ഇന്ത്യൻ ഗവൺമെന്റ്, ആർ ബി ഐ, നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൻ പി സി ഐ ), ഇന്ത്യയിലെ ബാങ്കുകൾ എന്നിവരുടെ സഹകരണത്തോടെ ആരംഭിച്ച പുതിയ ഡിജിറ്റൽ പെയ്മെന്റ് സംവിധാനമാണ് ഇ റുപ്പി എന്നത്. ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയോ അല്ലെങ്കിൽ ഒരു പ്രത്യേക കാര്യനിർവ്വഹണത്തിന് മാത്രമായോ പണം കൈമാറുന്ന രീതിയാണ് ഇ റുപ്പിയിൽ നിലവിലുള്ളത്. ഇവിടെ ഒരു വ്യക്തിയോ ഗവൺമെന്റോ മറ്റൊരു വ്യക്തിക്കോ സ്ഥാപനത്തിനോ പ്രത്യേക ഉദ്ദേശത്തിനായി കൈമാറുന്ന പണത്തെ സാധാരണ നിലയിൽ ഉപയോഗിക്കുവാനും, വകമാറ്റി ചെലവഴിക്കാനും, മറ്റുള്ളവർക്ക് കൈമാറുവാനും സാധിക്കുന്നതല്ല.
സാധാരണഗതിയിൽ എന്നപോലെ പണം കൈമാറുവാൻ സാധിക്കുകയില്ലെങ്കിലും ഒരു ഡിജിറ്റൽ പെയ്മെന്റ് ആപ്ലിക്കേഷൻ എന്ന രീതിയിലാണ് ഇ റുപ്പി വികസിപ്പിച്ചിരിക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, തുടങ്ങിയ ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ മാത്രം ഉപയോഗിക്കാവുന്ന ഗിഫ്റ്റ് കാർഡുകൾക്ക് സമാനമാണ് ഈ പണമിടപാട് സംവിധാനം. മേൽപ്പറഞ്ഞ ഇ കൊമേഴ്സ് സൈറ്റുകളിലെ ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് പ്രസ്തുത സൈറ്റുകളിൽ നിന്ന് മാത്രമേ സാധനം വാങ്ങുവാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ മുൻകൂട്ടി പണമടച്ച വൗച്ചറായ ഇ റുപ്പി ഒരു പ്രത്യേക കാര്യത്തിനു മാത്രം ഉപയോഗിക്കാവുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഇ റുപ്പി സംവിധാനം എന്താണെന്ന് ഒരു ലളിതമായ ഉദാഹരണത്തിലൂടെ മനസ്സിലാക്കുവാൻ ശ്രമിക്കാം. ഒരു വ്യക്തിക്ക് കോവിഡ് വാക്സിൻ എടുക്കുവാനുള്ള പണം നിങ്ങൾ നൽകുവാൻ ആഗ്രഹിക്കുന്നു എന്ന് കരുതുക. അതിനായി വാക്സിനേഷനുമായി ബന്ധപ്പെട്ട പർപ്പസ് കോഡിന്റെ സഹായത്തോടെ നിങ്ങൾ ആ വ്യക്തിക്ക് വൗച്ചർ നൽകുന്നു. നിങ്ങൾ വൗച്ചർ നൽകിയ വ്യക്തിക്ക് ആ വൗച്ചർ പണമാക്കി മാറ്റുവാൻ സാധിക്കുകയില്ല മറിച്ച് ഒരു ഹോസ്പിറ്റലിൽ വാക്സിൻ എടുത്തതിന്റെ ബില്ലിനു മാത്രമേ ആ വ്യക്തിക്ക് വൗച്ചറിലൂടെ പണം കൈമാറുവാൻ സാധിക്കുകയുള്ളൂ.

മറ്റ് ഡിജിറ്റൽ പെയ്മെന്റ് സംവിധാനങ്ങളിലൂടെ പണം കൈമാറുമ്പോൾ നിങ്ങൾ നൽകിയ പണം നിങ്ങൾ ഉദ്ദേശിച്ച കാര്യത്തിന് തന്നെയാണോ ഉപയോഗിച്ചത് എന്ന് മനസ്സിലാക്കുവാൻ സാധിക്കുകയില്ല. ഉദാഹരണത്തിന് ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പണം നൽകുമ്പോൾ നിങ്ങൾ നൽകിയ പണം കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്തി എന്ന് തിരിച്ചറിയുവാൻ നിങ്ങൾക്ക് അവസരം ലഭിക്കുന്നില്ല. ഇ റുപ്പി എന്ന ഡിജിറ്റൽ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് പണം കൈമാറുന്നതിനുള്ള സുതാര്യതയാണ്.
