stop-worrying-about-money

Sharing is caring!

നമ്മുടെ ജീവിതശൈലി നമ്മളുമായി ബന്ധപ്പെട്ട പല കാര്യങ്ങളെയും സ്വാധീനിക്കുന്നത് പോലെ സാമ്പത്തിക ആരോഗ്യത്തെയും കാര്യമായി സ്വാധീനിക്കുന്നുണ്ട്. ജീവിതത്തിലെ പല തിരഞ്ഞെടുപ്പുകളും നിസ്സാരമെന്നു തോന്നാമെങ്കിലും കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച് അത്തരം കാര്യങ്ങൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയേയും ഭാവിയേയും കാര്യമായി സ്വാധീനിച്ചേക്കാം. ജീവിതശൈലിയും സാമ്പത്തിക ആരോഗ്യവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ആഴത്തിൽ പരിശോധിക്കാം.

ദിവസേനയുള്ള ശീലങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾ

ദിവസവും തുടരുന്ന ചില ശീലങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾ നിങ്ങളുടെ സാമ്പത്തിക ആരോഗ്യം നിർണയിക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. ഇടയ്ക്കിടെ പുറത്തുനിന്ന് ചായ കുടിക്കുക, സ്ഥിരമായി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുക മുതലായ ശീലങ്ങൾക്ക് ചെലവാകുന്ന തുക വളരെ കുറവായി തോന്നിയേക്കാം. എന്നാൽ കുറച്ചു ദിവസത്തേക്ക് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ആവശ്യമായി വരുന്ന തുക കണക്കാക്കുമ്പോൾ ഇങ്ങനെയുള്ള ചെലവുകൾ നിങ്ങളുടെ ബഡ്ജറ്റിനെ താളം തെറ്റിക്കുന്നതാണെന്ന് കാണുവാൻ സാധിക്കും.

നിത്യ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമായി മാറുന്ന ചില ശീലങ്ങൾ നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. എന്നാൽ ദിവസേനയുള്ള ചെറിയ ചെലവുകൾ കൃത്യമായി നിരീക്ഷിക്കുകയാണെങ്കിൽ ജീവിതത്തിന്റെ ഭാഗമായ അത്യാവശ്യ കാര്യങ്ങളെക്കാൾ തുക ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയാണ് നാം ചെലവഴിക്കുന്നതെന്ന് മനസ്സിലാക്കാനാകും.

സാമ്പത്തിക സ്ഥിരതയെ മോശമായി ബാധിക്കുന്ന ഇത്തരം ശീലങ്ങൾ ഒഴിവാക്കണമെങ്കിൽ വളരെ ആത്മാർത്ഥമായ ശ്രമം ആവശ്യമാണ്. അതുപോലെ വളരെ ശ്രദ്ധിച്ച് പണം ചെലവഴിക്കുന്നത് മികച്ച രീതിയിൽ പണം കൈകാര്യം ചെയ്യുവാനും നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാനും നിങ്ങൾക്ക് സഹായകരമാകും. നിങ്ങളുടെ ചെലവുകളുടെ പ്രാധാന്യത്തിന് അനുസരിച്ച് മുൻഗണന ക്രമത്തിൽ ചെലവുകൾ നടത്തുവാൻ കഴിയണം. ഉദാഹരണത്തിന് തുടർച്ചയായി പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി വീട്ടിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത് ശീലമാക്കുക. ഇതിലൂടെ പണം ലാഭിക്കുന്നതിനോടൊപ്പം ആരോഗ്യപരമായ ഭക്ഷണ രീതി വളർത്തിയെടുക്കുവാനും നിങ്ങൾക്ക് സാധിക്കും.

വിദ്യാഭ്യാസത്തിലൂടെ മികച്ച കരിയർ സാധ്യതകൾ കണ്ടെത്താം

ദീർഘകാല അടിസ്ഥാനത്തിലുള്ള സാമ്പത്തിക സുരക്ഷയ്ക്കായി അറിവും വൈദഗ്ധ്യവും നേടുന്നതിന് പണം നിക്ഷേപിച്ചുകൊണ്ട് മികച്ച കരിയർ സാധ്യതകൾ കണ്ടെത്തേണ്ടതാണ്. തൊഴിലിടങ്ങളിൽ ആവശ്യമായി വരുന്ന വൈദഗ്ധ്യം നേടുന്നതിലൂടെ മികച്ച സാധ്യതകളുടെ വാതിൽ നിങ്ങൾക്കായി തുറക്കപ്പെടുകയാണ് ചെയ്യുന്നത്. പ്രശ്നപരിഹാരം കണ്ടെത്തുവാനും മികച്ച രീതിയിൽ ആശയവിനിമയം നടത്തുവാനുമുള്ള നിങ്ങളുടെ ശേഷിക്ക് വലിയ പ്രാധാന്യമാണ് തൊഴിൽ ദാദാക്കൾ നൽകുന്നത്.

