12.6 ട്രില്യൻ യു എസ് ഡോളറാണ് ഇന്ത്യ രാജ്യത്തിന്റെ ആകെ സമ്പത്തായി കണക്കാക്കിയിരിക്കുന്നത്. ഈ ഭീമമായ തുക ഇന്ത്യയിലെ ആകെയുള്ള കുടുംബങ്ങൾക്കായി വീതിച്ച് നൽകുകയാണെങ്കിൽ ഒരു കുടുംബത്തിന് ഏകദേശം 38 ലക്ഷം രൂപയാണ് ലഭിക്കുക. രാജ്യത്തിനാകെ ഇത്രയും അധികം സമ്പത്തുണ്ടായിട്ടും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും ജീവിത നിലവാരം കാര്യമായി മെച്ചപ്പെടുന്നില്ല എന്നതാണ് വാസ്തവം.
മേൽപ്പറഞ്ഞ കണക്കിൽ നിന്ന് സമ്പന്നരുടെ പക്കൽ തന്നെയാണ് സമ്പത്ത് വീണ്ടും കുന്നുകൂടുന്നതെന്ന് വ്യക്തമായി മനസ്സിലാക്കുവാൻ സാധിക്കും സമ്പന്നരായ വ്യക്തികൾ അവരുടെ സമ്പത്ത് നിലനിർത്തുന്നതും വളർത്തുന്നതും പ്രധാനമായും മൂന്ന് ശീലങ്ങൾ പിന്തുടർന്നു കൊണ്ടാണ്.
രാജ്യത്താകെയുള്ള ഭീമമായ സമ്പത്ത് എല്ലാവർക്കും തുല്യമായി ലഭിക്കണമെങ്കിൽ അപ്രയോഗികമായ ചില നടപടികളിലൂടെ മാത്രമേ സാധിക്കു. സമ്പന്നരായ വ്യക്തികൾ അവരുടെ സമ്പത്ത് രാജ്യത്താകെയുള്ള വ്യക്തികൾക്കായി വിഭജിച്ചു നൽകുക എന്നതാണ് ഒന്നാമത്തെ വഴി. ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ദരിദ്രരായ വ്യക്തികൾക്ക് കണക്കില്ലാതെ നോട്ടുകെട്ടുകൾ അച്ചടിച്ച് നൽകുക എന്നതാണ് രണ്ടാമത്തെ വഴി. മേൽപ്പറഞ്ഞ അപ്രായോഗികമായ വഴികളല്ലാതെ സാധാരണക്കാരായ വ്യക്തികൾക്ക് സമ്പന്നത കൈവരിക്കുവാനായി സമ്പന്നരായ വ്യക്തികളുടെ ശീലങ്ങൾ മനസ്സിലാക്കുകയും അവ കൃത്യമായി നടപ്പാക്കുകയും ചെയ്യുക മാത്രമാണ് ഏക മാർഗ്ഗം.
മികച്ച പാസീവ് വരുമാനസ്രോതസ്സുകൾ സൃഷ്ടിച്ചെടുക്കുക
വ്യക്തികളുടെ നേരിട്ടുള്ള അധ്വാനവും സമയവും ചെലവാക്കാതെ വരുമാനം നേടുവാനായി അവരെ സഹായിക്കുന്ന വരുമാന സ്രോതസ്സുകളാണ് പാസീവ് വരുമാനസ്രോതസ്സുകൾ. സാധാരണക്കാരായ വ്യക്തികൾ കഠിനാധ്വാനത്തിലൂടെ കൂടുതൽ പണം നേടുവാൻ ശ്രമിക്കുമ്പോൾ സമ്പന്നരായ വ്യക്തികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ലാഭകരമായ പാസീവ് വരുമാനസ്രോതസ്സുകൾ സൃഷ്ടിച്ചെടുക്കുവാനാണ്.
നേരിട്ടുള്ള ഇടപെടലുകൾ കാര്യമായി ഇല്ലാതെ തന്നെ കൃത്യമായി വരുമാനം നൽകുന്ന സംരംഭങ്ങളാണ് സമ്പന്നരായ വ്യക്തികളെ പാസീവ് വരുമാനം നേടാൻ സഹായിക്കുന്നത്. ശമ്പള വർദ്ധനവിനും ഉദ്യോഗ കയറ്റത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യാതെ ലാഭകരമായ സംരംഭങ്ങളും പ്രവർത്തനങ്ങളും വളർത്തിയെടുക്കാൻ അവർ നിരന്തരം ശ്രമിക്കുന്നു.

