സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്ന നിമിഷത്തിലാണ് സ്ത്രീ ശാക്തീകരണത്തിലേക്കുള്ള വാതിൽ തുറക്കപ്പെടുന്നത്. സ്ത്രീ ശാക്തീകരണത്തിലൂടെ സ്ത്രീകളുടെ വ്യക്തിത്വ വികസനത്തിനോടൊപ്പം തന്നെ അവരുടെ ആത്മവിശ്വാസവും വർദ്ധിക്കുന്നു. സമത്വമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുവാൻ സാമ്പത്തിക സ്വാതന്ത്ര്യമുള്ള സ്ത്രീകളുടെ പങ്ക് അനിവാര്യമാണ്.
ആഗോളതലത്തിൽ തന്നെ സ്ത്രീകളുടെ ശാക്തീകരണത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമായി വിലയിരുത്തുന്നത് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യത്തേയാണ്. സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകളുടെ മുന്നേറ്റത്തിന് സഹായിക്കുന്നതിനോടൊപ്പം തന്നെ ആശ്രയത്വത്തിന്റെ ചങ്ങലയിൽ നിന്ന് അവർക്ക് മോചനം നൽകുകയും ചെയ്യുന്നു. സ്വന്തം നിലയിൽ തീരുമാനമെടുക്കുവാൻ സാധിക്കുന്ന സ്ത്രീകൾക്ക് ധാരാളം അവസരങ്ങളാണ് ഇന്നത്തെ കാലത്ത് ലഭ്യമാകുന്നത്.
സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടുമ്പോൾ അവരുടെ അവകാശങ്ങൾ തിരിച്ചറിയുന്നതിനോടൊപ്പം തന്നെ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രധാനപ്പെട്ട സംഭാവന നൽകുവാൻ സ്ത്രീകൾക്ക് അവസരം ലഭിക്കുന്നു.
സ്ത്രീ ശാക്തീകരണത്തിന് സാമ്പത്തിക സ്വാതന്ത്ര്യം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് വിശദമായി പരിശോധിക്കാം.
ആശ്രയത്വത്തിൽ നിന്നുള്ള മോചനം
വീട്ടുജോലികൾ ചെയ്യുക, കുടുംബത്തിലെ എല്ലാവരുടെയും കാര്യങ്ങൾ നോക്കി നടത്തുക, എന്നിവയെല്ലാമാണ് സ്ത്രീകളുടെ ജോലി എന്ന യാഥാസ്ഥിതികമായ ചിന്തയാണ് സമൂഹത്തിലെ നല്ലൊരു ശതമാനം വ്യക്തികൾക്കുമുള്ളത്. സാമ്പത്തിക കാര്യങ്ങൾക്കായി ഒരു വ്യക്തി മറ്റുള്ളവരെ ആശ്രയിക്കുന്നത് പലതരത്തിലുള്ള വിവേചനങ്ങൾക്ക് വഴി വെക്കുന്ന കാര്യമാണ്. സമകാലിക സാമൂഹിക സാഹചര്യം പരിഗണിക്കുമ്പോൾ സാമ്പത്തികപരമായ ആശ്രയത്വം ലിംഗ വിവേചനത്തിന് കാരണമാകും എന്നത് വ്യക്തമാണ്.

ഒരു സ്ത്രീ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഭർത്താവിനെയോ കുടുംബത്തിലെ മറ്റു വ്യക്തികളെയോ ആശ്രയിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിച്ചു നോക്കുക. ഇത്തരം സാഹചര്യങ്ങളിൽ സ്വതന്ത്രമായ തിരുമാനങ്ങൾ എടുക്കാനാകാതെ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട അവസ്ഥ സ്ത്രീകൾക്ക് ഉണ്ടാകുന്നു. നമ്മുടെ സമൂഹത്തിൽ ഏറ്റവുമധികം സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നമാണിത്. ഇത്തരം സാഹചര്യങ്ങൾ സ്ത്രീകളുടെ സ്വാതന്ത്രം ഇല്ലാതാക്കുന്നതിനോടൊപ്പം തന്നെ തന്റെ ജീവിത ലക്ഷ്യങ്ങൾ പിന്തുടരുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു.
സാമ്പത്തിക സ്വാതന്ത്രമില്ലാത്ത സ്ത്രീകൾ കെണിയിൽ അകപ്പെട്ട് ജീവിക്കുന്ന അവസ്ഥ അനുഭവിക്കുന്നവരാണ്. അതിനാൽ തന്നെ ഇത്തരം പ്രതിബന്ധങ്ങളിൽ നിന്നും പുറത്ത് കടന്ന് സ്വന്തം നിലയിൽ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുവാനാകുന്ന സ്ഥതിയിലേയ്ക്ക് സ്ത്രീകൾ എത്തിച്ചേരുവാൻ ശ്രമിക്കേണ്ടതാണ്.
സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കുവാനുള്ള ശേഷി
നിങ്ങൾക്ക് സാമ്പത്തിക ശേഷി ഉണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിനെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുവാനുള്ള സ്വാതന്ത്രം നിങ്ങൾക്ക് ലഭിക്കും. അതു മാത്രമല്ല സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയുള്ളവർക്ക് അവരുടെ വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുവാൻ സാധിക്കും.

