select-mutual-fund-account-types

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതിന് മുൻപ് അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

മ്യൂച്വൽ ഫണ്ടുകളും എഫ് ഡിയും ഒന്നല്ല

ഒരു നിശ്ചിത കാലയളവിലേക്ക് ബാങ്കുകളിൽ സ്ഥിരനിക്ഷേപമായി തുക നിക്ഷേപിക്കുമ്പോൾ ബാങ്കുകൾ വാഗ്ദാനം നൽകുന്ന പലിശ നിക്ഷേപകന് ഉറപ്പായും ലഭിക്കുന്നുണ്ട്. എന്നാൽ ഒരു നിക്ഷേപകൻ മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കുന്നത് യാതൊരു ഉറപ്പുമില്ലാതെയാണ്. വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് മ്യൂച്വൽ ഫണ്ടിന്റെ മൂല്യത്തിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നുണ്ട്. 

നഷ്ട സാധ്യത മുന്നിൽ കണ്ടുകൊണ്ട് നീണ്ട കാലയളവിലേക്ക് നിക്ഷേപം സാധ്യമാണെങ്കിൽ മാത്രം മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുക. 2 മുതൽ 3 വർഷം വരെയുള്ള ചെറിയ കാലയളവിലെ നിക്ഷേപത്തിന്  ബാങ്കുകളിലെ സ്ഥിര നിക്ഷേപമാണ് നല്ല മാർഗ്ഗം.

മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം സൗജന്യമല്ല

റെഗുലർ മ്യൂച്വൽ ഫണ്ടുകളാണെങ്കിലും ഡയറക്ട് മ്യൂച്വൽ ഫണ്ടുകളാണെങ്കിലും ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് അസറ്റ് മാനേജ്മെന്റ് കമ്പനികൾ ഈടാക്കുന്നത് നിക്ഷേപകനിൽ നിന്ന് തന്നെയാണ്. ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവ് സൂചിപ്പിക്കുന്നത് എക്സ്പെൻസ് റേഷ്യോ എന്ന രീതിയിലാണ്.

calculations-and-planning

എക്സ്പെൻസ് റേഷ്യോ അനുസരിച്ച് ഒരു നിശ്ചിത ശതമാനം തുക എല്ലാ വർഷവും നിക്ഷേപത്തിൽ നിന്ന് ഈടാക്കുന്നതിനാൽ തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ സൗജന്യമാണെന്ന് പറയാൻ കഴിയില്ല.

മ്യൂച്വൽ ഫണ്ട് നിക്ഷേപം എല്ലാ വ്യക്തികൾക്കും യോജിച്ചതല്ല

നഷ്ട സാധ്യത മുന്നിൽ കണ്ട് മികച്ച നേട്ടത്തിനായി ദീർഘമായ കലയളവിലേക്ക് നിക്ഷേപിക്കാൻ സാധിക്കുന്നവർക്ക് മാത്രമാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപം യോജിക്കുന്നത്. 

യൂട്യൂബ് ചാനലുകളിലെയും, പരസ്യങ്ങളിലെയും,  മ്യൂച്വൽ ഫണ്ട് ലാഭ ശതമാനം കണക്കുകൾ മാത്രം കണ്ടുകൊണ്ട് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നത് പലപ്പോഴും തെറ്റായ തീരുമാനമായി മാറിയേക്കാം. 

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ എത്ര കാലയളവിനുള്ളിൽ എത്രത്തോളം ലാഭം ലഭിക്കും എന്ന തരത്തിലുള്ള യാതൊരുറപ്പും നിക്ഷേപകന് ലഭിക്കുന്നില്ല. ഒരുപക്ഷേ നിക്ഷേപകന് പണം ആവശ്യമുള്ള സമയത്ത് മ്യൂച്വൽ ഫണ്ടിൽ നിന്നും തുക പിൻവലിക്കുക എന്നത് പ്രായോഗികമായ കാര്യമായിരിക്കില്ല.

നിക്ഷേപം നടത്തുന്ന സമയത്തിന്റെ പ്രാധാന്യം

ഒരു നിക്ഷേപകൻ മ്യൂച്വൽ ഫണ്ടിൽ പണം നിക്ഷേപിക്കുന്ന സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. പക്ഷേ നാം നിക്ഷേപം നടത്തുന്ന സമയം മികച്ചതാണോ എന്ന് തിരിച്ചറിയാൻ യാതൊരു മാർഗ്ഗവുമില്ല.