തുടക്കകാലത്ത് പാസീവ് വരുമാനസ്രോതസ്സുകളിൽ നിന്നും വളരെ തുച്ഛമായ വരുമാനമാണ് ലഭിക്കുന്നതെങ്കിൽ പോലും അതിനെ മികച്ച നേട്ടമായി തന്നെ കണക്കാക്കി കൂടുതൽ നേട്ടങ്ങൾ നേടുവാനായി പാസീവ് വരുമാനസ്രോതസ്സുകളെ പരുവപ്പെടുത്തുകയാണ് വേണ്ടത്. ലോകത്തെ സമ്പന്നരെല്ലാം തന്നെ മികച്ച പാസീവ് വരുമാനസ്രോതസ്സുകൾ സൃഷ്ടിക്കാനായി അവരുടെ തുടക്കകാലത്ത് ഏറെ കഠിനാധ്വാനം ചെയ്തവരാണ്. സമ്പന്നതയിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായി പാസീവ് വരുമാനസ്രോതസ്സുകളെ കണക്കാക്കാം.
കടത്തിന്റെ മേലുള്ള നിയന്ത്രണം
സമ്പന്നനായ വ്യക്തികൾ സാധാരണക്കാരെ പോലെ തന്നെ പല കാര്യങ്ങൾക്കായി കടം.വാങ്ങാറുണ്ടെങ്കിലും ആ കടങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാനും കടങ്ങളെ ആശ്രയിച്ച് കൂടുതൽ നേട്ടം നേടുവാനും അവർ ശ്രമിക്കാറുണ്ട്. എന്നാൽ സാധാരണക്കാരായ വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലനായി മാറുന്നത് അവരുടെ ബാധ്യതകളാണ്.
വിദ്യാഭ്യാസത്തിനും, വാഹനത്തിനും, ഭവനത്തിനും തുടങ്ങി ജീവിതത്തിലെ എല്ലാ ആവശ്യങ്ങൾക്കും ലോണുകളെ ആശ്രയിക്കുന്നവരാണ് സാധാരണക്കാരായ വ്യക്തികൾ. ലോണുകളെ ആശ്രയിച്ചു കൊണ്ട് വാഹനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ വസ്തുക്കൾ സ്വന്തമാക്കുമ്പോൾ ഭാവിയിൽ അവ ബാധ്യതയായി മാറുവാനുള്ള സാധ്യത ഏറെയാണ്. ഉപഭോഗ വസ്തുക്കൾ സ്വന്തമാക്കുവാനുള്ള മുഴുവൻ പണവും കയ്യിലെത്തുന്നത് വരെ കാത്തിരിക്കുന്നതാണ് സാമ്പത്തികപരമായ ഏറ്റവും മികച്ച തീരുമാനം.

വാഹനങ്ങൾ, ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ മുതലായ സാധനങ്ങൾ സ്വന്തമാക്കുവാനായി കയ്യിലില്ലാത്ത പണം ചെലവഴിക്കുന്നതിന് പകരം വികാരങ്ങളെ നിയന്ത്രിച്ചുകൊണ്ട് ഇങ്ങനെയുള്ള തീരുമാനങ്ങൾ കയ്യിൽ പണം എത്തുന്നതുവരെ നീട്ടിവെക്കുന്നതാണ് ഏറ്റവും നല്ലത്.
സമ്പന്നരായ വ്യക്തികൾ ലോണുകളെ ഉപയോഗിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. ബാധ്യതകൾ വരുത്തി വയ്ക്കാതെ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുവാനുള്ള വഴിയായി മാത്രം അവർ കടങ്ങളെ നോക്കിക്കാണുന്നു.
വിദ്യാഭ്യാസം നേടുന്നതിനും, ബിസിനസ്സ് ആവശ്യങ്ങൾക്കുമായി ലോണുകളെ ആശ്രയിക്കുമ്പോൾ അത്തരം ലോണുകൾ ജീവിതത്തിൽ പുരോഗതി കൈവരിക്കാനായി വ്യക്തികളെ സഹായിക്കുന്നതിനാൽ തന്നെ അവയെ നല്ല കടങ്ങൾ എന്ന ഗണത്തിലാണ് ഉൾപ്പെടുത്തേണ്ടത്. ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്ന നല്ല കടങ്ങളെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോവുകയും ബാധ്യതകൾ വരുത്തി വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യേണ്ടതാണ്.