ചാരിറ്റി പ്രവർത്തനങ്ങൾക്കായി വ്യക്തികൾ പണം നൽകുമ്പോഴും, സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്കായി ഗവൺമെന്റ് വ്യക്തികൾക്ക് പണം നൽകുമ്പോഴും, നൽകുന്ന പണം നൽകേണ്ട ആൾക്ക് തന്നെ ലഭിച്ചു എന്ന് ഇ റുപ്പി ഉപയോഗിക്കുക വഴി ഉറപ്പാക്കുവാൻ സാധിക്കും. അങ്ങനെ പണമിടപാടുകളിൽ കൂടുതൽ സുതാര്യത കൊണ്ടുവരുവാനും അഴിമതി ഒഴിവാക്കുവാനും ഇ റുപ്പി സംവിധാനത്തിലൂടെ അവസരം ലഭിക്കുന്നു.
ഇ റുപ്പി സംവിധാനം ഒരു മൊബൈൽ ആപ്ലിക്കേഷൻ എന്ന രീതിയിൽ മാത്രം ആരംഭിക്കുവാനാണ് ആർ ബി ഐ ആദ്യം തീരുമാനമെടുത്തിരുന്നതെങ്കിലും ഇന്ത്യയിലെ നല്ലൊരു ശതമാനം വ്യക്തികൾക്കും ഇന്നും സ്മാർട്ട്ഫോൺ അപ്രാപ്യമായി തുടരുന്നതിനാൽ എസ് എം എസ് സംവിധാനത്തിലൂടെയും ഇടപാടുകൾ നടത്തുവാൻ ഇ റുപ്പിയിലൂടെ സാധിക്കുന്നതാണ്.
ഇ റുപ്പി ഡിജിറ്റൽ സംവിധാനത്തിന്റെ ഏറ്റവും വലിയ ഗുണം എന്നത് പണം കൃത്യമായി ഉപയോഗിക്കപ്പെടുന്നു എന്ന് പണം നൽകുന്ന ആൾക്ക് ഉറപ്പുവരുത്തുവാൻ സാധിക്കുന്നു എന്നതാണ്. അതായത് പണത്തിന്റെ കൈമാറ്റം കൃത്യമായി ഈ സംവിധാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഏറ്റവും ലളിതമായ ഉദാഹരണത്തിലൂടെ ഇ റുപ്പി സംവിധാനത്തിന്റെ വിശ്വാസ്യത നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. വിശപ്പടക്കുവാനായി ഭിക്ഷയെടുക്കുന്ന വ്യക്തികളെ നമ്മുടെ ചുറ്റുപാടും ഇന്നും കാണുവാൻ കഴിയുന്ന കാഴ്ച്ചയാണ്. ഭക്ഷണം വാങ്ങുവാനായി അവർക്ക് പണം നൽകിയാൽ ആ പണം ശരിയായ രീതിയിൽ ഉപയോഗിക്കപ്പെടുമോ എന്ന് പണം നൽകുന്നയാൾക്ക് സംശയം ഉണ്ടായേക്കാം. എന്നാൽ ഭക്ഷണത്തിന് പണം നൽകുന്നതിന് പകരം ഭക്ഷണം ലഭിക്കാനുള്ള ഫുഡ് കൂപ്പൺ ആണ് നമ്മൾ നൽകുന്നതെങ്കിൽ ആ ഫുഡ് കൂപ്പണിലൂടെ വിശപ്പടക്കുവാനുള്ള ഭക്ഷണം ആ വ്യക്തിക്ക് ലഭിക്കുന്നു എന്ന് നമുക്ക് ഉറപ്പുവരുത്താനാകും. ഇതു തന്നെയാണ് ഈ സംവിധാനത്തിന്റെ പ്രസക്തി.
ഈ റുപ്പി സംവിധാനം അഴിമതിക്കെതിരെ എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കുവാൻ ശ്രമിക്കാം. നമ്മൾ ഒരു വ്യക്തിക്ക് പണം നൽകുമ്പോൾ നൽകിയ പണം ആ വ്യക്തിക്ക് ഏതൊരു കാര്യത്തിനും ഉപയോഗിക്കുവാനും, ഏതൊരു വ്യക്തിക്ക് നൽകുവാനും സാധിക്കും എന്നതിനാലാണ് ഇവിടെ അഴിമതി നടക്കുന്നത്. എന്നാൽ പണം നൽകുന്നതിന്റേയും പണം ഉപയോഗിക്കപ്പെടുന്നതിന്റേയും വിവരങ്ങൾ കൃത്യമായി മനസ്സിലാക്കുവാൻ സാധിച്ചാൽ അഴിമതി തുടച്ചുനീക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട ചുവടുവെപ്പ് അതു തന്നെയായിരിക്കും.
