നിക്ഷേപങ്ങളുടെ ലോകത്ത് നിക്ഷേപകർക്ക് നിക്ഷേപം നടത്തുവാൻ ലഭ്യമായ രണ്ട് പ്രധാനപ്പെട്ട അവസരങ്ങളാണ് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപവും ഓഹരികളിൽ നേരിട്ടുള്ള നിക്ഷേപവും. രണ്ട് നിക്ഷേപരീതികളും നിങ്ങളെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുവാൻ പ്രാപ്തമായവയാണ്. എന്നാൽ ഈ രണ്ട് നിക്ഷേപമാർഗ്ഗങ്ങളോടും നിക്ഷേപകർ പുലർത്തേണ്ട സമീപനം വ്യത്യസ്തമാണ്.
നിങ്ങൾ ഒരു നീണ്ട യാത്രയ്ക്കായി തയ്യാറെടുക്കുകയാണെന്ന് കരുതുക, നിങ്ങളുടെ മുന്നിൽ രണ്ട് വഴികളാണ് ലഭ്യമായിട്ടുള്ളത്, ഒന്ന് സ്വന്തം കാറിൽ സ്വയം ഡ്രൈവ് ചെയ്തു ലക്ഷ്യസ്ഥാനത്ത് എത്തുക മറ്റൊന്ന് ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗതമാർഗ്ഗങ്ങളെ ആശ്രയിച്ച് ലക്ഷ്യസ്ഥാനത്ത് എത്തുക എന്നത്. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപമെന്നത് നിങ്ങൾ യാത്രയ്ക്കായി ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗതമാർഗ്ഗങ്ങളെ ആശ്രയിക്കുന്നത്. മറിച്ച് ഓഹരികളിലെ നിക്ഷേപമെന്നത് ലക്ഷ്യസ്ഥാനത്ത് സ്വന്തം നിലയിൽ ഡ്രൈവ് ചെയ്ത് എത്തിച്ചേരുന്നത് പോലെയാണ്.
രണ്ട് രീതിയിലായാലും നിങ്ങൾക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചേരുവാൻ സാധിക്കുമെങ്കിലും, ഇവ രണ്ടും പ്രവർത്തിക്കുന്നത് വ്യത്യസ്ത രീതിയിലാണ്. രണ്ട് രീതികൾക്കും അവയുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഈ രണ്ടു നിക്ഷേപരീതികളുടേയും പ്രത്യേകതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ എന്നിവ എന്താണ്
പല നിക്ഷേപകരിൽ നിന്നായി നിക്ഷേപം സ്വീകരിച്ചുകൊണ്ട് ഓഹരികൾ, ബോണ്ടുകൾ തുടങ്ങി വ്യത്യസ്ത ആസ്തികളിലായി നിക്ഷേപിക്കുകയാണ് മ്യൂച്വൽ ഫണ്ടുകൾ ചെയ്യുന്നത്.

ഓഹരികൾ പുറത്തിറക്കുന്നത് കമ്പനികളാണ്. ഒരു വ്യക്തി ഒരു കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കുമ്പോൾ ആ വ്യക്തി ആ കമ്പനിയുടെ ഉടമസ്ഥരിൽ ഒരാളായി മാറുകയാണ് ചെയ്യുന്നത്. കമ്പനിയുടെ പ്രകടനവും വിപണിയിലെ സാഹചര്യങ്ങളും അനുസരിച്ച് ഓഹരികളുടെ മൂല്യത്തിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നു.
വൈവിധ്യവൽക്കരണം
ഒരു കമ്പനിയുടെ ഓഹരി അല്ലെങ്കിൽ ഒരു പ്രത്യേക ആസ്തിയിൽ മാത്രം പണം നിക്ഷേപിക്കുമ്പോൾ ഉണ്ടാകുന്ന റിസ്ക് ഒഴിവാക്കുവാൻ വൈവിധ്യവൽക്കരണം സഹായിക്കുന്നു. മ്യൂച്വൽ ഫണ്ടിന്റെ ഭാഗമായ ഒരു ആസ്തിയിൽ നിന്നും മികച്ച നേട്ടം ലഭിച്ചില്ലെങ്കിൽ പോലും മറ്റുള്ളവയിൽ നിന്നും നേട്ടം ലഭിക്കുമ്പോൾ നിക്ഷേപകർക്ക് നഷ്ടം സംഭവിക്കാനുള്ള സാധ്യത കുറയുകയാണ് ചെയ്യുന്നത്. അങ്ങനെ താരതമ്യേന മികച്ച നേട്ടം നേടുവാൻ മ്യൂച്വൽ ഫണ്ടുകളിലെ വൈവിധ്യവൽക്കരണം നമ്മെ സഹായിക്കുന്നു.