സാമ്പത്തിക വളർച്ച കൃത്യമായി വിലയിരുത്തുന്നു
ഒരു വ്യക്തിക്ക് സ്വന്തമായുള്ള മൂലധനത്തിൽ നിന്ന് ബാധ്യതകൾ കുറയ്ക്കുമ്പോൾ ലഭിക്കുന്നതാണ് ആ വ്യക്തിയുടെ ആകെയുള്ള സമ്പാദ്യം. നമുക്ക് ചുറ്റുമുള്ള സാധാരണക്കാരായ വ്യക്തികളുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കുമ്പോൾ ഏറിയ പങ്കും ബാധ്യതകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് എന്ന് മനസ്സിലാക്കാൻ സാധിക്കും. ഇത്തരം വ്യക്തികൾക്ക് സാമ്പത്തികമായി പുരോഗതി കൈവരിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് അവരുടെ ബാധ്യതകൾ പൂർണ്ണമായി ഇല്ലാതാക്കുക എന്നതാണ്.
ഒരു വ്യക്തി തന്റെ ബാധ്യതകൾ തീർക്കുവാൻ ശ്രമിക്കുമ്പോൾ ആദ്യമായി ചെയ്യേണ്ടത് തന്റെ വരവ് ചെലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തുക എന്നതാണ്. ചെലവാക്കുന്നത് എത്ര ചെറിയ തുകയാണെങ്കിൽ പോലും അത് കൃത്യമായി രേഖപ്പെടുത്തുകയും ഏതെല്ലാം മേഖലകളിൽ എത്രത്തോളം പണം ചെലവഴിക്കുന്നു എന്ന് കൃത്യമായി മനസ്സിലാക്കുകയും ചെയ്താൽ മാത്രമേ അനാവശ്യ ചെലവുകൾ ഒഴിവാക്കുവാനും ലഭിക്കുന്ന വരുമാനത്തിൽ നിന്ന് നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാനും സാധിക്കുകയുള്ളൂ.

കപ്പലുകൾ തകരുന്നത് സുഷിരങ്ങളിലൂടെ കപ്പലിന്റെ ഉള്ളിലേക്ക് ജലം കടന്നു കയറിയാണ്. ഇതുപോലെ തന്നെയാണ് ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയും എത്ര ചെറിയ അളവിലാണെങ്കിൽ പോലും പണം ചെലവഴിക്കപ്പെടുന്ന വഴികൾ കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ സാമ്പത്തിക പുരോഗതി എന്നത് ഒരു സ്വപ്നം മാത്രമായി തുടരുകയുള്ളൂ.
സാധാരണക്കാരായ വ്യക്തികളെ സംബന്ധിച്ച് വരുമാനത്തിന്റെ 30 മുതൽ 50 ശതമാനം വരെ നീക്കിയിരിപ്പായി മാറ്റിവയ്ക്കുക എന്നത് അസാധ്യമാണെന്ന് തോന്നാം. എന്നാൽ വരവ് ചെലവ് കണക്കുകൾ കൃത്യമായി മേഖലകൾ തിരിച്ച് രേഖപ്പെടുത്തുകയും അതിനനുസരിച്ച് മികച്ച രീതിയിൽ സാമ്പത്തിക ആസൂത്രണം നടത്തുകയും ചെയ്താൽ നിക്ഷേപങ്ങൾ സൃഷ്ടിക്കുക എന്നത് അസാധ്യമായ കാര്യമല്ല.
സാധാരണക്കാർക്കും സമ്പന്നരാകുവാൻ സാധിക്കുമോ
ഉയർന്ന വരുമാനം ലഭിച്ചതുകൊണ്ടും, വളരെ കഷ്ടപ്പെട്ട് ഉയർന്ന ശമ്പളം നേടിയത് കൊണ്ടും ആരും സമ്പന്നനായി മാറുകയില്ല മറിച്ച് കയ്യിലുള്ള പണം കൃത്യമായ ആസൂത്രണത്തിലൂടെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുവാൻ സാധിക്കുന്നവർക്ക് സമ്പന്നനായി മാറുവാൻ സാധിക്കും. ലഭിക്കുന്ന വരുമാനത്തിൽ നിന്ന് നീക്കിയിരിപ്പുകൾ സൃഷ്ടിക്കുവാനും വ്യക്തമായ കാഴ്ചപ്പാടോടുകൂടി കയ്യിലുള്ള പണം നിക്ഷേപിക്കുവാനും തയ്യാറാവുക. ഒറ്റവാക്കിൽ പറഞ്ഞാൽ സാമ്പത്തിക അച്ചടക്കമാണ് സമ്പന്നതയിലേക്കുള്ള ചവിട്ടുപടി.