ഉന്നത വിദ്യാഭ്യാസം ഉയർന്ന ജോലി സാധ്യതയ്ക്കും കൂടുതൽ ശമ്പളം ലഭിക്കുന്നതിനും കാരണമാകുന്നു. ഉദാഹരണത്തിന് ഒരു സാധാരണ ബിരുദം മാത്രം യോഗ്യതയുള്ള വ്യക്തികളെക്കാൾ കൂടുതൽ തൊഴിൽ സാധ്യതയുള്ളത് ബിരുദത്തോടൊപ്പം തൊഴിലുമായി ബന്ധപ്പെട്ട അധിക യോഗ്യത കരസ്ഥമാക്കുന്നവർക്കാണ്. അതുകൊണ്ടു തന്നെ പഠനം തുടർന്നുകൊണ്ട് കഴിവുകൾ വികസിപ്പിക്കുവാൻ ശ്രമിക്കുക.

തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് പുത്തൻ അറിവുകൾ നേടുവാൻ കഴിഞ്ഞാൽ മാത്രമേ പ്രമോഷനുകളും കൂടുതൽ ശമ്പളവും നിങ്ങളെ തേടിയെത്തുകയുള്ളൂ.

വീടും, ജീവിത ചെലവുകളും

നിങ്ങൾ താമസിക്കുന്ന വീടിനേയും ജീവിത ചെലവുകളേയും സംബന്ധിക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന കാര്യങ്ങളാണ്. നിങ്ങളുടെ ബഡ്ജറ്റിനെ മോശമായി ബാധിക്കാത്ത രീതിയിലുള്ള വീട് ആയിരിക്കണം നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ടത്. ആഡംബര പൂർണ്ണമായ ഭവനം നിർമ്മിക്കുന്നതാണ് ഇന്നത്തെ കാലത്ത് പല വ്യക്തികളെയും സാമ്പത്തിക ഞെരുക്കത്തിൽ എത്തിക്കുന്നത്. വാടക വീടിനെ ആശ്രയിക്കുന്നവർ ആണെങ്കിൽ നിങ്ങളുടെ ബഡ്ജറ്റിനുള്ളിൽ വരുന്ന വീടാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്.

വരുമാനത്തിനനുസരിച്ച് ജീവിത ചെലവുകളിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുവാൻ കഴിയണം. കരണ്ട് ബില്ല്, വാട്ടർ ബില്ല്, മൊബൈൽ ഫോൺ റീചാർജ്ജ് ഇവയെല്ലാം ഒരു പരിധിക്കുള്ളിൽ നിലനിർത്തേണ്ടതുണ്ട്. ഊർജ്ജ സംരക്ഷണത്തിന് സഹായിക്കുന്ന രീതിയിലുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക.

ചെലവുകൾ നിയന്ത്രിക്കുവാനായി സുസ്ഥിരമായ ജീവിതശൈലി തുടരുവാൻ ശ്രമിക്കുക. മാലിന്യങ്ങൾ സൃഷ്ടിക്കുന്നത് പരമാവധി കുറയ്ക്കുക. നിത്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും മിതവ്യയ ശീലം പാലിക്കുക. വാടക, പലതരത്തിലുള്ള ബില്ലുകൾ, ഒരു വീടുമായി ബന്ധപ്പെട്ട മറ്റു ചെലവുകൾ എല്ലാം ഉൾപ്പെടുത്തി പ്രായോഗികമായ ബഡ്ജറ്റ് തയ്യാറാക്കുക. അനാവശ്യമായ ചെലവുകൾ ഒഴിവാക്കി പണം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുവാൻ ബഡ്ജറ്റ് അനിവാര്യമാണ്.