ഈ സംവിധാനത്തിൽ ആരാണെന്ന് ഗുണഭോക്താവ് എന്ന് കൃത്യമായി തിരിച്ചറിയുന്നത് അവരുടെ മൊബൈൽ നമ്പറിലൂടെയാണ്. ഗുണഭോക്താവിന് പണം കൈമാറുന്നത് ഒരു രജിസ്റ്റേർഡ് മൊബൈൽ നമ്പറിന്റെ സഹായത്തോടെ ആയിരിക്കും. മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ ഗുണഭോക്താവിന് ലഭ്യമായ പണം ശരിയായ ആവശ്യത്തിന് ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ. സാമൂഹികക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് പണം കൈമാറുക, പ്രാഥമിക വിദ്യാഭ്യാസം, ഇൻഷുറൻസ്, പലതരത്തിലുള്ള സബ്സിഡികൾ എന്നതിനെല്ലാം തന്നെ ഇ റുപ്പി സംവിധാനം വ്യാപകമായി ഉപയോഗപ്പെടുത്തുവാനാണ് ഗവൺമെന്റ് തീരുമാനിച്ചിരിക്കുന്നത്.

ഇ റുപ്പീ സംവിധാനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന മറ്റൊരു ഘടകം ബാങ്കുകൾ തന്നെയാണ്. ഒരു പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന വൗച്ചറുകൾ കൃത്യമായ ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമാണ് ബാങ്കുകൾ വൗച്ചറുകൾ പണമായി മാറ്റി നൽകുകയുള്ളൂ.
ഇ റുപ്പി സംവിധാനത്തിന്റെ ഗുണങ്ങൾ എന്തെല്ലാം
ഒരു ബാങ്ക് അക്കൗണ്ടിന്റേയോ, മൊബൈൽ ആപ്ലിക്കേഷന്റേയോ സഹായമില്ലാതെ തന്നെ ഗുണഭോക്താവിന് വളരെ ലളിതമായ രീതിയിൽ പണം ലഭ്യമാക്കുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഒരു എസ് എം എസ് മുഖേനയോ അല്ലാതെയോ ഗുണഭോക്താവിന് വൗച്ചർ കോഡ് ലഭ്യമാവുകയും ആ വൗച്ചർ എവിടെയാണോ നൽകേണ്ടത് അവിടെ നൽകുന്നത് വഴി ആ വൗച്ചർ കൃത്യമായി ഗുണഭോക്താവിന് ഉപയോഗിക്കുവാൻ സാധിക്കുന്നു. ഇവിടെ ഒരുതരത്തിലുള്ള വ്യക്തിഗത വിവരങ്ങളും കൈമാറാതെ തന്നെ വളരെ ലളിതമായ രീതിയിൽ ഗുണഭോക്താവിന് അനുകൂല്യങ്ങൾ ലഭ്യമാകുന്നു.
പൂർണ്ണമായും ഡിജിറ്റൽ സംവിധാനമായതിനാൽ തന്നെ കറൻസി ഇടപാടുകൾ ഒഴിവാക്കുന്നതിന്റെ നേട്ടം ഗവൺമെന്റിന് ലഭിക്കുന്നു. ഗവൺമെന്റ് പദ്ധതികളിൽ സാധാരണ നിലയിൽ അനുകൂല്യങ്ങൾ ലഭ്യമാകുവാനുള്ള കാലതാമസവും, ഉദ്യോഗസ്ഥരുടെ അനാവശ്യമായ ഇടപെടലുകളും, അഴിമതിയും ഇല്ലാതാക്കുവാൻ ഇ റുപ്പി സംവിധാനത്തിലൂടെ സാധിക്കുന്നു.
ആദ്യഘട്ടത്തിൽ ഗവൺമെന്റിന്റെ വിവിധ ക്ഷേമ പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഭാവിയിൽ സാധാരണക്കാരുടെ വിവിധ ആവശ്യങ്ങൾക്ക് ഉതകുന്ന രീതിയിൽ ഈ സംവിധാനത്തെ ഉപയോഗപ്പെടുത്താവുന്നതാണ്.