ഓഹരികളിൽ നേരിട്ട് നിക്ഷേപിക്കുന്ന അവസരത്തിൽ ചില കമ്പനികളുടെ ഓഹരികൾ മാത്രം സ്വന്തമാക്കുവാൻ സാധിക്കുന്നതിനാൽ അവിടെ റിസ്കിന്റെ അളവ് കൂടുതലാണ്. പ്രത്യേകിച്ച് കൈവശമുള്ള തുക കുറച്ച് ഓഹരികളിലായി മാത്രം നിക്ഷേപിക്കുവർക്ക് റിസ്കിന്റെ അളവ് കൂടുതലായിരിക്കും.
പ്രൊഫഷണൽ ഫണ്ട് മാനേജ്മെന്റ്
പ്രൊഫഷണലുകളായ ഫണ്ട് മാനേജർമാരാണ് മ്യൂച്വൽ ഫണ്ട് കൈകാര്യം ചെയ്യുന്നത്. അവരാണ് നമുക്ക് വേണ്ടി നമ്മുടെ പണം എങ്ങനെ നിക്ഷേപിക്കണമെന്ന തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. നിക്ഷേപങ്ങൾ നടത്തുവാനും അവ കൃത്യമായി കൈകാര്യം ചെയ്യുവാനും നിങ്ങൾക്ക് സമയമില്ലെങ്കിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലൂടെ വിദഗ്ധരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തുക.

മറിച്ച് ഓഹരി നിക്ഷേപം നടത്തുമ്പോൾ നിങ്ങളുടെ പണം കൈകാര്യം ചെയ്യുവാൻ വിദഗ്ധസേവനം ഒന്നും തന്നെ ലഭിക്കുന്നില്ല. ഇവിടെ നിങ്ങൾ സ്വന്തം നിലയിൽ വിലയിരുത്തലുകൾ നടത്തി നിക്ഷേപിക്കാനായി ഓഹരികൾ തിരഞ്ഞെടുക്കുകയും അവയുടെ പ്രകടനം തുടർച്ചയായി നിരീക്ഷിക്കുകയും വേണം. വിപണിയെ നിരീക്ഷിക്കുവാനും കമ്പനികളെ കുറിച്ച് വ്യക്തമായ അറിവുകൾ നേടുവാനും നിങ്ങൾക്ക് സമയമില്ലെങ്കിൽ ഓഹരികളിലെ നിക്ഷേപത്തിലുള്ള റിസ്ക് വർദ്ധിക്കുന്നു.
ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കുവാൻ നൽകേണ്ടിവരുന്ന ഫീസ്
മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ഫണ്ട് ഹൗസുകൾക്ക് നാം ഫീസ് നൽകേണ്ടതായിട്ടുണ്ട്. ഈ ഫീസിനെ എക്സ്പെൻസ് റേഷ്യോ എന്ന നിലയിലാണ് സൂചിപ്പിക്കുന്നത്. കാര്യനിർവ്വഹണത്തിനും, നിക്ഷേപവുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും, മാർക്കറ്റിംഗിനും നിക്ഷേപകരിൽ നിന്നും ഈടാക്കുന്ന ഫീസ് ഉപയോഗിക്കപ്പെടുന്നു.
ഓഹരികൾ സ്വന്തമാക്കുമ്പോൾ ബ്രോക്കറേജ് ഫീസ്, ട്രാൻസാക്ഷൻ ചാർജ്, സ്റ്റാമ്പ് ഡ്യൂട്ടി എന്നിങ്ങനെയുള്ള ഫീസുകളാണ് നിക്ഷേപകരിൽ നിന്നും ഈടാക്കുന്നത്. ഈ ഫീസുകളും നിക്ഷേപകരുടെ നേട്ടത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ഓഹരിയിൽ നേരിട്ടുള്ള നിക്ഷേപത്തിലൂടെ ഉയർന്ന നേട്ടം ലഭിക്കാനുള്ള അവസരം നിക്ഷേപകർക്ക് ലഭിക്കുന്നുണ്ട്. ഓഹരികളിൽ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ വിദഗ്ധരുടെ സഹായം തേടുന്നതാണ് അഭികാമ്യം.
നിക്ഷേപം നടത്തുന്നതിൽ നാം പുലർത്തുന്ന സ്ഥിരതയാണ് സാമ്പത്തികമായ വിജയത്തിലേക്ക് നമ്മെ നയിക്കുന്നത്. നിങ്ങൾ നിക്ഷേപം നടത്തുവാനായി തിരഞ്ഞെടുക്കുന്നത് മ്യൂച്വൽ ഫണ്ടുകളോ ഓഹരികളോ എന്തുതന്നെയായാലും ദീർഘകാല അടിസ്ഥാനത്തിലുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി അച്ചടക്കത്തോടെ നിക്ഷേപം നടത്തുക. മികച്ച തന്ത്രങ്ങൾ ആവിഷ്കരിച്ചുകൊണ്ട് ക്ഷമയോടെ കാത്തിരിക്കുവാൻ സാധിച്ചാൽ സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു ഭാവി സ്വന്തമാക്കുവാൻ നിങ്ങൾക്ക് തീർച്ചയായും സാധിക്കും.