത്തിൽ നിന്ന് നീക്കിയിരിപ്പുകൾ കണ്ടെത്തുകയും മികച്ച നേട്ടം നൽകുന്ന ആസ്തികളിൽ നിക്ഷേപിക്കുകയും ചെയ്യുക വഴി ഏതൊരു സാധാരണക്കാരനും സമ്പന്നനായി മാറുവാൻ സാധിക്കും.