വിനോദത്തിനായുള്ള ഉപാധികൾ

വിനോദത്തിനായി ഉയർന്ന തുക ചെലവഴിക്കുന്നത് നിങ്ങളുടെ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന കാര്യമാണ്. തുടർച്ചയായി വിനോദയാത്രകൾ നടത്തുക, പുറത്തുനിന്നുള്ള ഭക്ഷണം, ധാരാളം സിനിമകൾ കാണുക തുടങ്ങിയ ശീലങ്ങൾ വലിയ പണച്ചെലവിന് കാരണമാകുന്നവയാണ്.

നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള വിനോദ ഉപാധികൾ ആയിരിക്കണം നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തെ മോശമായി ബാധിക്കാത്ത മാനസിക ഉല്ലാസം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. വീട്ടിൽ ഒരു പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കുക, പാട്ടുകള്‍ ആസ്വദിക്കുക, പെയിൻ്റിംഗ് ചെയ്യുക തുടങ്ങി നിങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ള വലിയ പണച്ചെലവുകൾ ഇല്ലാത്ത വിനോദ ഉപാധികൾ തിരഞ്ഞെടുക്കാവുന്നതാണ്.

സാമ്പത്തിക ആസൂത്രണം

മികച്ച നിലയിൽ സാമ്പത്തിക ആസൂത്രണം നടത്തി നീക്കിയിരിപ്പ് സൃഷ്ടിക്കുന്നതിലൂടെ നിങ്ങൾക്ക് സാമ്പത്തിക സ്ഥിരത നിലനിർത്തുവാൻ സാധിക്കുന്നു. പ്രായോഗികമായ സാമ്പത്തിക ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുവാൻ തയ്യാറാവുക.

ഒരു ബഡ്ജറ്റ് സൃഷ്ടിക്കുക. നിങ്ങളുടെ പണം എങ്ങനെയെല്ലാമാണ് ചെലവഴിക്കുന്നത് എന്ന് മനസ്സിലാക്കുവാനും നിങ്ങളുടെ വരുമാനത്തിനനുസരിച്ച് ജീവിത ചെലവുകൾ ആസൂത്രണം ചെയ്യുവാനും ബഡ്ജറ്റിനെ ആശ്രയിക്കേണ്ടതുണ്ട്. നിങ്ങളുടെ ചെലവുകൾ കൃത്യമായി ട്രാക്ക് ചെയ്താൽ മാത്രമേ അനാവശ്യ ചെലവുകൾ ഒഴിവാക്കി കൂടുതൽ നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാൻ സാധിക്കുകയുള്ളൂ. 

മെഡിക്കൽ ബില്ലുകൾ, കാറിന്റെ റിപ്പയറിംഗ് വർക്കുകൾ തുടങ്ങി അപ്രതീക്ഷിതമായി ജീവിതത്തിൽ കടന്നുവരുന്ന ചെലവുകൾ നടത്തുവാനായി ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുക. മൂന്നു മുതൽ ആറു മാസം വരെയുള്ള നിങ്ങളുടെ ജീവിത ചെലവിന് ആവശ്യമായി വരുന്ന ആകെ തുകയാണ് എമർജൻസി ഫണ്ടിൽ ഉണ്ടായിരിക്കേണ്ടത്.

നിങ്ങളുടെ ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനും നികുതിയിളവ് ലഭിക്കുന്നതിനുമായി ഒരു റിട്ടയർമെൻ്റ് പദ്ധതിയുടെ ഭാഗമാകുവാൻ ശ്രമിക്കുക. കഴിയാവുന്നത്ര നേരത്തെ ആരംഭിച്ച് അച്ചടക്കത്തോടുകൂടി നിക്ഷേപിക്കുകയാണെങ്കിൽ റിട്ടയർമെന്റിന് ശേഷം സമാധാനപൂർണ്ണമായ ജീവിതം നയിക്കാനുള്ള തുക അനായാസേന സ്വന്തമാക്കുവാൻ നിങ്ങൾക്ക് സാധിക്കും.

വ്യക്തമായ ആസൂത്രണത്തിലൂടെ ഒരു പദ്ധതി തയ്യാറാക്കി പ്രവർത്തിച്ചതിനു ശേഷം കൃത്യമായ ഇടവേളകളിൽ പദ്ധതികളുടെ പുരോഗമനം വിലയിരുത്തുവാനും സാഹചര്യങ്ങൾക്കനുസരിച്ച് പരിഷ്കാരങ്ങൾ കൊണ്ടുവരുവാനും ശ്രമിക്കുക.