ഉദാഹരണത്തിന് 2007ൽ ഒരു വ്യക്തി മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തി എന്ന് കരുതുക 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ആ നിക്ഷേപത്തിന്റെ മൂല്യം പരിശോധിക്കുമ്പോൾ തീർച്ചയായും നിക്ഷേപിച്ചതിനേക്കാൾ താഴെയായിരിക്കും നിക്ഷേപത്തിന്റെ മൂല്യം. എന്നാൽ 2008 ൽ നിക്ഷേപം നടത്തിയ ഒരു വ്യക്തിയുടെ നിക്ഷേപം ഒരു വർഷത്തിനുശേഷം പരിശോധിച്ചാൽ ആ നിക്ഷേപത്തിന്റെ മൂല്യം വർദ്ധിച്ചിരിക്കുവാൻ സാധ്യത ഏറെയാണ്. 

ഒരു ചെറിയ കാലയളവിലെ നിക്ഷേപത്തിന്റെ പ്രകടനം പരിശോധിച്ച്  ഒരു മ്യൂച്വൽ ഫണ്ട് മികച്ച നേട്ടം നൽകുന്നുണ്ടോ, ഇല്ലയോ എന്ന് പറയുവാൻ സാധിക്കില്ല. ഒരു മ്യൂച്വൽ ഫണ്ടിൽ വ്യത്യസ്ത സമയങ്ങളിൽ നിക്ഷേപിച്ച രണ്ട് വ്യക്തികൾക്ക് ഒരേ സമയം ലാഭവും നഷ്ടവും സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.

നെറ്റ് അസറ്റ് വാല്യൂ ( NAV) പരിഗണിച്ച് മ്യൂച്വൽ ഫണ്ടുകളെ വിലയിരുത്തരുത്

ഒരു മ്യൂച്വൽ ഫണ്ടിന്റെ നെറ്റ് അസറ്റ് വാല്യൂ കുറവാണെങ്കിൽ ആ മ്യൂച്വൽ ഫണ്ട് മോശം പ്രകടനം കാഴ്ചവയ്ക്കുന്നതാണ് എന്ന ധാരണ തെറ്റാണ്. മ്യൂച്വൽ ഫണ്ട് മാർക്കറ്റിൽ അവതരിപ്പിക്കുന്ന സമയത്ത്  ഫണ്ടിന്റെ മൂല്യം കുറവായിരിക്കാം എന്നതുകൊണ്ട് ആ ഫണ്ട് ഭാവിയിൽ മികച്ച നേട്ടം നൽകില്ല എന്ന് പറയുവാൻ സാധിക്കില്ല. 

കഴിഞ്ഞ കാലയളവിലെ ഫണ്ടിന്റെ പ്രകടനം, നിക്ഷേപം നടത്തിയിരിക്കുന്ന മേഖലകൾ,  ഓഹരികൾ, എന്നിവ അടിസ്ഥാനപ്പെടുത്തി വേണം ഒരു മ്യൂച്വൽ ഫണ്ടിനെ വിലയിരുത്തുവാൻ.

ചെറിയ കാലയളവിൽ ധനികനാകുവാൻ മ്യൂച്വൽ ഫണ്ട് സഹായിക്കുമോ?

ചെറിയകാലയളവിൽ ഉയർന്ന നേട്ടം പ്രതീക്ഷിക്കുന്നവർക്ക് മ്യൂച്വൽ ഫണ്ട് അനുയോജ്യമായ നിക്ഷേപമാർഗ്ഗമല്ല. ഇന്ന് ലഭ്യമായ മറ്റ് നിക്ഷേപ മാർഗ്ഗങ്ങളേക്കാൾ നീണ്ട കാലയളയിലേക്ക് നിക്ഷേപം തുടരേണ്ട നിക്ഷേപമാർഗ്ഗമാണ് മ്യൂച്വൽ ഫണ്ടുകൾ.