നിങ്ങൾക്ക് സ്വന്തമായി വരുമാനമുണ്ടെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന തൊഴിൽ നേടുവാനും, ബിസിനസ്സുകൾ തുടങ്ങുവാനും, സംരംഭങ്ങൾ ആരംഭിക്കുവാനും, നിങ്ങൾക്ക് സാധിക്കും. ഒരു സാധാരണ വീട്ടമ്മ എന്ന നിലയിൽ നിന്നും ഒരു മികച്ച സംരംഭക എന്ന നിലയിലേക്ക് വളരുവാനുള്ള ഏറ്റവും വലിയ പ്രചോദനം സാമ്പത്തിക സ്വാതന്ത്ര്യമാണ്. വളരെ ചെറിയ രീതിയിലായായും സ്വന്തം കഴിവുകൾ ഉപയോഗിച്ച് ചെറിയ വരുമാനമെങ്കിലും സ്വന്തമായി നേടുവാൻ ശ്രമിക്കുക.
ആത്മവിശ്വാസം ഉയർത്തുവാൻ സഹായിക്കുന്നു
സ്വയം വിലയിരുത്തുവാനും നമ്മെ തന്നെ കൂടുതൽ മികച്ച രീതിയിൽ നോക്കി കാണുവാനും സാമ്പത്തിക സ്വാതന്ത്രം സഹായിക്കുന്നു. അതിനപ്പുറം സ്വന്തമായി അധ്വാനിച്ച് വരുമാനം നേടി സ്വന്തം നിലയിൽ നീക്കിയിരിപ്പ് സൃഷ്ടിക്കുകയും പണം കൈകാര്യം ചെയ്യുകയും ചെയ്യുമ്പോൾ ഒരു വ്യക്തി എന്ന നിലയിൽ ആത്മാഭിമാനം വർദ്ധിക്കുകയും ചെയ്യും.
ഒരു വ്യക്തി തന്റെ മൂല്യം സ്വയം തിരിച്ചറിയുമ്പോൾ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെല്ലാം സ്വന്തം നിലയിൽ തരണം ചെയ്യുവാനുള്ള ശക്തി ആ വ്യക്തി കൈവരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം വ്യക്തിത്വ വികസനത്തിന് കാരണമാകുന്നതിനോടൊപ്പം തന്നെ സ്വന്തം കഴിവുകളും ശക്തിയും തിരിച്ചറിയാൻ വ്യക്തികളെ സഹായിക്കുന്നു.
സാമ്പത്തികമായി സ്വതന്ത്രമാകുമ്പോൾ സ്വന്തം വളർച്ചയ്ക്ക് വേണ്ടി പണം മാറ്റി വയ്ക്കുവാൻ നിങ്ങൾക്ക് സാധിക്കുന്നു. സ്വന്തം പണം ഉപയോഗിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നേടുവാനും, ഇഷ്ടപ്പെട്ട മേഖലയിൽ വൈദഗ്‌ധ്യം നേടുവാനും, സ്വന്തം ശേഷികൾ കണ്ടെത്തുന്നതിനും, നിങ്ങൾക്ക് അവസരം ലഭിക്കുന്നു.

നാം നമ്മിൽ തന്നെ നടത്തുന്ന നിക്ഷേപം നമ്മുടെ ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുവാൻ നമ്മെ സഹായിക്കുന്നു. ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങൾക്കു ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യം സമൂഹത്തിൽ അന്തർലീനമായിരിക്കുന്ന പ്രതിബന്ധങ്ങൾ തരണം ചെയ്യുവാൻ നിങ്ങളെ സഹായിക്കുന്നതിനോടൊപ്പം തന്നെ സമൂഹത്തിലെ ഉയർന്ന പദവികൾ അലങ്കരിക്കുവാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.
സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട് ഒരു വ്യക്തി തീർച്ചയായും അറിഞ്ഞിരിക്കേണ്ട അറിവുകളും ശീലങ്ങളും സ്ത്രീകൾക്ക് പകർന്നു നൽകുമ്പോൾ അത് അവരുടെ ശാക്തീകരണത്തിന് വഴിവയ്ക്കുന്നു. അതുമാത്രമല്ല ഇത്തരം അവസരങ്ങൾ ലിംഗ വിവേചനം ഒഴിവാക്കാനുള്ള പ്രധാനപ്പെട്ട ചുവടുവെപ്പായി കണക്കാക്കേണ്ടിയിരിക്കുന്നു.
ഓരോ വ്യക്തിയും, സമൂഹമാകെയും സ്ത്രീ ശാക്തീകരണത്തിന് സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണെന്ന സത്യം അംഗീകരിക്കേണ്ടതുണ്ട് . എല്ലാ വ്യക്തികളും ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കുക വഴി സമത്വമുള്ള ഒരു സാമൂഹിക സ്ഥിതി കെട്ടിപ്പടുക്കുവാനും പരിധികളില്ലാതെ സ്ത്രീകൾക്ക് വളരുവാനുമുള്ള സാഹചര്യം സൃഷ്ടിച്ചെടുക്കുവാനും സാധിക്കുന്നതാണ്.