ആരോഗ്യകരമായ ജീവിതരീതി 

നിങ്ങളുടെ ശാരീരിക ആരോഗ്യസ്ഥിതി നിങ്ങളുടെ സാമ്പത്തിക ആരോഗ്യത്തിനെ നേരിട്ട് ബാധിക്കുന്ന ഘടകമാണെന്ന സത്യം തിരിച്ചറിയുക. സ്ഥിരമായ വ്യായാമം, സമീകൃത ആഹാരം, മദ്യപാനം പുകവലി മുതലായ മോശം ശീലങ്ങൾ ഒഴിവാക്കുക, തുടങ്ങിയ കാര്യങ്ങൾ പിന്തുടരുകയാണെങ്കിൽ നിങ്ങളുടെ മെഡിക്കൽ ബില്ലിൽ കാര്യമായ കുറവ് വരുത്തുവാൻ നിങ്ങൾക്ക് സാധിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങൾ പ്രമേഹം എന്നിവ തടയുവാനും ഈ അസുഖങ്ങളുമായി ബന്ധപ്പെട്ട ആശുപത്രിവാസം ഒഴിവാക്കുവാനും സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെയും ആഹാരക്രമത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിലൂടെയും സാധിക്കും. 

ജീവിതശൈലി രോഗങ്ങൾ തടയുവാനായി ഭക്ഷണക്രമത്തിൽ അനിവാര്യമായ നിയന്ത്രണങ്ങൾ നടപ്പിലാക്കുക. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തിയാൽ മാത്രമേ നിങ്ങൾക്ക് കൃത്യമായി ജോലി ചെയ്യുവാൻ സാധിക്കുകയുള്ളൂ. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ച്ചവച്ചുകൊണ്ട് കരിയർ വളർച്ചയോടൊപ്പം സാമ്പത്തിക പുരോഗതി നേടുവാൻ മികച്ച ആരോഗ്യസ്ഥിതി അനിവാര്യമാണെന്ന് ഓർക്കുക.

സംഗ്രഹം

നിത്യ ജീവിതവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പുകൾ സാമ്പത്തിക ആരോഗ്യത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് തിരിച്ചറിയണം. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയോടൊപ്പം സമാധാനപൂർണ്ണമായ വ്യക്തിജീവിതവും നയിക്കുവാൻ സഹായകരമാകുന്ന ജീവിതശൈലിയാണ് നാം പിന്തുടരേണ്ടത്. വളരെ ശ്രദ്ധിച്ച് പണം ചെലവഴിക്കുവാനും നീക്കിയിരുപ്പുകൾ സൃഷ്ടിക്കുവാനും സാധിച്ചാൽ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ഭാവി ജീവിതം സുരക്ഷിതമാക്കുവാനും നിങ്ങൾക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഔദ്യോഗിക ജീവിതത്തിനിടയിലെ നീണ്ട അവധികൾ സ്ത്രീകളുടെ റിട്ടയർമെന്റ് പദ്ധതികളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്

സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പുവരുത്തുവാനായി റിട്ടയർമെൻ്റ് മുന്നിൽ കണ്ട് അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ച് പ്രവർത്തിക്കേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്ന…

ധനികനാകുവാനുള്ള 6 സുവർണ്ണ നിയമങ്ങൾ

ലോക പ്രശസ്ത എഴുത്തുകാരനായ ജോർജ്ജ് സാമുവൽ ക്ലേസന്റെ റിച്ചസ്റ്റ് മാൻ ഇൻ ബാബിലോൺ എന്ന പുസ്തകത്തിൽ…

ജീവിത പങ്കാളിയുമായി ചേർന്ന് സാമ്പത്തിക ആസൂത്രണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഏഴു കാര്യങ്ങൾ

പരസ്പര ബന്ധങ്ങൾ, ജീവിതശൈലി, ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ തുടങ്ങി പല കാര്യങ്ങളേയും നേരിട്ട് സ്വാധീനിക്കുന്ന ഒന്നാണ്…

സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുന്നതിൽ ഇൻഷുറൻസുകളുടെ പങ്ക് എത്രത്തോളമാണ്

അരക്ഷിതാവസ്ഥയും ധാരാളം റിസ്ക്കുകളും നിലനിൽക്കുന്ന ലോകത്താണ് നാം വസിക്കുന്നത്. വ്യക്തികളും, കുടുംബങ്ങളും, ബിസിനസ്സുകളും, ആസ്തികളുമെല്ലാം ഇത്തരത്തിലുള്ള…