നീണ്ട കാലയളവിൽ തങ്ങളുടെ ആസ്തിയുടെ മൂല്യം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, റിട്ടയർമെന്റ് മുന്നിൽകണ്ട് ദീർഘകാലയളവിലേക്ക് നിക്ഷേപം തുടരുന്നവർ, നീണ്ട കാലയളവിൽ നടപ്പാക്കേണ്ട സാമ്പത്തിക ലക്ഷ്യമുള്ളവർ എന്നിവരാണ് മ്യൂച്വൽ ഫണ്ടുകളെ നിക്ഷേപത്തിനായി ആശ്രയിക്കേണ്ടത്. 

2 മുതൽ 5 വർഷം വരെയുള്ള ചെറിയ കാലയളവിലേക്ക് മികച്ച നേട്ടം പ്രതീക്ഷിച്ചുകൊണ്ട് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നത് പ്രായോഗികമല്ല.

മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം തുടരേണ്ട നീണ്ട കാലയളവ് എത്രയാണ്?

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ സംബന്ധിച്ച് നീണ്ട കാലയളവ് എന്നാൽ 15 മുതൽ 20 വർഷം വരെയാണ്. ബാങ്കിലെ സ്ഥിരനിക്ഷേപം, പോസ്റ്റ് ഓഫീസിലെ ആർ ഡി തുടങ്ങി 3 മുതൽ 5 വർഷം വരെ നീണ്ടുനിൽക്കുന്ന നിക്ഷേപ പദ്ധതികളിൽ നിക്ഷേപം നടത്തിയിരുന്നവർ പുതിയതായി മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കുമ്പോൾ 15 മുതൽ 20 വർഷം വരെ എന്നത് വലിയ കാലയളമായി തോന്നിയേക്കാം. 

3 മുതൽ 5 വർഷം വരെയുള്ള ചെറിയ കാലയളവിൽ മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് കാര്യമായ നേട്ടം ഉണ്ടാക്കുവാൻ പ്രയാസമാണ്. അതിനാൽ തന്നെ നീണ്ട കാലയളവിലേക്ക് നിക്ഷേപം തുടരുവാൻ സാധിക്കുന്നവർ മാത്രം മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് തയ്യാറാകുന്നതാണ് നല്ലത്. 

മ്യൂച്വൽ ഫണ്ടുകൾ വിൽക്കേണ്ട ശരിയായ സമയം ഏതാണ്

ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് താൻ നിക്ഷേപിച്ച ഓഹരിയുടെ മൂല്യം കുറയുന്ന അവസരത്തിൽ തന്നെ ആ ഓഹരികൾ വിറ്റ് തന്റെ മൂലധനം സംരക്ഷിക്കുവാൻ ആ വ്യക്തിക്ക് സാധിക്കും. 

എന്നാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തിയ ശേഷം നടത്തിയ നിക്ഷേപം പിൻവലിക്കേണ്ട ശരിയായ സമയം തിരിച്ചറിയുവാനുള്ള സൂചനകൾ ഒന്നും നിക്ഷേപകന് ലഭ്യമാവുകയില്ല.

നിലവിൽ ഗ്രോ ആപ്പ്, പേ ടി എം, സെരോദ, തുടങ്ങിയ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വളരെ എളുപ്പത്തിൽ മ്യൂച്വൽ ഫണ്ട് നടത്തുന്നവരാണ് നല്ലൊരു ശതമാനം നിക്ഷേപകരും. തങ്ങൾ നിക്ഷേപം നടത്തിയ മ്യൂച്വൽ ഫണ്ടുകൾ മികച്ച പ്രകടനം നടത്തുന്നില്ലെങ്കിൽ ഏതു സമയത്താണ് ആ ഫണ്ടിൽ നിന്നും പുറത്തു കടക്കേണ്ടത് എന്ന തീരുമാനമെടുക്കാൻ നിക്ഷേപകന് സാധിക്കാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.

മൊബൈൽ ആപ്ലിക്കേഷനുകൾ മുഖേന ഡയറക്റ്റ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുമ്പോൾ ധാരാളം ഗുണങ്ങൾ ഉണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട വിൽക്കൽ വാങ്ങലുകൾ ശരിയായി നടത്തുവാൻ വ്യക്തികൾക്ക് സാധിക്കാറില്ല.

Are you looking for investments?

Kashly team can help you start your mutual fund investments with the right assistance. signup here

ശരിയായ ഉപദേശങ്ങൾ കൃത്യസമയത്ത് ലഭ്യമല്ലാത്തതിനാൽ തന്നെ ഇങ്ങനെയുള്ള നിക്ഷേപങ്ങൾ നഷ്ടത്തിൽ ആകുവാനുള്ള സാധ്യത ഏറെയാണ്. 

സാമ്പത്തിക ലക്ഷ്യങ്ങളെ മുൻനിർത്തി നിക്ഷേപിക്കുക

വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നതാണ് നല്ലത്. ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള മൂല്യത്തിൽ തങ്ങളുടെ നിക്ഷേപം എത്തിച്ചേരുമ്പോൾ നിക്ഷേപം പിൻവലിച്ചില്ലെങ്കിൽ ഉദ്ദേശിച്ച കാര്യം നിർവഹിക്കേണ്ട സമയത്ത് മ്യൂച്വൽ ഫണ്ടിന്റെ മൂല്യം പ്രതീക്ഷിച്ച നിലയിൽ ആയിരിക്കില്ല. 

5 വർഷത്തിനുള്ളിൽ  വാഹനം സ്വന്തമാക്കുക, 10 വർഷത്തിനുള്ളിൽ വീട് പണി കഴിപ്പിക്കുക, 15 വർഷങ്ങൾക്ക് ശേഷം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്തുക, 25 വർഷങ്ങൾക്ക് ശേഷം റിട്ടയർമെൻന്റ് ജീവിതത്തിനുള്ള തുക കണ്ടെത്തുക എന്നിങ്ങനെയുള്ള  ലക്ഷ്യങ്ങൾ നടപ്പിലാക്കുവാനുള്ള വില മുന്നിൽ കണ്ടുകൊണ്ട് കൃത്യമായി ആസൂത്രണം ചെയ്തതിനുശേഷം മാത്രം നിക്ഷേപിക്കാൻ തുടങ്ങുക. 

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് നികുതി ബാധകമാണ്

മറ്റേത് നിക്ഷേപ മാർഗ്ഗങ്ങളിൽ എന്ന പോലെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നിന്നുള്ള ലാഭം  ഗവൺമെന്റ് നിശ്ചയിച്ച പരിധിക്ക് മുകളിലായാൽ ആ വ്യക്തി നികുതി നൽകുവാൻ ബാധ്യസ്ഥനാണ്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയ ശേഷം ഫണ്ടിൽ നിന്ന് ലാഭമെടുക്കുമ്പോൾ  എത്ര കാലയളവിനുള്ളിൽ നിക്ഷേപകന് ലാഭം ലഭിക്കുന്നു എന്നത് അനുസരിച്ച് നൽകേണ്ടി വരുന്ന നികുതിയുടെ നിരക്കും വ്യത്യാസപ്പെട്ടിരിക്കും. 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഏത് തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും സുരക്ഷിതം

സാമ്പത്തിക ലക്ഷ്യങ്ങൾ നേടുവാൻ ധാരാളം വ്യക്തികളെ സഹായിക്കുന്ന ഏറ്റവും ജനകീയമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ.…

മ്യൂച്വൽ ഫണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ട ചെലവുകൾ

വൈവിധ്യവൽക്കരണം നിറഞ്ഞ ഒരു പോർട്ട്ഫോളിയോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ അവസരമാണ് മ്യൂച്വൽ ഫണ്ടുകൾ. …

മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ ലിക്വിഡിറ്റി റിസ്ക് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന വ്യക്തികൾ എല്ലാം തന്നെ ഏറ്റവും പ്രാധാന്യം നൽകേണ്ട കാര്യങ്ങളിൽ ഒന്നാണ് ലിക്വിഡിറ്റി…

മ്യൂച്വൽ ഫണ്ട് പ്ലാറ്റഫോമുകൾ സൗജന്യമായി പ്രവർത്തിക്കുന്നത് എങ്ങനെയാണ്

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുവാൻ  തീരുമാനിക്കുന്ന നല്ലൊരു ശതമാനം വ്യക്തികളും ബ്രോക്കറേജും കമ്മീഷനും ഒഴിവാക്കി നേരിട്ട് മ്യൂച്വൽ…